‘കുലംകുത്തി’ ആകുമോ ഇപി: വെടിയുണ്ടയും പേറി ഇനി എങ്ങോട്ടാണ് യാത്ര ?

തിരഞ്ഞെടുപ്പ് ദിവസം തന്നെ പാര്‍ട്ടിയെയും ഇടതുപക്ഷത്തെയും കടുത്ത പ്രതിരോധത്തിലാക്കിയ ഇ.പി ജയരാജന്റെ കാര്യത്തില്‍ തീരുമാനം ഉടനുണ്ടാകും. ഇ.പി ജയരാജനും ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കറും തമ്മിലുള്ള വിവാദ കൂടിക്കാഴ്ച മാധ്യമങ്ങള്‍ക്കു മുന്നില്‍ സ്ഥിരീകരിച്ചത് സി.പി.എം നേതാക്കളെയും അണികളെയും ശരിക്കും വെട്ടിലാക്കി. കൂടിക്കാഴ്ച ഇ.പി തന്നെ സ്ഥിരീകരിച്ചതും, അത് മാധ്യമങ്ങളോട് പറയാന്‍ തെരഞ്ഞെടുപ്പു ദിവസം തന്നെ കണ്ടെത്തിയതിലും ദുരൂഹതയുണ്ട്. ഇതാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.

ജയരാജനെതിരേ പാര്‍ട്ടിതലത്തില്‍ അന്വേഷണം നടക്കുമെന്നുറപ്പായി കഴിഞ്ഞു. നാളെ നടക്കുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകളുണ്ടാകും. കേന്ദ്ര നേതൃത്വവും ഇ.പിക്കെതിരേ അച്ചടക്ക നടപടി എടുക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നാണ് സൂചന. ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കറുമായി ദല്ലാള്‍ നന്ദകുമാറിന്റെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയ ഇ.പി ജയരാജന്റെ നടപടിയാണ് സി.പി.എം കേന്ദ്ര നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കുന്നത്. ഇതാണ് കടുത്ത നടപടിയിലേക്ക് പോകാന്‍ സി.പി.എം കേന്ദ്ര നേതൃത്വത്തെയും പ്രേരിപ്പിച്ചിരിക്കുന്നത്.

 

ജയരാജന്‍ സി.പി.എം കേന്ദ്ര കമ്മറ്റി അംഗമായതിനാല്‍, അച്ചടക്ക നടപടി സ്വീകരിക്കാനുള്ള അധികാരവും സി.പി.എം കേന്ദ്ര കമ്മറ്റിയ്ക്കാണുള്ളത്. തിരഞ്ഞെടുപ്പിനു ശേഷം നടക്കുന്ന സി.പി.എം പി.ബി യോഗത്തില്‍ അച്ചടക്ക നടപടി സംബന്ധിച്ച് തീരുമാനിക്കും. ഇതു സംബന്ധിച്ച് എന്ത് വിശദീകരണം ഇപി ജയരാജന്‍ സി.പി.എം നേതൃത്വത്തിനു നല്‍കിയാലും നടപടി എടുക്കാതെ പാര്‍ട്ടിക്ക് ഒരടി മുന്നോട്ടു പോകാന്‍ കഴിയുകയില്ല. കടുത്ത അച്ചടക്ക ലംഘനമാണ് ഇ.പി നടത്തിയതെന്ന കാര്യത്തില്‍, സി.പി.എം നേതാക്കള്‍ക്കും അണികള്‍ക്കും ഭിന്നാഭിപ്രായമില്ല.

‘പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപിയാകുമെന്നാണ് ‘ ഇതേ കുറിച്ച് മുഖ്യമന്ത്രി പ്രതികരിച്ചത്. ഇപിക്ക് ജാഗ്രത കുറവുണ്ടായി എന്നും പിണറായി വിജയന്‍ പരസ്യമായി പറഞ്ഞിട്ടുണ്ട്. ഇത്തരക്കാരുമായി പരിധിക്കപ്പുറത്തുള്ള ബന്ധമോ ലോഹ്യമോ ആവശ്യമില്ലെന്നാണ്, മുഖ്യമന്ത്രി വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചത്. പാര്‍ട്ടി അംഗങ്ങളുടെ ഭാഗത്തു നിന്നും ചെറിയ തെറ്റുകള്‍ സംഭവിച്ചാല്‍ പോലും വലിയ നടപടി എടുക്കുന്ന പാര്‍ട്ടിയാണ് സി.പി.എം. അതുകൊണ്ടു തന്നെ തുടര്‍ച്ചയായി പാര്‍ട്ടി അച്ചടക്കത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഇ.പി ജയരാജന് എതിരെ ഇനിയും നടപടി സ്വീകരിച്ചില്ലങ്കില്‍, അത് പാര്‍ട്ടിക്കുള്ളില്‍ തന്നെ വലിയ പ്രത്യാഘാതമണ്ടാക്കും.

‘ജയരാജന്‍ ബിജെപിയില്‍ ചേരാനുള്ള 90 ശതമാനം ചര്‍ച്ചകളും പൂര്‍ത്തിയാക്കിയിരുന്നുവെന്നും, പിന്നെ എന്തുകൊണ്ട് പിന്മാറിയെന്ന് ജയരാജന്‍ പറയട്ടെ’ എന്നുമാണ് ശോഭ സുരേന്ദ്രന്‍ പറയുന്നത്. ഇപിയുമായുള്ള കൂടിക്കാഴ്ചയില്‍ ‘തൃശൂരില്‍ എങ്ങനെയും സുരേഷ് ഗോപിയെ ജയിപ്പിക്കണം എന്ന് ജാവദേക്കര്‍ പറഞ്ഞതായും, പകരം ലാവലിന്‍ കേസിലും സ്വര്‍ണ്ണക്കടത്തു കേസിലും തുടര്‍ നടപടികള്‍ ഉണ്ടാകില്ലന്ന ഉറപ്പാണ് ജാവദേക്കര്‍ നല്‍കിയതെന്നുമാണ്’ ദല്ലാള്‍ നന്ദകുമാര്‍ വെളിപ്പെടുത്തിയത്. യാഥാര്‍ത്ഥ്യം എന്തായാലും, മകന്റെ ഫ്‌ളാറ്റില്‍ വച്ച് ദല്ലാള്‍ നന്ദകുമാറുമൊത്തു ജാവദേക്കറിനെ കണ്ടതായി ഇപി ജയരാജന്‍ തന്നെ സമ്മതിച്ചിട്ടുണ്ട്.

ഇതോടെ ദല്ലാള്‍ നന്ദകുമാറും ശോഭ സുരേന്ദ്രനും നടത്തിയ ആരോപണങ്ങള്‍ സത്യമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. പ്രധാനമന്ത്രി പാര്‍ലമെന്റിലെ പൊതുയിടത്തു വെച്ച് എന്‍.കെ പ്രേമചന്ദ്രന്‍ ഉള്‍പ്പെടെയുള്ള ഏതാനും എം പിമാര്‍ക്ക് ഭക്ഷണം നല്‍കിയതിനെ രാഷ്ട്രീയ കൂടിക്കാഴ്ചയായി ചിത്രീകരിച്ച സി.പി.എം നേതൃത്വത്തിന് ഇ.പി ജയരാജന്‍-പ്രകാശ് ജാവദേക്കര്‍ കൂടിക്കാഴ്ചയെ എങ്ങനെയാണ് ന്യായീകരിക്കാന്‍ കഴിയുക. ‘ഇന്നത്തെ കോണ്‍ഗ്രസ്സാണ് നാളത്തെ ബി.ജെ.പി’ എന്ന് വ്യാപകമായി പ്രചരണം നടത്തിയ ഇടതുപക്ഷം ഒറ്റയടിക്ക് പ്രതിരോധത്തിലായിരിക്കുകയാണ്. പാര്‍ട്ടിക്കുള്ളില്‍ അസ്വസ്ഥരുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ടോയെന്നും സംശയമുണ്ട്. ഇടുക്കി മുന്‍ എം.എല്‍.എ. എസ്. രാജേന്ദ്രന്‍ പാര്‍ട്ടി വിടുമെന്ന അഭ്യൂഹമാണ് തെരഞ്ഞെടുപ്പിനു മുമ്പ് സജീവമായിരുന്നത്.

എന്നാല്‍, രാജേന്ദ്രന്‍ തന്നെ അതിനു മറുപടിയും പറഞ്ഞതോടെ വിഷംയ തത്ക്കാലം അടഞ്ഞു. എന്നാല്‍, പാര്‍ട്ടിയിലെ പുകഞ്ഞുകൊണ്ടിരുന്ന മറ്റൊരു വശം പൊട്ടിയിരിക്കുകയാണ്. അതും, അപ്രതീക്ഷിതമായി. ഇപി ജയരാജന്‍ ഒന്നും പ്രതികരിച്ചില്ലായിരുന്നു എങ്കില്‍, വെറും ആരോപണം മാത്രമായി അത് അന്തരീക്ഷത്തില്‍ കിടന്നേനെ. എന്നാല്‍, കൂടിക്കാഴ്ച നടത്തിയെന്ന സ്ഥിരീകരണം നടത്തിയതോടെ ഇ.പി നേരത്തെ പറഞ്ഞതെല്ലാം റദ്ദാക്കപ്പെടകയായിരുന്നു. കൂടിക്കാഴ്ച നടന്നത് ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണെന്ന് പറഞ്ഞ് കെ. സുരേന്ദ്രന്‍ കൂടി രംഗത്ത് വന്നതോടെ, അണികളാകെ ആശയകുഴപ്പത്തില്‍ വീണിരിക്കുകയാണ്.

ഈ അവസരം മുതലെടുത്ത്, കെ. സുധാകരന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ്സ് ഉന്നത നേതാക്കളും ശക്തമായ ആരോപണങ്ങളുമായി രംഗത്തിറങ്ങി. മഹാരാഷ്ട്ര ഗവര്‍ണ്ണര്‍ സ്ഥാനമാണ് ഇപിയ്ക്ക് നല്‍കിയ വാഗ്ദാനമെന്നാണ് സുധാകരന്‍ പറഞഞത്. ഗള്‍ഫിലും, ചെന്നൈയിലും വെച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്നും സുധാകരന്‍ പറയുന്നുണ്ട്. ഇപിയുടെ മകനുമായി ജനുവരി 18ന് എറണാകുളം റിനൈസന്‍സ് ഹോട്ടലില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയെന്ന ശോഭാ സുരേന്ദ്രന്റെ പുതിയ വെളിപ്പെടുത്തലും ഇപിക്ക് കുരുക്കു മുറുക്കിയിട്ടുണ്ട്.

ഇ.പി ജയരാജന്‍ പാര്‍ട്ടിയെ ചതിച്ചു എന്ന വികാരമാണ് സി.പി.എം അണികള്‍ക്കിടയില്‍ ഇപ്പോള്‍ രൂപപ്പെട്ടിരിക്കുന്നത്. ഇത് ഏതുരൂപത്തില്‍ പ്രതിഫലിക്കും എന്നത് കണ്ടുതന്നെ അറിയേണ്ട കാര്യമാണ്. ഇപി ജയരാജന്‍ ബി.ജെ.പിയിലേക്ക് പോകാന്‍ കൂടിക്കാഴ്ച ഉറപ്പാക്കിയതോടെ, കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ മുനയൊടിഞ്ഞിരിക്കുകയാണ്. പ്രകാശ് ജാവദേക്കറെ പോലുള്ള ഉന്നത ബി.ജെ.പി നേതാവുമായി കൂടിക്കാഴ്ച നടത്തി എന്നു പറഞ്ഞ ഇപി ജയരാജന്‍, യഥാര്‍ത്ഥത്തില്‍ ‘കുലംകുത്തിയുടെ’ പണിയാണ് സ്വീകരിച്ചിരിക്കുന്നതെന്നാണ്, രാഷ്ട്രീയ നിരീക്ഷകരുടെയും വിലയിരുത്തല്‍.

അതേസമയം, ഇടതുപക്ഷ ജനാധിപത്യമുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്നാണ് ആദ്യം ഇപിയെ പുറത്താക്കേണ്ടത് എന്ന അഭിപ്രായം സി.പി.ഐ അടക്കമുള്ള ഇടതു ഘടകകക്ഷികളിലും രൂപപ്പെട്ടിട്ടുണ്ട്. ഇങ്ങനെ നോക്കുകയാണെങ്കില്‍ വിശ്വാസം പൂര്‍ണ്ണമായും നഷ്ടപ്പെട്ട ഇ.പിക്ക് സി.പി.എമ്മില്‍ നില്‍ക്കാന്‍ കഴിയുമോ എന്നത് വലിയ ചോദ്യമാണ്. നടപടികകു വിധേയനാകുന്നതിനു മുമ്പ് സ്വയം ഇറങ്ങിപ്പോകാനുള്ള നീക്കമാണോ ഇപി നടത്തുന്നതെന്നാണ് സംശയം. അതോ പാര്‍ട്ടിയുടെ അച്ചടക്ക നടപടിക്കു വിധേയമായി പുറത്തേക്കോ.