വൈദ്യുതി ഉപഭോഗം ഈ അളവിലാണ് മുന്നോട്ടു പോകുന്നതെങ്കില്‍ ഉടന്‍ തന്നെ പവര്‍കട്ട് നടപ്പാക്കാന്‍ സര്‍ക്കാരും കെ.എസ്.ഇ.ബിയും നിര്‍ബന്ധിതരാകുമെന്നാണ് സൂചനകള്‍. ഇതുസംബന്ധിച്ച് കെ.എസ്.ഇ.ബി തീരുമാനമെടുത്തെങ്കിലും, സര്‍ക്കാര്‍ തലത്തില്‍ പച്ചക്കൊടി കാണിക്കാത്തതു കൊണ്ടാണ് പവര്‍കട്ട് ആരംഭിക്കാത്തത്. ഇപ്പോള്‍ത്തന്നെ പലയിടങ്ങളിലും അപ്രഖ്യാപിത പവര്‍കട്ട് നടത്തുന്നുണ്ട്. ഇതിനെതിരേ ജനരേഷവും ഉയരുന്നുണ്ട്.
കൃത്യമായി ബില്ലടയ്ക്കാന്‍ വിധിക്കപ്പെട്ട ഉപഭോക്ടാക്കള്‍ക്ക് വൈദ്യുതി മുടങ്ങാതെ നല്‍കേണ്ടത് കെ.എസ്.ഇ.ബിയാണ്. ആ കെ.എസ്.ഇ.ബിയാണ് പവര്‍കട്ട് വേണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍, ഇതിന് വൈദ്യുതി മന്ത്രി കെ. കൃഷ്ണ്‍കുട്ടി പോസിറ്റിവായി മറുപടി നല്‍കിയിട്ടില്ല. വൈദ്യുതി ഉപഭോഗം വര്‍ദ്ധിച്ചതു തൊട്ട് പവര്‍കട്ട് ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി കെഎസ്ഇബി നിരന്തരം സര്‍ക്കാരിനെ സമീപിക്കുന്നുണ്ട്.
പക്ഷെ, അനുകൂല മറുപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് കെഎസ്ഇബി ഉന്നതതല യോഗം ചേര്‍ന്ന് സര്‍ക്കാരിനോട് ഔദ്യോഗികമായി ആവശ്യപ്പെടാന്‍ നീക്കം നടത്തുന്നത്. സംസ്ഥാനത്ത് ചൂട് കൂടിയതോടെ വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡുകളും ഭേദിച്ച് വര്‍ദ്ധിക്കുകയാണ്. പ്രതിദിന ഉപഭോഗം 10.1 ദശലക്ഷം യൂണിറ്റ് കടന്നിരിക്കുകയാണ്. ഓവര്‍ലോഡ് കാരണം ഇതുവരെ 700 ട്രാന്‍സ്ഫോമര്‍ കേടായെന്നും കെ.എസ്.ഇ.ബി വ്യക്തമാക്കുന്നു.
അമിത ഉപഭോഗം കാരണം പലയിടത്തും ഫീഡറുകള്‍ക്ക് തടസ്സം വരുന്നുണ്ട്. സംസ്ഥാനത്ത് അപ്രഖ്യാപിത പവര്‍കട്ട് സംഭവിക്കുന്നത് ഓവര്‍ലോഡ് കാരണമാണെന്നും കെ.എസ്.ഇ.ബി പറയുന്നു. സംസ്ഥാനത്ത് കെ.എശ്.ഇബിയുടെ അക്കെട്ടുകളില്‍ രണ്ടാഴ്ചത്തെ വൈദ്യുതിക്കുള്ള വെള്ളംമാത്രമേ നിലവില്‍ ഉള്ളൂ. ഇതുകൂടി തീര്‍ന്നാല്‍ കേരളമാകെ ഇരുട്ടിലാകുമെന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അപ്രഖ്യാപിത പവര്‍കട്ടിനെക്കുറിച്ച് കെഎസ്ഇബി നല്‍കുന്ന വിശദീകരണം, ലോഡ് കൂടി ട്രാന്‍സ്ഫോര്‍മറുകള്‍ ട്രിപ്പ് ആകുന്നുവെന്നതാണ്.
ട്രാന്‍സ്‌ഫോര്‍മറുകളുടെ ചൂട് കുറയ്ക്കാന്‍ കഴിയുകയെന്നതാണ് കരണീയമായ മാര്‍ഗം. അതിന് 15 മിനിട്ടു മുതല്‍ അരമണിക്കൂര്‍ വരെ ഫീഡറുകള്‍ ഓഫ് ചെയ്ത് ഇടേണ്ടി വരും. അങ്ങനെ ചെയ്തില്ലെങ്കില്‍ ട്രാന്‍സ്‌ഫോമറുകള്‍ വ്യാപകമായി പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ട്. ഓരോ ദിവസം കഴിയുന്തോറും അസഹനീയമായ ചൂടാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നത്. ഇതിനാല്‍ വൈദ്യുതി ഉപയോഗവും കൂടിവരികയാണ്.
ലോഡ് കൂടുന്നതിനാലുള്ള സാങ്കേതിക പ്രശ്നവും വൈദ്യുതിച്ചെലവും കെ.എസ്.ഇ.ബിക്ക് തലവേദനയാകുന്നുണ്ട്. ഇതുകൊണ്ടാണ് പവര്‍കട്ട് എന്ന ആവശ്യം ശക്തമായി ഉന്നയിക്കുന്നത്. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഉപയോക്താക്കളുടെ സഹകരണവും വൈദ്യുതി ബോര്‍ഡ് തേടുന്നുണ്ട്. ആവശ്യത്തിന് മാത്രം വൈദ്യുതി ഉപയോഗിച്ചാല്‍ ഇടയ്ക്കിടെ അധികലോഡ് കാരണം ഫീഡറുകളില്‍ ഉണ്ടാകുന്ന വൈദ്യുതി തടസം ഒഴിവാക്കാനും സാധിക്കും.
സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിംഗ് നടപ്പാക്കുന്നു എന്ന് ഉപയോക്താക്കളില്‍ നിന്നും നേരത്തേ പരാതി ഉയര്‍ന്നിരുന്നു. വൈകിട്ട് ആറുമുതല്‍ പന്ത്രണ്ട് വരെ പലയിടത്തും അരമണിക്കൂറിലേറെ വൈദ്യുതി നിലയ്ക്കുന്നുവെന്നാണ് പരാതി. ക്ഷാമം ഉണ്ടായാല്‍ ഇറക്കുമതി കല്‍ക്കരി ഉപയോഗിച്ചുണ്ടാക്കുന്ന വിലകൂടിയ വൈദ്യുതിയും വാങ്ങേണ്ടിവരും. ഇതിന് മുന്‍കൂര്‍ പണം നല്‍കണം. നിരക്ക് നിശ്ചയിച്ച് വാങ്ങിയില്ലെങ്കില്‍ നഷ്ടം കൂടും.
ജലവൈദ്യുതി ഉത്പാദനം കൂട്ടിയാണ് കെ.എസ്.ഇ.ബി പ്രതിസന്ധി മറികടക്കുന്നത്. ഉത്പാദനം ദിവസം 13 – 16 ദശലക്ഷം യൂണിറ്റായിരുന്നത് 21 ദശലക്ഷം വരെയാക്കി. ഇതോടെ വൈദ്യുതി ഡാമുകളിലെ ജലശേഖരം 53 ശതമാനത്തില്‍ നിന്ന് 43 ശതമാനമായി കുറഞ്ഞു. ഇത് തുടര്‍ന്നാല്‍ അടുത്ത മണ്‍സൂണ്‍ വരെ ജലവൈദ്യുതി ഉത്പാദനം നിലനിറുത്താനാകാതെ വരും. അതിനാല്‍ ഉപഭോഗം നിയന്ത്രിച്ചേ മതിയാകൂ എന്ന സ്ഥിതിയാണ്.
വൈദ്യുതി വിതരണം നിയന്ത്രിച്ചിട്ടില്ലെന്നും രണ്ടര വര്‍ഷം കൊണ്ട് 21 സബ്‌സ്റ്റേഷനുകള്‍ നിര്‍മ്മിച്ചതിനാല്‍ വിതരണത്തിന് തടസമില്ലെന്നുമാണ് കെ.എസ്.ഇ.ബി വ്യക്തമാക്കുന്നത്. അതേസമയം, 44 നദികളുള്ള കേരളത്തില്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നത് ജലത്തില്‍ നിന്നുമാണ്. നദികളിലെ ജലത്തിന് ആര്‍ക്കും പ്രത്യേകിച്ച് പണം കൊടുക്കേണ്ട. വൈദ്യുതി ഉത്പ്പാദിപ്പിക്കുന്നതിനുള്ള ചിലവേയുളളൂ. ഈ നദികളിലെ സൗജന്യമായി കിട്ടുന്ന ജലത്തില്‍ നിന്നും വൈദ്യുതി ഉത്പ്പാദിപ്പിച്ചിട്ടും, തികയാതെ വരികയാണ്.
ഉപഭോഗത്തിനനുസരിച്ച് ഉത്പ്പാദനം കൂട്ടാനുള്ള നടപടികളൊന്നും കെ.എസ്.ഇ.ബിയുടെ ഭാഗത്തു നിന്നുണ്ടാകുന്നില്ല. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വാങ്ങിയാണ് കേരളം ഉപഭോഗം നടത്തുന്നത്. എന്നാല്‍, പവര്‍കട്ടിന്റെ ബില്ലും, പവര്‍ ഉപയോഗിച്ചതിന്റെ ബില്ലും മുടക്കം കൂടാതെ വാങ്ങുന്നുണ്ടല്ലോ എന്നാണ് ഉപഭോക്താക്കളുടെ ചോദ്യം. ബില്ലും, അതിന്റെ കൂടെ സെസ്സും, മീറ്റര്‍ വാടകയുമെല്ലാം വാങ്ങിയിട്ടും മതിവരാത്ത കെ.എസ്.ഇ.ബി പവര്‍കട്ടും നടത്തിയാല്‍ ഇപ്പോഴത്തെ കാലാവസ്ഥയില്‍ ജനം വലയും.
കൊച്ചു കുട്ടികളും പ്രായമായവരും ഏറെ ബുദ്ധിമുട്ടും. കാലാവസ്ഥയിലുണ്ടായ മാറ്റമാണ് ഇതിനെല്ലാം കാരണായിരിക്കുന്നത്. എന്നാല്‍, മഴക്കാലത്ത് വൈദ്യുതി ഉത്പ്പാദനം കൂട്ടിയാലും ഉപഭോക്തവാന് വൈദ്യുതി ചാര്‍ജ്ജ് കുറയുന്നുമില്ലെന്ന പരാതിയും ഉപഭോക്താക്കള്‍ക്കുണ്ട്.