എന്താണ് കേരളത്തിലാകെ നടക്കുന്നത്. തലസ്ഥാനത്ത് മേയറുടെയും എം.എല്‍.എയുടെയും നേതൃത്വത്തില്‍ പാതിരാത്രി ഗുണ്ടായിസം. ആയൂരില്‍ പട്ടാപ്പകല്‍ ഓട്ടോറിക്ഷയിലെത്തിയ സൂമൂഹ്യ വിരുദ്ധരുടെ ഗുണ്ടായിസം. ഇതെല്ലാം കെ.എസ്.ആര്‍.ടി.സി ബസിനും അതിലെ ജീവനക്കാര്‍ക്കു നേരെയുമാണെന്നതാണ് പ്രത്യേകത. ജനപ്രതിനിധികളായ ദമ്പതികള്‍ക്ക് എന്തുമാകാമെങ്കില്‍ ഗുണ്ടകളുടെ കാര്യം പറയണോ. തിരുവനന്തപുരത്തു നിന്നും കോഴിക്കോടേക്ക് പോയ സൂപ്പര്‍ ഫാസ്റ്റ് ബസിലെ വനിതാ കണ്ടക്ടറാണ് ഗുണ്ടകളുടെ ആക്രമണത്തെ തുടര്‍ന്ന് കൊട്ടാരക്കര ആശുപത്രിയില്‍ ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്.
കെ.എസ്.ആര്‍.ടി.സി ജീവനക്കാരന്റെ പരാതി എന്താണെന്ന് ചോദിക്കാന്‍ പോലും പോലീസുകാരെത്തിയിട്ടില്ല. താമരശ്ശേരി സ്വദേശി കെ.എം. സ്വപ്‌നയാണ് യൂട്രസ്സില്‍ ബ്ലീഡിംഗ് ഉണ്ടായതു മൂലം ആശുപത്രിയില്‍ അഡ്മിറ്റായിരിക്കുന്നത്. ഓട്ടോറിക്ഷയില്‍ വന്ന എട്ടോളം പേരാണ് ആയൂരില്‍ വെച്ച് ബസ് തടഞ്ഞു നിര്‍ത്തി ഡ്രൈവറെ മര്‍ദ്ദിച്ചത്. ബസില്‍ നിന്നും ഡ്രൈവറെ വലിച്ചിറക്കാന്‍ ശ്രമിച്ചപ്പോള്‍ കണ്ടക്ടറായ സ്വപ്‌ന, ഡ്രൈവറെ രക്ഷിക്കാന്‍ ശ്രമിച്ചതാണ്. ഡ്രൈവറെ റോഡിലേക്ക് വലിച്ചിടാന്‍ ശ്രമിച്ചപ്പോള്‍ സ്വപ്‌നയും യാത്രക്കാരും ഡ്രൈവറുടെ കൈയ്യില്‍ പിടിച്ച് തിരിച്ചു വലിക്കുകയായിരുന്നു. എന്നാല്‍, പെട്ടെന്ന് ഗുണ്ടകള്‍ ഡ്രൈവറുടെ തലയ്ക്ക് അടിക്കുകയും ആഞ്ഞു വലിക്കുകയും ചെയ്തതോടെ സ്വപ്‌നയും അതിനൊപ്പം വീഴുകയായിരുന്നു.
തുടര്‍ന്നാണ് ഡ്രൈവര്‍ സീറ്റില്‍ സ്വപ്‌നയുടെ അടിവയര്‍ ശക്തമായി ഇടിച്ചത്. ഇതോടെ ബസിനുള്ളില്‍ വീണ സ്വപ്നയെ യാത്രക്കാരാണ് ആശ്വസിപ്പിച്ചത്. ഗുണ്ടകളുടെ കൊലവിളി കേട്ട് പേടിച്ചു പോയെന്നും, സ്വപ്‌ന അന്വേഷണത്തോടു പറയുന്നു. ഇതു പറയുമ്പോഴും സ്വപ്‌ന കരയുകയാണ്. മാരകായുധങ്ങളുമായി എത്തിയ ഗുണ്ടകളുടെ അട്ടഹാസം കേട്ടതിന്റെ ഭയം അവരില്‍ നിന്നും മാറിയിട്ടില്ല. ആ ബസിലെ യാത്രക്കാരില്‍ ഒരു ഡോക്ടറും ഉണ്ടായിരുന്നു. അവര്‍ സ്വപ്‌നക്ക് പ്രാഥമിക ചികിത്സയും നല്‍കി. കൊട്ടാരക്കരയിലെ വിജയ ഹോസ്പിറ്റലില്‍ നിന്നും ആമ്പുലന്‍സ് എത്തിച്ചാണ് സ്വപ്നയെ ആശുപത്രിയിലേക്ക് മാറ്റിയത്.
നടന്ന സംഭവത്തെക്കുറിച്ച് സ്വപ്‌ന പറയുന്നത് ഇങ്ങനെ;
തിരുവനന്തപുരം കോഴിക്കോട് സ്‌റ്റേ ബസിലെ കണ്ടക്ടറാണ് സ്വപ്‌ന. ഇന്നലെ കോഴിക്കോട് നിന്നെത്തി, ഇന്ന് രാവിലെ പതിനൊന്നു മണിക്ക് തിരിച്ച് കോഴിക്കോടേക്ക് പോകുന്ന ട്രിപ്പായിരുന്നു. ചടയമംഗലത്ത്, ബുക്കിംഗുള്ള രണ്ട് യാത്രക്കാരെയും കയറ്റി ബസ് യാത്ര തുടര്‍ന്നു. അടുത്ത സ്റ്റോപ്പായ ആയൂരില്‍ എത്തിയപ്പോള്‍ ഓട്ടോയില്‍ വന്ന ഗുണ്ടാസംഘം പെട്ടെന്ന് ബസില്‍ അടിക്കുകയും ഡ്രൈവര്‍ ഭാഗത്തെ വാതില്‍ പൊട്ടിക്കാന്‍ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും യാത്രക്കാര്‍ക്കും മനസ്സിലായില്ല. ഡ്രൈവറെ കൊല്ലുമെന്ന് ആക്രോശിച്ചു കൊണ്ടാണ് ഗുണ്ടകള്‍ ബസില്‍ അടിക്കുന്നത്.
ഇതിനിടയില്‍ യാത്രക്കാരും താനും ചേര്‍ന്ന് അവരോട് കാര്യം തിരിക്കി. ചടയമംഗലത്തു വെച്ച് വണ്ടിതട്ടിയിട്ട് നിര്‍ത്താതെ പോയെന്നാണ് അവര്‍ പറയുന്നത്. പക്ഷെ, ബസ് തട്ടിയതിന്റെ ഒരു ലക്ഷണവും യാത്രക്കാരോ ബസ് ജീവനക്കാരോ അറിഞ്ഞിരുന്നില്ല. എന്നിട്ടും, തെറ്റു പറ്റിയിട്ടുണ്ടെങ്കില്‍ എന്തു ചെയ്യാനും തയ്യാറാണെന്നും ഡ്രൈവറും കണ്ടക്ടറും പറഞ്ഞു. പക്ഷെ, അവര്‍ ക്ഷമിക്കാന്‍ തയ്യാറായില്ല. പോലീസിനെ വിളിക്കാനും അവര്‍ സമ്മതിച്ചില്ല. ചടയമംഗലത്തു വെച്ചു കിട്ടിയിരുന്നെങ്കില്‍ ഡ്രൈവറെ കൊന്നുകളഞ്ഞേനെ എന്നാണ് ഗുണ്ടകള്‍ പറഞ്ഞത്.
കെ.എല്‍. 82, എ 3466 എന്ന നമ്പറിലുള്ള ഓട്ടോറിക്ഷയിലാണ് ഗുണ്ടകള്‍ ചടയമംഗലത്തു നിന്നും ആയുരു വരെ ബസിനെ പിന്തുടര്‍ന്നത്. ഡ്രൈവറെ മര്‍ദ്ദിക്കുന്നതിനിടയില്‍ താന്‍ തന്നെയാണ് ഓട്ടോയുടെ മൊബൈല്‍ ഫോട്ടോ എടുത്തതെന്നും സ്വപ്‌ന പറയുന്നു. വയറ്റില്‍ ഇടി കിട്ടിയതിനെ തുടര്‍ന്ന് ശ്വാസതടസ്സം നേരിടുകയും ചെയ്തിട്ടുണ്ട്. ആശുപത്രിയിലെത്തിച്ചപ്പോള്‍ ഓക്‌സിജന്‍ നല്‍കി. കെ.എസ്.ആര്‍.ടി.സി മേലധികാരികളെ ഈ വിഷയം വിളിച്ചറിയിക്കാന്‍ സാധിച്ചിട്ടില്ല.
ബസിന്റെ ട്രിപ്പ് മുടക്കാനാവാത്തതിനാല്‍, മറ്റൊരു കണ്ടക്ടറെ നിയോഗിച്ച് ആ ഡ്രൈവര്‍ തന്നെ യാത്ര തുടരുകയാണ്. സ്വപ്‌ന ഇപ്പോള്‍ കൊട്ടാരക്കരയിലെ ആശുപത്രിയില്‍ ചികിത്സയിലുമാണ്. രണ്ടു മക്കളും അമ്മയും അടങ്ങുന്ന കുടുംബമാണ് ഈ വനിതാ കണ്ടക്ടറിന്റേത്. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെ്താന്‍ കഴിയാത്തതിന്റെ വിഷമവും, ഗുണ്ടകളുടെ കൊലവിളി കേട്ട് ഭയവും, സംഭവത്തില്‍ ഉണ്ടായ ശാരീരിക പ്രശ്‌നവും എല്ലാമായി ആ പാവം വനിതാ കണ്ടക്ടര്‍ തളര്‍ന്നിരിക്കുകയാണ്. ആശുപത്രിയില്‍ കൂടെ നില്‍ക്കാനോ, ചികിത്സയ്ക്ക് പണമോ ഇല്ലാത്ത അവസ്ഥയാണ്. ആകെയുള്ള കെ.എസ്.ആര്‍.ടി.സി ജീവനക്കാരി എന്ന ലേബല്‍ മാത്രം.