ഹാ!!! കഷ്ടം: ‘യുവര്‍ ഓണര്‍’ പേരാണ് പ്രശ്നമെങ്കില്‍ മാറ്റിക്കോളൂ, ‘ദാറ്റ്സ് ഓള്‍’; ഇതാണ് അവള്‍ക്കും അവനും പറയാനുള്ളത്

ആ പേരുകള്‍ ഇത്ര പൊല്ലാപ്പായല്ലോ: രാജ്യം നേരിട്ട വലിയ പ്രശ്നം ഇതാണോ

വീട്ടിലും കൂട്ടിലും വളര്‍ത്തുന്ന എല്ലാ മൃഗങ്ങള്‍ക്കും പേരിട്ടു വിളിക്കുന്ന കാലമാണ്. പേരെന്നു പറഞ്ഞാല്‍ നല്ല വെടിച്ചില്ലു പേരുള്ള വിദേശ ഇനം പട്ടികള്‍ വരെയുണ്ട്. മനുഷ്യരേക്കാള്‍ സ്നേഹവും നന്ദിയുമുള്ള വര്‍ഗമെന്ന് അടക്കം പറയുന്നവരും തെളിവു സമര്‍പ്പിക്കുന്നവരെയും കാണാം. മൃഗസ്നേഹികളുടെ കൂട്ടായ്മയും സംഘടനകളും പ്രവര്‍ത്തിക്കുന്ന രാജ്യം കൂടിയാണിത്.

രാജ്യത്താകെ അറിയാവുന്ന മൃഗസ്നേഹിയാണ് മനേക ഗാന്ധി. കേരളത്തിന് ഏറെ പ്രിയപ്പെട്ട മൃഗസ്നേഹിയാണ് ആങ്കര്‍ കൂടിയായ രഞ്ജിനി ഹരിദാസ്. അതുകൊണ്ടു തന്നെ തെരുവു പട്ടികള്‍ക്കു വരെ ചോദിക്കാനും പറയാനും ആളുണ്ടെന്ന് ചുരുക്കം. എന്നാല്‍, കാട്ടിലെ മൃഗങ്ങളെ നാട്ടിലുള്ളവര്‍ പിടിച്ച് കൂട്ടിലിട്ട് പ്രദര്‍ശിപ്പിച്ച് കാശുണ്ടാക്കുന്നുണ്ട്.

വിശാലമായി ഓടിനടന്ന് ഇരപിടിച്ച് ജീവിച്ചിരുന്ന സിംഹവും കടവയും പുലിയുമെല്ലാം ഇപ്പോള്‍ മൃഗശാലകളില്‍ മെനു അനുസരിച്ചുള്ള ഭക്ഷണം കഴിച്ചു ജീവിക്കുകയാണ്. ഇവര്‍ക്കൊരു പ്രശ്‌നം വന്നാല്‍ ആരാണുള്ളത്. പേരിനൊരാള്‍ പോലുമില്ലാത്ത ഇവരുടെ ദുഖം ആരറിയുന്നു. ഇങ്ങനെ കൂട്ടില്‍ക്കിടക്കുന്ന മൃഗങ്ങളെ തിരിച്ചറിയാന്‍ വേണ്ടി മൃഗശാല ജീവനക്കാര്‍ ഇവറ്റകള്‍ക്ക് പേരിടും.

വായില്‍ വരുന്ന പേരെല്ലാം മൃഗങ്ങള്‍ക്കിടുന്ന രീതി പണ്ടുകാലം മുതലേ അനുവര്‍ത്തിച്ചു വരുന്നതാണ്. അങ്ങനെ രണ്ടു സിംഹങ്ങള്‍ക്കിട്ട പേരാണ് രാജ്യത്തെ ഏറ്റവും വലിയ പ്രശ്നമായി മാറിയതും, സിംഹങ്ങള്‍ ‘തങ്ങളുടെ പേരുമായി’ കോടതി കയറിയതും. കോടതിയില്‍ ഹിന്ദു സംഘടനകളും മൃഗശാല അധികൃതരും തമ്മില്‍ തര്‍ക്കമായി.

പേരിലും ജാതിയുണ്ട്. മതമുണ്ട്. എന്നു വാദിച്ചവര്‍ക്ക് സിഹങ്ങളുടെ പേരിനെ മാറ്റിയേ മതിയാകൂ എന്നായി. ആ പേരുകളാണ് ‘അക്ബറും’ ‘സീതയും’. നിഷ്‌ക്കളങ്കമായി ഇട്ട രണ്ടു പേരുകളാണെന്നു വേണമെങ്കില്‍ ഒരു തര്‍ക്കത്തിനു പറയാം. എന്നാല്‍ പേരിട്ടവന്റെ ജാതിയും മതവും അനുസരിച്ചാണ് സിംഹങ്ങള്‍ക്കു പേരിട്ടിരിക്കുന്നതെന്ന് ആ പേരുകള്‍ വിളിച്ചു പറയുന്നുണ്ട്.

അക്ബറിനൊപ്പം സീതയെ പാര്‍പ്പിക്കാനാവില്ല എന്നതായിരുന്നു കോടതിയില്‍ പോയവരുടെ പ്രധാന പ്രശ്‌നം. അക്ബര്‍ സീതയെ പീഡിപ്പിക്കുമോ എന്ന ആശങ്ക കലശലായി അവര്‍ക്കുണ്ടായിരുന്നു. മുസ്ലീമായ അക്ബര്‍ സിഹത്തിന്റെ കൂട്ടില്‍ ഹിന്ദു ദൈവമായ സീതയെ പാര്‍പ്പിച്ചാല്‍ വിശ്വാസ സമൂഹം എങ്ങനെ സഹിക്കും. ഇങ്ങനെ മതേതരത്വത്തിന്റെ കടയ്ക്കല്‍ കത്തി വെയ്ക്കുന്ന വിദണ്ഡ വാദങ്ങള്‍ നിരത്തുന്ന ഒരു പ്രവണത കുറച്ചു കാലമായി രാജ്യത്ത് ഉയര്‍ന്നു വന്നിട്ടുണ്ട്.

അതെങ്ങനെയാണെന്നും, എന്തുകൊണ്ടാണെന്നും മനസ്സിലാക്കാനാണ് സമാഗതമായിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ്. എന്തായാലും പേരിന്റെ വലിപ്പമോ, ജാതിയോ മതമോ അറിയാതെ കൂട്ടില്‍ തന്നെ കിടക്കുന്ന രണ്ടു സിംഹങ്ങളുടെ പേരുകള്‍ മാറ്റാന്‍ മൃഗശാല അധികൃതര്‍ തീരുമാനിച്ചിരിക്കുകയാണ്. അക്ബറിനെ പേരുമാറ്റി ‘സൂരജ്’ എന്നും, സീതയുടെ പേരുമാറ്റി ‘തനയ’ എന്നുമാക്കിയിട്ടുണ്ട്.

എന്നാല്‍, മുസ്ലീം പേരായ അക്ബര്‍ മാറ്റി ഹിന്ദു പേരായ സൂരജ് എന്നാക്കിയതാണോ പേരിലെ പോരിനുള്ള പരിഹാരം. അതോ ഹിന്ദു പേരായ സീത മാറ്റി മുസലീം പേരായ തനയ എന്നാക്കിയതാണ് പരിഹാരം. പേരുകള്‍ ഇട്ടതിലല്ല, അവയെ ഒരുമിച്ചു പാര്‍പ്പിക്കുന്നതിലാണ് ഹിന്ദു സംഘടനകളുടെ പ്രശ്‌നം. പേര് സീതയെന്നിട്ടാലും, കുന്തി എന്നിട്ടാലും പ്രശ്‌നമല്ല.

പക്ഷെ, ഒപ്പം കിടക്കുന്ന സിംഹത്തിന്റെ പേര് രാമനോ, ലക്ഷമണനോ, കൃഷ്ണനോ അല്ല എന്നതാണ് പ്രശ്‌നം. സീതയെ അക്ബര്‍ നക്കിയാല്‍പ്പോലും കൂടിനു വെളിയില്‍ നില്‍ക്കുന്ന ഹിന്ദു കാഴ്ചക്കാര്‍ക്ക് അത് സഹിക്കില്ല. ഇതാണ് പേരിന്റെ പേരില്‍ പോരുണ്ടാകാന്‍ കാരണം. ബംഗാള്‍ സൂ അതോറിറ്റിയാണു സെന്‍ട്രല്‍ സൂ അതോറിറ്റിക്കു പുതിയ പേരുകള്‍ ഇടാനുള്ള നിര്‍ദേശം സമര്‍പ്പിച്ചത്.

സിംഹങ്ങള്‍ക്ക് അക്ബര്‍, സീത എന്നീ പേരുകള്‍ നല്‍കിയതു ശരിയായില്ലെന്നും മാറ്റാനും കല്‍ക്കട്ട ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ‘അക്ബര്‍’ എന്ന ആണ്‍ സിംഹത്തെയും ‘സീത’ എന്ന പെണ്‍സിംഹത്തെയും മൃഗശാലയില്‍ ഒന്നിച്ചു പാര്‍പ്പിക്കുന്നതിനെതിരെ വിശ്വഹിന്ദു പരിഷത്താണ് കല്‍ക്കട്ട ഹൈക്കോടതിയെ സമീപിച്ചത്. ഹിന്ദു വിശ്വാസത്തെ അപമാനിക്കുന്നതാണ് അക്ബറിനെ സീതയ്‌ക്കൊപ്പം ഒരേ കൂട്ടിലിട്ടത് എന്നായിരുന്നു വാദം.

പെണ്‍ സിംഹത്തിന്റെ പേരു മാറ്റണമെന്നും ആവശ്യപ്പെട്ടു. ഇണ ചേര്‍ക്കുന്നതിനായി ത്രിപുരയിലെ സെപാഹിജാല സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നാണ് സിംഹങ്ങളെ ബംഗാളില്‍ എത്തിച്ചത്. വളര്‍ത്തുമൃഗങ്ങള്‍ക്കു ദൈവത്തിന്റെ പേരാണോ ഇടുന്നതെന്നു സിലിഗുരിയിലെ ഹൈക്കോടതിയുടെ സര്‍ക്കീറ്റ് ബെഞ്ച് കേസ് പരിഗണിച്ചപ്പോള്‍ ചോദിച്ചിരുന്നു.

മൃഗത്തിനു രബീന്ദ്രനാഥ ടഗോറിന്റെ പേര് ആരെങ്കിലും ഇടുമോ?. സിംഹത്തിന് അക്ബര്‍ എന്നു പേരിടുന്നതിനും വിയോജിപ്പാണുള്ളതെന്നും അക്ബര്‍ മഹാനായ, മതേതരവാദിയായ മുഗള്‍ ചക്രവര്‍ത്തിയായിരുന്നുവെന്നും ജസ്റ്റിസ് സൗഗത ഭട്ടാചാര്യ പറഞ്ഞു. അക്ബറിന് 7 വയസ്സും സീതയ്ക്ക് 5 വയസ്സുമാണു പ്രായം.

മൃഗശാലയിലെ സിംഹങ്ങള്‍ക്കു ദൈവത്തിന്റെ പേരിട്ടതില്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ പ്രബിന്‍ ലാല്‍ അഗര്‍വാളിനെ ത്രിപുര സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇത്രയും ദേശീയ പ്രാധാന്യമുള്ള വിഷയമാണ് സിംഹങ്ങളുടെ പേരുകളെന്ന തിരിച്ചറിവുണ്ടായിരിക്കുകയാണ് ഓരോ മനുഷ്യര്‍ക്കും. പേരുകളുടെ രാഷ്ട്രീയവും, അതിലൂടെ ഉരുത്തിരിയുന്ന മതബോധവും എത്രത്തോളം ആഴത്തില്‍ പതിഞ്ഞിരിക്കുന്നുവെന്ന്.

സിംഹങ്ങള്‍ക്ക് ഒരുപക്ഷെ, സംസാരിക്കാന്‍ ശേഷിയുണ്ടായിരുന്നെങ്കില്‍, ഈ രാജ്യത്തെ മതേതരത്വത്തിനു വേണ്ടി വാദിച്ചേനെ. കോടതികള്‍ വിറയ്ക്കുമാറ് ഗര്‍ജ്ജിച്ചേനെ. യുവര്‍ ഓണര്‍, അത്രയ്ക്കും പ്രശ്‌നമായ പേരുകളാണെങ്കില്‍ അത് മാറ്റിക്കോളൂ എന്ന്. ശരിയല്ലേ.