വിഴിഞ്ഞം തുറമുഖം: ഇനിയും അടുക്കാത്ത അടിസ്ഥാന വികസന കപ്പല്‍: വിഴിഞ്ഞം എന്താകുമെന്ന് ആശങ്ക?

രാജ്യത്തിന്റെ അഭിമാന പദ്ധതിയും ആദ്യ ട്രാന്‍സ്ഷിപ്പ്‌മെന്റ് പോര്‍ട്ടുമായ വിഴിഞ്ഞം അതിന്റെ കുതിപ്പു തുടങ്ങാന്‍ തയ്യാറെടുക്കവേ അടിസ്ഥാന സൗകര്യവികസന കാര്യങ്ങളിലെ അവ്യക്തത ഇപ്പോഴും തുടരുന്നു.

വിഴിഞ്ഞം യാഥാര്‍ത്ഥ്യമാകാന്‍ ആറുമാസം മാത്രം ബാക്കിനില്‍ക്കവേ തുറമുഖത്തിലേക്കുള്ള റോഡ്-റെയില്‍ കണക്റ്റിവിറ്റിയുടെ കാര്യത്തിലാണ് അവ്യക്തത. തുറമുഖ കവാടത്തില്‍ നിന്നും എന്‍എച്ച് 66 ബൈപ്പാസിനെ ബന്ധിപ്പിച്ചുകൊണ്ട് നിര്‍മ്മിക്കുന്ന നാലുവരി പാതയുടെ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നെങ്കിലും പൂര്‍ത്തികരിക്കാന്‍ ഒന്നരവര്‍ഷത്തിലധികം വേണ്ടി വരുമെന്നാണ് കണക്ക്ക്കൂട്ടല്‍.

തുറമുഖ നടത്തിപ്പിന് പ്രധാന വെല്ലുവിളിയായി മുന്നില്‍ നില്‍ക്കുന്നത് റോഡ് കണക്റ്റുവിറ്റിയാണ്. നിലവില്‍ വിഴിഞ്ഞം വഴി പൂവാറില്‍ എത്തി തമിഴ്‌നാട് അതിര്‍ത്തിയിലേക്കു പോകുന്ന രണ്ടു വരി റോഡാണ് തുറമുഖത്തെ ബന്ധിപ്പിച്ചുകൊണ്ടുള്ള ഏക കണക്റ്റിവിറ്റി. തുറമുഖം പ്രവര്‍ത്തന സജ്ജമായാല്‍ ഈ റോഡ് വഴിയുള്ള കണക്റ്റിവിറ്റി വലിയ പ്രശ്‌നമായി മാറും. കുപ്പിക്കഴുത്തുപോലുള്ള നിലവിലെ റോഡില്‍ വലിയ തിരക്കിനു കാരണമാകും.

റോഡിനു പുറമെ തുറമുഖവുമായി ബന്ധപ്പെട്ട റെയില്‍ കണക്റ്റിവിറ്റിയിലും യാതൊരു വ്യക്തതയും വന്നിട്ടില്ല. ട്രാന്‍സ്ഷിപ്പ്‌മെന്റ് തുറമുഖമായതിനാല്‍ താല്‍ക്കാലികമായി ഇതൊരു വിഷയമല്ലെന്നു തുറമുഖ അധികൃതര്‍ പറയുന്നു. എങ്കിലും സംസ്ഥനത്തും, ഇതര സംസ്ഥാനങ്ങളിലും നിന്നും കണ്ടയിനര്‍ ലോറികള്‍ തുറമുഖത്ത് എത്തിയാല്‍ ഊഹിക്കാന്‍ സാധിക്കുന്നതിനുമപ്പുറം തിരക്ക് ഉണ്ടാകും. മികച്ച റോഡ് സൗകര്യം ഒരുക്കിയില്ലെങ്കില്‍ വന്‍ ഗതാഗതക്കുരിക്കിലേക്ക് തുറമുഖ കവാടം വഴിമാറുമെന്ന വിലയിരുത്തപ്പെടുന്നു.

തുറമുഖ റോഡ് എന്‍എച്ച് ബൈപ്പാസുമായി ചേരുന്ന ഭാഗത്ത് നിലവില്‍ ട്രംപറ്റ് മാതൃകയായാണ് വിഭാവനം ചെയ്യുന്നത്. ഇതിനായി 42 സെന്റോളം ഭൂമി സ്വകാര്യ വൃക്തികളില്‍ നിന്നും ഏറ്റെടുക്കേണ്ടതുണ്ട്. ഇതില്‍ 35.81 സെന്റ് ഭൂമി തുറമുഖ കമ്പിനിയായ വിസില്‍ ഏറ്റെടുത്തു കഴിഞ്ഞു. ബാക്കി വരുന്ന ആറ് സെന്റ് ഭൂമിയുടെ കാര്യത്തില്‍ ഉടന്‍ തീരുമാനം എടുക്കും. ഇവിടെയാണ് ട്രംപറ്റ് മാതൃകയില്‍ മേല്‍പ്പാലം നിര്‍മ്മിച്ച് ഇരുവശത്തെ റോഡുകളുമായി ബന്ധിപ്പിക്കുന്നത്. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് നിര്‍മ്മിക്കുന്ന റിങ് റോഡിന്റെ പ്രവേശനകവാടവും ഈ ട്രംപറ്റ് ജംക്ഷനിലാണ്. റിങ് റോഡിനായി ഭൂമി ഏറ്റെടുക്കുന്ന നടപടികള്‍ ആരംഭിക്കാത്ത സാഹചര്യത്തില്‍ എന്തു ചെയ്യുമെന്ന അവസ്ഥയിലാണ് വിഴിഞ്ഞം തുറമുഖ കമ്പിനി. റിങ് റോഡിനുള്ള സ്ഥലം കൂടി എടുത്തു നല്‍കിയാല്‍ മാത്രമെ ട്രംപറ്റ് ജംക്ഷന്റെ ഡിസൈന്‍ ഉള്‍പ്പടെ നടത്തി നിര്‍മ്മാണം ആരംഭിക്കാന്‍ കഴിയുകയുള്ളു.

തുറമുഖ കവാടത്തില്‍ നിന്നും രണ്ടു കിലോമീറ്റര്‍ നീളത്തിലാണ് പുതിയ നാലുവരി പാത വരുന്നത്. ഈ പാതയുടെ 60 ശതമാനം ജോലിയും പൂര്‍ത്തിയായിട്ടുണ്ട്. ഈ പാതയില്‍ രണ്ട് പാലങ്ങളുടെ പണിയും പൂര്‍ത്തിയായി. അപ്രോച്ച് റോഡിന്റെ മുല്ലൂരില്‍ നിന്നുള്ള ഭാഗത്തെ നിര്‍മ്മാണവും തുടങ്ങിയിട്ടില്ല. ഇവിടെ അടിപാതയോ മോല്‍പ്പാലമോ വേണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. തീരദേശ പാതയില്‍ ഉള്‍പ്പെട്ട വിഴിഞ്ഞം- പൂവാര്‍ റോഡ് കടന്നു പോകുന്ന ഭാഗത്താണ് തുറമുഖത്തിന്റെ അപ്രോച്ച് റോഡ് തുടങ്ങുന്നത്. നിലവില്‍ റൗണ്ട് എബോട്ടാണ് അവിടെ ഡിസൈന്‍ ചെയ്തിരിക്കുന്നത്. തിരക്കേറിയ റോഡായതിനാല്‍ റൗണ്ട് എബോട്ട് പ്രായോഗികമല്ലെന്നാണ് നാട്ടുകാര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ മേല്‍പ്പാലമോ അടിപ്പാതയോ താത്ക്കാലം നിര്‍മ്മിക്കുന്നില്ലെന്ന് കമ്പിനി അധികൃതരും വ്യക്തമാക്കി.

റെയില്‍ പദ്ധതിയും ഈഴഞ്ഞു നീങ്ങുന്നു.

തുറമുഖത്തെ ബാലരാമപുരം റെയില്‍വേ സ്റ്റേഷനുമായി ബന്ധപ്പെടുത്തുന്ന ഭൂഗര്‍ഭ പാതയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ അംഗീകാരമായിട്ടും തുടര്‍ നടപടികള്‍ക്ക് മെല്ലേപ്പോക്ക്. തുറമുഖവുമായി ഏറ്റവും അടുത്തുള്ള ബാലരാമപുരം റെയില്‍വേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ഈ നിര്‍ദ്ദിഷ്ട ഭൂഗര്‍ഭ പാതയ്ക്ക് 10.7 കിലോമീറ്ററാണ് നീളം. ഇതില്‍ 9.43 കിലോമീറ്ററും ഭൂമിക്കടിയിലൂടെയാണ്. 1154 കോടി ചെലവ് വരുന്ന പദ്ധതി നിര്‍മ്മാണം തുടങ്ങി മൂന്നരവര്‍ഷത്തിനകം പൂര്‍ത്തിയാക്കും. കൊങ്കണ്‍ റെയില്‍ കോര്‍പ്പറേഷനാണ് നിര്‍മ്മാണച്ചുമതല. ഈ പദ്ധതിയും തുടക്കമിടാന്‍ തടസ്സം നേരിടുന്ന സാഹചര്യത്തില്‍ തുറമുഖത്തേക്കുള്ള റോഡ്-റെയില്‍ കണക്റ്റിവിറ്റികള്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന തുറമുഖമെന്ന ഖ്യാതി വിഴിഞ്ഞത്തിനു ലഭിക്കും.