പാമ്പുകൾ പലതരത്തിൽ ഉണ്ട് എന്നാൽ തലയിൽ പൂവുള്ള ഉഗ്ര വിഷം ഉള്ള കരിങ്കോളി സർപ്പത്തെ പറ്റി കേട്ടിട്ടുണ്ടോ ,അത് കോഴിയെ പോലെ കൂവും ,തലയിൽ ചുവന്ന പൂവും ഉള്ളൊരു സർപ്പം .കഥകളിലും ഐതീഹ്യങ്ങളിലും ഒക്കെ കേട്ടിട്ടുണ്ട് അല്ലെ ,എന്നാൽ ഇവ ശെരിക്കും ഉണ്ടോ എന്ന് തോന്നിയിട്ടില്ലേ ..എന്നാൽ ഉണ്ട് ..തലയിൽ പൂവുള്ള ഭീകരനായ ഒരു കറുത്ത പാമ്പ്, കോഴിയെ പോലെ കൂകി വിളിക്കുന്ന, ചുണ്ടു കൊണ്ട് കൊത്തുന്ന, പത്ത് പതിനാറു അടി നീളമുള്ള ഒരു കൂറ്റൻ വിഷസർപ്പം! കേരളത്തിന്റെ ഉൾക്കാടുകളിൽ ഉണ്ടെന്നു പലരും വിശ്വസിക്കുന്ന “കരിങ്കോളി” എന്ന ഐതിഹ്യ പാമ്പ്.
എൻ. പരമേശ്വരൻ എഴുതിയ 1958ൽ കേരളത്തിലെ ഒൻപതാം ക്ലാസിലെ ഒരു പാഠപുസ്തകമായിരുന്ന ‘വനസ്മരണകൾ’ എന്ന ഗ്രന്ഥത്തിൽ “ചെന്തുരുണി മലയിലെ കോഴിപ്പൂവൻ പാമ്പ്” എന്ന ശീര്‍ഷകത്തിൽ ഈ ഐതിഹ്യപാമ്പിനെപ്പറ്റി യാഥാർഥ്യമെന്ന രീതിയിൽ വിവരിക്കുന്നുണ്ട്. ഇങ്ങനെ ഒരു പാമ്പിനെപ്പറ്റി ആദ്യമായി കേൾക്കുന്നത് അഞ്ചോ ആറോ വയസ്സ് ഉള്ളപ്പോൾ ചാവറ കുരിയാക്കോസ് അച്ചന്റെ ജീവചരിത്ര കഥകളിലാണ്. സഭയുടെ ആശ്രമത്തിന്റെ പണി നടത്തുവനായി തടി ശേഖരിക്കാൻ വനാന്തരങ്ങളിൽ പോയ തൊഴിലാളികൾ ഒരു കൂറ്റൻ കരിങ്കോളി സർപ്പത്തെ കണ്ടു ഭയന്നു ഓടിയെന്നു. ചാവറയച്ചൻ ഇത് കേട്ട് അവിടെ എത്തി പാമ്പിനെ ജപമാല കാണിച്ചു ശാന്തയാക്കി ഉൾക്കാടിലോക്ക് അയച്ചു എന്നുമാണ് കഥ!
എന്ത് കൊണ്ടാണ് ഇവയ്ക്ക് ഇങ്ങനെ ഒരു പ്രത്യേക തരം രൂപവും ,പേരും ആളുകൾക് ഇത്രയും പേടി എന്ന് അറിയണ്ടേ ..
നമ്മുടെ വളർത്തു കോഴികൾ ഉൾപ്പെടുന്ന ഗാലിഫോർമിസ് ഓർഡറിൽ വരുന്ന പക്ഷികളിൽ പലതിലും കാണുന്ന ഒരു ഘടന സവിശേഷതയാണ് “പൂവ്” എന്നു വിളിക്കുന്ന ക്രെസ്റ്റ്. ഇതിനെ കുറിക്കാൻ കോസ്‌കോംബ് എന്നൊരു വാക്കുമുണ്ട്. പൂവന്‍കോഴിയുടെ പൂവ്,”കോക്ക് ‘സ് കോംബ് ” എന്ന പ്രയോഗത്തിൽ നിന്നാണ് ഈ വാക്ക് രൂപപ്പെട്ടുന്നത്. ഗാലിഫോർമിസിലെ പക്ഷികളിൽ ആൺവർഗ്ഗത്തിനെ ഇംഗ്ലീഷിൽ കോക്ക് എന്നാണ് വിളിക്കുന്നത്. കോഴികളിൽ മയിലിന്റെ വാൽ പോലെ തലഭാഗത്തെ താപനിയന്ത്രണത്തിനു സഹായിക്കുന്ന ഒരു അവയവമായിട്ടാണ് കോഴിപ്പൂവ് പ്രവർത്തിക്കുന്നത്.
കരിങ്കോളി പാമ്പിന്റെ എന്ന രീതിയിൽ പ്രചരിക്കുന്ന ചിത്രത്തിൽ റെഡ് -ബെല്ലിഡ് ബ്ലാക്ക് സ്നേയ്ക്ക് എന്ന ഓസ്‌ട്രേലിയയിൽ പ്രാദേശികമായി കാണപ്പെടുന്ന ഒരു മൂർഖൻ കുടുംബത്തിലുള്ള പാമ്പിന്റെ തലയിൽ കോഴിപ്പൂവ് ഫോട്ടോഷോപ്പ് ചെയ്തത് ആണ്. പേരു സൂചിപ്പിക്കുന്നത് പോലെ തന്നെ മേൽശരീരത്തിന് നല്ല കറുത്ത നിറമാണെങ്കിലും കീഴ്ഭാഗത്ത് വയറിനോട് ചേർന്നു ചുവപ്പും-പിങ്കും ചേർന്ന ഷൈഡുള്ള നിറമായിരിക്കും ഈ പാമ്പിന്.
ഡോ. കെ.ജി അടിയോടിയുടെ ‘കേരളത്തിലെ വിഷപ്പാമ്പുകൾ’ എന്ന ഗ്രന്ഥത്തിൽ കരിങ്കോളിയെപ്പറ്റി പറയുന്നുണ്ട്. രാജവെമ്പാലകളിൽ ചിലപ്പോൾ പടം പൊഴിക്കുന്ന അവസരത്തിൽ തലയിൽ കുറച്ചുഭാഗം പടം അടർന്നു ബാക്കിയായി പറ്റിപ്പിടിച്ചിരിക്കുന്നത് ദൂരെ നിന്ന് കാണുമ്പോൾ കോഴിപ്പൂവ് പോലെ തോന്നിയത് ആകാമെന്നാണ് അദ്ദേഹം പറയുന്നത്. ഇത് സാധ്യതയുള്ള കാര്യമാണ്. രാജവെമ്പാല മരങ്ങളിൽ കയറുന്ന സ്വഭാവം കാണിക്കാവുന്ന പാമ്പാണ്.
വനാന്തരങ്ങളിൽ വൻ വൃക്ഷങ്ങളിൽ വെച്ചു രാജവെമ്പാലയെ കാണുമ്പോൾ അതിന്റെ ശരീര വലിപ്പം കണ്ട് ആളുകൾ ഭയക്കുക സ്വാഭാവികമാണ്. ലോകത്തിലിപ്പോൾ ഏറ്റവും വലിപ്പമുള്ള വിഷപ്പാമ്പാണ് രാജവെമ്പാല. അതുപോലെ രാജവെമ്പാലയുടെ പത്തി വരുന്ന തൊലിഭാഗം കുറെയൊക്കെ ട്രാൻസ്ലുസിയന്റെ ആയതിനാൽ സൂര്യ പ്രകാശമടിച്ചു ചുവന്ന നിറം പോലെ തോന്നാം. ഒപ്പമുള്ള ചിത്രത്തിൽ ഇത് കാണാം. നമ്മുടെ കൈപ്പത്തിയുടെ കീഴിൽ ടോർച്ചു വെച്ചു തെളിക്കുമ്പോൾ ചുവന്ന നിറം വരുന്നത് പോലെ. ഇതും തലയിൽ ബാക്കി വന്നു പറ്റിപിടിച്ചിരിക്കുന്ന പടവും കൂടി ചേരുമ്പോൾ കോഴിപ്പൂവ് പോലെ കണ്ടവർക്കു തോന്നിയത് ആകാം.
ഈ അവസരത്തിൽ അവയുടെ ട്രാക്കിയൽ ഡൈവേർറ്റികുള ലോ-ഫ്രീക്വൻസി റിസോനെറ്റിംഗ് ചേംബറായി പ്രവർത്തിക്കുകയും ചെയ്യുന്നു. ഇതല്ലാതെ കോഴിയുടെ കൂകലിന്റെ പോലെയൊരു ശബ്ദം ഒരു പാമ്പിനും സൃഷ്ടിക്കാൻ സാധിക്കുക ഇല്ല. മിക്കവാറും ഈ പാമ്പിനെ കണ്ട അവസരത്തിൽ സമീപത്ത് ശ്രദ്ധിക്കാതെ പോയ ഒരു കോഴിയോ സാമ്യമുള്ള മറ്റെന്തെങ്കിലും പക്ഷിയുടെയോ കൂകൽ പാമ്പിന്റെ ശബ്ദമായി അസോസിയേറ്റ് ചെയ്തത് ആകും. അതുപോലെ കോഴികളെ പോലെയുള്ള ചുണ്ടുകൾ അതായത് beak അല്ല പാമ്പുകൾക്കുള്ളത് അതിനാൽ തന്നെ സാങ്കേതികമായി പക്ഷികളെ പോലെ പാമ്പുകൾക്കു “കൊത്താൻ” പറ്റുക ഇല്ല. പാമ്പുകൾ ശരിക്കും തങ്ങളുടെ പല്ലുകൾ ഉപയോഗിച്ച് വാ തുറന്നു കടിക്കുകയാണ് ചെയ്യുന്നത്.
രാജവെമ്പാല കഴിഞ്ഞാൽ ലോകത്തിൽ ഏറ്റവും നീളമുള്ള വിഷപാമ്പ് ആയ ആഫ്രിക്കയിൽ കാണുന്ന ബ്ലാക്ക് മാംബയിൽ (black mamba) നിന്ന് ആകാം ഈ കഥ രൂപപ്പെട്ടത്. പാമ്പുകൾ പടം പൊഴിക്കുന്നത് കട്ടിയുള്ള ഒരു പ്രതലത്തിൽ ശരീരം ഉരച്ചു ഇഴഞ്ഞു കൊണ്ടാണ്. ചിലപ്പോൾ ഈ പടം ഒറ്റയടിക്ക് പോകാതെ ശരീരത്തിൽ പല പീസുകളായി പറ്റിപ്പിടിച്ചു ഇരിക്കാം. പടം പൊഴിച്ചു ബാക്കി വന്ന ആ തൊലി ചുരുണ്ടുകൂടി തലയിൽ ഇരുന്ന ചില പാമ്പുകളെ ‘പൂവുള്ള സർപ്പം’ എന്നർത്ഥത്തിൽ crested snakeയെന്നൊരു പേരും ബ്ലാക്ക് മാംബയ്ക്കു പണ്ട് ഉണ്ടായിട്ടുണ്ട്.
മൂർഖന്റെ പോലെ പത്തി വിടർത്താനുള്ള കഴിവ് ഇല്ലായെങ്കിലും ബ്ലാക്ക് മാംബയും മൂർഖന്റെ കുടുംബത്തിലെ തന്നെ അംഗമാണ്. ഇവയുടെ വായുടെ ഉള്ളിൽ കടുത്ത കറുപ്പ് നിറം ആയതിനാലാണ് ബ്ലാക്ക് മാംബ എന്ന പേരു നൽകിയിരിക്കുന്നത്, മരത്തിൽ കാണാവുന്ന ഒരു പാമ്പ് ആണ് ഇത്.
കേവലം ഊഹാപോഹങ്ങളും ഭാവനകളും കെട്ടുകഥകളും മാത്രം തെളിവായി ഇരിക്കുന്ന മത്സകന്യക പോലെയുള്ള ഐതിഹ്യജന്തുക്കളെ ക്രിപ്റ്റോസൂവോളജി എന്നൊരു കപടശാസ്ത്രത്തിന്റെ കീഴിലാണ് വിവരിക്കുന്നത്. കോഴിപ്പൂവുള്ള കരിങ്കോളി പാമ്പിന്റെ കാര്യവും അങ്ങനെ തന്നെ. ഡെവലപ്‌മെന്റൽ ബയോളജിയും ജീവപരിണാമധാരണകളും അടിസ്ഥാനമാക്കിയ കാരണങ്ങൾ കൊണ്ടും ഇങ്ങനെയുള്ള ജന്തുക്കൾ ജീവിച്ചിരിക്കുന്നതിന്
തെളിവുകൾ ഇല്ലായെന്നു മാത്രമല്ല ശാസ്ത്രീയമായ സാധ്യത തന്നെ അധികം കാണില്ല.
അസാധാരണവാദങ്ങൾക്ക് അസാധാരണ തെളിവുകൾ വേണമെന്ന കാൽ സാഗന്റെ പറഞ്ഞ മാനദണ്ഡം മാത്രേ ഈ വിഷയത്തിൽ സ്വീകരിക്കാൻ പറ്റൂ. കേവലം ഇത്തരം അത്ഭുത ജന്തുക്കളെ കണ്ടുവെന്ന വിവരം പോരാ അവയ്ക്കുള്ള കൃത്യമായ തെളിവുകൾ വേണം. അതിനു ജീവനോടെയോ അല്ലാതെയുള്ള സ്പെസിമെൻ ലഭിക്കേണ്ടതായിട്ടുണ്ട്. നിലവിൽ കോഴിപ്പൂവുള്ള പാമ്പിനെപ്പറ്റി കുറച്ചു നിറം പിടിപ്പിച്ച ഭാവന കഥകളും കേട്ടുകേൾവികളും അല്ലാതെ വേറെ തെളിവ് ഒന്നുമില്ല.