‘സന്‍മനസ്സുള്ളവര്‍ക്കു സമാധാനം’ എന്ന മലയാള സിനിമയിലെ ഒരു ഹിറ്റ് ഗാനമുണ്ട്. മോഹന്‍ലാലും കാര്‍ത്തികയും തകര്‍ത്തഭിനയിച്ച സിനിമ ‘കണ്ണിനു കണ്‍കണി, കാതിനു തേന്‍കണി… എന്നാലും ഇന്നെന്റെ ‘വിഷപ്പൂവു നീ’ എന്നു തുടങ്ങുന്ന ഗാനത്തില്‍ ഒരു വിഷപ്പൂവിനെ കുറിച്ച് പറയുന്നുണ്ട്. ആ വിഷപ്പൂവാണ് ഒരു ചെറുപ്പക്കാരി പെണ്‍കൊച്ചിന്റെ ജീവനെടുത്തത്. പള്ളിപ്പാട് നീണ്ടൂര്‍ കൊണ്ടൂരേത്ത് സുരേന്ദ്രന്റെ ഇരുപത്തി നാല് വയസ്സുള്ള മകള്‍ സൂര്യാ സുരേന്ദ്രനാണ് പൂവിന്റെ വിഷം തീണ്ടി മതിക്കാനിടയായത്. കഴിഞ്ഞ ഞായറാഴ്ചയാണ് യു.കെയ്ക്കു പോകാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ ആദ്യം കുഴഞ്ഞുവീഴുകയും പിന്നീട് ആശുപത്രിയില്‍ മരിച്ചതും. കാര്‍ഡിയാക് ഹെമറേജ് മൂലമെന്നാണ് ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചിരിക്കുന്നത്.
കാണാന്‍ അഴകുള്ളതും, പറയുമ്പോള്‍ തന്നെ കേള്‍ക്കാന്‍ ഇമ്പമുള്ളതുമായ പൂവേ, എന്നാലും നീയൊരു വിഷപ്പൂവായിരുന്നല്ലോ. ഇത്രയും മാരകമായ പൂക്കളുണ്ടോ കേരളത്തില്‍ എന്നാണ് എല്ലാവരും ചിന്തിക്കുന്നത്. പൂക്കളിലും വിഷം പുരട്ടുന്ന പ്രകൃതി തന്നെ ഈ പൂവിനും ഒരു മനുഷ്യനെ ബ്രെയിന്‍ ഹെമറേജ് സംഭവിപ്പിച്ച് കൊല്ലാനുള്ള വിഷം കൊടുത്തിട്ടുണ്ട്. ആ പൂവ് ഏതാണെന്നല്ലേ. ക്ഷേത്രങ്ങളായ ക്ഷേത്രങ്ങളിലെല്ലാം പ്രസാദത്തിനൊപ്പം കിട്ടുന്ന ആ പൂവുതന്നെയാണ് വില്ലന്‍. ആരും കണ്ടാല്‍ കൊതിച്ചു പോകുന്ന ‘അരളി’. റോഡിന്റെ മീഡയനുകളില്‍ പല വര്‍ണ്ണത്തില്‍ വിരിഞ്ഞു നില്‍ക്കുന്ന അരളിയൊരു കൊടും വിഷമാണെന്ന് തിരിച്ചറിഞ്ഞത് കഴിഞ്ഞ ദിവസം മാത്രമായിരുന്നു.
അപ്പോസൈനേസീ കുടുംബത്തിലുള്ള നീരിയംജനുസിലെ ഏക സ്പീഷിസായ ഒരു നിത്യഹരിതസസ്യമാണ് അരളി. ഇന്ത്യയിലുടനീളം കാണുന്ന ഈ സസ്യത്തിന് എല്ലാത്തരം കാലാവസ്ഥയിലും വളരാന്‍ ശേഷിയുണ്ട്. മഞ്ഞ, ചുവപ്പ്, വെളുപ്പ്, കൃഷ്ണ എന്നീ നിറങ്ങളിലുള്ള പുഷ്പങ്ങള്‍ ഉണ്ടാകുന്ന അരളിച്ചെടികളുണ്ട്. എല്ലാ ഭാഗവും വിഷമായ ഈ ചെടി, ഉദ്യാന സസ്യങ്ങളില്‍ ഏറ്റവും വിഷമുള്ളവയില്‍ ഒന്നാണ്. അരളിച്ചെടി അലങ്കാരത്തിനും, ക്ഷേത്രങ്ങളില്‍ അരളിപ്പൂക്കള്‍ പൂജയ്ക്കും ഉപയോഗിക്കുന്നു. ‘കരവീര, അശ്വഘ്ന, അശ്വമാരക, ഹയമാരക’ പേരുകളില്‍ സംസ്‌കൃതത്തിലും ‘കനേര്‍’ എന്ന് ഹിന്ദിയിലും ഈ സസ്യം അറിയപ്പെടുന്നു.
സവിശേഷതകള്‍
ഏകദേശം 3 മീറ്റര്‍ വരെ പൊക്കത്തില്‍ അരളിച്ചെടി വളരുന്നുണ്ട്. ഇതിന്റെ തൊലിക്ക് ചാരനിറമാണ്. രണ്ടുവശവും കൂര്‍ത്ത് നടുക്ക് വീതിയുള്ളതും കട്ടിയുള്ളതും കടും പച്ചനിറത്തിലും ദീര്‍ഘരൂപത്തിലുമുള്ള ഇലകള്‍ ഈ സസ്യത്തിന്റെ പ്രത്യേകതകളാണ്. 5 ദളങ്ങള്‍ വീതമുള്ള പൂക്കള്‍ തണ്ടിന്റെ അറ്റത്ത് കുലകളായി കാണപ്പെടുന്നു. ചെടിയ്ക്ക് വെളുത്ത നിറത്തില്‍ കറ ഉണ്ടാകുന്നു. അരളിയുടെ എല്ലാഭാഗവും വിഷമുള്ളതും ദുര്‍ഗന്ധമുള്ളതുമാണ്. ഈ ചെടിയുടെ കായ അല്ലെങ്കില്‍ ഇലകള്‍ ഒക്കെ കഴിച്ചു നിരവധി അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പശുക്കള്‍ക്കും, ആടിനും ഒന്നും ഇതിന്റെ ഇലയോ, പൂവോ കൊടുക്കരുത്.
അരളിയെ വിഷമാക്കുന്ന ഘടകം
Oleandrin (Formula: C32H48O9: Molecular Weight: 576.72 g/mol), Oleandrigenin (C25H36O6: Molecular Weight: 432.557 g/mol ) എന്നീ രണ്ടു കോമ്പൗണ്ടുകള്‍ ആണ് ഈ ചെടിയെയും പൂക്കളെയും വിഷമയം ആക്കുന്നത്. പിങ്ക് നിറമുള്ള അരളിപ്പൂക്കളുടെ ഇതളുകളുടെ രുചിയും ഗുണങ്ങളും. രസം: കടു, തിക്തം, കഷായം. ഗുണം: ലഘു, രൂക്ഷം, തീക്ഷ്ണം. വീര്യം: ഉഷ്ണം. വിപാകം: കടു. ഔഷധയോഗ്യ ഭാഗം: വേരിന്മേല്‍ തൊലി, ഇല.
ഔഷധമൂല്യം
ഡെല്‍ഹി സര്‍വകലാശാലയിലെ രസതന്ത്രവിഭാഗം പ്രൊഫസര്‍മാരായ എസ്. രംഗസ്വാമി, ടി.എസ്. ശേഷാദ്രി എന്നിവര്‍ നടത്തിയ ഗവേഷണങ്ങളില്‍ നിന്നും; വേര്, ഇല എന്നിവിടങ്ങളില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന ഗ്ലൈക്കോസൈഡുകള്‍ ഹൃദയപേശികളില്‍ പ്രവര്‍ത്തിച്ച്, അതിന്റെ സങ്കോച-വികാസങ്ങളുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ വേരിലെ തൊലിക്ക് ശ്വാസകോശത്തിന്റെ സങ്കോച-വികാസശേഷി വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള കഴിവ് ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. വളരെ ലഘുവായി മാത്രമേ ഔഷധങ്ങള്‍ ഉപയോഗിക്കേണ്ടത്. അല്ലെങ്കില്‍ വിപരീതഫലം ഉണ്ടാക്കാന്‍ വഴിവയ്ക്കും.
വിഷമുള്ളതാണ് എങ്കിലും ഔഷധമായും ഉപയോഗിക്കുന്ന ഈ സസ്യത്തെ ഉള്ളിലേയ്ക്ക് കഴിക്കുന്നതിനായി ആയുര്‍വേദത്തിന്റെ പ്രാമാണിക ഗ്രന്ഥങ്ങള്‍ വിവരിക്കുന്നില്ല. വൃണങ്ങളിലും കുഷ്ഠരോഗം തുടങ്ങിയ രോഗങ്ങള്‍ക്ക് പുറമേ പുരട്ടുന്നതിന് നല്ലതാണെന്ന് ശുശ്രുതന്‍ വിധിക്കുന്നുണ്ടെന്ന് പുരാണം. നിയന്ത്രിതമാത്രയില്‍ ഹൃദയപേശികളുടെ സങ്കോചവികാസ ക്ഷമത വര്‍ദ്ധിപ്പിക്കും, കൂടുതല്‍ അളവില്‍ ഇവയുടെ പ്രവര്‍ത്തനം മന്ദഗതിയിലാകും.
വിഷം എങ്ങനെ
തണ്ടും ഇലയും വളരെ വിഷമയമായ സസ്യമാണിത്. ചെറിയ അളവിലെങ്കിലും ഉള്ളില്‍ പോയാല്‍ വിഷബാധയേല്‍ക്കാനുള്ള സാധ്യതയുണ്ട്. കത്തിച്ച് പുക ശ്വസിച്ചാലും വിഷബാധയേല്‍ക്കാം.
ശുദ്ധിചെയ്‌തെടുക്കാം
അരളി പശുവിന്‍ പാലില്‍ ഡോളായന്ത്രവിധി പ്രകാരം പാകം ചെയ്താല്‍ ശുദ്ധിയാകും. അരളിയുടെ ഇളംതണ്ടിന്റെ തൊലി വെയിലത്തു വച്ച് ഉണക്കി സൂക്ഷിച്ചാല്‍ കുറെ നാള്‍ കൊണ്ടു വിഷം ഇല്ലാതാകും.
സംസ്ഥാനത്ത് കാണപ്പെടുന്ന പൂക്കളില്‍ ഒന്നാണ് അരളി. കേരളത്തിലെ ക്ഷേത്രങ്ങളിലടക്കം അരളിപ്പൂക്കള്‍ പൂജകള്‍ക്കും മറ്റും ഉപയോഗിച്ചു വരുന്നുണ്ട്. തമിഴ്‌നാട്ടിലൂടെ യാത്ര ചെയ്യുകയാണെങ്കില്‍ വഴിയോരങ്ങളിലും സംസ്ഥാന, ദേശീയപാതകളിലുമൊക്കെ അരളിച്ചെടികള്‍ കാണാം. കമ്പുകുത്തിയും പതിവെച്ചും പുതിയ തൈകള്‍ ഉത്പാദിപ്പിക്കാനും സാധിക്കും. ഈര്‍പ്പം ഒട്ടുമില്ലാത്ത ഇടത്തു പോലും ഈ ചെടി വളരുമെന്നതാണ് പ്രത്യേകത. അതുകൊണ്ടു തന്നെ ചില്‍ഡ്രന്‍സ് പാര്‍ക്കുകളിലും, ഡിവൈഡറുകളിലും, കടല്‍ത്തീരങ്ങളിലും, ഉദ്യാനങ്ങളിലും, റിസര്‍വോയര്‍ സൈറ്റുകളിലും, എന്തിന് സര്‍ക്കാര്‍ ആശുപത്രികളില്‍ വരെ ഈ വിഷപ്പൂവിനെ താലോലിച്ച് വളര്‍ത്തുന്നുണ്ട്.
മന്ത്രിമാര്‍ ഇരിക്കുന്ന സെക്രട്ടേറിയറ്റിലും ഇവനുണ്ട്. നിയമസഭാ കോമ്പൗണ്ടിലും, തയ്ക്കാട് അമ്മയും കുഞ്ഞും ആശുപത്രിയിലും മെഡികകല്‍ കോളേജ് എസ്.എടിയുടെ പരിസരത്തും ഇഴന്‍ വളര്‍ന്ന് പുഷ്്പിച്ച് നില്‍പ്പുണ്ട്. മനുഷ്യരെ കൊല്ലാന്‍ കഴിയുന്ന വിഷമാണ് അരളിയെന്നറിയാത്തവര്‍ ഇപ്പോഴും പൂജയക്കും മാലയ്ക്കുമെല്ലാം ഉപയോഗിക്കുന്നുമുണ്ട്. കഴിഞ്ഞ ഞായറാഴ്ച രാത്രി എട്ടിന് യു.കെ.യിലേക്ക് പോകുന്നതിനായി വിമാനത്താവളത്തിലെത്തിയ സൂര്യ എമിഗ്രേഷന്‍ പരിശോധനയ്ക്കിടെയാണ് കുഴഞ്ഞുവീണത്. ഉടനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നാലെ പരുമലയിലെ ആശുപത്രിയിലുമെത്തിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ മരിച്ചു. ബി.എസ്സി. നഴ്സിങ് യോഗ്യത നേടിയ സൂര്യ ഏറെ പരിശ്രമിച്ചാണ് യു.കെ.യിലേക്ക് പോകുന്നതിനുള്ള വിസ തരപ്പെടുത്തിയത്.
ആഗ്രഹിച്ച ജോലിതേടിയുള്ള യാത്രയ്ക്കിടെയാണ് അന്ത്യം. ഞായറാഴ്ച രാവിലെ 11.30-നാണ് പള്ളിപ്പാട്ടുനിന്ന് ബന്ധുക്കള്‍ക്കൊപ്പം യാത്രതിരിച്ചത്. ആലപ്പുഴ മുതല്‍ സൂര്യ ഛര്‍ദ്ദിക്കുന്നുണ്ടായിരുന്നു. എന്നാല്‍, അതൊന്നും കാര്യമാക്കാതെ യാത്രതുടര്‍ന്നു. വിമാനത്താവളത്തില്‍ കയറുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. മൃതദേഹം ചൊവ്വാഴ്ച വൈകീട്ട് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. യാത്രപുറപ്പെടുന്നതിന് മുന്‍പ് അയല്‍വീട്ടിലെ അരളിച്ചെടിയുടെ പൂവ് കടിച്ചു തിന്നിരുന്നു. ഇതേ തുടര്‍ന്നായിരിക്കാം കാര്‍ഡിയാക് ഹെമറേജ് ഉണ്ടായതെന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത് ഡോക്ടര്‍ അറിയിച്ചതായി കേസ് അന്വേഷിക്കുന്ന ഹരിപ്പാട് പോലീസ് പറയുന്നു. മൃതദേഹം ചൊവ്വാഴ്ച വണ്ടാനം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്കയച്ചു. ഇതിന്റെ ഫലംകൂടി ലഭിച്ചാലെ കൂടുതല്‍ വ്യക്തത വരികയുള്ളൂവെന്ന് പോലീസ് പറഞ്ഞു.
അരളിയെ വെറുക്കണോ ?
അരളി എന്ന പുഷ്പത്തെ മലയാളികള്‍ അത്രയേറെ ചേര്‍ത്തു നിര്‍ത്തിയിട്ടുണ്ട്. വിവാഹത്തിന് ഹാരമായും, മരണാനന്തര ക്രിയകള്‍ക്കും അരളിപ്പൂ ഉപയോഗിക്കുന്നുണ്ട്. അമ്പലങ്ങളില്‍ ഒഴിച്ചു കൂടാനാവാത്ത പൂവാണിത്. ഈ പൂവിന്റെ വിഷത്തെക്കുറിച്ച് മലയാളികള്‍ക്ക് മനസ്സിലാകാന്‍ സൂര്യയുടെ മരണം കാരണമായി. ഈ പൂവിനെ വെറുക്കണണെന്നല്ല, പക്ഷെ, സൂക്ഷിക്കണം.