പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ എത്തേണ്ട കോടികൾ ഭരണ പാർട്ടി അക്കൗണ്ടിലേക്ക്; കാലഹരണപ്പെട്ട ബോണ്ടുകൾ പണമാക്കാൻ ബിജെപിക്ക് വേണ്ടി ഇടപെട്ട് മോദി സർക്കാർ ; എസ്ബിഐ നടത്തിയത് ഗുരുതര ചട്ടലംഘനം; തെളിവുകൾ പുറത്ത്.
കലാവധി കഴിഞ്ഞ ഇലക്ട്രൽ ബോണ്ടുകൾ പണമാക്കാൻ ബിജെപിയെ നരേന്ദ്ര മോദി സർക്കാർ സഹായിച്ചതിൻ്റെ തെളിവുകൾ പുറത്ത്. തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട വിവരങ്ങളിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.
കാലാവധി കഴിഞ്ഞ 10 കോടി രൂപയുടെ രണ്ട് ഇലക്ട്രൽ ബോണ്ടുകൾ പണമാക്കാനാണ് കേന്ദ്ര സർക്കാർ ബിജെപിയെ അനുവദിച്ചത്. 2018 മെയ് 12ന് നടന്ന കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ സമയത്ത് ബിജെപിക്ക് ലഭിച്ച കാലഹരണപ്പെട്ട ബോണ്ടുകൾ പണമാക്കാനാണ് കേന്ദ്ര സർക്കാർ ഔദ്യോഗിക ചട്ടങ്ങൾ ലംഘിച്ച് ബിജെപിക്ക് വേണ്ടി ഇടപെട്ടിരിക്കുന്നത്. അക്കാലത്ത് ഒന്നാം നരേന്ദ്ര മോദി സർക്കാരിലെ മന്ത്രിയായ അരുൺ ജെയ്റ്റ്ലിയുടെ നിയന്ത്രണത്തിലുണ്ടായ ധനമന്ത്രാലയമാണ് ബിജെപിയെ കാലഹരണപ്പെട്ട ബോണ്ടുകൾ മാറ്റാൻ സഹായിച്ചിരിക്കുന്നത്.
നിയമപരമായി ബോണ്ടുകൾ പണമാക്കാൻ നിർബന്ധിതമാക്കിയ 15 ദിവസത്തെ കാലാവധി അവസാനിച്ചതിന് രണ്ട് ദിവസത്തിന് ശേഷവും 10 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകൾ എൻക്യാഷ് ചെയ്യാൻ എസ്ബിഐ ഒരു “അജ്ഞാത രാഷ്ട്രീയ പാർട്ടിയെ ” അനുവദിച്ചതായി 2019 ൽ റിപ്പോർട്ടേഴ്‌സ് കളക്ടീവ് വാർത്ത പുറത്ത് വിട്ടിരുന്നു. മാർച്ച് 21 ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം അത് എത് രാഷ്ട്രീയ പാർട്ടിക്കാണ് എന്ന് വെളിപ്പെട്ടിരിക്കുകയാണ് ഇപ്പോൾ.
എസ്ബിഐ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയ വിവരങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പരസ്യപ്പെടുത്തിയിരിക്കുന്നത്.കാലഹരണപ്പെട്ട ബോണ്ടുകൾ സ്വീകരിക്കാൻ കേന്ദ്ര ധനമന്ത്രാലയം നിയമങ്ങൾക്ക് വിരുദ്ധമായി എസ്ബിഐയെ നിർബന്ധിതരാക്കിയെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
“2018 മെയ് 23ന് എസ്ബിഐയുടെ ഡൽഹി ബ്രാഞ്ചിലേക്ക് “അജ്ഞാത” പാർട്ടി കാലഹരണപ്പെട്ട ബോണ്ടുകൾ കൊണ്ടുവന്നു. എസ്ബിഐ ഡൽഹി ബ്രാഞ്ചും മുംബൈയിലെ കോർപ്പറേറ്റ് ആസ്ഥാനവും കേന്ദ്ര ധനകാര്യ മന്ത്രാലയവും തമ്മിലുള്ള അതിവേഗ കത്തിടപാടുകൾക്ക് ശേഷം കാലഹരണപ്പെട്ട ബോണ്ടുകൾ പണമാക്കി. സർക്കാരിൻ്റെ ഉത്തരവനുസരിച്ച് “അജ്ഞാത” പാർട്ടിയാണ് ബോണ്ടുകൾ എൻക്യാഷ് ചെയ്തത്.” എന്നായിരുന്നു റിപ്പോർട്ടേഴ്‌സ് കളക്ടീവ് റിപ്പോട്ട് ചെയ്തത്.
ഇതും വായിക്കുക: റിലയൻസ്-അദാനി-ബിജെപി ‘ബോണ്ട്’ വെളിവായി; തെരഞ്ഞെടുപ്പ് കാലത്തും അല്ലാതെയും കോർപ്പറേറ്റ് ഗ്രൂപ്പുകൾ ഭരണ പാർട്ടിയിലേക്ക് ഒഴുക്കിയത് ശതകോടികൾ
2018 മെയ് 3 നും ബാക്കി പകുതി 2018 മെയ് 5 നും വാങ്ങിയ ബോണ്ടുകളാണ് കേന്ദ്ര സർക്കാർ ഇടപെടലിലൂടെ ബിജെപി മാറ്റിയെടുത്തത്. യഥാക്രമം 2019 മെയ് 18നും 2018 മെയ് 20നും ബോണ്ടുകളുടെ കാലാവധി കഴിഞ്ഞിരുന്നു. ഇവയാണ് 2018 മെയ് 23ന് എസ്ബിഐയുടെ ഡൽഹി ബ്രാഞ്ചിൽ പണമാക്കാൻ ബിജെപി എത്തിച്ചത്. 15 ദിവസത്തെ നിയമപരമായ ‘റിഡീംഷൻ’ കാലാവധി അവസാനിച്ചതിനാൽ ബോണ്ടുകൾ കാലഹരണപ്പെട്ടതായി എസ്ബിഐ ആദ്യം അറിയിച്ചു. എന്നാൽ കേന്ദ്ര ധനമന്ത്രാലയത്തിൻ്റെ നിർദ്ദേശം വന്നതോടെ ചട്ടലംഘനത്തിന് ബാങ്ക് കൂട്ടുനിൽക്കുകയായിരുന്നു.
ഇതും വായിക്കുക: റിലയൻസ്-അദാനി-ബിജെപി ‘ബോണ്ട്’ വെളിവായി; തെരഞ്ഞെടുപ്പ് കാലത്തും അല്ലാതെയും കോർപ്പറേറ്റ് ഗ്രൂപ്പുകൾ ഭരണ പാർട്ടിയിലേക്ക് ഒഴുക്കിയത് ശതകോടികൾ
എസ്ബിഐയുടെ ന്യൂഡൽഹി ബ്രാഞ്ച് അതേ ദിവസം തന്നെ വിവരം മുംബൈ കോർപ്പറേറ്റ് ആസ്ഥാനത്തെ അറിയിച്ചതായി രേഖകൾ വ്യക്തമാക്കുന്നു. അടുത്ത ദിവസം, 2018 മെയ് 24 ന് എസ്ബിഐ ചെയർമാൻ രജനീഷ് കുമാറിന് വേണ്ടി ബാങ്കിൻ്റെ അന്നത്തെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ മൃത്യുഞ്ജയ് മഹാപത്ര, കാലഹരണപ്പെട്ട ബോണ്ടുകൾ വീണ്ടെടുക്കാൻ അനുവദിക്കണമോ എന്ന് ചോദിച്ച് കേന്ദ്ര ധനമന്ത്രാലയത്തിന് കത്തെഴുതിയിരുന്നു.
ചട്ടമനുസരിച്ച് കാലഹരണപ്പെട്ട ബോണ്ടുകളുടെ മൂല്യത്തിന് തുല്യമായ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പോകണമെന്നാണ്. എന്നാൽ ഈ പണം പോയിരിക്കുന്നത് ബിജെപിയുടെ അക്കൗണ്ടിലേക്കാണ്. അതിന് വഴിയൊരുക്കിയത് നരേന്ദ്ര മോദിയുടെ കീഴിലുണ്ടായിരുന്ന ധനമന്ത്രാലയവും.