ശോഭയുടെ വെടി: ഇപിയും കെസിയും വീഴുമോ ?; തെരഞ്ഞെടുപ്പിലെ താരമായത് ഇങ്ങനെ

മികച്ച രണ്ട് ആരോപണങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തില്‍ മുമ്പിലെത്തിയത്. കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, സി.പി.എമ്മിന്റെ കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജന്‍ എന്നിവര്‍ക്കെതിരേയാണ് ശോഭാ സുരേന്ദ്രന്റെ ആരോപണ വെടിപൊട്ടിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കത്തില്‍ കെ.സി വേണുഗോപാലിനെതിരേ ആയിരുന്നു ആദ്യ വെടി പൊട്ടിച്ചത്.

കെ.സി.വേണുഗോപാൽ, ശോഭ സുരേന്ദ്രൻ

കെ.സിക്കെതിരേ ആരോപണങ്ങളുടെ നിറ തോക്കുമായാണ് ശോഭാ സുരേന്ദ്രന്‍ കളത്തിലിറങ്ങിയതു പോലും. കേരളത്തിലെ കരിമണല്‍ മാഫിയയുടെ ദല്ലാളാണ് കെ.സി വേണുഗോപാല്‍ എന്നായിരുന്നു ആരോപണം. ആ ആരോപണം കുറിക്കു കൊളളുകയും ചെയ്തു. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ഖനന വകുപ്പു മന്ത്രിയുമായി ചേര്‍ന്നാണ് കെ.സിയുടെ ഇടപാടുകള്‍ നടന്നിരുന്നത്. ഗള്‍ഫില്‍ അന്നത്തെ കേന്ദ്രമന്ത്രിയുടെ കുടുംബവുമായി ചേര്‍ന്ന് ബിനാമി കമ്പനികളും നടത്തിയിരുന്നു.

ആയിരം കോടി രൂപയിലധികം ബിനാമി ഇടപാടുകളാണ് കെ.സി നടത്തിയതെന്നും ശോഭ ഉറപ്പിച്ചു പറയുന്നു. തനിക്ക് ഇതുമായി ബന്ധപ്പെട്ട് മുന്‍ കേന്ദ്രമന്ത്രിയുടെ നാട്ടിലെ കോണ്‍ഗ്രസ് നേതാക്കള്‍ രേഖകള്‍ കൈമാറിയിട്ടുണ്ടെന്നും, അതെല്ലാം അന്വേഷണ ഏജന്‍സിക്ക് കൈമാറുമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. ഈ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ കെ.സി വേണുഗോപാല്‍ ആലപ്പുഴയില്‍ കടുത്ത പ്രതിരോധത്തിലാവുകയും ചെയ്തു.

ശോഭാ സുരേന്ദ്രനെതിരേ നിയമനടപടി കൈക്കൊള്ളുമെന്ന് വാര്‍ത്താ സമ്മേളം നടത്തിയതല്ലാതെ മറ്റൊന്നും കെസിയുടെ ഭാഗത്തു നിന്നും ഉണ്ടായതുമില്ല. ശക്തമായ അടിത്തറയുള്ള ആരോപണങ്ങള്‍ ഉന്നയിച്ചാണ് ശോഭ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ശോഭ കൂട്ടിയത് എന്നതുകൊണ്ടു തന്നെ കെ.സിയോ കോണ്‍ഗ്രസ് പാര്‍ട്ടിയോ ഈ ആരോപണത്തെ ശക്തമായി പ്രതിരോധിക്കാന്‍ നിന്നില്ലെന്നതും വലിയ ചര്‍ച്ചയായിരുന്നു.

രെഞ്ഞെടുപ്പിന്റെ അവസാന ഘട്ടമായ വോട്ടെടുപ്പ് ദിവസമാണ് രണ്ടാമത്തെ വെടി പൊട്ടിച്ചത്. അത് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജനിട്ടായിരുന്നു. അതാകട്ടെ, സി.പി.എമ്മിനെ തന്നെ പിടിച്ചു കുലുക്കുന്നതായി മാറുകയും ചെയ്തു. വ്യക്തമായ തെളിവുകള്‍ ഉള്ളതായിരുന്നു ശോഭയുടെ ആരോപണം. ഇ.പി ജയരാജന്‍ ബി.ജെ.പിയില്‍ ചേരാന്‍ ആഗ്രഹിച്ചിരുന്നു എന്നാണ് ആ വെളിപ്പെടുത്തല്‍. വോട്ടെടുപ്പു ദിവസം ഇത് സി.പി.എമ്മിനെ ഏത്രയളവില്‍ പ്രതിരോധത്തില്‍ ആക്കിയിട്ടുണ്ടാകും എന്ന് ചിന്തിച്ചാല്‍ മനസ്സിലാകും.

സി.പി.എമ്മിനെ മാത്രമല്ല, എല്‍.ഡി.എഫിലെ എല്ലാ ഘടകകക്ഷികള്‍ക്കും ഇത് തിരിച്ചടിയായി. തെരഞ്ഞെടുപ്പിനെ ഇത് ബാധിക്കുമോ എന്നു പോലും സി.പി.എം ഭയപ്പെട്ടു. ഇന്ന് നടക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇ.പി ജയരാജനെതിരേയുള്ള നടപടിക്ക് ശുപാര്‍ശയുമുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം, ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ ഇടത് മുന്നണിയില്‍ ചേരാന്‍ തീരുമാനിച്ചിരുന്നുവെന്നും പണമാണ് തടസ്സമായതെന്നും ദല്ലാള്‍ നന്ദകുമാര്‍.

നിയമസഭാ തിരഞ്ഞെടുപ്പില്‍ വടക്കാഞ്ചേരിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകാനായി ശോഭ സുരേന്ദ്രന്‍ ശ്രമം നടത്തിയെന്നും നന്ദകുമാര്‍ ആരോപിക്കുന്നു. എന്നാല്‍ ആവശ്യപ്പെട്ടത്ര പണം നല്‍കാന്‍ കഴിയാതിരുന്നതിനാലാണ് ശോഭയുടെ ആ ശ്രമം നടക്കാതിരുന്നതെന്നും ദല്ലാള്‍ നന്ദകുമാര്‍ പറഞ്ഞു. അതേസമയം, ഇ.പി. ജയരാജനുമായി ബി.ജെ.പി പ്രവേശം സംബന്ധിച്ച് മൂന്നുതവണ ചര്‍ച്ച നടത്തിയെന്നാണ് ശോഭ സുരേന്ദ്രന്‍ പറയുന്നത്.

ബി.ജെ.പിയില്‍ ചേരാന്‍ ഉറച്ചുതന്നെയാണ് ഇ.പി. ജയരാജന്‍ താനുമായി കൂടിക്കാഴ്ച്ച നടത്തിയതെന്നും ഡല്‍ഹിയിലെ ഹോട്ടല്‍ ലളിതില്‍ വച്ച് ബി.ജെ.പി കേന്ദ്ര നേതൃത്വവുമായി ഇ.പി ജയരാജന്‍ ചര്‍ച്ച നടത്തുന്നതിനിടെ അദ്ദേഹത്തിന് ഒരു ഫോണ്‍ കോള്‍ വന്നെന്നും അതിന് പിന്നാലെ ഇ.പി അസ്വസ്ഥനാകുകയും ബി.ജെ.പിയില്‍ ചേരാനുള്ള നിലപാടില്‍ നിന്നും പിന്നോട്ട് പോകുകയുമായിരുന്നു എന്നുമാണ് ശോഭ സുരേന്ദ്രന്‍ വെളിപ്പെടുത്തുന്നത്.

കേരളത്തിലെ പല പാര്‍ട്ടികളിലുമുള്ള ഒമ്പത് പ്രമുഖ നേതാക്കളുമായി താന്‍ ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ടു ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും ശോഭ സുരേന്ദ്രന്‍ പറയുന്നു. രാഷ്ട്രീയ നൈതികത ഉള്ളതുകൊണ്ടാണ് അതൊന്നും പുറത്തു പറയാത്തതെന്നും എന്നാല്‍, തനിക്കെതിരെ ദല്ലാളിനെ ഇറക്കി സിപിഎം കളിച്ചതു കൊണ്ടാണ് ജയരാജന്റെ കാര്യം പറയേണ്ടിവന്നതെന്നുമാണ് ശോഭ ഇക്കാര്യത്തില്‍ പ്രതികരിക്കുന്നത്. എന്നാല്‍, പ്രകാശ് ജാവദേക്കറും ഇ.പി ജയരാജനും തമ്മിലെ ചര്‍ച്ചയെ കുറിച്ച് തനിക്ക് അറിയില്ലായിരുന്നു.

ഇ.പിയുമായുള്ള പാര്‍ട്ടി മാറ്റചര്‍ച്ചയെ കുറിച്ച് ശോഭ പറയുന്നത് ഇങങനെയാണ്; 3 തവണ ഞങ്ങള്‍ കണ്ടിട്ടുണ്ട്. അതിനു വഴിയൊരുക്കാനായി നന്ദകുമാര്‍ വടക്കാഞ്ചേരിയിലെ എന്റെ സഹോദരിയുടെ മകന്റെ വസതിയിലും തൃശൂരിലെ എന്റെ വാടകവീട്ടിലും 2 തവണ വീതം വന്നിട്ടുണ്ട്. അതില്‍ 3 തവണയും ജയരാജനുമായി സംസാരിക്കുന്നത് സ്പീക്കറിലിട്ടു കേള്‍പ്പിച്ചു. അദ്ദേഹവുമായി നേരിട്ടു സംസാരിക്കണമെന്നു ഞാന്‍ പറഞ്ഞു.

2023 ജനുവരിയില്‍ നന്ദകുമാറിന്റെ വെണ്ണലയിലെ വീട്ടില്‍ വച്ചായിരുന്നു ജയരാജനുമായുള്ള ആദ്യ കൂടിക്കാഴ്ച. ജയരാജന്‍ തീരുമാനം എടുത്തുകഴിഞ്ഞെന്ന് ആ കൂടിക്കാഴ്ചയില്‍ എനിക്കു ബോധ്യപ്പെട്ടു. അതിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹിയില്‍ പാര്‍ട്ടി കേന്ദ്രനേതൃത്വവുമായി ഞാന്‍ ബന്ധപ്പെടുകയും ജയരാജനെ കാണാന്‍ അവര്‍ തയാറാകുകയും ചെയ്തു. ഡല്‍ഹിയിലെ ഹോട്ടല്‍ ലളിതില്‍ വച്ചു ഞങ്ങള്‍ 3 പേരും കണ്ടു. ബിജെപിയില്‍ ചേരാനുള്ള തന്റേടത്തോടെ തന്നെയാണ് അദ്ദേഹം വന്നത്.

ഹോട്ടല്‍ മുറിയില്‍ വച്ചു ഞങ്ങള്‍ ചായകുടിച്ച് അഞ്ചാറു മിനിറ്റ് സംസാരിച്ചു കാണും, അപ്പോള്‍ ഒരു ഫോണ്‍ വന്നു. അതോടെ അദ്ദേഹം ആകെ ടെന്‍ഷനിലായി, മുഖഭാവവും ശരീരഭാഷയും മാറി. പിറ്റേന്ന് ബിജെപിയില്‍ ചേരാനുള്ള എല്ലാ തയ്യാറെടുപ്പും നടത്തിയിരിക്കെ അദ്ദേഹം പെട്ടെന്നു പിന്മാറി. ഈ ഫോണ്‍ വിളി മുഖ്യമന്ത്രിയുടേതാകുമെന്നാണ് ശോഭാ സുരേന്ദ്രന്‍ സംശയം പ്രകടിപ്പിക്കുന്നത്. ആരാണ് വിളിച്ചതെന്ന് അറിയില്ലെന്നും പറയുന്നു.

‘നമുക്ക് ഒന്നു നീട്ടിവയ്ക്കേണ്ടി വരും’ എന്നാണ് ആ ഫോണ്‍ വന്ന ശേഷം എന്നോടു പറഞ്ഞത്. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ബിജെപി നേതാവുമായുള്ള ജയരാജന്റെ കൂടിക്കാഴ്ചയാണ് തീരുമാനിച്ചിരുന്നത്. അദ്ദേഹത്തെ ആരാണു വിളിച്ചതെന്ന് എനിക്ക് അറിയില്ല. തന്നെക്കാള്‍ ജൂനിയറായ എം.വി ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയായതിന്റെ അനിഷ്ടവും വേദനയുമാണ് ഇപി പറഞ്ഞത്.

പാര്‍ട്ടിക്കു വേണ്ടി കഷ്ടപ്പാടും ബുദ്ധിമുട്ടും കൂടുതല്‍ സഹിച്ചതു താനാണെന്നും പറഞ്ഞുവെന്നാണ് ശോഭയുടെ വാക്കുകള്‍. അതിന് ശേഷം ഒരിക്കല്‍ കൂടി താന്‍ ഇപിയെ കണ്ടെന്നും ശോഭ പറയുന്നു. ജാവദേക്കര്‍ ബിജെപിയുടെ കേരളത്തിന്റെ ചുമതലയിലേക്കു വരുന്നതിനു മുന്‍പാണ് ഞാനും ജയരാജനുമായി ചര്‍ച്ച നടന്നതെന്നും ശോഭ കൂട്ടിച്ചേര്‍ക്കുന്നു.