പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി ജെ.എസ്. സിദ്ധാർത്ഥിൻ്റെ മരണവുമായി ബന്ധപ്പെട്ട് കേസ് സിബിഐയ്ക്ക് കൈമാറുന്നറുന്നത് വൈകിപ്പിച്ചതിൽ ഗുരുതര വീഴ്ച കണ്ടെത്തിയതിനെ തുടർന്ന് അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടിരുന്നു. തുടർന്ന്. സിബിഐയ്ക്ക് രേഖകള്‍ കൈമാറുന്നതില്‍ വീഴ്ച വരുത്തിയ ആഭ്യന്തര വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്.
ഡപ്യൂട്ടി സെക്രട്ടറി പ്രശാന്ത്, സെക്ഷന്‍ ഓഫീസര്‍ ബിന്ദു, അസിസ്റ്റന്റ് അഞ്ജു എന്നിവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. മാർച്ച് 9ന് സര്‍ക്കാര്‍ വിജ്ഞാപനമിറങ്ങിയിട്ടും കേസിലെ വിവരങ്ങള്‍ സിബിഐയ്ക്ക് കൈമാറിയിരുന്നില്ല. സിബിഐ അന്വേഷണം വൈകുന്നതില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി സിദ്ധാർത്ഥൻ്റെ കുടുംബം രംഗത്തു വന്നിരുന്നു. മുഖ്യമന്ത്രി വഞ്ചിച്ചുവെന്ന് സിദ്ധാര്‍ത്ഥിന്റെ പിതാവ് ജയപ്രകാശ് ആരോപിച്ചതിന് പിന്നാലെ ആഭ്യന്തര സെക്രട്ടറിയോട് മുഖ്യമന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.
എന്താണ് ആഭ്യന്തര വകുപ്പിനുണ്ടായ വീഴ്ച
മാർച്ച് 9ന് വിജ്ഞാപനം ഇറങ്ങി 17 ദിവസം കഴിഞ്ഞിട്ടും അന്വേഷണത്തിന്റെ പെർഫോമ (കേസിന്റെ നാൾവഴികൾ)റിപ്പോർട്ട് ഇതുവരെ കൈമാറിയിട്ടില്ലെന്നുള്ളതാണ് ഏറ്റവും ഗുരുതരമായ വീഴ്ച.റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ സിബിഐക്ക് കേസ് പരിഗണിക്കാൻ കഴിയുകയുള്ളു. എഫ്ഐആറിന്റെ പരിഭാഷയുൾപ്പടെ പെർഫോമയിൽ ഉണ്ടാകണമെന്നും ഒരു ഡിവൈഎസ്‌പിയാണ് രേഖകൾ ഡൽഹിയിൽ എത്തിക്കേണ്ടതെന്നതാണ് ചട്ടം. എന്നാൽ കഴിഞ്ഞ ദിവസം മുതലാണ് പെർഫോമ തയ്യാറാക്കാൻ തുടങ്ങിയതെന്നാണ് ലഭിക്കുന്ന സൂചന.
നിയമമനുസരിച്ച് സിബിഐ അന്വേഷണത്തിനുള്ള വിജ്ഞാപനം ഇറക്കിയാൽ ഈ വിജ്ഞാപനം കേന്ദ്ര സർക്കാരിന്റെ പേഴ്‌സണൽ മന്ത്രാലയത്തിന് കൈമാറണം. അത് ലഭിച്ചാൽ അന്വേഷിക്കാൻ സിബിഐ ഡയറക്ടർക്ക് നിർദേശം നൽകുകയും ചെയ്യും. സിബിഐ അന്വേഷണം വേണ്ട കേസാണെന്ന് സിബിഐ ഡയറക്ടർക്ക് ബോധ്യപ്പെട്ടാൽ കേസ് അതത് യൂണിറ്റിന് ഏൽപ്പിച്ചു കൊണ്ട് ഉത്തരവിടും.
എന്നാൽ ഈ ചട്ടം തെറ്റിച്ചുകൊണ്ട് വിജ്ഞാപനം നേരിട്ട് കൊച്ചി യൂണിറ്റിനാണ് സർക്കാർ കൈമാറിയത്. സിബിഐയ്ക്ക് ആവശ്യമായ രേഖകള്‍ കൈമാറിയില്ലെന്ന കാര്യം പോലും ഉദ്യോഗസ്ഥര്‍ ആരേയും അറിയിച്ചില്ല. ഇക്കാര്യം ആഭ്യന്തര സെക്രട്ടറി നൽകിയ റിപ്പോർട്ടിലും ചൂണ്ടിക്കാട്ടുന്നു. വിജ്ഞാപനം ഇറങ്ങിയ ശേഷം സിബിഐയ്ക്ക് ആവശ്യമായ രേഖകള്‍ തയാറാക്കി നല്‍കേണ്ടതില്‍ ആഭ്യന്തര വകുപ്പിലെ എം സെക്ഷനിലെ ഉദ്യോഗസ്ഥര്‍ക്ക് വലിയ വീഴ്ച വന്നതായിട്ടാണ് മുഖ്യമന്തിക്ക് ലഭിച്ച റിപ്പോര്‍ട്ടിലുള്ളത്.
മുഖ്യമന്ത്രി ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടതിന് ശേഷം മാത്രം ഇമെയിൽ വഴി സർക്കാർ പെർഫോമ റിപ്പോർട്ട് കൈമാറി. പെർഫോമ റിപ്പോർട്ട് നേരിട്ട് നൽകാൻ ഡിവൈഎസ്പി ഡൽഹിയിലേക്ക് പുറപ്പെടും. സ്പെഷ്യൽ സെൽ ഡിവൈഎസ്പി എസ് ശ്രീകാന്താണ് ഡൽഹിക്ക് തിരിക്കുന്നത്.