സോമാലിയ എന്ന രാജ്യത്തെക്കുറിച്ച് കേള്‍ക്കുമ്പോള്‍ തന്നെ ഓര്‍മ്മ വരുന്നത്, ഒട്ടിയവയറും, ചുക്കിച്ചുളുങ്ങിയ തൊലിയും, തലകുമ്പിട്ട കുഞ്ഞുങ്ങളുടെയും ചിത്രങ്ങളാണ്. അവിടെ ഒരു നേരത്തെ ആഹാരത്തിനു വേണ്ടി സന്നദ്ധ സംഘടനകളുടെ വരവുംകാത്തിരിക്കുന്ന കുടുംബങ്ങളാണ് കൂടുതലെന്നുമൊക്കെയുള്ള അതിശയോക്തി നിറയ്ക്കാത്ത കഥകള്‍ ലോകം കേട്ടിരിക്കുന്നു. സമാന സ്വഭാവത്തിലുള്ള സംഭവങ്ങള്‍ കേരളത്തിലും കുറച്ചു കാലങ്ങളായി അലയടിക്കുകയാണ്. ഇങ്ങനെ പറയുമ്പോള്‍ സോമാലിയയ്ക്കു സമമാണ് കേരളമെന്നല്ല. സാഹചര്യങ്ങള്‍ വേറെയാണ്. അവിടെ കൊടും പട്ടിണിയാണ്. പക്ഷെ, ഇവിടെ പട്ടിണിയെ ചൂഷണം ചെയ്യുന്ന രാഷ്ട്രീയമാണ്.
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നിര്‍ണ്ണായക ദിവം നാളെയാണ്. അതായത്, വോട്ടര്‍മാരുടെ യഥാര്‍ഥ വിലയറിയുന്ന ദിവസം. നാളെക്കഴിഞ്ഞാല്‍ പിന്നെ, വോട്ടര്‍മാരെ അടുത്ത അഞ്ചു വര്‍ഷം കഴിഞ്ഞു മതി. ജയിച്ചവരെല്ലാം ഡെല്‍ഹിക്കു പോകും. ജയിക്കാത്തവര്‍ വീടുകളിലും, അവരവരുടെ രാഷ്ട്രീയ പാര്‍ട്ടികളിലേക്കും മടങ്ങും. വോട്ടര്‍മാര്‍ വീണ്ടും നരകിക്കും. ഇതാണ് സംഭവിക്കാന്‍ പോകുന്നത്. എങ്കിലും, നാളത്തെ പോളിംഗ് ദിവസം സ്ഥാനാര്‍ത്ഥികള്‍ക്കും മുന്നണികള്‍ക്കും ചക്രവ്യൂഹം തന്നെയാണ്.
അതുകൊണ്ട് ഏതു വിധേനയും വോട്ടുറപ്പിക്കാന്‍ ഇന്ന് നിശബ്ദമായി വോട്ടു ചോദിക്കുന്നുണ്ട്. ഇതിനിടയിലാണ് അങ്ങ് വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് അവശ്യസാധനങ്ങള്‍ അടങ്ങിയ 1500 ഭക്ഷ്യക്കിറ്റുകള്‍ പിടികൂടിയത്. പൊലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഭക്ഷ്യവസ്തുക്കള്‍ പിടികൂടിയത്. ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് ഭക്ഷ്യകിറ്റുകള്‍ കയറ്റിയ ലോറി പിടിച്ചെടുത്തത്. പ്രത്യേകിച്ച് ഒരു ദുരന്തമോ, കടല്‍ക്ഷോഭം മൂലമുള്ള ക്യാമ്പുകളോ തുറന്നിട്ടില്ലാത്ത സാഹചര്യത്തില്‍ എന്തിനായിരിക്കും ഇത്രയും ഭക്ഷ്യക്കിറ്റുകള്‍ എന്നത് സംശയത്തിനു വഴിവെയ്ക്കും.
കിറ്റിനള്ളില്‍ പഞ്ചസാര, ബിസ്‌ക്കറ്റ്, ചായപ്പൊടി, വെളിച്ചെണ്ണ, റസ്‌ക്, സോപ്പ്, സോപ്പ് പൊടി എന്നിവയാണ് സാധനങ്ങള്‍. ഇതിനുപുറമെ വെറ്റില, അടക്ക, ചുണ്ണാമ്പ്, പുകയില എന്നിവ അടക്കമുള്ള 33 കിറ്റുകളും വാഹനത്തില്‍ നിന്ന് പിടിച്ചെടുത്തു. പൊലീസ് കസ്റ്റഡിയിലുള്ള ലോറി ഇലക്ഷന്‍ ഫൈ്ളയിങ്ങ് സ്‌ക്വാഡിന് കൈമാറുമെന്നുമാണ് വാര്‍ത്തകള്‍. കിറ്റുകള്‍ എവിടേക്കുള്ളതാണെന്ന് അറിയില്ലെന്നാണ് ലോറി ഡ്രൈവര്‍ പൊലീസിന് നല്‍കിയ മൊഴി. എങ്ങോട്ടാണെന്നറിയാതെ ഇത്രയും ഭക്ഷ്യ സാധനങ്ങളുമായി ലോറി സുല്‍ത്താന്‍ ബത്തേരി വരെ എത്തിയതെങ്ങനെ.
ഈ ചോദ്യത്തിന് ആരും ഉത്തരം തരില്ല. കാരണം, ഉത്തരം പറയുമ്പോള്‍ ചലയിടങ്ങളില്‍ പൊള്ളും. ആ പൊള്ളലിന്റെ നീറ്റല്‍ നിലവിളികളായി ഉയര്‍ന്നാല്‍ വലിയ പ്രശ്‌നമാണ് കിറ്റ് പിടിച്ചവര്‍ക്കുണ്ടാവുക. അതുകൊണ്ട് ഉത്തരമില്ലാത്ത കുറേ ചോദ്യങ്ങളിലേക്ക് ഈ വിഷയവും ഒതുങ്ങിപ്പോകും. നാളത്തെ ഒരു ദിവസത്തിന്റെ ജാതകം മാറ്റി മറിക്കാനെത്തിയ ‘കിറ്റ്’ പിടിക്കപ്പെട്ടപ്പോള്‍, ആരാണോ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത്, അവര്‍ക്കുണ്ടാകുന്ന വേദനയും വിഷമവും എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
പക്ഷെ, ഇവിടെ അതൊന്നുമല്ല, വിഷയം. പട്ടിണിയാണ്. സോമാലിയന്‍ പൊരന്‍മാരുടെ ഭക്ഷണത്തിനുള്ള കാത്തിരിപ്പു പോലെ, കേരളത്തിലെ വോട്ടറുടെ ഗതികേടിനെ രാഷ്ട്രീയവത്ക്കരിച്ചിരിക്കുകയാണ്. ഉണ്ണാനും, ഉടുക്കാനും കൊടുത്താല്‍, ഒരു വോട്ടു കിട്ടുമെന്ന സാമാന്യ തന്ത്രത്തിലേക്ക് രാഷ്ട്രീയം മാറിക്കഴിഞ്ഞു. ‘കിറ്റിനെ രാഷ്ട്ീയ വത്ക്കരിച്ചവര്‍ തന്നെയാണ് ഇതിനു മറുപടി പറയേണ്ടതും. കേരളത്തിന്റെ റേഷന്‍ വിഹതം വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാരും-കേരളത്തിന്റെ കടപരിധി വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍, പൊതു വിതരണ ശ്രിംഘലയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ഇതിനു മറുപടി പറയണം.
ശേഷം, സംസ്ഥാന സര്‍ക്കാരിന്റെ കിറ്റ് രാഷ്ട്രീയം എവിടെ എത്തി നില്‍ക്കുന്നു എന്ന് മനസ്സിലാക്കണം. പ്രളത്തിലും, പ്രകൃതി ദുരന്തങ്ങളിലും പെടുന്ന പാവപ്പെട്ട മനുഷ്യര്‍ക്ക് ഭക്ഷണവും കിടക്കാനൊരിടവും, ഉടുക്കാന്‍ വസ്ത്രങ്ങളും നല്‍കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. അല്ലാതെ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനു മുമ്പുള്ള രാഷ്ട്രീയ കക്ഷിയുടെ ഔദാര്യമല്ല. സര്‍ക്കാര്‍ രൂപീകരിച്ചാല്‍, രാഷ്ട്രീയ പാര്‍ട്ടിയേക്കാള്‍ ജനങ്ങലോടാണ് പ്രതിബദ്ധത ഉണ്ടാകേണ്ടത്. ജനങ്ങള്‍ക്കു വേണ്ടി എന്തു ചെയ്താലും, അത് ചെയ്യുന്നത് സര്‍ക്കാര്‍ ആണെന്ന പൂര്‍ണ്ണ ബോധ്യം ജനങ്ങള്‍ക്കും സര്‍ക്കാരിനും ഉണ്ടാകണം.
പക്ഷെ, ദൗര്‍ഭാഗ്യവശാല്‍, ദുരന്തബാധിതര്‍ക്കു നല്‍കുന്ന ആഹാരവും, വസ്ത്രവും, പാര്‍പ്പിടവുമെല്ലാം ഏതു രാഷ്ട്രീയ പാര്‍ട്ടിയുടെ സര്‍ക്കാരാണോ അധികാരത്തിലിരിക്കുന്നത്, ആ രാഷ്ട്രീയ പാര്‍ട്ടിയുടെ അക്കൗണ്ടിലാണ് ചേര്‍ക്കപ്പെടുന്നത്. ഇത് സാധാരണക്കാരന്റെ അവകാശത്തിന്‍മേലുള്ള രാഷ്ടരീയ അധികാരമായിപ്പോവുകയും ചെയ്യുന്നുണ്ട്. ഇതാണ് കേരളത്തിലും സംഭവിച്ചത്.
അതായത്, അവശ്യ ഭക്ഷ്യ വസ്തുക്കള്‍ അടങ്ങിയ കിറ്റ് നല്‍കിയാല്‍, ആ നല്‍കുന്നവരോട് കിറ്റ് വാങ്ങുന്നവര്‍ക്ക് വിധേയത്വം ഉണ്ടാകും. ഇത് ചുഷണം ചെയ്ത് വോട്ടിനും, പ്രീണത്തിനും ഉപയോഗിക്കുകയും ചെയ്യും. ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള വോട്ടുറപ്പിക്കല്‍ പരിപാടിക്കാണ് കിറ്റ് ലോറി ചുരം കയറി എത്തിയതെന്ന് സംശയിക്കുന്നതും ഇതുകൊണ്ടാണ്.
ചുണ്ണാമ്പും, വെറ്റിലയും, പുകയിലയും പ്രത്യേക കവറുകളാക്കിയിരിക്കുന്നത്, വയനാട്ടിലെ ആദിവാസി മേഖലയിലുള്ളവരെ ലക്ഷ്യം വെച്ചാണെന്നും സംശയിക്കാം. ഇങ്ങനെ മനുഷ്യന്റെ ആവശ്യങ്ങളെ ചൂഷണം ചെയ്യുന്ന നടപടി നേരത്തെയും ആവര്‍ത്തിച്ചിട്ടുള്ളതാണ്. മദ്യവും, പണവും നല്‍കി വോട്ടു ചെയ്യിപ്പിക്കുന്ന പ്രവത പണ്ടുണ്ടായിരുന്നു. എന്നാല്‍, അതിപ്പോള്‍ ഇല്ലെന്നു തന്നെ പറയാം.
എന്നാല്‍, ജനങ്ങളുടെ ജീവിതച്ചിലവ് കൂടിയ ഈ കാലഘട്ടത്തില്‍ അവശ്യ ഭക്ഷ്യവസ്തുക്കള്‍ അടങ്ങിയ കിറ്റ് പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഏറെ ആശ്വാസമാകുമെന്ന് എല്ലാ മുന്നണികള്‍ക്കും അറിയാം. അതാണ് കിറ്റിന്റെ രാഷ്ട്രീയം പയററുന്നതും. ചുരം കയറിവന്ന, ലോറിയും, ലോറിയിലെ കിറ്റും പ്രത്യേക ഉദ്ദേശത്തോടെ എത്തിയതു തന്നെയാണെന്ന് ഉറപ്പിക്കാം. ഈ കിറ്റുകള്‍ ഏതോ പാവപ്പെട്ട കുടുംബങ്ങളില്‍ എത്തേണ്ടതുമാണ്. ഇത് കൈപ്പറ്റിയാല്‍, വിലയെന്നോണം വോട്ടുറപ്പിക്കാമെന്ന ദുരുദ്ദേശവും ഉണ്ടാകും. അല്ലാതെ വയനാട്ടില്‍, ഭക്ഷ് ക്ഷാമമോ, പട്ടണ മരണങ്ങളോ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അതുകൊണ്ടു തന്നെ ഈ പ്രത്യേക തെരഞ്ഞെടുപ്പു സാഹചര്യത്തില്‍ ശുഷ്‌ക്കാന്തിയോടെ ലോറി പിടിച്ച പോലീസിന് ബിഗ് സല്യൂട്ട്.