മോഹന്‍ ലാലിന് എന്തുപറ്റി ?: സത്യഭാമയ്ക്ക് പഠിച്ചതാണോ; ശ്രീനിവാസനും രാമകൃഷ്ണനും അത്രയ്ക്കും മോശമാണോ ?

സോഷ്യല്‍ മീഡിയയുടെ ചോദ്യങ്ങള്‍ ട്രോളായി മാറുന്നു

കലാമണ്ഡലം സത്യഭാമയും മലയാളിയുടെ സ്വകാര്യ അഹങ്കാരമായ ഭരത് മോഹന്‍ലാലും ഒരേ തൂവല്‍പക്ഷികളാണോ എന്നാണ് സോഷ്യല്‍ മീഡിയയിലെ ട്രോളുകള്‍. രണ്ടുപേര്‍ക്കും കറുപ്പെന്നു കേട്ടാല്‍ അടിമുടി വിറയല്‍ കേറും. സത്യഭാമയുടെ മാധ്യമങ്ങളോട് തട്ടിക്കയറല്‍ ഗംഭീര വൈറലായതും, ‘പെറ്റതള്ള സഹിക്കൂല’ എന്ന മാസ് ഡയലോഗും ഇപ്പോഴും ട്രെന്‍ഡിംഗില്‍ തന്നെയാണ്. പക്ഷെ, മോഹന്‍ലാലിന്റെ കറുപ്പിനോടുള്ള പകയും വിദ്വേഷവും വലിയ ചര്‍ച്ചയൊന്നുമായില്ലെങ്കിലു സത്യഭാമ കാരണം അതും ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്. സിനിമാ മേഖലയിലെ കറുപ്പിന്റെ പ്രതീകമായ ശ്രീനിവാസന്‍ രോഗിയുമായിരിക്കുന്നു.

സത്യഭാമ ജീവിതത്തില്‍ കറുപ്പിനെ വെറുക്കുന്നവരാണെങ്കില്‍ മോഹന്‍ലാല്‍ സിനിമയിലാണ് കറുപ്പിനെ അവഹേളിച്ചത്. റോഷന്‍ ആന്‍ഡ്രൂസിന്റെ ആദ്യ സിനിമയായ ‘ഉദയനാണ് താരം’ എന്ന സിനിമയിലാണ് മോഹന്‍ലാല്‍ കറുപ്പിനെ തികഞ്ഞ അവജ്ഞയോടെ അവഹേളിക്കുന്നത്. ഉദയന്റെ(മോഹന്‍ലാല്‍) തിരക്കഥയില്‍ അഭിനയിക്കാന്‍ മോഹം തോന്നിയ രാജപ്പനെ (ശ്രീനിവാസന്‍) ബോഡി ഷെയ്മിംഗ് ചെയ്ത ആ സീന്‍കണ്ട് മലയാളികള്‍ ആര്‍ത്തു ചിരിച്ചത് ഓര്‍മ്മയുണ്ടോ. മോഹന്‍ലാലിന്റെ മുഖഭാവം പോലും കറുപ്പിനെ അവജ്ഞയോടെ കാണുന്നുണ്ട്. എന്റെ സങ്കല്‍പ്പത്തിലെ നടന്‍ നല്ല വെളുത്തു പൊക്കമുള്ള സുന്ദരനാണെന്നു ഉദയന്‍ പറയുമ്പോള്‍, അത് മേക്കപ്പിട്ട് അഡ്ജസ്റ്റ് ചെയ്യാമെന്നു പറഞ്ഞ രാജപ്പനെ നോക്കി പറയുന്നത് ഇതാണ്. ‘മേക്കപ്പിനൊക്കെ ഒരു പരിധി ഇല്ലേടേ’ എന്ന്.

അഭിനയം ഒരു കലയാണെന്നും അതിനെ അടുത്തറിയാന്‍ കഠിനപ്രയത്‌നത്തിലൂടെയേ സാധിക്കുവെന്നുമൊക്കെ ഉദയന്‍ പറഞ്ഞു കൊടുക്കുന്നുമുണ്ട്. ഇതൊന്നും തലയില്‍ കയറാതെ വീണ്ടും തന്റെ ആവശ്യം ഉന്നയിക്കുന്ന വെറും പൊട്ടനായാണ് ശ്രീനിവാസനെ ആ സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. സിനിമയുടെ മുന്നോട്ടുള്ള പോക്കിനും കഥയുടെ ഗതി മാറ്റത്തിനും അത് ആവശ്യവുമാണ്. ആ ഒരൊറ്റ ഡയലോഗിന്റെ പച്ചയിലാണ് പിന്നീട് രാജപ്പന്‍ ചെയ്യുന്നതെല്ലാം വൃഥാവിലാകുന്നതും. അതേസമയം, ഉദയന്റെ സിനിമയില്‍ ഒരു ചെറിയ റോള്‍ കൊടുക്കാമെന്ന് പറഞ്ഞിരുന്നെങ്കില്‍ രാജപ്പന്‍ ചെറുതായൊന്നടങ്ങിയേനെ. പക്ഷെ, അങ്ങനെയൊരു ചെറിയ സീനില്‍പ്പോലും ഉപയോഗിക്കാന്‍ കഴിയാത്ത മനുഷ്യനായി ചിത്രീകരിക്കുകയാണ് രാജപ്പനെ.

നോക്കൂ ആ സിനിമ, രാജപ്പനെന്ന കഥാപാത്രത്തെ മുന്നോട്ടു വെച്ചത് എന്തിനാണ്. എന്താണ് സിനിമ ആവശ്യപ്പെടുന്നത്. അതിന്റെ സന്ദേശമെന്താണ്. ശ്രീനിവാസന്‍ എന്ന നടന്‍ ആ സിനിമയ്ക്കു വേണ്ടി കറുത്ത മേക്കപ്പ് ഇട്ടതല്ലെന്ന് ആര്‍ക്കാണറിയാത്തത്. ശ്രീനിവാസന്‍ അസാധ്യനടനും, കഥാകൃത്തും, സംവിധായകനും കൂടിയാണ്. അദ്ദേഹം ഒരു വെളുത്തമനുഷ്യനേ അല്ല. എന്നിട്ടും അത്തരമൊരു റോളില്‍ കാസ്റ്റ് ചെയ്യപ്പെട്ടത് കറുത്ത മനുഷ്യനായതു കൊണ്ടാണ്. മാത്രമല്ല, പൊക്കമില്ലാത്ത, മുഖസൗന്ദര്യം ഒട്ടുമില്ലാത്തതു കൊണ്ടും. ഇതാണ് മോഹന്‍ലാലിന്റെ കറുപ്പിനോടുള്ള വെറുപ്പ്. മോഹന്‍ലാലിന്റെ ഈ ഡയലോഗും ശ്രീനിവാസനോടുള്ള അവഗണനയും സത്യഭാമ എന്ന നര്‍ത്തകിക്ക്  വളരെ ഇഷ്ടപ്പെട്ടു എന്നുവേണം കരുതാന്‍.

കാരണം, അഭിനയിക്കാന്‍ നല്ല മുഖം വേണമെന്നു പറഞ്ഞാല്‍, വെളുത്തു തുടുത്ത്, അഴകുണ്ടാകണം എന്നര്‍ത്ഥം. ഇതല്ലേ, സത്യഭാമയുടെയും മതം. മോഹിനിയാട്ടത്തിന് കറുത്ത് കരിവാളിച്ചിരുന്നാല്‍പ്പോര. നല്ല വെളുത്ത നിറമുണ്ടാകണം. അതിപ്പോ പാണ്ടു പിടിച്ചായാലും വെളുത്തിരുന്നാല്‍ മതിയെന്ന് സാരം. വെളുപ്പിനെ ഇത്രയും ചേര്‍ത്തു പിടിക്കുന്നവര്‍ക്ക് കറുപ്പെന്ന നിറത്തോട് പുച്ഛം തന്നെയാകും ഉണ്ടാവുക. സത്യഭാമയ്ക്ക് ആര്‍.എല്‍.വി രാമകൃഷ്ണനെ ചേര്‍ത്തു പിടിക്കാന്‍ തോന്നാത്തതിനു കാരണവും കറുത്തവനായതു കൊണ്ടുതന്നെയാണ്. രാമകൃഷ്ണന്റെ ജ്ഞാനത്തെ അവര്‍ ഒരു വാക്കുകൊണ്ടുപോലും അളക്കുകയോ, പുച്ഛിക്കുകയോ ചെയ്യുന്നില്ല. രാമകൃഷ്ണന്‍ എന്നാണോ വെളുക്കുന്നത്, അന്ന് മോഹിനിയാട്ടം കളിച്ചാല്‍ മതിയെന്നാണ് സത്യഭാമപറഞ്ഞുവെയ്ക്കുന്നത്.

അരോചകമായ നിറവുമായി അഭിനയിക്കാന്‍ നടക്കുന്ന രാജപ്പനോടും സിനിമയില്‍ ഉദയന്‍ പറയുന്നത് ഇതൊക്കെ തന്നെയല്ലേ എന്നാണ് സോഷ്യല്‍ മീഡിയയുടെ ചോദ്യം. ഉദയന്‍ രാജപ്പന്റെ നിറത്തെയും ഗുണത്തെയും ഒരുപോലെ ചോദ്യം ചെയ്യുന്നുണ്ട്. അഭിനയിക്കാന്‍ ഒട്ടും കഴിവില്ലാത്ത രാജപ്പനെ നിറത്തിന്റെ പേരില്‍ക്കൂടി താഴ്ത്തിക്കെട്ടുമ്പോഴാണ് സിനിമയുടെ വര്‍ണ്ണവെറി മനസ്സിലാകുന്നത്. ഇവര്‍ ഇരുവരും സിനിമാ മോഹവുമായി ചെന്നൈയില്‍ എത്തിയവരാണെന്നും പല സംവിധായകരുടെ സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തും, സഹ സംവിധായകരായി നിന്നുമൊക്കെ ജീവിക്കുന്നവരുമാണ്. അവിടെ നിന്നുമാണ് രാജപ്പനും, ഉദയനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്.

കലാമണ്ഡലം സത്യഭാമയും ആര്‍.എല്‍.വി രാമകൃഷ്ണനും നര്‍ത്തകിയും നര്‍ത്തകനുമാണ്. പക്ഷെ, സത്യഭാമ വെറം നര്‍ത്തകി മാത്രമാണ്. രാമകൃഷ്ണനാണെങ്കില്‍ മോഹിനിയാട്ടത്തില്‍ റാങ്കുകാരനും. എന്നിട്ടും, നിറത്തിന്റെ പേരില്‍ ആക്ഷേപിക്കപ്പെടുന്ന കലാകാരനായി രാമകൃഷ്ണന്‍ മാറി. എന്തായാലും സത്യഭാമയ്ക്ക് സന്തോഷിക്കാന്‍ വകയുണ്ട്. മലയാളത്തിന്റെ അഭിമാനമായ മോഹന്‍ലാലിനും കറുപ്പ് ഇഷ്ടമല്ലെന്ന് പറഞ്ഞല്ലോ. കറുത്തിരുന്നാല്‍ സിനിമയോ, നൃത്തമോ നടത്താന്‍ കഴിയില്ലെന്ന് സ്ഥാപിക്കപ്പെട്ടിരിക്കുന്നു. ഇതിലെ ജാതീയത പറയാതിരിക്കുകയാണ് ഭേദം. സിനിമയില്‍ ശ്രനീവാസന്റ ജാതി എന്താണെന്ന് ‘രാജപ്പന്‍’ എന്ന പേരുകൊണ്ട് ഉദ്ദേിശിക്കുന്നുണ്ട്. സമാന രീതിയിലാണ് രാമകൃഷ്ണന്റെ ജാതിയെ കുറിച്ച് സത്യഭാമ പറയുന്നതും. അത് പ്രത്യേകിച്ച് ഉച്ചത്തില്‍ വിളിച്ചു പറയേണ്ടതില്ല. രാമകൃഷ്ണന്റെ ജേഷ്ഠനെ ജാതി കേരളം എങ്ങനെയാണ് ട്രീറ്റു ചെയ്തതെന്ന് ഓര്‍ത്താല്‍ മതിയാകും. അതിന്റെ ലേറ്റസ്റ്റ് വേര്‍ഷനാണ് സത്യഭാമയില്‍ നിന്നും ഉണ്ടായിരിക്കുന്നത്.