ആരാണ് ബുദ്ധൻ.. ഈ കാലഘട്ടത്തിൽ ബുദ്ധന്റെ വചനങ്ങൾക്ക് എന്താണിത്ര പ്രാധാന്യം…
തന്റെ ഉണർവും ധാർമികതയും തിരിച്ചറിഞ്ഞവൻ ആണ് ബുദ്ധൻ.. അദ്ദേഹം പറഞ്ഞത് കൊല്ലരുത് എന്നാണ്.. എന്നാൽ ബുദ്ധൻ മരിച്ചത് പന്നി മാംസം കഴിച്ചാണെന്ന് അറിയാമോ..ചരിത്രം കണ്ട ഏറ്റവും വലിയ വൈരുദ്ധ്യങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്ന ഒന്നാണത്.
ലോകം ഇന്ന് വരെ കണ്ട ഏറ്റവും മഹാന്മാരായ വ്യക്തികളിൽ മുൻ നിരയിലാണ് ശ്രീ ബുദ്ധന്റെ സ്ഥാനം.ശതാബ്ദങ്ങളായി ലോകത്തെ ഏറ്റവും അധികം സ്വാധീനിച്ച 100 വ്യക്തികളെ തിരഞ്ഞെടുത്ത മൈക്കിൾ ഹാർട്ട്, യേശു ക്രിസ്തുവിന് തൊട്ടു താഴെ നാലാമനായാണ് ബുദ്ധനെ തിരഞ്ഞെടുത്തത്.മനുഷ്യരാശിയെ ഇത്രമേൽ നന്മയിലേക്ക് നയിച്ച വ്യക്തിത്വങ്ങൾ അദ്ദേഹത്തിന് മുമ്പ് വേറെയില്ല. വിശാലമായ അർത്ഥത്തിൽ അദ്ദേഹത്തിന് പിമ്പും .കപിലവസ്തുവിലെ ശാക്യ വംശത്തിലെ ഒരു രാജകീയ ഹിന്ദു കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. ശുദ്ധോധന രാജാവിന്റെ പുത്രനായി,രാജകുമാരനായി ജനിച്ച സിദ്ധാർത്ഥ ഗൗതമൻ ആണ് പില്ക്കാലത്ത് സർവ്വസംഗ പരിത്യാഗിയായ ശ്രീ ബുദ്ധനായി അറിയപ്പെട്ടത് .മകൻ മഹാനായ രാജാവാകണമെന്ന് പിതാവ് ആഗ്രഹിച്ചതിനാൽ ഗൗതമ ബുദ്ധനെ ജീവിതത്തിലെ കഷ്ടപ്പാടുകളിൽ നിന്ന് അകറ്റി നിർത്തിയാണദ്ദേഹം വളർത്തിയത്. എന്നാൽ സിദ്ധാർത്ഥ രാജകുമാരന്റെ നിയോഗം മറ്റൊന്നായിരുന്നു. രാജത്വം ഉപേക്ഷിച്ച് സന്യാസത്തിലേക്ക് നടന്നു പോകുകയായിരുന്നു. 29 വയസ്സായപ്പോൾ ഗൗതമൻ തന്റെ യഥാർത്ഥ സ്വത്വം കണ്ടെത്തുന്നതിനായി കൊട്ടാരം വിട്ടു. യാത്രാ വഴിയിൽ അദ്ദേഹം കണ്ടതേറെയും കഷ്ടപ്പെടുന്നവരെ .അതദ്ദേഹത്തെ വിഷാദാവസ്ഥയിലാക്കി. ഒരു സന്യാസജീവിതം നയിച്ചുകൊണ്ട് ഇവയെല്ലാം മറികടക്കാൻ അദ്ദേഹം ശ്രമിച്ചു. ലോകത്തിന്റെ കഷ്ട്ടപ്പാടിനുള്ള ഉത്തരം കണ്ടെത്താനുള്ള തന്റെ യാത്രയിൽ ധ്യാനം മാത്രമാണ് സ്വയം ഉണർത്താനുള്ള ഏക മാർഗം എന്ന് അദ്ദേഹം കണ്ടെത്തി. അങ്ങനെ ബോധഗയയിലെ ഒരു ബോധിവൃക്ഷച്ചുവട്ടിൽ ധ്യാനത്തിനിരുന്നു, ആ ധ്യാനം 49 ദിവസം തുടർന്നു, ഒടുവിൽ അദ്ദേഹത്തിന് ബോധോദയം ലഭിച്ചു.
ജ്ഞാനോദയത്തിനു ശേഷം അദ്ദേഹം നൽകിയ ജീവിത തത്വങ്ങളാണ് ഗൗതമ ബുദ്ധന്റെ ദർശനങ്ങൾ.ആ ദർശനങ്ങൾ ശിരസ്സാവഹിച്ചവരുടെ കൂട്ടായ്മയാണ് പിന്നീട് ബുദ്ധമതമായത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും കിഴക്കനേഷ്യൻ രാജ്യങ്ങളിലും ഏറ്റവും വലിയ മതമായിരുന്നു ഒരു കാലത്ത് ബുദ്ധമതം.എത്രയോ രാജ്യങ്ങളിൽ അത് ഔദ്യോഗിക മതമാണ് ഇന്നും . നൂറിലേറെ രാജ്യങ്ങളിലദ്ദേഹത്തിന് അനുയായികളുണ്ടിപ്പോഴും .ബുദ്ധമതത്തിന്റെ അടിസ്ഥാനം ബുദ്ധന്റെ ബോധനങ്ങളാണ്. ഹിംസയുടെയും കഷ്ടപ്പാടിന്റെയും ഇരുണ്ട കാലത്തിലൂടെ കടന്ന് പോയിരുന്ന അന്നത്തെ ജനതയ്ക്ക് മുന്നിൽ അതി മഹത്തായ കുറേ ദർശനങ്ങളാണ് ബുദ്ധൻ മുന്നോട്ട് വച്ചത്. നാല് ഉത്തമസത്യങ്ങൾ എന്ന പേരിൽ മനുഷ്യരാശി അനുഭവിക്കുന്ന കഷ്ടതയെ കുറിച്ചദ്ദേഹം പറഞ്ഞു.
തന്റെ ജ്ഞാനോദയം കൊണ്ട് അദ്ദേഹം പഠിച്ച കാര്യങ്ങളെ 5 ആയി തിരിച്ചു അഷ്ടമാർഗങ്ങൾ പിന്തുടരാനും നിർദ്ദേശിച്ചു.
ശരിയായ കാഴ്‌ച-
ശരിയായ ചിന്ത-
ശരിയായ സംസാരം-
ശരിയായ പെരുമാറ്റം-
ശരിയായ ഉപജീവനമാർഗം
ശരിയായ ശ്രമം-
ശരിയായ മനസ്സ്-
ശരിയായ ഏകാഗ്രത-
ഇത്രയുമാണ് അഷ്ടമാർഗങ്ങൾ .
ഇതോടൊപ്പം ജീവിതത്തിൽ പാലിക്കാനുള്ള അഞ്ച് ചിട്ടകളും അദ്ദേഹം വ്യക്തമാക്കിയിരുന്നു .
1 ) കൊല്ലരുത്,
2) മോഷ്ടിക്കരുത്,
3) , ലൈംഗിക ദുരാചാരം പാടില്ല,
4) കള്ളം പറയരുത്,
5), ലഹരി വസ്തുക്കൾ വർജിക്കണം.
ഇതിൽ ഒന്നാമത്തേത് അഹിംസയാണ്.
മനുഷ്യരെ മാത്രമല്ല മൃഗങ്ങളെപ്പോലും കൊല്ലരുത് എന്നത് ബുദ്ധന്റെ ദർശനങ്ങളുടെ സത്തയാണ്.
ജീവനെടുക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുക, ഒരു ജീവിയെയും കൊല്ലരുത്. ബുദ്ധമതക്കാരെ സംബന്ധിച്ചിടത്തോളം, ഇതിൽ മൃഗങ്ങളും കൂടി ഉൾപ്പെടുന്നു, അതിനാൽ തിബത്തു പോലെ കാലാവസ്ഥ പ്രതികൂലമായ ചില രാജ്യങ്ങളിലൊഴികെ മിക്കയിടത്തുമുള്ള ബുദ്ധമതക്കാരും സസ്യാഹാരം തിരഞ്ഞെടുത്തു.
അഹിംസ ഒരു ധാർമ്മിക പ്രമാണമായി തന്നെ ബുദ്ധൻ പഠിപ്പിച്ചു. ബുദ്ധന്റെ പാത ആരംഭിക്കുന്നത് കൊല്ലില്ല എന്ന പ്രതിജ്ഞയോടെയാണ് .ബുദ്ധമതത്തിന്റെ ഏറ്റവും വലിയ രണ്ട് ശാഖകൾ മഹായാനയും ഥേരവാദയും നിർദ്ദേശിക്കുന്ന ശരിയായ ഭക്ഷണം എന്നതിൽ മൃഗമാംസം ഉൾപ്പെടുന്നില്ല.ബുദ്ധന്‍റെ കാലത്ത് ഹിന്ദുമതത്തില്‍ യാഗങ്ങളും ബലിദാനവും ഹിംസയും ഉണ്ടായിരുന്നു.
അതിനെതിരെ ബുദ്ധൻ അഹിംസയുമായി നിലകൊണ്ടു. ജീവികളെ കൊല്ലരുത് എന്ന് ഉപദേശിച്ചു.
ഒരു ജീവിയെയും കൊല്ലരുത്, കൊല്ലാൻ കാരണമാവരുത്, മറ്റൊരാളെ കൊല്ലാൻ പ്രേരിപ്പിക്കരുത് എന്നദ്ദേഹം ഉപദേശിച്ചു.
മൃഗങ്ങളെ കൊന്ന് വിൽക്കുന്നതുൾപ്പെടെയുള്ള വ്യാപാരങ്ങളെ ശക്തമായും ആവർത്തിച്ചും അദ്ദേഹം അപലപിക്കുന്നുമുണ്ട്.
അത് വളരെ നികൃഷ്ടമായ ഒരു ജോലിയാണ്.ജീവിതം നശിപ്പിക്കുന്ന ഒരാളെന്ന നിലയിൽ ഒരു കശാപ്പുകാരൻ വേദനാജനകമായ നരകത്തിലോ അല്ലെങ്കിൽ ഇഴജാതികളിലോ നിർഭാഗ്യകരമായ പുനർജന്മത്തിന് വിധിക്കപ്പെടുന്നു. ഈ വിധമെല്ലാം ലോകത്തെ ഉപദേശിച്ച ബുദ്ധൻ പക്ഷേ പന്നിയിറച്ചി കഴിച്ചുണ്ടായ അജീർണത്താലാണ് മരിച്ചത് എന്നത് പലർക്കും അറിയില്ല. ബിസി 483 ലായിരുന്നു ബുദ്ധൻ ശരീരം വെടിഞ്ഞത്.
പാലി ഭാഷയിൽ ഉള്ള ചില ഗ്രന്ഥങ്ങളിൽ അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ചുള്ള പരാമർശങ്ങൾ ഉണ്ട് .
*സുകരമദ്ദവ” എന്ന,പന്നിമാംസം കൊണ്ടുണ്ടാക്കിയ ഒരു പ്രത്യേക വിഭവം കഴിച്ചപ്പോഴുണ്ടായ ഭക്ഷ്യ വിഷബാധയാലാണ് ബുദ്ധന്റെ മരണം എന്നാണ് ആ ഗ്രന്ഥങ്ങളിൽ പറയുന്നത്.ഭക്ഷണാനന്തരം ഉണ്ടായ അസ്വാസ്ഥ്യമാണ് അദ്ദേഹത്തെ മരണത്തിലേക്ക് നയിച്ചത് എന്നതിൽ തർക്കമില്ല. പക്ഷേ ആ ഭക്ഷ്യവിഭവം പന്നിയിറച്ചിയായിരുന്നോ അതോ പ്രത്യേകതരത്തിലുള്ള ഒരു കൂൺ വിഭവം ആയിരുന്നോ എന്ന കാര്യത്തിൽ അഭിപ്രായ ഭിന്നതയുണ്ട്. പക്ഷേ ബുദ്ധൻ നിർവ്വാണമടഞ്ഞ കാലം മഴക്കാലത്തിന് തൊട്ടു മുമ്പുള്ള സമയമായിരുന്നു. ആ സമയത്ത് കൂൺ ലഭ്യമാവില്ല എന്നും അതുകൊണ്ട് കൂൺവിഭവമല്ല മറിച്ച് പന്നിമാംസം തന്നെ എന്നും വിദഗ്ദർ അനുമാനിക്കുന്നു.
സുകരം എന്നാൽ പന്നി എന്നാണർത്ഥം. അതിനാൽ പന്നിമാംസം തന്നെ എന്നതിൽ പല പണ്ഡിതരും ഉറച്ചു നിൽക്കുന്നു.
സുകരമദ്ദവ” എന്ന വിഭവം കഴിച്ചതിനുശേഷം ആരംഭിച്ച പെട്ടെന്നുള്ള അസുഖത്തിന് വിദഗ്ദ ചികിത്സ യഥാസമയം ലഭിക്കാത്തത് മൂലമാണ് അദ്ദേഹം മരിച്ചത് എന്നാണ് പാലി ഗ്രന്ഥങ്ങളിലെ സൂചന.
കേടായ പന്നിയിറച്ചിയിലുണ്ടാവുന്ന ക്ലോസ്ട്രിഡിയം പെർഫ്രിംഗൻസ് അണുബാധ മൂലമുണ്ടാകുന്ന പിഗ്-ബെൽ രോഗമാവാം അദ്ദേഹത്തെ ബാധിച്ചത് എന്ന് ആധുനിക വിദഗ്ദർ അനുമാനിക്കുന്നു.