ഗാന്ധി കുടുംബത്തിലെ പുതു തലമുറയില്‍പ്പെട്ട പ്രിയങ്കാഗാന്ധിയെ കല്യാണം കഴിച്ചതോടെ റോബര്‍ട്ട് വദ്ര എന്ന പേര് ഇന്ത്യില്‍ കേള്‍ക്കാന്‍ തുടങ്ങിയതാണ്. ഒടുവില്‍ അമേഠിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തയ്യാറെടുക്കുന്നുവെന്ന പുതിയ വാര്‍ത്തകളാണ് വരുന്നത്. അമേഠിയില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച ചര്‍ച്ചകള്‍ക്കിടെയാണ് രാഹുല്‍ഗാന്ധിയുടെ സഹോദരികൂടിയായ പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രക്കായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
അമേഠിയിലെ കോണ്‍ഗ്രസിന്റെ പ്രാദേശിക പാര്‍ട്ടി ഓഫീസിന് മുന്നിലാണ് ‘ഇപ്രാവശ്യം സീറ്റ്, റോബര്‍ട്ട് വാദ്രക്ക് കൊടുക്കണം’ എന്ന രീതിയില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ടമായ മെയ് 20നാണ് അമേഠിയില്‍ വോട്ടെടുപ്പ്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി മെയ് മൂന്നാണ്. കേന്ദ്രമന്ത്രിയും സിറ്റിംഗ്് എംപിയുമായ സ്മൃതി ഇറാനിയെയാണ് ബി.ജെ.പി ഇവിടെ സ്ഥാനാര്‍ഥിയാക്കിയത്.
അതേസമയം കോണ്‍ഗ്രസ് ഇതുവരെ ഇവിടെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ഗാന്ധി കുടുംബത്തിന്റെ സുരക്ഷിത മണ്ഡലമായിരുന്നു ഒരുകാലത്ത് അമേഠി. സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി, സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക്സഭയില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ 2019ലെ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയെ, സ്മൃതി ഇറാനി തോല്‍പിച്ചതോടെയാണ് മണ്ഡലം കോണ്‍ഗ്രസിന്റെ കൈയ്യില്‍ നിന്നും പോകുന്നത്.
ഇതോടെയാണ് കോണ്‍ഗ്രസിന്, അമേഠി, സുരക്ഷിതമല്ലെന്ന തോന്നല്‍ ശക്തമാകുന്നതും. അതേസമയം രാഹുല്‍ ഗാന്ധി തന്നെ അമേഠിയില്‍ എത്തുമെന്ന റിപ്പോര്‍ട്ടുകളും സജീവമാണ്. എന്നാല്‍, താന്‍ മത്സരിച്ചാല്‍ സ്മൃതി ഇറാനിയെ തെരഞ്ഞെടുത്തതിലെ തെറ്റ് തിരുത്താന്‍ അമേഠിയിലെ ജനങ്ങള്‍ക്ക് കഴിയുമെന്ന് വദ്ര പറഞ്ഞത് ചര്‍ച്ചയായിരുന്നു. മത്സരിച്ചാല്‍ വലിയ ഭൂരിപക്ഷത്തില്‍ അവര്‍ എന്റെ വിജയം ഉറപ്പാക്കുമെന്നും വദ്ര അഭിപ്രായപ്പെകടനം നടത്തുന്നുണ്ട്.
ഇതിനു പിന്നാലെയാണ്, വദ്രയെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങിയത്. മുതല്‍ മുടക്കില്ലാതെ, വിയര്‍പ്പൊഴുക്കാതെ ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് ചുളുവില്‍ ഇറങ്ങുന്ന രാഷ്ട്രീയക്കാരനായി മാത്രമേ വദ്രയെ അടയാളപ്പെടുത്താനാകൂ. ഗാന്ധി കുടുംബത്തില്‍ സംബന്ധം ചെയ്ത വകയില്‍ അമേഠിയില്‍ മത്സരിക്കാന്‍ ഇറങ്ങുന്ന വദ്രയെ സിറ്റിംഗ് എം.പി സ്മൃതി ഇറാനി നിലംപരിശാക്കുമെന്ന ഭയം കോണ്‍ഗ്രസ്സിനുണ്ട്.
കോണ്‍ഗ്രസ്സിന്റെ ശക്തമായ കോട്ടയായിരുന്ന അമേഠിയില്‍ ഗാന്ധി കുടുംബത്തിലുള്ള ആളെത്തന്നെ തോല്‍പ്പിച്ചാണ് സ്മൃതി കഴിവു തെളിയിച്ചത്. അമേഠിയില്‍ വിജയിച്ചതു കൊണ്ടുതന്നെ നരേന്ദ്രമോദി സര്‍ക്കാരില്‍ ഇറാനി മന്ത്രിയാവുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഗാന്ധി കുടുംബത്തിലുള്ളവര്‍ പോലും മത്സരിക്കാന്‍ രണ്ടാമതൊന്നു ചിന്തിക്കുന്ന അമേഠിയിലേക്ക് വദ്ര വരുന്നത്.
ആരാണ് റോബര്‍ട്ട് വദ്ര
രാജേന്ദ്രയുടെയും മൗറീന്‍ വാദ്രയുടെയും മകനായി 1969 ഏപ്രില്‍ 18ന് റോബര്‍ട്ട് വാദ്രയുടെ ജനനം. ഉത്തര്‍പ്രദേശിലെ മൊറാദാബാദ് ജില്ലയില്‍ സ്ഥിരതാമസമാക്കിയ പഞ്ചാബി വംശജരാണ് പിതാവിന്റെ കുടുംബം. പാകിസ്ഥാനിലെ സിയാല്‍കോട്ടില്‍ നിന്നുള്ളവരാണ് യഥാര്‍ഥത്തില്‍ പിതൃ കുടുംബം. വിഭജന സമയത്ത് രാജേന്ദ്രന്റെ അച്ഛന്‍ ഇന്ത്യയിലേക്ക് താമസം മാറി. അമ്മ മൗറീന്‍ (നീ മക്ഡൊണാഗ്) ആംഗ്ലോ ഇന്ത്യന്‍ വംശജയാണ്. അവരുടെ ബന്ധുക്കള്‍ സ്‌കോട്ട്ലന്‍ഡില്‍ വരെയുണ്ട്. മൊറാദാബാദിലെ സിവില്‍ ലൈനിലെ താമസക്കാരനായിരുന്ന പിതാവ് രാജേന്ദ്രക്ക് പിച്ചള, മരം കരകൗശല വ്യവസായമായിരുന്നു.
അമ്മ മൗറീന്‍ ഡല്‍ഹിയിലെ ഒരു പ്ലേ സ്‌കൂളില്‍ അധ്യാപികയിയിരുന്നു. വദ്ര ബ്രിട്ടീഷ് സ്‌കൂളില്‍ പഠിക്കുമ്പോള്‍ പ്രിയങ്കയെ കണ്ടുമുട്ടി. പ്രണയത്തിലായ ഇരുവരുടെയും വിവാഹം 1997ല്‍ നടന്നു. രണ്ട് കുട്ടികളുണ്ട് – മകന്‍ റൈഹാനും മകള്‍ മിരായയും. 2009 ല്‍ വദ്രയുമായി അകന്ന പിതാവിനെ ഡല്‍ഹിയിലെ ഒരു ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 2003ല്‍ അദ്ദേഹത്തിന്റെ മൂത്ത സഹോദരന്‍ റിച്ചാര്‍ഡ് ആത്മഹത്യ ചെയ്തു, സഹോദരി മിഷേല്‍ 2001ല്‍ വാഹനാപകടത്തില്‍ മരിച്ചു.
രാഷ്ട്രീയം
2002 ജനുവരിയില്‍, ജോലിയും മറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്ത് പണം സമ്പാദിക്കാന്‍ നെഹ്റു-ഗാന്ധി കുടുംബവുമായുള്ള തന്റെ ബന്ധം ദുരുപയോഗം ചെയ്തതിനാല്‍ വദ്ര തന്റെ പിതാവില്‍ നിന്നും സഹോദരനില്‍ നിന്നും അകന്നു. ഇതിനെത്തുടര്‍ന്ന്, അന്നത്തെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി എല്ലാ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ക്കും സംസ്ഥാന ഘടകത്തലവന്മാര്‍ക്കും മുതിര്‍ന്ന പാര്‍ട്ടി അംഗങ്ങള്‍ക്കും വദ്രയില്‍ നിന്നും കുടുംബത്തില്‍ നിന്നും വിട്ടുനില്‍ക്കാന്‍ നോട്ടീസ് അയച്ചു.
വദ്ര സജീവ രാഷ്ട്രീയത്തില്‍ ഇല്ലായിരുന്നെങ്കിലും അദ്ദേഹം തന്റെ ഭാര്യാസഹോദരന്‍ രാഹുല്‍ ഗാന്ധിക്കും അമ്മായിയമ്മ സോണിയാ ഗാന്ധിക്കും വേണ്ടി സജീവമായി പ്രചാരണം നടത്തിയിരുന്നു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍, നിരവധി സ്ഥാനാര്‍ത്ഥികള്‍ക്കായി അദ്ദേഹം ഇന്ത്യയിലുടനീളം സജീവമായി പ്രചാരണം നടത്തിയിരുന്നു. സജീവ രാഷ്ട്രീയത്തില്‍ ചേരാനുള്ള അദ്ദേഹത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് മാധ്യമങ്ങള്‍ കുറച്ചു കാലത്തിനു മുമ്പ് ചോദിച്ചപ്പോള്‍, 2-3 വര്‍ഷത്തിന് ശേഷം അത് സംഭവിക്കുമെന്ന് വദ്ര പറയുകയും ചെയ്തിരുന്നു.
റോബര്‍ട്ട് വദ്രയെന്ന വ്യവസായി
1997ല്‍ ഒരു കരകൗശല വ്യവസായമായ ആര്‍ടെക്സ് വാദ്ര ആരംഭിച്ചു. റിയല്‍ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി, ചാര്‍ട്ടര്‍ എയര്‍ക്രാഫ്റ്റ് തുടങ്ങിയ മറ്റ് മേഖലകളിലേക്ക് വ്യവസായം വിപുലപ്പെടുത്തി. റിയല്‍റ്റി സ്ഥാപനമായ ഉഘഎ റിയല്‍ എസ്റ്റേറ്റിലും ഹോസ്പിറ്റാലിറ്റിയിലും വദ്ര പങ്കാളിയായി.
സ്‌കൈ ലൈറ്റ് ഹോസ്പിറ്റാലിറ്റി, സ്‌കൈ ലൈറ്റ് റിയാലിറ്റി, നോര്‍ത്ത് ഇന്ത്യ ഐടി പാര്‍ക്കുകള്‍, റിയല്‍ എര്‍ത്ത് എസ്റ്റേറ്റ്സ്, ബ്ലൂ ബ്രീസ് ട്രേഡിംഗ് എന്നീ കമ്പനികളിലെല്ലാം അദ്ദേഹത്തിന്റെ അമ്മ മൗറീന്‍ ഡയറക്ടറാണ്. ഇവരെല്ലാം 2007 നവംബറിനും 2008 ജൂണിനും ഇടയില്‍ 5 ലക്ഷം മുതല്‍ 25 ലക്ഷം രൂപ വരെ പെയ്ഡ്-അപ്പ് ഷെയര്‍ ക്യാപിറ്റലുമായി രജിസ്റ്റര്‍ ചെയ്തവരാണ്.
വിവാദങ്ങള്‍
DLF ഭൂമി കൈയേറ്റ കേസ്: 2011 ഒക്ടോബറില്‍ അരവിന്ദ് കെജ്രിവാള്‍ 650 മില്യണ്‍ പലിശ രഹിത വായ്പയും രാഷ്ട്രീയ ആനുകൂല്യങ്ങള്‍ക്ക് പകരമായി ഡിഎല്‍എഫ് ലിമിറ്റഡില്‍ നിന്ന് ഭൂമിയില്‍ കനത്ത വിലപേശലും നടത്തി എടുത്തതായി ആരോപിച്ചു. വദ്രയും അദ്ദേഹത്തിന്റെ കമ്പനികളും റിയല്‍ എസ്റ്റേറ്റ് ഭീമനായ ഡിഎല്‍എഫും തമ്മിലുള്ള ബിസിനസ് ഇടപാടുകള്‍ അന്വേഷിക്കണമെന്ന് കെജ്രിവാള്‍ ആവശ്യപ്പെട്ടിരുന്നു.
ബിക്കാനീര്‍ ഭൂമി കേസ്: 2019 ഫെബ്രുവരിയില്‍ രാജസ്ഥാന്‍ ഹൈക്കോടതി വദ്രയ്ക്കും അമ്മ മൗറിനും ബിക്കാനീറിലെ കോളയാട്ട് പ്രദേശത്ത് 2015ലെ അനധികൃത ഭൂമി ഇടപാട് കേസുമായി ബന്ധപ്പെട്ട് സമന്‍സ് അയച്ചിരുന്നു. രാജസ്ഥാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് ഏകദേശം 28 ഏക്കര്‍ ഭൂമി സബ് മാര്‍ക്കറ്റ് നിരക്കിന് (7.2 മില്യണ്‍) വാങ്ങി, പിന്നീട് അമിത വിലയ്ക്ക് വിറ്റ് നേട്ടമുണ്ടാക്കിയെന്നാരോപിച്ച് വദ്രയുടെ കമ്പനിയായ സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തിരുന്നു.
അനധികൃത ലാഭം, 2016ല്‍ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം കമ്പനിക്ക് നോട്ടീസ് നല്‍കി. തുടര്‍ന്ന്, തങ്ങളുടെ ഇടപാടുകളുടെ പുനര്‍മൂല്യനിര്‍ണ്ണയത്തിനായി കമ്പനി 2018 ഏപ്രിലില്‍ ഡല്‍ഹി ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചു. എങ്കിലും ഇഡിക്ക് മുമ്പാകെ ഹാജരാകാനും സഹകരിക്കാനും കോടതി വദ്രയോട് നിര്‍ദ്ദേശിച്ചു.
മുന്‍ സമന്‍സുകള്‍ അവഗണിച്ച വദ്ര ഇഡിക്ക് മുമ്പാകെ ഹാജരായതിന് ശേഷം വാദ്രയുടെ കമ്പനിയായ സ്‌കൈലൈറ്റിന്റെ 46.2 മില്യണ്‍ മൂല്യമുള്ള ആസ്തികള്‍ ഇഡി കണ്ടുകെട്ടി. 2020 ജനുവരിയില്‍, ED യുടെ ചോദ്യം ചെയ്യലില്‍, ഗൂഗിള്‍ മാപ്പില്‍ ഭൂമിയുടെ ലൊക്കേഷനുകള്‍ താന്‍ കണ്ടിട്ടുണ്ടെന്നും എന്നാല്‍ അവ വാങ്ങാന്‍ ഉപയോഗിച്ച ഫണ്ടിന്റെ ഉറവിടം ഓര്‍മ്മിക്കാന്‍ സാധിക്കുന്നില്ലെന്നും വദ്ര പറഞ്ഞു.
ഉയര്‍ന്ന ജീവിത നിലവാരം
ഉയര്‍ന്ന നിലയില്‍ ജീവിക്കുന്ന വദ്ര പോഷ്‌ലൈഫാണ് ഇഷ്ടപ്പെടുന്നത്. തലസ്ഥാനത്തെ ഹിപ് നൈറ്റ്ക്ലബ്ബുകളില്‍ അദ്ദേഹത്തെ പലപ്പോഴും കാണാറുണ്ട്. ഒരു ഫിറ്റ്നസ് ആരാധകനായ അദ്ദേഹം ശരീരത്തെ കെട്ടിപ്പിടിക്കുന്ന ഡിസൈനര്‍ വസ്ത്രങ്ങളില്‍ ശരീരം പ്രകടിപ്പിക്കുന്നു. എഫ്1 റേസ് ആയാലും ഹൈദരാബാദിലെ എയര്‍ ഷോ ആയാലും നടക്കുന്ന എല്ലാ പരിപാടികളിലും അദ്ദേഹം പരിചിതമായ മുഖമാണ്. ഉയര്‍ന്ന നിലവാരമുള്ള ബൈക്കുകളില്‍ ചുറ്റി സഞ്ചരിക്കുന്നു.
ഇതാണ് വദ്ര. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകാന്‍ എന്താണ് വദ്രയുടെ ഗുണഗണങ്ങളെന്ന് ചിന്തിച്ചു നോക്കൂ. വദ്രയുടെ അച്ഛനും സഹോദരനും, സഹോദരിയും മരിച്ചതിനു പിന്നില്‍ വദ്രയുണ്ടെന്ന ആരോപണവും നേരത്തെ തന്നെയുണ്ട്. ഇങ്ങനെയുള്ള സ്ഥാനാര്‍ത്ഥിയുമായി കോണ്‍ഗ്രസ് അമേഠിയിലേക്കു ചെന്നാല്‍ എന്തായിരിക്കും അവസ്ഥയെന്ന് നേതൃത്വം ചിന്തിക്കുന്നുണ്ടെന്നാണ് അറിയുന്നത്. അമേഠി സീറ്റിലെ സാധ്യതാ ലിസ്റ്റില്‍ റോബര്‍ട്ട് ഇല്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കുകയാണ്. കഴിഞ്ഞ തവണ അമേഠിയില്‍ മത്സരിച്ച രാഹുല്‍ സ്മൃതി ഇറാനിയോട് 55,000 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്.
ഇത്തവണ രാഹുല്‍ വയനാട്ടിലും അമേഠിയിലും മത്സരിക്കുമെന്നും പ്രിയങ്ക റായ്ബറേലിയിലെ കോണ്‍ഗ്രസിന്റെ പാരമ്പര്യ സീറ്റില്‍ മത്സരിക്കുമെന്നുമായിരുന്നു ഇതു വരെയുണ്ടായിരുന്ന റിപ്പോര്‍ട്ടുകള്‍. അപ്രതീക്ഷിതമായി റോബര്‍ട്ട് വദ്ര അമേഠിയില്‍ മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചതോടെ കോണ്‍ഗ്രസ് പ്രതിസന്ധിയിലായേക്കും. വെള്ളിയാഴ്ച നടക്കുന്ന സിഇസി യോഗത്തില്‍ ഉത്തര്‍പ്രദേശിലെ സ്ഥാനാര്‍ഥിപ്പട്ടിക പൂര്‍ത്തിയാക്കിയേക്കുമെന്നാണ് പ്രതീക്ഷ.