പേനകളുടെ ഉപയോഗം ഒരിക്കലും നില്‍ക്കുമെന്ന് തോന്നുന്നില്ല. ഓരോ വ്യക്തിയുടെയും ചിന്തകളും വിചാരങ്ങളും ദൈനംദിന പ്രവര്‍ത്തനങ്ങളും പേനകളിലൂടെ സംവദിക്കപ്പെടുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലുമുണ്ടായ വിപ്ലവങ്ങള്‍, യുദ്ധങ്ങള്‍, എന്തിനേറെ നവോത്ഥാന പ്രക്രിയകളില്‍ പോലും പേനകളുടെ പങ്ക് ഒഴിച്ചു കൂടാനാവാത്തതാണ്. അത്രയേറെ മനുഷ്യസമൂഹവുമായി ഇഴചേര്‍ന്നു നില്‍ക്കുന്നു ഈ ഉപകരണം. പല രൂപമാറ്റങ്ങളും വന്നുവെങ്കിലും ഇന്നും പേനകള്‍ മനുഷ്യരാശിയുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ താങ്ങുംതണലുമായി നില്‍ക്കുന്നു. പേനകളുടെ ചരിത്രം മനുഷ്യരാശിയുടെ ആരംഭത്തോടെ തന്നെ തുടങ്ങുന്നു. മനുഷ്യരാശിയോട് ഇത്രമാത്രം ബന്ധപ്പെട്ടുനില്ക്കുന്ന മറ്റൊരു ഉപകരണം ഇല്ലെന്നുതന്നെ പറയാം.
പേനകള്‍ ഇല്ലാത്ത ഒരു ലോകത്തെക്കുറിച്ച് ചിന്തിക്കാന്‍ കഴിയില്ല. കമ്പ്യൂട്ടറുകള്‍ സജീവമായതോടെ പേനകളുടെ ഉപയോഗം കുറയുമെന്ന ധാരണ ഉണ്ടായെങ്കിലും അതും അസ്ഥാനത്തായിരിക്കുന്നു. ലൂയിസ് എഡ്സ്ൺ വാട്ടർമാനാണ് ഫൗണ്ടൻ പേന രൂപകല്പന ചെയ്ത് നിർമ്മിച്ച പ്രതിഭാശാലി. 1884 – ൽ വാട്ടർമാൻ പെൻ കമ്പനി സ്ഥാപിച്ചു. ന്യൂയോർക്കിൽ ജനിച്ച വാട്ടർമാൻ തന്റെ പേന നിർമ്മിച്ചെടുക്കുന്നതിനായി പത്തു വർഷം പ്രയത്നിച്ചു. കേശികത്വത്തെ അടിസ്ഥാനമാക്കി തുടർച്ചയായും ഒരുപോലെയും മഷി പുറത്തുവരുന്ന ഫൗണ്ടൻ പേനയ്ക്ക് 1884 ൽ അദ്ദേഹം പേറ്റന്റ് കരസ്ഥമാക്കി.
വാട്ടര്‍മാന്‍ അമേരിക്കയില്‍ ഒരു ഇന്‍ഷുറന്‍സ് ബ്രോക്കറായിരുന്നു. തന്റെ തൊഴില്‍മേഖലയില്‍ ഉണ്ടായ ഒരു സംഭവമാണ് അദ്ദേഹത്തെ ഫൗണ്ടന്‍ പേനയുടെ കണ്ടുപിടിത്തത്തിലേക്ക് നയിച്ചത്. 1883 ല്‍ തന്റെ തൊഴിലുമായി ബന്ധപ്പെട്ട് വളരെ ഉയര്‍ന്ന ഒരു തുകയുടെ ഇന്‍ഷുറന്‍സ് കരാറില്‍ ഏര്‍പ്പെടാന്‍ വാട്ടര്‍മാന്‍ മറ്റൊരു വ്യക്തിയെ സമീപിച്ചു. അദ്ദേഹം അതിനു സമ്മതിക്കുകയും ചെയ്തു. എന്നാല്‍ ഇന്‍ഷുറന്‍സ് കരാര്‍ എഴുതുന്നതിനായി പേപ്പറുകള്‍ തയ്യാറാക്കാന്‍ ആരംഭിച്ചപ്പോള്‍ പേനയില്‍ നിന്നും മഷി പുറത്തേക്കു വന്നില്ല. വളരെ നേരത്തെ പരിശ്രമത്തിനു ശേഷവും അദ്ദേഹത്തിന് പേപ്പറുകള്‍ എഴുതുവാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല പേപ്പറുകള്‍ മുഴുവനും മഷിയില്‍ മുങ്ങി നശിച്ചു പോകുകയും ചെയ്തു. ഇക്കാരണത്താല്‍ തന്നെ ആ കരാറില്‍ ഏര്‍പ്പെടാന്‍ വാട്ടര്‍മാന് കഴിഞ്ഞില്ല. വാട്ടര്‍മാന്റെ ഇന്‍ഷുറന്‍സ് ഏര്‍പ്പാടുകളില്‍ വഴിത്തിരിവാകുമായിരുന്ന ഈ കരാര്‍ ലഭിക്കാതെ വന്നതോടെ അദ്ദേഹം വളരെ ദുഃഖിതനായി.തന്റെ ജീവിതത്തില്‍ നിര്‍ണ്ണായകമായത് പേനയാണെന്നും തന്റെ തൊഴില്‍മേഖലയില്‍ ഉണ്ടായ തടസം ഇനി ആര്‍ക്കും ഉണ്ടാകരുതെന്നും വാട്ടര്‍മാന്‍ മനസ്സിലുറപ്പിച്ചു.
മഷി നിറച്ച ട്യൂബില്‍ നിന്ന് നിബ്ബിലേക്ക് മഷി കൃത്യമായ അളവില്‍ മാത്രം ഇറങ്ങിവരുന്ന ക്യാപിലാറി പ്രവര്‍ത്തനം വിജയകരമായി നടത്തുവാന്‍ വാട്ടര്‍മാന് കഴിഞ്ഞു. ട്യൂബിനുള്ളിലെ വായു പുറത്തു പോകുന്നതിനായി ഒരു ചെറിയ സുഷിരവും അദ്ദേഹം നിര്‍മ്മിച്ചു. അങ്ങനെ ഫൗണ്ടന്‍പേന യാഥാര്‍ഥ്യമായി. 1884 ല്‍ ഇതിന്റെ പേറ്റന്റും അദ്ദേഹത്തിന് ലഭിച്ചു. പത്തൊമ്പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭഘട്ടത്തിലും ഫൗണ്ടന്‍പേനകള്‍ അരങ്ങുവാണു.
ഫൗണ്ടന്‍പേനകള്‍ക്കും പോരായ്മകൾ ഉണ്ടായിരുന്നു.
ഇതിനു പരിഹാരമായിട്ടായാണ് ലാസിയോ ജോസഫ് ബീറോ എന്ന അര്‍ജന്റീനക്കാരൻ
ബോള്‍ പോയിന്റ് പെൻ കണ്ടുപിടിച്ചത്. 1931-ലെ ബൂഡപെസ്‌റ്റ് രാജ്യാന്തര മേളയിലാണു അദ്ദേഹം ആദ്യമായി ബോള്‍ പോയിന്റ് പേന അവതരിപ്പിക്കുന്നത്. ഹംഗറിയില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്യുന്ന സമയത്ത് പത്രം അച്ചടിക്കാനുപയോഗിക്കുന്ന മഷി വളരെ വേഗം കടലാസില്‍ ഉണങ്ങുന്നതായും പാടുകള്‍ വീഴാതിരിക്കുന്നതും അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇതേ മഷിതന്നെ അദ്ദേഹം ഫൗണ്ടന്‍ പേനയില്‍ ഉപയോഗിച്ചപ്പോള്‍ മഷി പേനയുടെ മുനയിലേക്ക് ഒഴുകാതിരിക്കുന്നതാണു കണ്ടത്ത്.
ഇതേത്തുടര്‍ന്ന് രസതന്ത്ര ശാസ്‌ത്രജ്‌ഞനായ സഹോദരന്‍ ജിയോര്‍ഗുമായി ചേര്‍ന്നു പുതിയ രീതിയില്‍ മുനയുള്ള പേന നിര്‍മിക്കുകയായിരുന്നു. സോക്കറ്റിനുള്ളില്‍ സ്വതന്ത്രമായി ചലിക്കുന്ന ബോള്‍ അതിന്റെ അഗ്രത്തിലേക്കു ഊറിവരുന്ന മഷിയെ വലിച്ചെടുത്തു കടലാസിലേക്കു പതിപ്പിക്കുന്ന രീതിയിലായിരുന്നു പേനയുടെ രൂപകല്‍പന. ഈ കണ്ടുപിടുത്തത്തിനു അദ്ദേഹം 1938ല്‍ പാരീസില്‍ നിന്നു പേറ്റെന്റെടുത്തു. അര്‍ജന്റീനയില്‍ അവര്‍ രൂപീകരിച്ച കമ്പനിയാണു ബൈറോ പെന്‍ ഓഫ് അര്‍ജന്റീന. അര്‍ജന്റീനയില്‍ ബോള്‍പോയിന്റ് പേന അറിയപ്പെടുന്നത് ബിറോം എന്നാണ്. പേനയുടെ പുതിയ രൂപം നിര്‍മിച്ചു റോയല്‍ എയര്‍ഫോഴ്‌സിനു നല്‍കാന്‍ ബ്രിട്ടീഷ് സര്‍ക്കാരും ലൈസന്‍സ് നല്‍കി. ഫൗണ്ടന്‍ പേനയേക്കാള്‍ മികച്ചരീതിയില്‍ പോള്‍ പോയിന്റ് പേന പ്രവര്‍ത്തിക്കുന്നതായി അവര്‍ കണ്ടെത്തി. 1985-ല്‍ അര്‍ജന്റീനയില്‍വച്ച് ലാസിയോ ജോസഫ് ബീറോ അക്ഷരങ്ങളുടെ ലോകത്തുനിന്നു വിടപറഞ്ഞു..