ഉത്തര്‍ പ്രദേശിലെ പിലിഭിത്ത് മണ്ഡലത്തില്‍ ബിജെപി തങ്ങളുടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരിക്കുകയാണ്. യോഗി മന്ത്രിസഭയിലെ അംഗവും പിലിഭിത്തിലെ എംഎല്‍എയുമായ ജിതിന്‍ പ്രസാദയാണ് സ്ഥാനാർത്ഥി.ബിജെപി നേതാവും സിറ്റിംഗ് എംപിയുമായ വരുൺ ഗാന്ധിയുടെ പേര് വെട്ടിയാണ് ജിതിൻ സ്ഥാനാർത്ഥിയായിരിക്കുന്നത്. മുന്‍ കോണ്‍ഗ്രസ് നേതാവ് കൂടിയാണ് ജിതിൻ. വരുണിൻ്റെ അമ്മയായ മേനകാ ഗാന്ധിക്ക് സിറ്റിംഗ് സീറ്റായ സുൽത്താൻപൂർ തന്നെ അനുവദിച്ചിട്ടുണ്ട്.
മണ്ഡലത്തിൽ വരുണ്‍ ഗാന്ധി പ്രചാരണം തുടങ്ങിയതിന് ശേഷമാണ് വരുണിന് സീറ്റ് നിഷേധിച്ചിരിക്കുന്നത്. മേനകയുടെ മകന് ഇക്കുറി സീറ്റ് നൽകില്ലെന്ന് നേരത്തേ അഭ്യൂഗങ്ങളുണ്ടായിരുന്നു.പാർട്ടി സീറ്റ് നിഷേധിച്ചാലും മത്സരിക്കാന്‍ ഉറച്ചുതന്നെയായിരിരുന്നു വരുണിന്റെ നീക്കം. മണ്ഡലത്തില്‍ സ്വന്തമായി ബ്രിഗേഡ് ഉണ്ടാക്കിയായിരുന്നു പ്രചരണം.
സീറ്റ് നിഷേധിച്ചാല്‍ വരുണ്‍ സ്വതന്ത്രനായി മത്സരിക്കാനുള്ള സാധ്യത ബിജെപിയും തള്ളിക്കളയുന്നില്ല. ഇതു സംബന്ധിച്ച സൂചന സമാജ്‌വാദി പാര്‍ട്ടിയും നല്‍കിയിട്ടുണ്ട്. ബിജെപിയുടെ നീക്കത്തിന് അനുസരിച്ചാണ് പിലിഭിത്തില്‍ ഇന്ത്യാസഖ്യം സ്‌ഥാനാര്‍ഥിയെ പ്രഖ്യാപിക്കുക. അമേഠി മണ്‌ഡലത്തിലും വരുണിന്റെ പേര്‍ ഇന്ത്യാസഖ്യം പരിഗണിക്കുന്നുണ്ട്. വരുണ്‍ അമേഠിയില്‍ സ്വതന്ത്രനായി മത്സരിച്ചാല്‍ സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസും പിന്തുണച്ചേക്കുമെന്നാണ് അഭ്യൂഹം.
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായുള്ള ഭിന്നതയാണു വരുണിനെ വിമതനാക്കിയത്. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി സ്‌ഥാനം പ്രതീക്ഷിച്ച ബിജെപി. നേതാക്കളിലൊരാളാണു വരുണ്‍. കഴിഞ്ഞ അഞ്ചു വര്‍ഷമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കോ ബി.ജെ.പിക്കോ അനുകൂലമായി പാര്‍ലമെന്റിലോ പുറത്തോ വരുണ്‍ ഒന്നും പറഞ്ഞിട്ടില്ല. യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരേ സ്‌ഥിരം വിമര്‍ശന ശരങ്ങള്‍ തൊടുക്കുന്നുമുണ്ട്. 2023 സെപ്‌റ്റംബറില്‍, ഒരു രോഗി മരിച്ചതിനെത്തുടര്‍ന്ന് അമേഠിയിലെ സഞ്‌ജയ് ഗാന്ധി ആശുപത്രിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്‌തതും വരുണിനെ ചൊടിപ്പിച്ചിരുന്നു.
“നാമത്തോടുള്ള നീരസം മൂലം ഒരു സ്‌ഥാപനം നശിപ്പിക്കരുത്” – എന്നായിരുന്നു വരുണിന്റെ രോഷം നിറഞ്ഞ വാക്കുകള്‍.ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ വരുണ്‍ ഗാന്ധിക്ക് ടിക്കറ്റ് നല്‌കുന്നതിനെ സംസ്‌ഥാനത്തുനിന്നുള്ള എല്ലാ ബിജെപി നേതാക്കളും എതിര്‍ത്തതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. കോണ്‍ഗ്രസ് നേതാക്കളും ബന്ധുക്കളുമായ രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവരുമായി മികച്ച ബന്ധമാണു വരുണിനുള്ളത്. അതിനാല്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് അദ്ദേഹത്തോട് കാര്യമായ എതിര്‍പ്പുമില്ല.
കഴിഞ്ഞ 28 വര്‍ഷമായി ഇന്ദിരാഗാന്ധിയുടെ ഇളയ മരുമകള്‍ മനേക ഗാന്ധിയുടെ കുടുംബ മണ്ഡലമാണ് പിലിഭിത്ത്. 1989 ല്‍ ജനതാദള്‍ സ്‌ഥാനാര്‍ഥിയായിട്ടായിരുന്നു മനേകയുടെ പിലിഭിത്തിലെ തുടക്കം. വന്‍ വിജയമാണ് അവര്‍ക്കു ലഭിച്ചത്. 1996ല്‍ സ്വതന്ത്ര സ്‌ഥാനാര്‍ത്ഥിയായി മത്സരിച്ചു വിജയിച്ചു. 1999 ലും സ്വതന്ത്ര സ്‌ഥാനാര്‍ഥിയായി മണ്ഡലം നിലനിര്‍ത്തി. ആ തെരഞ്ഞെടുപ്പില്‍ 57.94 ശതമാനം വോട്ടുകളാണ് അവര്‍ നേടിയത്. സ്വതന്ത്ര സ്‌ഥാനാര്‍ഥിയെന്ന പേരില്‍ അതു റെക്കോഡായിരുന്നു.
2004ലാണു ബി.ജെ.പിയില്‍ മനേക ചേര്‍ന്നത്. 2009 ല്‍ മണ്ഡലം മകന്‍ വരുണിന് അവര്‍ കൈമാറി. ആദ്യ മത്സരത്തില്‍ 4.19 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വരുണ്‍ ഗാന്ധി വിജയിച്ചത്. 2014 ലും 2019 ലും മികച്ച ജയം ആവര്‍ത്തിച്ചു.
പിലിഭിത്തില്‍ 82 ശതമാനമുള്ള ഗ്രാമീണ വോട്ടര്‍മാര്‍ക്കാണ് ആധിപത്യം. നഗര വോട്ടര്‍മാര്‍ 18 ശതമാനമാണ്. പട്ടികജാതിക്കാര്‍ 16 ശതമാനവും പട്ടികവര്‍ഗക്കാര്‍ 0.1 ശതമാനവുമാണ്. ജനസംഖ്യയുടെ 65 ശതമാനം ഹിന്ദുക്കളും 25 ശതമാനം മുസ്ലിം വിഭാഗക്കാരും 10 ശതമാനം മറ്റ് മതവിഭാഗങ്ങളുമാണ്.