പണ്ട് എവിടെയോ വായിച്ചിട്ടുണ്ട് ഒരുപാട് വർഷം ജയിലിൽ ജീവിച്ച ഒരാൾ പുറംലോകം കണ്ടപ്പോൾ ആദ്യം ചെയ്തത് തൊട്ടടുത്തുണ്ടായിരുന്ന പക്ഷികളെ വിൽക്കുന്ന കടയിൽ കയറി അവയെ കൂട് തുറന്ന് പറത്തി വിട്ടു ,അത്രയും നാൾ കൂട്ടിൽ അടഞ്ഞ് കിടന്നൊരു മനുഷ്യന് മാത്രമേ അറിയുകയുള്ളൂ എന്താണ് തടവറ എന്ന്….അത് പോലെ കൂട്ടിൽ കഴിയുകയാണ് നിമിഷപ്രിയ അവൾക്ക് വേണ്ടി ഒരമ്മ പുറത്ത് ഉരുകുകയാണ് ..
കാക്കയ്ക്ക് തൻകുഞ്ഞ് പൊൻകുഞ്ഞ് എന്ന പറയുന്നത് പോലെ ഓരോ അമ്മയ്ക്കുമവരുടെ മക്കൾ പൊന്ന് തന്നെയാണ് .തന്റെ ശരീരത്തിന്റെ ഒരു പാതിയാണ് ഓരോ അമ്മയ്ക്കും അവരുടെ മക്കൾ .തന്റെ മകളെ തേടി യമൻ വരെ പോയിരിക്കുകയാണ് ഒരമ്മ .നിരവധി പോരാട്ടങ്ങളും യാതനകളും അനുഭവിച്ച് പത്രണ്ട് വർഷത്തിന് ശേഷം സനയിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ കാണാൻ വേണ്ടി പ്രേമകുമാരി യമനിൽ എത്തി .പത്രണ്ട് വർഷത്തോളം പുറം ലോകം കാണാതെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയ്ക്ക് പ്രതീക്ഷയാണ് നൽകിയത് .ഇനി ഒരിക്കൽ എങ്കിലും തന്റെ മണ്ണിലേക് അവൾക്ക് കാലുകുത്താൻ സാധിക്കുമോ എന്ന് പോലും അറിയാതെ ദിവസങ്ങളും മാസങ്ങളും വർഷങ്ങളും എണ്ണി വെളിച്ചം കാണാതെ അവൾ ആ ജയിലിൽ കഴിയുകയാണ് .
ആരാണ് നിമിഷ പ്രിയ …?ജയിലിൽ കഴിയാനും മാത്രം അവർ എന്ത് തെറ്റാണ് ചെയ്തത് ..?പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിനിയാണ് നിമിഷ പ്രിയ. തലാല്‍ അബ്ദുള്‍ മഹ്ദിയെന്ന യെമന്‍ സ്വദേശിയെ കൊലപ്പെടുത്തിയെന്നാണ് നിമിഷയ്ക്കെതിരേയുള്ള കേസ്. കൊല്ലങ്കോട് മാത്തൂരിലെ തോട്ടം കാര്യസ്ഥനായിരുന്ന തൊടുപുഴ സ്വദേശിയായ ടോമിയെ വിവാഹം കഴിച്ച് 2012ലാണ് നിമിഷപ്രിയ യെമനില്‍ നഴ്‌സായി ജോലിക്ക് പോയത്. ഭര്‍ത്താവ് സ്വകാര്യ സ്ഥാപനത്തിലും നിമിഷ ക്ലിനിക്കിലും ജോലിനേടി. അതിനിടെ യെമന്‍ പൗരനായ തലാല്‍ അബ്ദുള്‍ മഹ്ദിയെ പരിചയപ്പെടുകയും ഇരുവരും ചേര്‍ന്ന് കച്ചവട പങ്കാളിത്തത്തോടെ ക്ലിനിക്ക് തുടങ്ങാനും തീരുമാനിച്ചു. യെമൻ പൗരന്റെ ഉത്തരവാദിത്തത്തോടെയല്ലാതെ ക്ലിനിക്ക് ആരംഭിക്കാനാവില്ല എന്നതിനാലാണ് മഹ്ദിയുടെ സഹായം തേടിയത്. ബിസിനസ് തുടങ്ങാന്‍ നിമിഷയും ഭര്‍ത്താവും തങ്ങളുടെ സമ്പാദ്യമെല്ലാം മഹ്ദിക്ക് കൈമാറിയിരുന്നു. ബിസിനസ്സിന് കൂടുതല്‍ പണം ആവശ്യമുള്ളതിനാല്‍ നിമിഷയും ഭര്‍ത്താവും മിഷേല്‍ എന്ന മകളുമൊത്ത് നാട്ടിലേക്ക് വന്നു. പിന്നീട് നാട്ടില്‍ നിന്ന് യെമനിലേക്ക് തിരിച്ചുപോയത് നിമിഷ മാത്രമായിരുന്നു. ബിസിനസ് പച്ചപിടിക്കുമെന്നും മഹ്ദി ചതിക്കില്ലെന്നുമായിരുന്നു ഇവരുടെ വിശ്വാസം. നിമിഷപ്രിയ പോയതിന് ശേഷം യെമനിലേക്ക് തിരിച്ചുപോവാനായിരുന്നു ടോമി ഉദ്ദേശിച്ചതെങ്കിലും യെമന്‍-സൗദി യുദ്ധത്തെ തുടര്‍ന്ന് ആ യാത്രയും മുടങ്ങി.എന്നാൽ യമനിൽ എത്തിയ നിമിഷപ്രിയയോട് ബിസിനസ് പങ്കാളിയെന്ന നിലയില്‍ ആദ്യമാദ്യം മാന്യമായി ഇടപെട്ടിരുന്ന മഹ്ദിയുടെ സ്വഭാവം പിന്നീട് പ്രതീക്ഷിക്കാത്ത രീതിയിലേക്ക് മാറി. മഹ്ദിയുമായി ചേര്‍ന്ന് ക്ലിനിക്ക് തുടങ്ങിയശേഷം നിമിഷ തന്റെ ഭാര്യയാണെന്ന് പലരേയും വിശ്വസിപ്പിച്ചു. വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റും ഉണ്ടാക്കി. പിന്നീട് അവരെ ഭീഷണിപ്പെടുത്തി മതാചാരപ്രകാരം വിവാഹം നടത്തുകയും ചെയ്തു ,. ഇരുവരും ചേര്‍ന്ന് ആരംഭിച്ച ക്ലിനിക്കിലെ വരുമാനം മുഴുവന്‍ തലാല്‍ സ്വന്തമാക്കി. നിമിഷയുടെ പാസ്‌പോര്‍ട്ട് തട്ടിയെടുത്തു ഇങ്ങനെ ദിനം പ്രതി ഒട്ടനവധി പീഡനങ്ങളിലേക് അവൾ വീണു കൊണ്ടേയിരുന്നു .സഹിക്ക വയ്യാതെ അധികൃതര്‍ക്ക് പരാതി നല്‍കിയ നിമിഷപ്രിയയെ മഹ്ദി മര്‍ദനത്തിനിരയാക്കി. ഉറ്റവരെയും ഉടയവരെയും വിട്ട് ഒരു അന്യനാട്ടിൽ അവൾ ഒറ്റയ്ക്കായി ..പിന്നീട് എങ്ങനെ എങ്കിലും രക്ഷപ്പെടണം എന്നായിരുന്നു ചിന്ത,കൊടിയ മർദ്ദനങ്ങളും പീഡനവും സഹിക്കാതെ ജീവൻ രക്ഷയ്ക്കായി അവൾ അയാളെ കൊന്നു .ജീവന്‍ അപകടത്തിലാകുമെന്ന ഘട്ടത്തിലാണ് താന്‍ മഹ്ദിയെ അപായപ്പെടുത്താന്‍ ശ്രമിച്ചത് എന്നാണ് നിമിഷപ്രിയയുടെ വാദം.യെമന്‍ പൗരനായ തലാല്‍ അബ്ദുള്‍ മഹ്ദിയുടെ മാനസിക-ശാരീരിക പീഡനത്തില്‍ നിന്ന് രക്ഷപ്പെടാനായി മഹ്ദിയെ കൊലപ്പെടുത്തിയെന്നതാണ് നിമിഷപ്രിയയ്‌ക്കെതിരേയുള്ള കേസ്. 2017ലായിരുന്നു ഈ സംഭവം.
സഹപ്രവര്‍ത്തകയായിരുന്ന ഹനാന്‍ എന്ന യെമനി യുവതിയും മഹ്ദിയുടെ മര്‍ദനത്തിന് നിരന്തരം ഇരയായിരുന്നു. പാസ്‌പോര്‍ട്ട് വീണ്ടെടുത്ത് രക്ഷപ്പെടാനുള്ള മാര്‍ഗം നിമിഷയ്ക്ക് പറഞ്ഞുകൊടുത്തതും ഹനാനാണ്. ഇതിനായി തലാലിന് അമിത ഡോസിൽ മരുന്നു കുത്തിവെയ്ക്കുകയായിരുന്നു.മഹ്ദിക്ക് ബോധം പോയ നേരം പാസ്‌പോര്‍ട്ടും കണ്ടെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ അതിര്‍ത്തിയില്‍വെച്ച് പിടിയിലായി എന്നാണ് നിമിഷപ്രിയ കോടതിയില്‍ പറഞ്ഞത്. എന്നാല്‍ മഹ്ദിയുടെ മൃതദേഹം അവര്‍ താമസിച്ചിരുന്ന വീടിന് മുകളിലെ ജലസംഭരണിയില്‍ വെട്ടിനുറുക്കിയ നിലയില്‍ കണ്ടെത്തിയതാണ് നിമിഷപ്രിയയെ കുടുക്കിയത്.
2018ല്‍ യെമന്‍ കോടതി ഇവര്‍ക്ക് വധശിക്ഷ വിധിച്ചു. അപ്പീല്‍ പോയെങ്കിലും യെമനിലെ അപ്പീല്‍ കോടതിയും വധശിക്ഷ 2020ല്‍ ശരിവെച്ചു. ശിക്ഷ ഇളവ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിമിഷപ്രിയയുടെ അമ്മ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മുഖേന യെമന്‍ സര്‍ക്കാരിന് നിവേദനം നല്‍കിയിരുന്നെങ്കിലും അത് പരിഗണിച്ചില്ല.ആ ‘അമ്മ തന്റെ മകൾക്ക് വേണ്ടി മുട്ടാത്ത വാതിലുകൾ ഇല്ല .കാണാത്ത മനുഷ്യരില്ല എന്നിട്ടും അവർക്ക് വേണ്ടി ആരും കനിഞ്ഞില്ല .പിന്നീട് വാർത്തകളും ചർച്ചകളും വന്നതിന് ശേഷം മോചനത്തിനായി ഇന്ത്യയില്‍ സേവ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍ രൂപികരിച്ചു. 2021 ഓഗസ്റ്റിലാണ് ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ നേതൃതത്തിലുള്ള ഇന്‍റര്‍നാഷണല്‍ ആക്ഷൻ കൗണ്‍സില്‍ രൂപീകരിച്ചത്. എന്നിട്ടും വധ ശിക്ഷയിൽ മാറ്റം ഒന്നും ഉണ്ടായില്ല ബ്ലഡ് മണി കൊടുത്ത് അത് മരണപ്പെട്ട ആളിന്റെ കുടുംബം സ്വീകരിച്ചാൽ അവർക്ക് രക്ഷപെടാനാകും ..എന്നാൽ അതിനും സാധിച്ചില്ല അങ്ങനെ നീണ്ട 12 വർഷം എടുത്തു ആ അമ്മയ്ക്കും മകൾക്കും ഒന്ന് നേരിൽ കാണാൻ വേണ്ടി,ഇരുണ്ട ജയിലറയ്ക്കുള്ളിൽ അവൾ ഉരുക്കുകയായിരുന്നു .ഓരോ ദിനം എണ്ണി തിട്ടപ്പെടുത്തി കാത്തിരുന്നു .ദിവസമോ സമയമോ രാവോ പകലോ അറിയാതെ താൻ പെറ്റ മകളെയോ തന്റെ ഭർത്താവിനെയോ,അമ്മേയെയോ അവൾക്ക് ഒന്ന് കാണാൻ പോലും സാധിച്ചില്ല..എന്നാൽ ഇന്ന് അവൾക്ക് അവളുടെ അമ്മയെ കാണാൻ സാധിച്ചു . ഇനി വീണ്ടും കാണുമോ എന്ന പോലും അറിയില്ല .ആ അമ്മയ്ക്ക് ഉണ്ടായിരുന്ന ഏക പ്രതീക്ഷയാണ് ജയിലിൽ കഴിഞ്ഞിരുന്ന അബ്ദുൽ റഹീം രക്ഷപ്പെട്ടത് .അങ്ങനെ തന്റെ മകളും രക്ഷപ്പെടും എന്ന പ്രേമകുമാരിയും അവരുടെ കുടുംബവും കാത്തിരിക്കുകയാണ് .ഇനി എങ്കിലും തനിക്ക് തെളിഞ്ഞ ആകാശമോ നക്ഷത്രമോ വെളിച്ചവും ,കാറ്റും ഏൽക്കാൻ പറ്റും എന്ന പ്രതീക്ഷയിൽ നിമിഷ പ്രിയയും ,പ്രതീക്ഷയാണ് ഓരോ മനുഷ്യനെയും ജീവിക്കാൻ സഹായിക്കുന്നത് ..അവൾ സ്വപ്നം കാണട്ടെ എന്നെങ്കിലും പുതുലോകം കാണും തന്റെ മകളുടെയും അമ്മയുടെയും കുടുംബത്തിന്റെയും പുഞ്ചിരി കാണാൻ സാധിക്കും എന്ന്..സ്വപ്നങ്ങൾ യാഥാർഥ്യം ആവട്ടെ ….