‘പട്ടിയുണ്ട് സൂക്ഷിക്കുക!!’ എന്നൊരു ബോര്‍ഡ് ചില വീടുകളുടെ മുമ്പില്‍ തൂക്കിയിട്ടിരിക്കുന്നത് കാണാം. അനാവശ്യമായി ആരും കയറി വരാതിരിക്കാനും, പരിചയമുള്ളവര്‍ വരുമ്പോള്‍ കടികിട്ടാതിരിക്കാന്‍ ഒന്ന് സൂക്ഷിക്കാനും വേണ്ടിയാണ് ഈ ബോര്‍ഡുകള്‍ തൂക്കുന്നത്. അതുപോലെ ഒരു പോസ്റ്റര്‍ തയ്യാറാക്കി എല്ലാ ബസിലും ഒട്ടിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ്സുകാര്‍. ‘ മേയറുണ്ട് സൂക്ഷിക്കുക !!’ എന്നെഴുതിയ ആര്യാരാജേന്ദ്രന്റെ കളര്‍ ഫോട്ടോയോടു കൂടിയ പോസ്റ്ററാണ് തയ്യാറാക്കിയിരിക്കുന്നത്.
പ്രതിഷേധം ഈ വിധം മാറാനുണ്ടായ കാരണം പാളയത്തെ കടകളിലെയും, സ്മാര്‍ട്ട്‌സിറ്റി പ്രോജക്ടിന്റെ ക്യാമറകളിലും പതിഞ്ഞിട്ടുണ്ട്. എന്നിട്ടും നേരം വെളുക്കാത്ത പോലീസിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് ‘മേയറുണ്ട് സൂക്ഷിക്കുക’ എന്ന പ്രതിഷേധ പോസ്റ്റര്‍ പതിക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം മേയര്‍ ആര്യക്കുഞ്ഞും, ഭര്‍ത്താവ് സച്ചിന്‍ ദേവും കൂടി ബസ് തടഞ്ഞ് നടു റോഡില്‍ ഷോ കാണിച്ചതിന് പാവം ഡ്രൈവര്‍ക്കെതിരേ മാത്രം കേസെടുത്തിരുന്നു.
നിയമം നിയമത്തിന്റെ വഴിയേ പോകുന്ന കാഴ്ചയാണ് കന്റോണ്‍മെന്റ് പോലീസ് കാട്ടിത്തന്നത്. എന്താണ് ഡ്രൈവര്‍ ചെയ്ത കുററം എന്നുമാത്രം പറയാന്‍ ആര്‍ക്കും കഴിയുന്നില്ല. മേയര്‍ ആര്യക്കുഞ്ഞ് മാത്രമാണ് തന്നെ കൈ കൊണ്ട് പ്രത്യേകതരം ലൈംഗിക ചുവയുള്ള ‘ഏക്ഷന്‍’ കാണിച്ചെന്ന ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഡ്രൈവര്‍ വണ്ടി ഓടിച്ചു കൊണ്ട് ആര്യാരാജേന്ദ്രനെ കാണിണിച്ച ‘ഏക്ഷന്‍’ രാത്രി പത്തു മണിക്ക് കാറിന്റെ സൈഡ് മിററിലൂടെയാണ് കണ്ടത്.
ഇതോടെ ഡ്രൈവറെ പാഠം പഠിപ്പിക്കാന്‍ തന്നെ തീരുമാനിച്ചാണ് പാളയം വരെ ചെയ്‌സ് ചെയ്ത് പിടിച്ച്, കാറ് മുമ്പിലിട്ട് ഷോ കാണിച്ചത്. ലഹരി ഉപയോഗിക്കാതെ, തൃശൂരില്‍ നിന്നും യാത്രക്കാരെയും കയറ്റി, വരുന്ന വഴിക്കൊന്നും ഒരു കുഴപ്പവും ഉണ്ടാക്കാതെ വന്ന ഡ്രൈവറോടാണ് ആര്യയും ഭര്‍ത്താവും ആക്രോശിച്ചത്. എന്നാല്‍, ലഹരി ഉപയോഗിച്ചവരെപ്പോലെ സ്ഥലകാലബോധം നഷ്ടപ്പെട്ട് KSRTC ബസിനു മുമ്പില്‍ തടസ്സമായി വണ്ടി പാര്‍ക്ക് ചെയ്ത്, നിയമം ലംഘിച്ചവരാണ് മേയറും എം.എല്‍.എയും.
എന്നിട്ടും അരിശം തീരാത്ത മേയര്‍ ലഹരി ഉപയോഗിച്ചെന്നു മാത്രമല്ല, ഡ്രൈവറെ കുറിച്ചുള്ള പഴയ പോലീസ് കേസുകള്‍ ചികഞ്ഞെടുത്തിട്ടാണ് മാധ്യമങ്ങളെ കണ്ടത്. എന്നിട്ടും ചീറ്റിപ്പോയ വിശദീകരണങ്ങള്‍ പിന്നീട് സോഷ്യല്‍ മീഡിയകളില്‍ ട്രോളായിമാറി. പക്ഷെ, ഒരു കാര്യം ഉറപ്പാണ്. കെ.എസ്.ആര്‍.ടി.സി ബസിന് കുറുകെ സ്വകാര്യ വാഹനമിട്ട് യാത്ര തടസ്സപ്പെടുത്തുകയും ഡ്രൈവറെ ഭീഷണിപ്പെടുത്തുകയും യാത്രക്കാരെ ഇറക്കിവിടുകയും ചെയ്ത സംഭവത്തില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോയാല്‍ പണി കിട്ടുന്നത് മേയര്‍ക്കും ഭര്‍ത്താവിനുമാണെന്ന് എല്ലാവര്‍ക്കുമറിയാം.
നിയമവിദഗ്ധരും ഇത് ചൂണ്ടിക്കാട്ടുന്നുണ്ട്. ഐ.പി.സി 353 പ്രകാരം കേസ് എടുക്കാവുന്ന നിയമലംഘനമാണ് ഇരുജനപ്രതിനിധികളും ചെയ്തിരിക്കുന്നത്. പൊതുപ്രവര്‍ത്തകനെ തന്റെ കടമ നിര്‍വ്വഹിക്കുന്നതില്‍ നിന്ന പിന്തിരിപ്പിക്കാന്‍ ആക്രമണം അല്ലെങ്കില്‍ ക്രിമിനല്‍ ശക്തി ഉപയോഗിച്ചുവെന്നാണ് ഈ വകുപ്പിന് കീഴില്‍ വരുന്നത്.
പൊതുജനങ്ങള്‍ക്കു വേണ്ടിയുള്ള സര്‍ക്കാര്‍ വാഹനം ഓടിക്കുന്ന ഡ്രൈവറുടെ കടമ തടസ്സപ്പെടുത്തുകയാണ് ഇവിടെ ചെയ്തിരിക്കുന്നതെന്നാണ് പുറത്തുവന്ന വീഡിയോകളില്‍ നിന്നൊക്കെയും വ്യക്തമായിരുന്നത്. മേയറും എംഎല്‍എയും ആരോപിക്കുന്നതു പോലെയുള്ള കാര്യങ്ങള്‍ ഉണ്ടെങ്കില്‍ തന്നെ നിയമപരമായി കൈകാര്യം ചെയ്യുന്നതിന് പകരം പദവി ഉപയോഗിച്ച് കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ ഭീഷണിപ്പെടുത്തുകയാണ് ചെയ്തിരിക്കുന്നത്.
ഒരു പൊതുസേവകന്‍ എന്ന നിലയിലുള്ള തന്റെ കടമ നിര്‍വ്വഹിക്കുന്നതിനോ, അല്ലെങ്കില്‍ ആ വ്യക്തിയെ അത്തരം പൊതുസേവകന്‍ എന്ന നിലയില്‍ തന്റെ കടമ നിര്‍വഹിക്കുന്നതില്‍ നിന്ന് തടയുകയോ, തടയാന്‍ ശ്രമിക്കുകയോ ചെയ്താല്‍ രണ്ട് വര്‍ഷം വരെ നീണ്ടുനില്‍ക്കുന്ന തടവോ പിഴയോ അല്ലെങ്കില്‍ ഇതുരണ്ടും കൂടിയോ ശിക്ഷിക്കപ്പെടാവുന്ന ജാമ്യമില്ലാ കുറ്റമായാണ് ഐ.പി.സി 353 വിവക്ഷിക്കുന്നത്. ഇതുപ്രകാരം കേസെടുക്കകുയാണ്ടെങ്കില്‍ തിരുവനന്തപുരം മേയര്‍ക്കും സിപിഎം എംഎല്‍എയ്ക്കും നിയമനടപടികള്‍ നേരിടേണ്ടി വരുമെന്ന് ഉറപ്പാണ്.
ഇവര്‍ക്കെതിരേ ഡ്രൈവറും പരാതി നല്‍കിയിരുന്നു. എന്നാല്‍, ഇതുവരെയും കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ പരാതിയില്‍ നടപടിയെടുത്തിട്ടില്ല. കെ.എസ്.ആര്‍.ടി.സി ഡ്രൈവറുമായുള്ള തര്‍ക്കത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന്റെ വാദത്തെ പൊളിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പോലീസും, സി.പി.എമ്മും അങ്കലാപ്പിലായി. വാഹനം കുറുകെ ഇട്ടിട്ടില്ല എന്നാണ് മേയര്‍ പറഞ്ഞത്. എന്നാല്‍ വാഹനം ബസിന് കുറുകെ ഇട്ടിരിക്കുന്ന ദൃശ്യം പുറത്തുവരികയും ചെയ്തു.
മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയ്ക്കുമെതിരെ കെ.എസ്.ആര്‍.ടി.സിയിലെ കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ്. ആര്യക്കും സച്ചിനുമെതിരെ കേസെടുക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. ദിവസ വേതനക്കാരനായ ഡ്രൈവറെ ഭീഷണിപ്പെടുത്തുകയും അയാള്‍ക്കെതിരെ കേസെടുക്കുകയും ചെയ്ത നടപടി പാവങ്ങളുടെ മേലുള്ള കുതിര കയറലാണ്. പോലീസിന്റെ നീതി നടപ്പാക്കല്‍ നാടകം ജനങ്ങളില്‍ ഉണ്ടാക്കുന്ന ഒരു വികാരമുണ്ട്. തെറ്റു ചെയ്തവര്‍ സംരക്ഷിക്കപ്പെടുമെന്നും, അധികാരം ഉളളവര്‍ക്ക് രക്ഷപ്പെടാന്‍ നിയമത്തിന്റെ പഴുതുകള്‍ കണ്ടെത്തി കൊടുക്കുന്ന ദല്ലാള്‍മാരാണ് പോലീസെന്നുമുള്ള ചിന്ത.
നിയമപരമായി മേയര്‍ക്കൊപ്പം കാറില്‍ വന്നവര്‍ക്കെല്ലാം കേസുണ്ടാകേണ്ടതാണ്. എന്നിട്ടും, പോലീസിന്റെ മുമ്പില്‍ ഡ്രൈവര്‍ മാത്രമാണ് തെറ്റുകാരന്‍. ദിവസ വേതനക്കാരനായ യദുവിനെ മുഖം രക്ഷിക്കാന്‍ തത്ക്കാലം ജോലിക്കു വരണ്ടെന്ന് KSRTCയും പറഞ്ഞിട്ടുണ്ട്. അതായത്, യദുവിന്റെ ദിവസ വേതന ജോലി തെറിച്ചു എന്നര്‍ത്ഥം. കൊച്ചു മകനും വയസ്സായ അമ്മയും അച്ഛനും മാത്രമുള്ള യദുവിന്റെ കുടുംബത്തിന്റെ ഏക വരുമാന സ്രോതസ്സാണ് അടഞ്ഞത്.