കൂനിന്‍മേല്‍ കുരുപോലെ എവിടെ തൊട്ടാലും പൊളളുന്ന അവസ്ഥയിലേക്ക് കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ജീവിതം മാറിക്കഴിഞ്ഞു. അതിന്റെ അവസാന ഉദാഹരണമാണ് ഇന്നലെ രാത്രി തിരുവനന്തപുരം പാളയത്ത് വെച്ച് നടന്നത്. റോഡിലോടുന്ന പാസഞ്ചര്‍ വാഹനങ്ങളില്‍ ഏറ്റവും വലുതാണ് കെ.എസ്.ആര്‍.ടി.സി എന്ന ബോധം ജനപ്രതിനിധികള്‍ക്ക് എല്ലാവര്‍ക്കും ഉണ്ടാകണം. അതൊരു സാമാന്യ ബോധം മാത്രമല്ല, അറിവു കൂടിയാണ്.
തലസ്ഥാന നഗരസഭയുടെ നാഥയുടെ ഇന്നലത്തെ നടു റോഡ് പെര്‍ഫോമന്‍സിനെ കുറിച്ച് എല്ലാവര്‍ക്കും നല്ല അഭിപ്രായമാണ് ഉള്ളതെന്ന് ചര്‍ച്ചകളില്‍ മനസ്സിലാകുന്നുണ്ട്. ഒപ്പം കൂടിയ ഭര്‍ത്താവ് എം.എല്‍.എയും മോശമല്ല. ഔദ്യോഗിക വാഹനം പോലുമല്ലാത്ത, ഒരു സ്വകാര്യ കാറില്‍ സഞ്ചരിച്ച മേയറും ഭര്‍ത്താവും ഹോണടിച്ചിട്ടും മാറ്റാത്ത കെ.എസ്.ആര്‍.ടി.സി ബസിനെ ചെയ്‌സ് ചെയ്ത് തടഞ്ഞിട്ടത് അത്ര കേമത്തമൊന്നുമല്ല.
തലസ്ഥാന നഗരത്തിന്റെ നാഥയാണോ അതോ, നാഥനില്ലാ നഗരത്തിലെ കുട്ടിയാണോ മേയറെന്നാണ് മനസ്സിലാകാത്തത്.
മര്യാദയ്ക്ക് ശമ്പളം പോലും കിട്ടാനില്ലാത്ത കെ.എസ്.ആര്‍.ടി.സി ഇങ്ങനെയെങ്കിലും ഓടുന്നത്, ജീവനക്കാരുടെ കഠിനാധ്വാനം ഒന്നുകൊണ്ടു മാത്രമാണ്. സ്വകാര്യ കാറിലിരിക്കുന്ന വ്യക്തിത്വങ്ങള്‍ ആരാണെന്ന് അറിയാനുള്ള സാക്ഷരതയും ജീവനക്കാരനില്ലാതെ പോയി. ഇനി ആ കെ.എസ്.ആര്‍.ടി.സി ജീവനക്കാരന്റെ അവസ്ഥ എന്താകും. കല്ലേറും കുരിശേറ്റവും കഴിഞ്ഞ് കുടുംബം പട്ടിണിയാകുമെന്നല്ലാതെ മറ്റെന്താണ് സംഭവിക്കുക.
ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം എന്നു പറയുന്നതു പോലെയാണ് കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ അവസ്ഥ.
സര്‍ക്കാരിനും, സമൂഹത്തിനും ഒരു ഭാരമായവരെപ്പോലെയാണ് കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ കാണുന്നതു പോലും. ഇന്നലെ നടന്നതിന്റെ ബ്ലൂപ്രിന്റ് എല്ലാ ചാനലുകളിലും, യൂ ട്യൂബ് വാര്‍ത്തകളിലും കാണുന്നുണ്ട്. ഔദ്യോഗിക വാഹനത്തില്‍ നിയോ ലാമ്പും കത്തിച്ച് സയറനുമിട്ട് പോകുമ്പോഴല്ല, മേയര്‍ ആര്യാ രാജേന്ദ്രന് സൈഡ് കൊടുക്കാതിരുന്നത് എന്ന് വ്യക്തമാണ്.
അങ്ങനെ ആയിരുന്നെങ്കില്‍ അത് പൊറുക്കാനാവാത്ത തെറ്റാണ്. പക്ഷെ, ഇതങ്ങനെയല്ല. മേയറുടെയും എം.എല്‍.എയുടെയും വ്യക്തിപരമായ യാത്രയാണെന്നു തന്നെ പറയേണ്ടി വരും. കാറിന്റെ എയര്‍കണ്ടീഷനില്‍ പാട്ടുമിട്ട് ആസ്വദിച്ചു വരുന്ന മേയര്‍ക്കോ, എം.എല്‍.എക്കോ കെ.എസ്.ആര്‍.ടി.സിക്കാരന്റെ വലിയ വണ്ടിയുടെ വളയം പിടിക്കുന്ന ബുദ്ധിമുട്ട് മനസ്സിലാകില്ല. അതും ഈ കൊടും ചൂടില്‍.
എഞ്ചിന്റെയും ഗിയര്‍ ബോക്‌സിന്റെയും റോഡിന്റെയും ചൂടില്‍ വെന്തുരുകിയാണ് ഓരോ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാരും ജോലി ചെയ്യുന്നത്. ഡ്രൈവറുടെ സീറ്റിന്റെ ഭാഗത്തെ ചൂട് എത്രയാണെന്ന് അളക്കാന്‍ പോലും കഴിയില്ല. അവിടിരുന്ന്, ബസ് നിറയെ കയറുന്ന യാത്രക്കാരുമായി സമയക്രമത്തില്‍ ഓടുന്ന കെ.എസ്.ആര്‍.ടി.സി ജീവനക്കാരന്റെ മാനസികാവസ്ഥ അളക്കാനുമാവില്ല. ചെയിസ് ചെയ്തു പിടിച്ച ബസിലെ ഡ്രൈവര്‍ യദുവിനെ പൊതിരെ ശകാരിക്കുന്ന മേയറും ഭര്‍ത്താവിന്റെയും സ്റ്റാറ്റസാണോ പ്രധാനപ്രശ്‌നം.
കേസെടുത്തത്, 354 എ വകുപ്പിട്ടാണ്. എന്തു തെറ്റാണ് ആ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ ചെയ്തത്. എന്തിനു വേണ്ടിയാണ് കൃത്യ നിര്‍വഹണത്തിനിടെ ആയാളെ അറസ്റ്റു ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടത്. എന്തിനാണ് അയാളുടെ ജോലി തെറിപ്പിക്കുമെന്ന് മേയറും ഭര്‍ത്താവും ആക്രോശിച്ചത്. സൈഡ് കൊടുക്കാന്‍ കഴിയാത്തതാണോ, അതോ മനപ്പൂര്‍വ്വം സൈഡ് കൊടുക്കാത്തതാണോ എന്നതാണ് ഡ്രൈവറും മേയറും തമ്മിലുള്ള പ്രശ്‌നം.
ഈ പ്രശ്‌നത്തെ മേയറും എം.എല്‍.എയും എങ്ങനെയാണ് കണ്ടതെന്ന് മനസ്സിലായി. ഇനി അവര്‍ പ്രതിനിധീകരിക്കുന്ന സര്‍ക്കാരും, പാര്‍ട്ടിയും എങ്ങനെയാണ് കാണുന്നതെന്ന് അറിയേണ്ടതുണ്ട്. പാവപ്പെട്ട ജീവനക്കാരന്റെ കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തി ഷോ കാണിച്ച മേയറെയും ഭര്‍ത്താവിനെയും പാര്‍ട്ടി ശാസിക്കുമോ എന്നതാണ് കണ്ടറിയേണ്ടത്. അതോ അധികാരത്തിന്റെ ഹുങ്കില്‍ ഡ്രൈവറുടെ ജോലി തെറിപ്പിക്കുമോ.