സാമ്പത്തിക ഞെരുക്കമെന്നു പറഞ്ഞ്പറഞ്ഞ് സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ മരവിപ്പിക്കുകയും, ക്ഷേമ പെന്‍ഷനുകള്‍ മുടക്കുകയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും, പദ്ധതികളും അവതാളത്തിലാവുകയും ചെയ്യുമ്പോള്‍ ശമ്പളം കുറവാണെന്ന പരാതിയുമായി മന്ത്രിമാര്‍ രംഗത്ത് വന്നിരിക്കുകയാണ്. സംസ്ഥാനം ഏതവസ്ഥയിലായാലും തങ്ങളുടെ ശമ്പളം വര്‍ദ്ധിപ്പിക്കണം. കൂടെ ജോലി ചെയ്യുന്ന പേഴ്‌സണല്‍ സ്റ്റാഫുകളുടെ ശമ്പളം മന്ത്രിമാരേകാകള്‍ കൂടുതലാണ്.
സെക്രട്ടേറിയറ്റിന് പുറത്തിറങ്ങിയാല്‍ ശമ്പളം എത്രയുണ്ടെന്ന് ചോദിക്കുന്നവരോട് എന്തു പറയുമെന്നാണ് മന്ത്രിമാരുടെ വിഷമം. ഏതെങ്കിലും ഒരു മന്ത്രിയുടെ പരാതിയല്ല ഇത്. എല്ലാ മന്ത്രിമാര്‍ക്കുമുണ്ട് പരാതി. വിലയക്കയറ്റവും, ജീവിതച്ചിലവുകളും വര്‍ദ്ധിച്ച സാഹചര്യത്തില്‍ സ്വാഭാവികമായും ശമ്പളം കൂട്ടി നല്‍കേണ്ടത് സര്‍ക്കാരിന്റെ കടമയാണല്ലോ. അപ്പോള്‍ മന്ത്രിമാരുടെ ശമ്പളമല്ലേ ആദ്യം കൂട്ടേണ്ടത്. ഖജനാവില്‍ പൂച്ചപെറ്റു കിടര്രുന്നുവെന്ന് ഒരു വശത്ത് പറയുകയും, മറുവശത്ത് സ്വന്തം കാര്യം സുഭിക്ഷമായി നോക്കുകയും ചെയ്യുന്നവരാണ് സര്‍ക്കാരിനെ നയിക്കുന്നതെന്ന ആക്ഷേപം നിലനില്‍ക്കുമ്പോഴാണീ ആവശ്യം.
തങ്ങളുടെ പേഴ്‌സണല്‍ സ്റ്റാഫിക്കോള്‍ ശമ്പളം കുറവായതിനാല്‍ ശമ്പളം ഉയര്‍ത്തണമെന്ന ന്യായമായ ആവശ്യം പരിഗണിക്കണമെന്നാണ് മന്ത്രിമാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 97429 രൂപയാണ് മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടെയും നിലവിലത്തെ ശമ്പളം. പേഴ്‌സണല്‍ സ്റ്റാഫിലുള്ള അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി, സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി, പ്രൈവറ്റ് സെക്രട്ടറി എന്നിവര്‍ക്ക് ഒരു ലക്ഷത്തിന് മുകളിലാണ് ശമ്പളം. 1.30 ലക്ഷം രൂപയാണ് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ ശമ്പളം. 1.45 ലക്ഷം രൂപയാണ് സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയുടേയും പ്രൈവറ്റ് സെക്രട്ടറിയുടേയും ശമ്പളം.
മന്ത്രിമാരുടെ ആവശ്യത്തില്‍ കഴമ്പുണ്ട് എന്ന് വ്യക്തമാകകുന്നതാണീ ശമ്പളക്കണക്കുകള്‍. മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം എബ്രഹാമിന്റെ ശമ്പളം മാത്രം 3.50 ലക്ഷം രൂപയാണ്. 2.50 ലക്ഷം പെന്‍ഷനും ലഭിക്കുന്നുണ്ട്. 6 ലക്ഷം രൂപയാണ് ഒരു മാസം എബ്രഹാമിനു വേണ്ടി ചെലവഴിക്കുന്നത്. ശമ്പളം ഉയര്‍ത്തണമെന്ന മന്ത്രിമാരുടെ ആവശ്യം ജൂണില്‍ നടക്കുന്ന നിയമസഭ സമ്മേളനത്തില്‍ നിയമസഭയില്‍ പാസാക്കി എടുക്കാനുളള നീക്കമാണ് നടക്കുന്നത്. ജൂണ്‍ മാസം നടക്കുന്ന നിയമസഭ സമ്മേളനത്തില്‍ ശമ്പള വര്‍ധന ബില്‍ അവതരിപ്പിക്കും.
ലോകസഭ തെരഞ്ഞെടുപ്പിന് മുമ്പുള്ള നിയമസഭ സമ്മേളനത്തില്‍ ശമ്പള വര്‍ധന ബില്‍ അവതരിപ്പിക്കാന്‍ നീക്കം ഉണ്ടായിരുന്നെങ്കിലും അത് അാവശ്യ ചര്‍ച്ചകള്‍ വഴിവെക്കുമെന്ന് മനസ്സിലാക്കി നീട്ടിവെയ്ക്കുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധി കാലത്ത് ശമ്പള വര്‍ധന നടപ്പിലാക്കിയാല്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകും എന്ന ഭയമായിരുന്നു നീട്ടിവയ്ക്കാന്‍ കാരണമായത്. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ആ പ്രതിസന്ധി നീങ്ങി. ഈ സാമ്പത്തിക വര്‍ഷം ഇനി തെരഞ്ഞെടുപ്പുമില്ല.
ശമ്പള വര്‍ധന നടപ്പിലാക്കാന്‍ പറ്റിയ മികച്ച സമയം ഇതാണെന്നാണ് ഡോ. കെ.എം. എബ്രഹാം സര്‍ക്കാരിനു നല്‍കിയിരിക്കുന്ന വിദഗ്‌ദ്ധോപദേശം. 2018 ലാണ് മുഖ്യമന്ത്രിയുടേയും എം.എല്‍.എ മാരുടേയും ശമ്പളം അവസാനമായി വര്‍ദ്ധിപ്പിച്ചത്. ഇപ്പോള്‍ ആറ് വര്‍ഷം കഴിഞ്ഞിരിക്കുന്നു. 55,012 രൂപയില്‍ നിന്ന് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ശമ്പളം 97,429 രൂപയായി ഉയര്‍ത്തുകയായിരുന്നു. 39,500 രൂപയില്‍ നിന്ന് 70,000 രൂപയായി എം.എല്‍.എ മാരുടെ ശമ്പളം ഉയര്‍ന്നു. 2022 ജൂലൈ 27 നാണ് ജസ്റ്റിസ് രാമചന്ദ്രന്‍നായരെ പുതിയ ശമ്പളവര്‍ദ്ധന കമ്മീഷനായി നിയമിച്ചത്.
2023 ജനുവരിയില്‍ കമ്മീഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ടും സമര്‍പ്പിച്ചെങ്കിലും സാമ്പത്തിക പ്രതിസന്ധിക്കാലത്ത് ശമ്പളം ഉയര്‍ത്തിയാല്‍ വിമര്‍ശനം ഉയരും എന്നതുകൊണ്ട് നീട്ടി വച്ചു. അലവന്‍സുകളും ആനുകൂല്യങ്ങളും 50 ശതമാനം വര്‍ദ്ധിപ്പിക്കും എന്നാണ് ലഭിക്കുന്ന സൂചന. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും ശമ്പളവും അലവന്‍സും 1.50 ലക്ഷമായും എം.എല്‍.എ മാരുടേത് 1.20 ലക്ഷം ആയും ഉയരും. കര്‍ണ്ണാടകയില്‍ 2.05 ലക്ഷവും മഹാരാഷ്ട്രയില്‍ 2. 32 ലക്ഷവും ആണ് എം.എല്‍.എ മാരുടെ ശമ്പളം. ഏറ്റവും കുറവ് ശമ്പളം ലഭിക്കുന്നത് ത്രിപുരയിലാണ്. 34,000 രൂപയാണ് ത്രിപുരയിലെ എം.എല്‍.എ മാരുടെ ശമ്പളം.
മന്ത്രിമാരും ജനപ്രതിനിധികളുമെല്ലാം ശമ്പളവും വര്‍ദ്ധിപ്പിച്ച് സുഖമായി ജീവിക്കണമെന്നു തന്നെയാണ ജനങ്ങളും ആഗ്രഹിക്കുന്നത്. പക്ഷെ, അതിന് സംസ്ഥാനത്തിന്റെ ധനസ്ഥിതി എന്താണെന്ന് മനസ്സിലാക്കി വേണം ശമ്പള വര്‍ദ്ധന നടപ്പാക്കാന്‍. സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ നല്‍കാതിരിക്കുന്നചിന് സര്‍ക്കാര്‍ പറയുന്ന ന്യായമെന്താണ്. ക്ഷേമ പെന്‍ഷന്‍ ആറ് ഗഡു മുടങ്ങിയതിന് കാരണം പറഞ്ഞതെന്താണ്. അങ്ങനെ നിരന്തരം ജനങ്ങള്‍ക്ക് അധിക ഭാരം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ഘട്ടത്തിലാണ് ജനപ്രതിനിധികളായവര്‍, ജനങ്ങളെ സേവിക്കാന്‍ നിയോഗിക്കപ്പെട്ടവര്‍ ശമ്പളം കൂട്ടണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. എന്തു വിരോധാഭാസമാണ് ഈ ന്യായം.
സംസ്ഥാനത്ത് വരുമാനത്തിന്റെ മോശം ശേഖരണവും വിനിയോഗവും, വര്‍ദ്ധിച്ചുവരുന്ന റവന്യൂ ചെലവ്, കംപ്ലയിന്‍സ് റിപ്പോര്‍ട്ടുകള്‍ ഫയല്‍ ചെയ്യുന്നതിലെ മെല്ലെപ്പോക്ക്, മൂലധനത്തിലെ അപര്യാപ്തമായ നിക്ഷേപം, എക്‌സിക്യൂട്ടീവുകളുടെ അമിത ചെലവ് വഴിയുള്ള മൊത്തത്തിലുള്ള കെടുകാര്യസ്ഥത എന്നിവയാണ് നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകുന്ന ഘടകങ്ങള്‍. ഈ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് യാതൊരു ഉത്തരവാദിത്തവുമില്ല.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ‘സ്റ്റേറ്റ് ഫിനാന്‍സ്: എ സ്റ്റഡി ഓഫ് ബഡ്ജറ്റ്‌സ് ഓഫ് 2023-24’ എന്ന റിപ്പോര്‍ട്ട് അനുസരിച്ച്, 2016 മുതല്‍ 2024 വരെ കേരളത്തിന്റെ കുടിശ്ശിക ബാധ്യതകള്‍ 165 ശതമാനം വര്‍ദ്ധിച്ചുവെന്നാണ്. സംസ്ഥാനത്തിന്റെ കുടിശ്ശിക ബാധ്യതകള്‍ 162271.50 കോടി രൂപയില്‍ നിന്ന് ഉയര്‍ന്നു. ആര്‍ബിഐ റിപ്പോര്‍ട്ട് പ്രകാരം 2024ല്‍ 429270.6 കോടി രൂപയായി. 2024-25 ലെ ബജറ്റ് എസ്റ്റിമേറ്റ് സൂചിപ്പിക്കുന്നത്, സംസ്ഥാനത്തിന്റെ മൊത്തം റവന്യൂ വരവ് 138655.16 കോടി രൂപയാണ്, സംസ്ഥാന വിഹിതം 84883.51 കോടി രൂപയാണ്.
സ്വന്തം ശേഖരണത്തില്‍ നിന്ന് ഇത്രയും വലിയ വരുമാനം പ്രതീക്ഷിക്കുന്ന സാഹചര്യത്തില്‍, നികുതി പിരിവ് പ്രക്രിയകള്‍ ശക്തിപ്പെടുത്തുന്നതിലും മെച്ചപ്പെടുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് സംസ്ഥാനത്തിന് നിര്‍ണായകമാണ്. കേരളം മൊത്തം 184327.33 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു, 166501.21 കോടി രൂപ റവന്യൂ ചെലവുകള്‍ക്കായി മാത്രം നീക്കിവച്ചിരിക്കുന്നു. ഈ കണക്കുകള്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക വ്യവസ്ഥയില്‍ നിലവിലുള്ള ദൗര്‍ബല്യങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നുണ്ട്.
കടമെടുക്കുന്നതില്‍ കേന്ദ്രം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണെന്ന് കേരള സര്‍ക്കാര്‍ ആരോപിക്കുന്നുണ്ട്. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 293(3)ല്‍ വിവരിച്ചിരിക്കുന്ന പ്രകാരം എല്ലാ സംസ്ഥാന സര്‍ക്കാരുകളുടെയും വാര്‍ഷിക വായ്പാ പരിധി നിശ്ചയിക്കുന്നതില്‍ കേന്ദ്ര ഗവണ്‍മെന്റ് ഒരു സ്റ്റാന്‍ഡേര്‍ഡ് സമീപനമാണ് പിന്തുടരുന്നത്. രാഷ്ട്രീയ ഘടകങ്ങള്‍ പരിഗണിക്കാതെ, ധനകാര്യ കമ്മിഷന്റെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് ഈ പരിധികള്‍ നിശ്ചയിക്കുന്നത്. സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്ഥിതി മാത്രമാണ് കണക്കിലെടുക്കുന്നത്. നിലവില്‍, മൊത്ത സംസ്ഥാന ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 3 ശതമാനമായാണ് അറ്റ വായ്പാ പരിധി നിശ്ചയിച്ചിരിക്കുന്നത്.
തല്‍ഫലമായി, 2023-24 സാമ്പത്തിക വര്‍ഷത്തില്‍ (എഫ്വൈ) കേരളത്തിന്റെ സാധാരണ അറ്റ കടമെടുക്കല്‍ പരിധി രൂപ 32,442 കോടിയാണ്. നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക് സംസ്ഥാനം ആത്മപരിശോധന നടത്തുകയും, ബുദ്ധിമുട്ടുന്ന സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ സിവില്‍ സമൂഹത്തിന്റെ പിന്തുണയോടെ കൂട്ടായ പ്രവര്‍ത്തനം നടത്തുകയും വേണം. ഇതാണ് കേരളത്തിന്റെ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി. ഇത് മറികടക്കാന്‍ നെട്ടോട്ടമോടേണ്ട സമയത്താണ് മന്ത്രിമാരുടെ ശമ്പളം കൂട്ടാനുളള തന്ത്രപരമായ മറു നീക്കം നടത്തുന്നത്.