ചെയ്യുന്ന ജോലിക്ക് കൃത്യമായി ശമ്പളം തന്നാല്‍ മതിയെന്ന് പറഞ്ഞതിനാണ് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കെതിരേ ‘പത്ത് കല്‍പ്പനകള്‍’ കൊണ്ട് ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ കുരിശേറ്റം നടത്തിയിരിക്കുന്നത്. കല്‍പ്പനകളില്‍ പലതും വിഡ്ഢിത്തമാണെന്ന് കെ.എസ്.ആര്‍.ടി.സി തൊഴിലാളികള്‍ക്ക് നല്ലതുപോലെ അറിയാം. പക്ഷെ, പ്രതികരിക്കാനാവില്ല. കാരണം, രാജാവ് നഗ്നനാണെങ്കില്‍ വാഴ്ത്തുകയല്ലാതെ നിര്‍വാഹമില്ല. പക്ഷെ, മാധ്യമങ്ങള്‍ക്ക് രാജാവ് നഗ്നനാണെന്ന് വിളിച്ചുപറയുക തന്നെ വേണം. അങ്ങനെ വിളിച്ചു പറയാന്‍ വളരെ കുറച്ചുപേരെയുള്ളൂ എന്നതാണ് സത്യം. അല്ലെങ്കിലും രാജാവ് നഗ്നനാണെന്ന് വിളിച്ചു പറഞ്ഞത് ഒരു കുട്ടിമാത്രമാണെന്നാണല്ലോ പഴങ്കഥ. ഒരേയൊരു കുട്ടി.
ശമ്പളം ചോദിക്കുന്ന തൊഴിലാളികളെയോ തൊഴിലാളി പ്രസ്ഥാനങ്ങളെയോ അംഗീകരിക്കാത്ത കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റിന്റെ ഒത്താശയോടെയാണ് മന്ത്രിയുടെ വിഡ്ഢിത്ത കല്‍പ്പനകള്‍ ഇറങ്ങിയിരിക്കുന്നത്. പത്തു കല്‍പ്പനകള്‍ നടപ്പാക്കുന്നത്, വരുമാനം വര്‍ദ്ധിപ്പിക്കാനാണെന്നും, കെ.എസ്.ആര്‍.ടി.സിയുടെ കടം നികത്താനുമാണ് എന്നാണ് മന്ത്രിയുടെ തിരുവായ്‌മൊഴി. പക്ഷെ, ഒരു കാര്യം മന്ത്രി മറന്നു പോകരുത്. കെ.എസ്.ആര്‍.ടി.സി ബസില്‍ ജീവന്‍മരണപ്പോരാട്ടം നടത്തുകയാണ് തൊഴിലാളികള്‍. ടിക്കറ്റ് വരുമാനത്തില്‍ ലാഭമാണ് ഇപ്പോഴും. ടിക്കറ്റ് വരുമാനത്തിന്റെ കണക്കുകള്‍ പരിശോധിക്കുന്ന ആര്‍ക്കും അത് മനസ്സിലാക്കാന്‍ കഴിയും. അപ്പോഴാണ് മന്ത്രി പറയുന്നത്, ടിക്കറ്റ് വരുമാനം കൂട്ടാനായി പത്തു കല്‍പ്പനകള്‍ നടപ്പാക്കുമെന്ന്.
ഇത് ആരെ പ്രീതിപ്പെടുത്താനാണ്. ആര്‍ക്കു വേണ്ടിയുള്ള ഇടപെടലാണെന്നു മാത്രമേ സംശയമുള്ളൂ. വരുമാനം കൂട്ടാന്‍ കെ.എസ്.ആര്‍.ടി.സിയിലെ കണ്ടക്ടര്‍മാരും ഡ്രൈവര്‍മാരും ഇനി തലകുത്തി നിന്നു ജോലി ചെയ്യണോ. ഇതാണ് ജീവനക്കാരുടെ ചോദ്യം. പൊതു ഗതാഗതമെന്ന ആശയം കേരളത്തില്‍ മാത്രമുള്ളതല്ല. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലുമുണ്ട്. അവിടെയൊന്നും കല്‍പ്പനകളോ മൂക്കുകയറോ ഇല്ലാതെ ട്രാന്‍സ്‌പോര്‍ട്ട് ജീവനക്കാര്‍ ജോലിയെടുക്കുന്നുണ്ടെന്ന് മറക്കരുത്. എന്തിന്, ഇന്ത്യന്‍ റെയില്‍വേ തന്നെ വലിയ ഉദാഹരണമാണ്. അവിടെയൊന്നും ജീവനക്കാര്‍ക്കു മേല്‍ കല്‍പ്പനകളുടെ ഇടിത്തീ വീണിട്ടുമില്ല. വീഴ്ത്തിയിട്ടുമില്ല. മന്ത്രി ഗണേഷ്‌കുമാറിന്റെ പത്തു കല്‍പ്പനകള്‍ ഇങ്ങനെ:
ഒന്നാം കല്പ്പന:
1) ടിക്കറ്റ് വരുമാനം പ്രധാനം, യാത്രക്കാര്‍ വഴിയില്‍ കൈ കാണിച്ചാല്‍ നിര്‍ത്തണം’
ശരിയാണ്, ടിക്കറ്റ് വരുമാനം പ്രധാനമാണ്. ആ വരുമാനം മാത്രമാണ് ഇപ്പോള്‍ കെ.എസ്.ആര്‍.ടി.സിയെ നിലനിര്‍ത്തുന്നത്. ഈ വരുമാനം കൊണ്ടു വരുന്നത് തൊഴിലാളികളാണ്. അല്ലാതെ മേലനങ്ങി പണിയെടുക്കാതെ വായില്‍ തോന്നുന്നത് വിളിച്ചു പറയുന്നവരോ, അനാവശ്യ ഉത്തരവുകള്‍ ഇറക്കുന്നവരോ, കടം വരുത്തി വെയ്ക്കുന്നവരോ അല്ല. മാറി വരുന്ന മന്ത്രിമാരും, സര്‍ക്കാരുകളും അവരുടെ പ്രചാരണത്തിനും ഇഷ്ടത്തിനുമനുസരിച്ച് ബസുകള്‍ ഇറക്കി കോടികളുടെ കടംവരുത്തി വെക്കും. ആ കടം തീര്‍ക്കേണ്ടത് തൊഴിലാളികള്‍ മരിച്ചു പണിയെടുത്തിട്ടു വേണമെന്ന് പറയുന്നത് എവിടുത്തെ ന്യായമാണ്. എങ്ങനെയാണ് കെ.എസ്.ആര്‍.ടി.സിയില്‍ കടം പെരുകിയത്.
ആരുടെ കുഴപ്പമാണ്. അതാണ് ആദ്യം തീര്‍ക്കേണ്ടതും, നിര്‍ത്തേണ്ടതും. അല്ലാതെ, ടിക്കറ്റ് വരുമാനം നാള്‍ക്കുനാള്‍ വര്‍ദ്ധിപ്പിക്കുന്ന ജീവനക്കാരനെ കെട്ടിയിട്ടിട്ടല്ല. എല്ലാ മാസവും കെ.എസ്.ആര്‍.ടി.സിയുടെ വരുമാനത്തില്‍ വര്‍ദ്ധനവാണ് കാണിക്കുന്നത്. എന്നിട്ടും, ശമ്പളം വെട്ടിമുറിച്ച് രണ്ടായി കൊടുക്കുന്നുണ്ട്. കടം തീരുന്നുമില്ല. പെട്രോള്‍, ഡീസല്‍ വാങ്ങിയ കടവും തീരുന്നില്ല. പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ കൊടുത്തു തീര്‍ക്കുന്നില്ല. എന്നിട്ടും, പഴിയെല്ലാം ജീവനക്കാര്‍ക്ക്. യാത്രക്കാരന്‍ എവിടെ വെച്ച് കൈ കാണിച്ചാലും നിര്‍ത്തണമെന്നത് കെ.എസ്.ആര്‍.ടി.സിയുടെ ധര്‍മ്മമാണ്.
അത് ആരും പ്രത്യേകിച്ച് പറയേണ്ടതില്ല. പക്ഷെ, ഓരോ ബസിനും നിശ്ചയിച്ചിട്ടുള്ള സ്റ്റോപ്പുണ്ടെന്നത് സാമാന്യ ബോധമുള്ളവര്‍ക്കറിയാം. ചെറിയ ദൂരം സഞ്ചരിക്കേണ്ടവര്‍ക്ക് എല്ലാ സ്‌റ്റോപ്പുകളിലും നിര്‍ത്തുന്ന ഓര്‍ഡിനറി, ഫാസ്റ്റ് പാസഞ്ചറുകളുണ്ട്. എന്നാല്‍, അതിനു മുകളിലുള്ള ബസുകള്‍ക്ക് ഓടിയെത്തുന്നതിന് സമയം നിശ്ചയിച്ചിട്ടുണ്ട്. ആ സമയത്തിന് ബസ് ഓടിയെത്തുകയും വേണമെന്ന് മനസ്സിലാക്കിയാല്‍ മന്ത്രിയുടെ ഒന്നാമത്തെ കല്‍പ്പനയില്‍ വലിയ കഴമ്പൊന്നുമില്ലെന്ന് ആര്‍ക്കാണ് മനസ്സിലാകാത്തത്.
രണ്ടാം കല്‍പ്പന:
2) രാത്രി സമയത്ത് സ്റ്റോപ്പ് പരിഗണിക്കാതെ ബസ് നിര്‍ത്തണം
ന്യായമായ കാര്യമാണ്. പക്ഷെ, ദീര്‍ഘദൂരം സഞ്ചരിക്കുന്ന ബസുകളുടെ കാര്യത്തില്‍ അടുത്തടുത്ത സ്‌റ്റോപ്പുകളില്‍ നിര്‍ത്തുമ്പോള്‍ ബസിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ മനസ്സിലാക്കണം. ഉദാഹരണത്തിന് മന്ത്രിയുടെ മണ്ഡലത്തിലെ രണ്ടു ബസ്റ്റോപ്പുകളാണ്. വെറും 600 മീറ്റര്‍ ദൂരത്തിനുള്ളിലാണ് രണ്ടു ബസ്റ്റോപ്പുകളും. എം.എല്‍.എ സ്‌റ്റോപ്പും വാളകം ജംഗ്ഷന്‍ സ്റ്റോപ്പും. അശാസ്ത്രീയമായാണ് ഈ സ്‌റ്റോപ്പുകള്‍ അനുവദിച്ചിരിക്കുന്നത്. മന്ത്രിയുടെ അച്ഛന്റെ ഓര്‍മ്മ നിലനിര്‍ത്താനുള്ള ഒരു സ്‌റ്റോപ്പും.
യാത്രക്കാര്‍ക്ക് കയറാനുള്ള മറ്റൊരു സ്റ്റോപ്പും. ഇത്തരം സ്റ്റോപ്പുകള്‍ നിര്‍ത്തി. പകരം ഒരു സ്റ്റോപ്പാക്കിയാല്‍ യാത്രക്കാര്‍ക്കും എളുപ്പമാകും, കെ.എസ്.ആര്‍.ടി.സിക്കും എളുപ്പമാകും. പിന്നെ, രാത്രി യാത്രക്കാരോട് മര്യാദയോടെ പെരുമാറുകയെന്ന മനുഷ്യത്വം ജീവനക്കാര്‍ കാണിക്കണമെന്നു തന്നെയാണ് പറയുന്നതും. മന്ത്രിയുടെ രണ്ടാം കല്‍പ്പന പാതി ശരിയാണ്.
മൂന്നാം കല്‍പ്പന:
3) സ്ത്രീകളുടെ സുരക്ഷയും സൗകര്യവും പരിഗണിക്കണം. മിന്നല്‍ ഒഴികെ
മിന്നല്‍ സര്‍വീസ് ഒഴികെ സ്ത്രീകളുടെ സുരക്ഷയും സൗകര്യവും പരിഗണിക്കണം എന്നത് വലിയൊരു മെസേജാണ്. പക്ഷെ, കെ.എസ്.ആര്‍.ടി.സി ജീവനക്കാരില്‍ നിന്നും ഇതുവരെ ഒരു യാത്രക്കാരിക്കു പോലും അപമര്യാദയായ പെരുമാറ്റം ഉണ്ടായിട്ടുണ്ടാകില്ല. മറിച്ച് ആരോഗ്യ വകുപ്പിന്റെ അവസ്ഥ പരിശോധിച്ചു നോക്കൂ. കോവിഡ് കാലത്തും, അല്ലാത്തപ്പോഴും ആംബുലന്‍സിലും, ഓപ്പറേഷന്‍ തിയറ്ററിലുമൊക്കെ പീഡിപ്പിക്കപ്പെടുന്നു എന്നാണ് വാര്‍ത്തകള്‍. ഡെല്‍ഹിയില്‍ ഒരു പെണ്‍കുട്ടിയെ ഓടുന്ന ബസിലാണ് മൃഗീയമായി പീഡിപ്പിക്കപ്പെട്ടത്. അതുപോലെ ഒരു സംഭവം കെ.എസ്.ആര്‍.ടി.സി ബസിലുണ്ടായിട്ടില്ല ഇക്കാലത്തിനിടയില്‍. പക്ഷെ, ബസില്‍ പ്രസവവേദന അനുഭവിച്ച യാത്രക്കാരിയെ ആശുപത്രിയിലെത്തിച്ചിട്ടുണ്ട്.
ഹാര്‍ട്ട് അറ്റാക്ക വന്നവരെ എത്രയോ പേരെ ആസുപത്രികളില്‍ എത്തിച്ചിട്ടുണ്ട്. ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചവരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. വെള്ളപ്പൊക്കത്തില്‍ നിന്നും, കാട്ടാന ആക്രമണത്തില്‍ നിന്നൊക്കെ രക്ഷകരായിട്ടുണ്ട് കെ.എസ്.ആര്‍.ടി.സിയും അവിടുത്തെ ജീവനക്കാരും. സ്ത്രീകളോട് മാന്യമായി തന്നെയാണ് ജീവനക്കാര്‍ പെരുമാറുന്നതെന്ന് തെളിയിക്കേണ്ട ഗതികേടിലാണ് ഇപ്പോള്‍ അവര്‍. ശമ്പളം ചോദിച്ചാല്‍, സ്ത്രീകളോട് മര്യാദയായി പെരുമാറാന്‍ തിരിച്ചു പറയുന്ന മാനേജ്‌മെന്റും മന്ത്രിയും. എത്ര മനോഹരമായ ആചാരണം.
നാലാം കല്‍പ്പന:
4) ബസില്‍ കയറാന്‍ ബുദ്ധിമുട്ടുള്ള ആള്‍ക്കാരെ കണ്ടക്ടര്‍ സഹായിക്കണം
അത്രയ്ക്കും നീചരോ, മനുഷ്യത്വ രഹിതരോ അല്ല കണ്ടക്ടര്‍മാര്‍. ടിക്കറ്റ് കൊടുക്കുന്ന തിരക്കില്‍ യാത്രക്കാരുടെ ഇടയിലാണെങ്കില്‍ മാത്രമേ കയറാന്‍ ബുദ്ധി മുട്ടുള്ളവരെ ശ്രദ്ധിക്കാതെ പോകാറുള്ളൂ. പക്ഷെ, കണ്ടക്ടര്‍ ഫ്രീയായിട്ടാണ് ഇരിക്കുന്നെങ്കില്‍ ഇത്തരം യാത്രക്കാരെ സഹായിക്കാറുണ്ടെന്നു പറയാതെ വയ്യ. ഒറ്റപ്പെട്ട ചിലര്‍ ഒഴികെ മറ്റെല്ലാവരും സഹജീവി സ്‌നേഹമുള്ളവരാണ്. ഇവര്‍ക്കു റിസര്‍വ് ചെയ്തിരിക്കുന്ന സീറ്റുകള്‍ ഒഴിപ്പിച്ച്, അവരെ സുരക്ഷിതമായി ഇരുത്തനും കണ്ടക്ടര്‍മാര്‍ ശ്രമിക്കാറുണ്ടെന്നത് മറന്നു പോകരുത്.
അഞ്ചാം കല്‍പ്പന
5) ഭക്ഷണം കഴിക്കാന്‍ ശുചിത്വമുള്ള ഹോട്ടലുകള്‍ തെരഞ്ഞെടുക്കുക
ന്യായമാണ്. തികച്ചും വൃത്തിഹീനവും, ടോയ്‌ലെറ്റ് ഫെസിലിറ്റിയും ഇല്ലാത്ത സ്ഥലങ്ങളിലെ ഹോട്ടലുകളിലാണ് ബസുകള്‍ നിര്‍ത്തിയിരുന്നത്. ഈ കല്‍പ്പനയോടെ നല്ല ഹോട്ടലുകളില്‍ കയറാനാകുമെന്ന് വെറുതേ ആശിക്കാം. പക്ഷെ, നടക്കുന്നുണ്ടോയെന്ന് പരിശോധിച്ചാല്‍ മനസ്സിലാകും.
ആറാം കല്‍പ്പന
6) കണ്ടക്ടര്‍മാരുടെ ഭാഗത്തു നിന്നു എന്തെങ്കിലും വീഴ്ചയുണ്ടായാല്‍ കര്‍ശന നടപടി ഉണ്ടാകും
കണ്ടക്ടര്‍മാരുടെ ഭാഗത്തു നിന്നും മോശമായ സ്വഭാവം ഉണ്ടായാല്‍ നടപടി എടുക്കണം. പക്ഷെ, പാസഞ്ചര്‍ കോഡ് നടപ്പാക്കാത്ത കേരളത്തില്‍ കണ്ടക്ടറുടെ ഭാഗത്താണ് തെറ്റെന്ന് ഏകപക്ഷീയമായി വിധി പ്രഖ്യാപിക്കാനാവില്ല. ടിക്കറ്റ് എടുക്കാതിരുന്നാല്‍, കണ്ടക്ടറെ ഫള്ളു പറഞ്ഞിട്ടെന്താണ് കാര്യം. ടിക്കറ്റ് ചോദിച്ചു വാങ്ങാന്‍ യാത്രക്കാരനും അധികാരമുണ്ട്. കാശുണ്ടായിട്ടും ടിക്കറ്റെടുക്കാതെ യാത്രക്കാരെയാകെ പറ്റിക്കുന്ന വിരുതന്‍മാരുണ്ട്. യാത്രക്കാര്‍ അതിഥികളാണെന്നു പറയുമ്പോള്‍ത്തന്നെ ടിക്കറ്റെടുക്കാനുള്ള മാന്യത കൂടി കാട്ടണം. ട്രെയിനുകളില്‍ ടിക്കറ്റെടുക്കാതെ സഞ്ചരിക്കുന്നവരെ കണ്ടെത്താനാണ് ടി.ടി.ഇ കയറുന്നത്. എന്നാല്‍, കെ.എസ്.ആര്‍.ടി.സിയില്‍ ചെക്കര്‍ കയറുന്നത്, ടിക്കറ്റെടുക്കാത്ത യാത്രക്കാരുണ്ടെങ്കില്‍ കണ്ടക്ടര്‍ക്കെതിരേ നടപടി എടുക്കാനാണ്. എത്ര വിചിത്രമാണ് ഈ നടപടി.
ഏഴാം കല്പ്പന
7) കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാരെ മുഴുവന്‍ ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ച് പരിശോധിക്കും
നല്ല കാര്യം. പക്ഷെ, ഈ ചെയ്യുന്ന നടപടി എല്ലാ ഡ്രൈവര്‍മാരോടും കാണിക്കുന്ന അനീതി കൂടിയാണെന്നു മനസ്സിലാക്കണം. മാന്യവും ധാര്‍മ്മികതയും ഉയര്‍ത്തിപ്പിടിച്ച് ജോലി ചെയ്യുന്നവരും ഇക്കൂട്ടത്തിലുണ്ട്. ചുരുക്കം ചിലരുടെ തരികിട ജോലിചെയ്യലിനിടയില്‍ മാന്യമായവരെ മാനസികമായി തകര്‍ക്കാനുള്ള നടപടിയായേ ഇതിനെ കാണാനാകൂ. മാത്രമല്ല, ഡിപ്പോകളില്‍ നിന്നും ബസുകള്‍ എടുക്കുന്നതിനു മുമ്പ് നടത്തേണ്ട പ്രാഥമിക നടപടികളില്‍ ഇത് ഉള്‍പ്പെടുത്തണമായിരുന്നു. അല്ലാതെ, വണ്ടിയോടിക്കുന്നവരെല്ലാം മദ്യപാനികളാണോയെന്ന് പരിശോധിക്കുന്ന നടപടി മന്ത്രി സ്വയം ബ്രീത്ത് അനലൈസറില്‍ ഊതിയതു പോലെ തോന്നും.
എട്ടാം കല്‍പ്പന
8) ഒരേ സമയം ഒരേ റൂട്ടില്‍ അടുത്തടുത്ത് സര്‍വീസ് നടത്താന്‍ പാടില്ല. കോണ്‍വോയ് അടിസ്ഥാനത്തില്‍ സര്‍വീസ് നടത്താന്‍ പാടില്ല.
ഇതും ശരിയാണ്. ഒരേ റൂട്ടില്‍ ഇങ്ങനെ സര്‍വീസ് നടത്തിയതു കൊണ്ട് ഒരു പ്രയോജനവുമില്ല. പക്ഷെ, എം.എല്‍.എമാരുടെ ആവശ്യം പരിഗണിച്ചുള്ള സര്‍വീസുകള്‍ കുറച്ചാല്‍ ചിലപ്പോള്‍ ഒരേ റൂട്ടില്‍ കോണ്‍വോയ് സര്‍വീസുകള്‍ നിര്‍ത്താനാകും.
ഒമ്പതാം കല്‍പ്പന
9) ചെറു വാഹനങ്ങള്‍, കാല്‍നടയാത്രക്കാരെയും പരിഗണിക്കണം. ഇവരെയും കൂടി പരിഗണിക്കണം
നിരത്തുകളില്‍ ജീവന്‍ നഷ്ടപ്പെടാന്‍ ഒരു കാരണവശാലും പാടില്ലെന്നു തന്നെയാണ്. ഇതിനു കാരണക്കാരാകുന്നവര്‍ക്ക് ശിക്ഷ നല്‍കണം. എന്നാല്‍, തെറ്റ് ആരുടെ ഭാഗത്താണെന്നു കൂടി മനസ്സിലാക്കി വേണം നടപടി. അല്ലാതെ ഏകപക്ഷീയമായുള്ള നടപടി ഉണ്ടാകരുത്.
പത്താം കല്‍പ്പന
10) ജീവനക്കാരുടെ പരാതികളില്‍ അടിയന്തിരമായി പരിഹരിക്കണം. അവരുടെ പ്രശ്‌നങ്ങള്‍ അനുഭാവ പൂര്‍വ്വം പരിഹരിക്കും.
നല്ല കാര്യം. ജീവനക്കാരുടെ പരാതി തന്നെയാണ് ഈ പത്തു കല്‍പ്പനകളുടെയും അടിസ്ഥാനം പോലും. ജീവനക്കാരുടെ പ്രധാന പരാതി ശമ്പളം കൃത്യമായി നല്‍കുമോ എന്നതാണ്. അത് പരിഹരിക്കാന്‍ കഴിയാത്ത മന്ത്രിയും സര്‍ക്കാരും പിന്നെ, എന്തു പ്രശ്‌നം പരിഹരിച്ചാലും ഒരു കാര്യവുമില്ല.
എന്തൊക്കെയോ പുതിയ നടപടികള്‍ എടുത്ത്, കെ.എസ്.ആര്‍.ടി.സിയെ വരുമാനത്തിലെത്തിക്കാനുള്ള മന്ത്രിയുടെ ശ്രമം വെറും പുറംപൂച്ച് മാത്രമാണ്. ജീവനക്കാര്‍ എല്ലുമുറിയെ പണിയെടുക്കുന്നുണ്ട്. അത്, ശമ്പളത്തിന്റെ ആദ്യ പകുതി എത്രയും വേഗത്തില്‍ കിട്ടാന്‍ വേണ്ടിയാണ്. പിന്നെ, സ്വകാര്യ വത്ക്കരണത്തിന്റെ വഴിയില്‍ നില്‍ക്കുന്ന കെ.എസ്.ആര്‍.ടി.സിയെ പിടിച്ചു നിര്‍ത്താനും. ഇത് നല്ലതുപോലെ മനസ്സിലാക്കിയാണ് മന്ത്രി ഗണേഷ്‌കുമാര്‍ അധികാരത്തില്‍ വന്നത്.
ആരാണ് കെ.എസ.ആര്‍.ടി.സി തകര്‍ത്തതെന്ന് മന്ത്രിക്കും സര്‍ക്കാരിനും, കേരളത്തിലെ രാഷ്ട്രീയകക്ഷികള്‍ക്കെല്ലാം അറിയാം. പക്ഷെ, രാജാവ് നഗ്നനാണെന്നു പറയാന്‍ മാത്രം ജീവനക്കാര്‍ക്ക് ഇനിയും പറ്റുന്നില്ല. അതുകൊണ്ട് പത്തു കല്‍പ്പന പുറപ്പെടുവിച്ച് പാവം ജീവനക്കാരെ കുരിശേറ്റാനേ മന്ത്രിക്കാകൂ. അല്ലാതെ, അവരെ സംരക്ഷിച്ച് കെ.എസ്.ആര്‍.ടി.സിയെ രക്ഷിക്കാനാവില്ല എന്നതാണ് സത്യം.