വിമാനങ്ങളും ഗൂഗ്ൾ മാപും അടക്കമുള്ള ആധുനിക
യാത്രാസൗകര്യങ്ങൾ അപ്രാപ്യമായ കാലത്ത് കരയും കടലും താണ്ടി 29 വർഷത്തോളം രാജ്യങ്ങളുടെ അതിർവരമ്പുകൾക്കപ്പുറത്ത് സഞ്ചരിച്ച അത്ഭുത സഞ്ചാരിയായിരുന്നു ഇബ്നു ബത്തൂത്തയെന്ന മുഹമ്മദ് ബിൻ അബ്ദുല്ല അൽലവാത്തി അൽതൻജി. മക്കയെ ലക്ഷ്യമാക്കി തുടങ്ങി പിന്നീട് ഏഷ്യൻ, ആഫ്രിക്കൻ, യൂറോപ്യൻ ഭൂഖണ്ഡാന്തരങ്ങളിലൂടെ മാനവ സംസ്കൃതിയുടെ വൈവിധ്യങ്ങളെ തൊട്ടും തലോടിയും സഞ്ചരിച്ച അദ്ദേഹം അക്കാലത്തെ ലോക ചരിത്രത്തെ കുറിച്ച് വലിയ സംഭാവന നൽകിയ ചരിത്രകാരൻ കൂടിയാണ്.
1304 ഫെബ്രുവരി 24ന് മൊറോക്കോയിലെ ടാൻജിയറിൽ ജനിച്ച ഇദ്ദേഹം ടാൻജിയറിന്റെ ന്യായാധിപനും മതപണ്ഡിതനുമായിരുന്നു. ഒരു സഞ്ചാരി ചരിത്രകാരൻ എന്നതിന് പുറമെ കർമശാസ്ത്ര പണ്ഡിതൻ, സൂഫി വര്യൻ, യോദ്ധാവ്, നയതന്ത്രവിദഗ്ധൻ എന്നീ നിലകളിലെല്ലാം അറിയപ്പെട്ട അദ്ദേഹം 124000 കിലോമീറ്റർ ദൂരം നടന്നു തീർത്തെന്നാണ് വിലയിരുത്തപ്പെടുന്നത്.1325 ജൂണിൽ മക്കയിലേക്ക് തിരിക്കുമ്പോൾ ഒരു നീണ്ട യാത്രയുടെ നാന്ദിയാവുമെന്ന് അദ്ദേഹം നിനച്ചിരുന്നില്ല. മക്ക ലക്ഷ്യമാക്കി ആഫ്രിക്കയുടെ വടക്കേ തീരത്ത് കൂടെ അൾജീരിയയും ടുണീഷ്യയും അലക്സാണ്ട്രിയയും കടന്ന് കൈറോയിലെത്തി. അവിടെ ഒരു മാസം താമസിച്ചു. കൈറോയിൽ നിന്ന് ഹാജിമാർ സാധാരണ യാത്ര ചെയ്യാറുള്ള മൂന്നു റൂട്ടുകൾ ഒഴിവാക്കി ആരും യാത്ര ചെയ്യാത്ത മറ്റൊരു വഴിയാണ് അദ്ദേഹം മക്കയിലേക്ക് തെരഞ്ഞെടുത്തത്. നൈൽ തീരത്ത് കൂടെ ചെങ്കടൽ ഭാഗത്തെത്തിയ അദ്ദേഹത്തിന് പ്രാദേശിക സംഘർഷങ്ങളെ തുടർന്ന് കൈറോയിലേക്ക് തന്നെ മടങ്ങേണ്ടി വന്നു.