സെക്രട്ടേറിയറ്റ് അടക്കമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ എലിശല്യം രൂക്ഷമായിരുന്നുവെന്ന് പണ്ടൊക്കെ വ്യാക പരാതിയുണ്ടായിരുന്നു. ഇപ്പോഴും എലിശല്യമുണ്ട്. പക്ഷെ, ഓഫീസുകള്‍ക്ക് പുറത്തേക്ക് പരാതികള്‍ വരാതെ നോക്കുന്നുണ്ട്. ഇതാണ് സര്‍ക്കാര്‍ ഓഫീസുകളില്‍ വന്നിരിക്കുന്ന മാറ്റം. ഫയലുകള്‍ തിന്നാന്‍ എലികള്‍ക്ക് പ്രത്യേക ഇഷ്ടമാണ്. ഇപ്പോള്‍ ഇ. ഫയലിംഗായതോടെ എലികള്‍ കടിച്ചു മുറിക്കുന്നത് കമ്പ്യൂട്ടര്‍ വയറുകളാണ്. കമ്പ്യൂട്ടറിലായാലും പേപ്പറിലായാലും ഫയല്‍ എന്നത് എലിക്ക് പ്രിയമാണ്. എലിയുടെ ഫയല്‍ കരള്‍ച്ചയയ്ക്കു പിന്നാലെ ഇടയ്ക്കിടയ്ക്കുണ്ടാകുന്ന ഷോര്‍ട്ട് സര്‍ക്യൂട്ട് തീ പിടുത്തങ്ങളാണ് ഫയലുകള്‍ കൂട്ടത്തോടെ കത്തിച്ച് ഇല്ലാതാക്കുന്നത്.
അല്ലാതെ ഒരു കഷ്ണം പേപ്പര്‍ പോലും സെക്രട്ടേറിയറ്റിനു പുറത്തേക്കു പോകില്ല. ഇങ്ങനെയൊക്കെ ജീവിതങ്ങള്‍ ഉറങ്ങുന്ന ഫയലുകളെ ഇരുമ്പു മറപോലെ സംരക്ഷിക്കുന്ന സര്‍ക്കാരിനെ പുഷ്പ്പം പോലെ പറ്റിച്ച് ഫയലുകളെല്ലാം കമ്പ്യൂട്ടര്‍ വഴി ചോര്‍ത്തുന്ന ഒരു മാഫിയാ സംഘം കാലങ്ങളായി സെക്രട്ടേറിയറ്റില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ഇന്റലിജന്‍സ് ബ്യൂറോയുടെ രഹസ്യ റിപ്പോര്‍ട്ട്. ഐ.ബി. റിപ്പോര്‍ട്ട് സത്യവിരുദ്ധമായി എഴുതി പിടിപ്പിക്കാന്‍ കഴിയില്ലല്ലോ എന്നതാണ് ഞെട്ടിക്കുന്നത്. ഉന്നതരുടെ അറിവോടെയാണ് സെക്രട്ടേറിയറ്റിലെ ഇ-ഫയലുകള്‍ ചോര്‍ന്നു പൊയ്‌ക്കൊണ്ടിരിക്കുന്നത്.
ഒരു ഫയലെങ്കിലും ചട്ട വിരുദ്ധമായി ഓഫീസിനു പുറത്തു പോയിട്ടുണ്ടെങ്കില്‍, ആ ഫയലില്‍ ഉറങ്ങുന്ന ജീവിതങ്ങളെ എങ്ങനെ സംരക്ഷിച്ചെന്നാണ് സര്‍ക്കാരിന് അവകാശപ്പെടാന്‍ കഴിയുന്നത്. കമ്പ്യൂട്ടര്‍ ഹാക്ക് ചെയ്ത് കൈവശപ്പെടുത്തുന്ന മാഫിയ സംഘത്തെ കണ്ടെത്താന്‍ കഴിയുമോ എന്നതാണ് മറ്റൊരു ചോദ്യം. ഒരു മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനാണ് ഇതിന് പിന്നിലെന്നാണ് ആക്ഷേപം ഉര്‍ന്നിരിക്കുന്നത്. ഐ.ടി സെല്ലിലെ കരാര്‍ ജീവനക്കാരുടെ സഹായത്തോടെയാണ് ഈ സംഘം വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.
വിവാദ ഫയലുകളില്‍ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥര്‍ പ്രതികൂലമായ അഭിപ്രായങ്ങള്‍ എഴുതുന്നത് തടയാനാണ് ഈ രീതിയില്‍ ഫയലുകള്‍ ‘ബാക്ക് എന്‍ഡില്‍’ നിന്ന് മോഷ്ടിക്കുന്നത്. അഴിമതി ചൂണ്ടിക്കാണിച്ച് ഫയലില്‍ നോട്ടെഴുതുന്ന ഉദ്യോഗസ്ഥരെ നിഷ്പ്രഭമാക്കാന്‍ ഇതുവഴി സാധിക്കും. എന്നാല്‍ അവര്‍ ഫയല്‍ കണ്ട് പോയതായിട്ടാണ് രേഖയില്‍ കാണിക്കുക. വര്‍ഷങ്ങള്‍ക്ക് ശേഷം ഏതെങ്കിലും വിജിലന്‍സ് കേസില്‍ പ്രതി ചേര്‍ക്കുമ്പോഴായിരിക്കും ആ ഉദ്യോഗസ്ഥന്‍ ആ ഫയല്‍ ആദ്യമായി കാണുന്നത്. പാസ്വേഡും ലോഗിനും ഉപയോഗിച്ച് അതാത് ഉദ്യോഗസ്ഥര്‍ക്ക് മാത്രം തുറക്കാന്‍ പറ്റുന്ന ഫയലുകള്‍ സിസ്റ്റം ഹാക്ക് ചെയ്ത് അവരുടെ അറിവില്ലാതെ അപ്രത്യക്ഷമാക്കുന്ന നൂതന വിദ്യയാണ് ഇതിലൂടെ പുറത്തു വന്നിരിക്കുന്നത്.
നൂറുകണക്കിന് ഫയലുകള്‍ ഇത്തരത്തില്‍ അപ്രത്യക്ഷമാക്കിയിരിക്കാം എന്നാണ് കണക്കാക്കപ്പെടുന്നത്. മൈനിംഗ് & ജിയോളജി, വനം-വന്യജീവി, റവന്യു, എക്‌സൈസ് നികുതി വകുപ്പ്, പട്ടികവര്‍ഗ്ഗ ക്ഷേമം, ആരോഗ്യക്ഷേമം, സിവില്‍ സപ്ലൈസ്, വ്യവസായം, പൊതുമരാമത്ത് എന്നീ വകുപ്പുകളില്‍ നിന്നാണ് കൂടുതല്‍ ഫയലുകളും നിയമവിരുദ്ധമായി മാറ്റിയതെന്ന് ആക്ഷേപമുണ്ട്. ജോയിന്റ് സെക്രട്ടറി മുതല്‍ മുകളിലേക്കുള്ള പലരുടെയും അക്കൗണ്ട് ഇത്തരത്തില്‍ ഹാക്ക് ചെയ്തതായി പറയുന്നു. താഴെ തട്ടിലെ ഉദ്യോഗസ്ഥരുടെ ഫയലുകള്‍ അവരറിയാതെ പുള്‍ ചെയ്ത് എടുക്കാന്‍ ആവശ്യപ്പെട്ട് ഇ-മെയില്‍ അയക്കുകയാണ് മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ പ്രധാന കലാപരിപാടി.
ചില ഘട്ടങ്ങളില്‍ ഇ-മെയില്‍ അയയ്ക്കാതെയും ഫയല്‍ പൊക്കും. ഇത്തരം കേസുകള്‍ ഇനി കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടായിരിക്കുമെന്ന് വിദ്ഗ്ദ്ധര്‍ പറയുന്നു. ഈ സംഘം വിവിധ വകുപ്പുകളിലെ വിവാദ ഫയലുകളില്‍ അനുകൂല തീരുമാനം എടുപ്പിച്ച് നല്‍കുന്നതിന് ‘കരാറെടുക്കുകയും’ അതിനൊരു തുക കൈപ്പറ്റുന്നതായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ സംഘം ഏറ്റെടുത്ത ഫയലുകളുടെ പോക്ക് ശരവേഗത്തിലാവും. ആരും എതിരഭിപ്രായം എഴുതുകയുമില്ല. വിവിധ വകുപ്പുകളില്‍ വിജിലന്‍സ് അന്വേഷണം ശിപാര്‍ശ ചെയ്ത ഫയലുകളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.
നീണ്ട അവധിയില്‍ പ്രവേശിക്കുന്നവരുടെയും സ്ഥലംമാറി പോകുന്നവരുടെയും ഫയലുകളാണ് യഥാര്‍ത്ഥത്തില്‍ ബാക്കെന്റ് വഴി കൈമാറാന്‍ അനുവാദമുള്ളത്. ഓരോ ഉദ്യോഗസ്ഥനും പാസ്വേഡ് ഉള്ള അക്കൗണ്ട് ആയതിനാല്‍ ഐ. ടി. നിയമപ്രകാരം അയാളെയും അറിയിച്ചാണ് ഫയല്‍ കൈമാറ്റം ചെയ്യാറ്. റിമാര്‍ക്‌സ് കോളത്തില്‍ ഫയല്‍ പുള്‍ ചെയ്യാനുണ്ടായ അടിയന്തര കാരണം സൂചിപ്പിക്കണമെന്നാണ് ചട്ടം. ഉദ്യോഗസ്ഥന്‍ പ്രസവ അവധിയിലാണ് എന്ന കാരണം റിമാര്‍ക്‌സ് കോളത്തില്‍ സൂചിപ്പിച്ച് ഫയല്‍ പുള്‍ ചെയ്ത സംഭവം അടുത്തിടെ ഉണ്ടായിരുന്നു. ആണ്‍ ഉദ്യോസ്ഥനായ താന്‍ പ്രസവ അവധിയിലോ എന്ന കാരണം കണ്ട് ഉദ്യോഗസ്ഥന്‍ ഞെട്ടി.
ആരും അറിയാതെ ഫയല്‍ പുള്‍ ചെയ്യുന്ന ഉന്നത ഉദ്യോഗസ്ഥന്‍ തന്റെ ചുമതലയിലല്ലാത്ത പല വകുപ്പുകളിലും ഇടപെടുന്നതായി ചീഫ് സെക്രട്ടറിക്ക് മുന്‍പും പരാതി ലഭിച്ചിട്ടുള്ളതാണ്. തല്‍ക്കാലം കുറ്റം ഐ.ടി സെല്ലിന്റെ കരാറുകാരന്റെ തലയില്‍ ചാര്‍ത്തി ഉന്നതന്‍ രക്ഷപ്പെടും എന്നാണ് സൂചന. എന്നാല്‍ ഫയലുകള്‍ പുള്‍ ചെയ്യാന്‍ ആവശ്യപ്പെട്ട് അയച്ച എല്ലാ ഇ-മെയിലുകളും ഈ ഉന്നതന്റെയാണ്. പാസ് വേഡ് വെച്ച് സുരക്ഷിതമാക്കിയ അക്കൗണ്ടില്‍ അതിന്റെ ഉടമയുടെ അറിവില്ലാതെ പ്രവേശിക്കുന്നതോ ഡാറ്റ കൈവശപ്പെടുത്തുന്നതോ ഐ.ടി. ആക്റ്റ് സെക്ഷന്‍ 43 പ്രകാരം ഗുരുതരമായ കുറ്റമാണ്.
എത്ര വലിയ മേലുദ്യോഗസ്ഥനായാലും നിയമപ്രകാരം ഫയലുകള്‍ ഇത്തരത്തില്‍ കൈവശപ്പെടുത്താന്‍ സാധിക്കില്ല. ജാമ്യമില്ലാത്ത അറസ്റ്റും, മൂന്ന് വര്‍ഷം വരെ തടവും, മൂന്ന് ലക്ഷം മുതല്‍ ഒരു കോടി വരെ പിഴയും ഇടാവുന്ന കുറ്റമാണ് വര്‍ഷങ്ങളായി സെക്രട്ടേറിയറ്റില്‍ നടന്നു കൊണ്ടിരുന്നത്. ഫയല്‍ നഷ്ടപ്പെട്ടത് മനസ്സിലാക്കി ഏതെങ്കിലും ഒരു കീഴുദ്യോഗസ്ഥന്‍ രേഖാമൂലം പരാതി നല്‍കിയാല്‍ ജാമ്യമില്ലാത്ത വകുപ്പുകള്‍ പ്രകാരം ഉന്നത ഐ.എ.എസ് ഉദ്യോഗസ്ഥനും സംഘത്തിനുമെതിരെ കേസെടുകേണ്ടി വരും.
സെക്രട്ടേറിയേറ്റിലെ 99 ശതമാനം ഫയലുകളും ഇ-ഓഫിസ് വഴിയാണ് ചെയ്യുന്നത്. സോഫ്റ്റ് വെയര്‍ തകരാര്‍ ആണ് ഇതിന്റെ പിന്നിലെന്നാണ് സംശയനിഴലില്‍ ഉള്ള മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ വാദം. സംഭവം വിവാദമായതോടെ, കൂടുതല്‍ വിവരങ്ങള്‍ പുറത്താവാതിരിക്കാന്‍ ‘പിന്നാമ്പുറം വഴിയുള്ള’ ഫയല്‍ കടത്ത് പൂര്‍ണ്ണമായും നിര്‍ത്തി വെക്കാന്‍ ഐ.ടി. വകുപ്പ് കരാര്‍ ജീവനക്കാരോട് ആവശ്യപ്പെട്ടു. ഈ-ഓഫീസ് സംവിധാനം നിര്‍മ്മിച്ച കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ എന്‍.ഐ.സി. ഐ.ബി. റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഗുരുതരമായ ഈ വീഴ്ച അന്വേഷിക്കുന്നുണ്ട്. എന്നാല്‍, ഈ അന്വേഷണങ്ങളൊക്കെ എവിടെ ചെന്നെത്തി നില്‍ക്കുമെന്ന് മുന്‍ കൂട്ടി പറയാനൊക്കും. വാര്‍ത്ത വ്യാജമെന്നും, സെക്രട്ടേറിയറ്റില്‍ അങ്ങനെയൊരു മാഫിയയയോ, ഫയലുകള്‍ ചോര്‍ത്തുകയോ ചെയ്തിട്ടില്ലെന്നുമൊക്കെയുള്ള കല്ലുവെച്ച നുണകള്‍ വരാനിരിക്കുന്നതേയുള്ളൂ.