മുറ്റം നിറയെ പല വര്‍ണങ്ങളില്‍ പൂത്ത് നില്‍ക്കുന്ന പൂക്കള്‍ കാണാന്‍ എന്ത് ഭംഗിയാണല്ലേ. എന്നാല്‍ അവ മരണം വരെ വരുത്താന്‍ സാധ്യത ഉള്ള വിഷം ആണെന്നറിഞ്ഞാലോ…അരളി, കാണാന്‍ ഭംഗിയുള്ളതും മണമുള്ളതുമായ അരളി പൂവില്‍ വിഷാംശമുണ്ട്. കേരളത്തിലെ ക്ഷേത്രങ്ങളില്‍ നിവേദ്യത്തിനൊപ്പം തരുന്ന അരളി പൂവ് എല്ലാവര്‍ക്കും സുപരിചിതമാണ്. അലങ്കാര സസ്യമായ അരളിപൂവ് ഭക്ഷ്യയോഗ്യമല്ല കാരണം ഇതില്‍ വിഷാംശമുണ്ട്.
നോര്‍ത്ത് ആഫ്രിക്കയാണ് അരളി ചെടിയുടെ ഉത്ഭവം. നീരിയം ഒലിയാന്‍ഡര്‍ എന്ന ശാസ്ത്രീയനാമത്തിലാണ് ഈ കുറ്റിച്ചെടി അറിയപ്പെടുന്നത്. അപ്പോസയനേസിയേ കുടുംബത്തില്‍പ്പെട്ട ഈ ചെടിയുടെ ഇലയിലും പൂവിലും കായയിലും വേരിലും വരെ വിഷാംശമുണ്ട്. ഇതിലെ പാല്‍പോലെ ഉള്ള ഒലിയാന്‍ഡ്രിലിന്‍ എന്ന രാസവസ്തു ശരീരത്തിലെത്തിയാല്‍ ഛര്‍ദിയും ദേഹാസ്വസ്ഥ്യവും ഉണ്ടാകും. മാത്രമല്ല ഇത് ഹൈപ്പോ ടെന്‍ഷന്‍, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയിലേക്ക് നയിച്ചേക്കാം.
മോണിങ് ഗ്ലോറി (Morning glory) മിക്ക പറമ്പുകളിലും കാണപ്പെടുന്നതാണ് മോണിങ് ഗ്ലോറി എന്ന വള്ളിച്ചെടി. കാണാന്‍ ഭംഗിയുള്ള ഈ ചെടിയുടെ വിത്തുകള്‍ വളരെ അപകടകാരികളാണ്. വലിയ അളവില്‍ കഴിച്ചാല്‍ ഛര്‍ദ്ദില്‍, വയറിളക്കം, ഹാലൂസിനേഷന്‍ പോലെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. എല്‍എസ്ഡിക്ക് സമാനമയാ കെമിക്കലാണ് ഈ ചെടിയില്‍ കാണപ്പെടുന്നത്. കാഹളമൂതും മാലാഖ (Angles trumpet) അഥവ എയ്‌ഞ്ചെല്‍സ് ട്രെംപറ്റ് എന്നാണ് ഈ പൂവ് അറിയപ്പെടുന്നത്.
ലോകത്തിലെ ഏറ്റവും അപകടകരമായ പൂക്കളിലൊന്നാണ് കാഹളമൂതും മാലാഖ. ഈ പാസ്റ്റല്‍ പിങ്ക് പൂക്കള്‍ ആകര്‍ഷകമായി തോന്നുമെങ്കിലും അപകടകരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നതാണ്. ഈ പൂക്കള്‍ കഴിച്ചാല്‍ വ്യത്യസ്ത തരത്തിലുള്ള ഇല്ലാത്തത് പലതും ഉള്ളതായി തോന്നുന്ന ഹാലൂസിനേഷന്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. മഞ്ഞ, പിങ്ക്, വെള്ള, ഓറഞ്ച്, ഗോള്‍ഡ്, പീച്ച് എന്നിങ്ങനെ വ്യത്യസ്ത നിറങ്ങളില്‍ ഈ പൂക്കള്‍ കാണപ്പെടുന്നുണ്ട്. ലോകമെമ്പാടുമുള്ള ഏറ്റവും മനോഹരമായ വിഷ പുഷ്പങ്ങളില്‍ ഒന്നായി ഇത് അറിയപ്പെടുന്നു.
ചെകുത്താന്‍ പഴം (Deadly nightshade) കാണാന്‍ നല്ല ഭംഗിയുള്ള കുഞ്ഞ് പഴങ്ങള്‍ വളരുന്ന ചെടിയാണിത്. ഡെഡ്‌ലി നൈറ്റ് ഷെയ്ഡ് എന്ന് വിളിപ്പേരുള്ള ഈ ചെടി വളരെ അപകടകാരികളാണ്. അട്രോപ ബെല്ലാഡോണയെന്നാണ് ഇതിന്റെ ശാസ്ത്ര നാമം. തക്കാളി, ഉരുളക്കിഴങ്ങ്, വഴുതനങ്ങ എന്നിവയുടെ ഇനത്തില്‍പ്പെട്ടതാണ് ഈ ചെടി. എല്ലാ ഭാഗങ്ങളിലും വിഷമുള്ളതാണ് ഈ ചെടിയെന്നത് മറ്റൊരു പ്രത്യേകതയാണ്. മൂന്നിനം ആല്‍ക്കലോയ്ഡുകളാണ് ഈ ചെടിയെ വിഷാംശമുള്ളതാക്കുന്നത്.
അനിയന്ത്രിതമായ വിയര്‍പ്പ്, വയറിന് അസ്വസ്ഥത എന്നിവയെല്ലാം ഇത് കഴിച്ചാലുണ്ടാകാറുണ്ട്. കാണാന്‍ കുഞ്ഞന്മാരായത് കൊണ്ട് തന്നെ കുട്ടികള്‍ ഇത് കണ്ട് ആകര്‍ഷിപ്പെടുകയും കഴിക്കുകയും ചെയ്യാറുണ്ട്. ഇങ്ങനെ നിത്യേന വെള്ളമൊഴിച്ച് വളമിട്ട്, നാം വളര്‍ത്തിയെടുക്കുന്ന ചെടികളില്‍ വിരിയുന്ന പൂക്കളെല്ലാം വിഷം തരുന്നവയാണ്. ഇത് മനസ്സിലാക്കി വേണം ഓരോ ചെടികളെയും വളര്‍ത്താനോ വെട്ടാനോ ചെയ്യേണ്ടത്.