ഇന്ന് മേയ് മൂന്ന് ലോക മാധ്യമ സ്വതന്ത്ര്യ ദിനം. പറയുമ്പോള്‍ കേള്‍ക്കാന്‍ ഒരു രസമുണ്ട്, അതിലുപരി ഈ ദിനത്തിന് യാതൊരു പ്രസക്തിയുമില്ലെന്നതാണ് വസ്തുത. ഇന്നത്തെ വാര്‍ത്തകള്‍ നാളത്തെ ചരിത്രമായി മാറുമെന്ന് മാധ്യമ വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചു വിട്ടിരുന്നത് ഇന്ന് ഒരു മാധ്യമപ്രവര്‍ത്തകനും ഓര്‍ത്തെടുക്കുന്നില്ലെന്ന് വ്യക്തം. കാരണം രാവിലെ ചൂട് ചായയോടൊപ്പം വായിച്ചു തീര്‍ത്തിരുന്ന ഒരു പത്രക്കാലത്തിലൂടെയല്ല ഇന്ന് കടന്നു പോകുന്നത്. സെക്കന്റുകളും മിനിട്ടും വെച്ച് വാര്‍ത്തകള്‍ സൃഷ്ടിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ആ വാര്‍ത്തയെ വിസ്മരിക്കുന്ന നവയുഗ മാധ്യപ്രവര്‍ത്തനം അതാണ് ഇന്നത്തെ നേര്‍കാഴ്ച. സത്യം മറന്നുകൊണ്ടു വാര്‍ത്തകള്‍ സൃഷ്ടിക്കപ്പെടുന്ന കാലഘട്ടം. ലോകം അത്യന്തം വേഗതയില്‍ കുതിച്ചുകൊണ്ടിരിക്കുമ്പോള്‍ മാധ്യമ വാര്‍ത്തകള്‍ക്കൊന്നും ജീവനില്ലെന്ന് പറയാം. ജനിച്ചയുടന്‍ മരിച്ചു പോകുന്ന വാര്‍ത്ത സംസ്‌ക്കാരത്തില്‍ കിടന്ന് കളിക്കുന്ന നവയുഗ ജനത ഇത്തരം മാധ്യമ ദിനങ്ങള്‍ക്ക് തെല്ലും വില കല്‍പ്പിക്കേണ്ട ആവശ്യമില്ല.
ജനങ്ങള്‍ക്കും സത്യത്തിനുമിടയില്‍ ചാലക ശക്തിയായി നില നിന്നിരുന്ന മാധ്യമ സ്വതന്ത്ര്യം ഇന്ന് കാണാന്‍ സാധിക്കുമോ. ഇന്ത്യ പോലൊരു ഒന്നാം നമ്പര്‍ ജനാധിപത്യ രാജ്യത്ത് സ്വതന്ത്ര്യമായി മാധ്യപ്രവര്‍ത്തനം നടത്താന്‍ സാധിക്കുമായിരുന്നു. അതേ അതൊരു ഭൂതകാലം മാത്രമായി നില നില്‍ക്കുന്നു. ഇപ്പോള്‍ രാജ്യത്ത് മാധ്യമങ്ങള്‍ക്കെതിരെയും മാധ്യമപ്രവര്‍കര്‍ക്കെതിരെയും നടക്കുന്ന സംഘടിതാക്രമണങ്ങള്‍ അതിന്റെ പരിധി വിട്ടു കഴിഞ്ഞു. നവയുഗ മാധ്യമങ്ങളെന്ന് അറിയപ്പെടുന്ന സാമൂഹിക മാധ്യമങ്ങളില്‍ ഇന്ന് നടക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയ ചര്‍ച്ചയില്‍ മാധ്യമങ്ങളും മാധ്യപ്രവര്‍ത്തകരും ഇരയാണ്. എന്തും പറയാനുള്ള ഒരിടമായി സാമൂഹിക മാധ്യമയിടങ്ങള്‍ മാറുമ്പോള്‍ അതിന് ഇനിയും കടിഞ്ഞാണ്‍ ഇടാന്‍ സര്‍ക്കാരിന് കഴിയുന്നില്ല.
സത്യങ്ങള്‍ പറയുന്ന മാധ്യമങ്ങളെ എന്നും പുകഴ്ത്തിയിരുന്ന നമ്മുടെ നാട് ഇന്ന് ഏതാണ് സത്യം എന്താണ് സത്യമെന്ന് തിരിച്ചറിയാതെ പോകുന്നു. കാലത്തിനു സംഭവിച്ച മാറ്റമായിരിക്കാം ഇതെന്ന് കൃത്യമായി പറയാം. എന്നാല്‍ ഇത്തരം വെറുപ്പുളവാകുന്ന രാഷ്ട്രീയം പണ്ടുക്കാലത്തും ഉണ്ടായിരുന്നില്ലെയെന്ന് ചോദിച്ചാല്‍ ഉണ്ടെന്ന് കണ്ണടച്ച് സമ്മതിക്കേണ്ടിവരും. പണ്ടു പത്രങ്ങളിലെ കോളങ്ങളില്‍ അഡള്‍റ്റ് കണ്ടന്റ് വാര്‍ത്തകളും ഗോസിപ്പും വംശിയവെറിയും തമ്മിലടിയും ചേരിചേരലുമെല്ലാം ഉണ്ടായിരുന്നു. അതെല്ലാം ഇപ്പോള്‍ നവ മാധ്യമങ്ങളില്‍ പല പേരുകളില്‍ പല ചേരുവകള്‍ ചേര്‍ത്ത് വിറ്റ് പോകുന്നു. കാഴ്ചക്കാരെ കൂട്ടാന്‍ കോമാളിത്തരങ്ങള്‍ക്കപ്പുറം ഒരു പുരോഗമന സമൂഹത്തിന് ചേരാത്ത വാര്‍ത്താശകലങ്ങളും അസത്യങ്ങളും പ്രചരിപ്പിക്കുന്ന മാധ്യമപ്രവര്‍ത്തനം അസംഖ്യം തുടരുന്നു.
ഇനി കുറച്ച് കണക്കുകളിലേക്ക് വരാം, 2023 ലെ ലോക പത്രസ്വതന്ത്ര്യ ഇന്‍ഡക്‌സിന്റെ കണക്കെടുത്താല്‍ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ സ്ഥാനം മനസിലാക്കാം. 180 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 161 ആണ്. അപ്പോള്‍ നമ്മള്‍ പത്രസ്വതന്ത്ര്യത്തില്‍ അല്ലെങ്കില്‍ മാധ്യമ സ്വതന്ത്ര്യത്തില്‍ എവിടെ നില്‍ക്കുന്നു. അയല്‍ രാജ്യങ്ങളെക്കാലും താഴ്ന്ന റേറ്റിങാണ് നമ്മള്‍ പത്ര സ്വതന്ത്ര്യത്തില്‍ കൈവരിച്ചിരിക്കുന്നത്. ഈ ഒരു കണക്കു തന്നെ രാജ്യത്തെ പത്രപ്രവര്‍ത്തന മേഖലയെ പിന്നോട്ടടിങ്ങുന്നുണ്ട്. ആശ്വസിക്കാന്‍ ആകെ വകയുള്ളത് 179-ാമതുള്ള ചൈനയും, അതു പോലെ ഇറാനും, വിയറ്റ്‌നാമിന്റെയുമൊക്കെ സ്ഥാനങ്ങളാണ്.
ഗ്ലോബല്‍ സ്‌കോറിങ്ങില്‍ 36.62 ഇന്ത്യയുടെ റേറ്റിങ്. ഒന്നാം സ്ഥാനക്കാര്‍ തുടങ്ങി ആദ്യ പട്ടികയില്‍ എല്ലാം യൂറോപ്പ്യന്‍ രാജ്യങ്ങളാണ്. നോര്‍വെ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന പട്ടികയില്‍ അയര്‍ലാന്റും, ഡെന്‍മാര്‍ക്കും, സ്വീഡനും, ഫിന്‍ലാന്റുമെല്ലാം പത്ര സ്വതന്ത്ര്യത്തിന്റെ മധുരം നുണയുന്ന രാജ്യങ്ങളാണ്. അതായത് ഇവര്‍ക്കൊന്നും ആരുടെയും പക്ഷം ചേരാതെ നിക്ഷപക്ഷ മാധ്യപ്രവര്‍ത്തനം അവരുടെ രാജ്യത്ത് നടത്താം. തുടര്‍ച്ചയായ ഏഴാം തവണയാണ് നോര്‍വെ പട്ടികയില്‍ ഒന്നാം സ്ഥാനം പിടിക്കുന്നത്. ചൈന പോലൊരു രാജ്യം ഈ പട്ടികയില്‍ പിന്നിലായതു അവര്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ നടത്തിയ ഹീനമായ നീക്കങ്ങള്‍ കൊണ്ടാണ്. രാജ്യാന്തര തലത്തില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങളുടെ ജേര്‍ണലിസ്റ്റുകളെ തടവിലാക്കുകയും, ചൈന പടച്ചു നല്‍കുന്ന വാര്‍ത്തകള്‍ മാത്രം ജനങ്ങളില്‍ എത്തിച്ചു നല്‍കാത്തവരെ പിടികൂടുകയും ചെയ്യുന്ന കിരാത നിയമവാഴ്ചയാണ് നടക്കുന്നത്. ലോക വ്യാപകമായി നിരവധി പ്രതിഷേധങ്ങള്‍ ചൈനയുടെ നടപടിയ്‌ക്കെതിരെ ഉയര്‍ന്നു വന്നെങ്കിലും അതിനെയൊക്കെ അതിവിദഗ്ധമായി അവര്‍ നേരിടുകയാണ്.
നമ്മുടെ രാജ്യത്തും മാധ്യമങ്ങള്‍ക്കെതിരെ ഇത്തരം പകപോക്കലും ഭരണകൂട സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള ഭീഷണിയും നേരിടുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നു. ജനാധിപത്യത്തിന്റെ നാലാം തൂണായി വാഴ്ത്തപ്പെടുന്ന മാധ്യമങ്ങള്‍ക്ക് ഇന്ന് ആ പേരിന് അനുയോജ്യമായ നിലവാരം പുലര്‍ത്തിക്കൊണ്ട് പോകാന്‍ സാധിക്കുന്നുണ്ടോയെന്ന് ചിന്തിക്കേണ്ടതാണ്.
പത്രസ്വതന്ത്ര്യ ഇന്‍ഡക്‌സിന്റെ വിലയിരുത്തല്‍ പ്രകാരം ഇന്ത്യയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അക്രമം, പക്ഷപാതപരമായ സമീപനങ്ങള്‍ സ്വീകരിക്കുന്ന മാധ്യമങ്ങള്‍, മാധ്യമ സ്ഥാപനങ്ങല്‍ പുലര്‍ത്തിക്കൊണ്ടു പോകുന്ന മാധ്യമ സ്വാതന്ത്ര്യമില്ലായ്മ എന്നിവ രാജ്യത്ത് പ്രകടമാണ്. രാഷ്ട്രീയ നേതാക്കളുമായി അടുത്ത ബന്ധമുള്ള വ്യക്തികളാണ് മാധ്യമ സ്ഥാപനങ്ങള്‍ ഇപ്പോള്‍ സ്വന്തമാക്കുന്നത്. ഈ പ്രതിഭാസം സത്യസന്ധമായ വിവരങ്ങളുടെ സ്വതന്ത്രമായ ഒഴുക്കിനെ നിയന്ത്രിക്കുന്നു. ഇന്ത്യയെപ്പോലുള്ള ‘ഹൈബ്രിഡ്’ ഭരണകൂടങ്ങളില്‍ ഇത് പ്രത്യേകിച്ചും വ്യാപകമായ പ്രതിഭാസമാണെന്ന് ഇന്‍ഡക്‌സ് വിലയിരുത്തുന്നു.
നമ്മുടെ രാജ്യത്ത് ശതകോടീശ്വരന്മാരാണ് മാധ്യമ മേഖലയില്‍ നിക്ഷേപം നടത്തിയിരിക്കുന്നത്. നെറ്റ് വര്‍ക്ക് 18 വാങ്ങിയ മുകേഷ് അംബാനി ഇപ്പോള്‍ ഡിസ്‌നിയില്‍ നിന്നും സ്റ്റാര്‍ ചാനലുകള്‍ വാങ്ങികഴിഞ്ഞു. വിനോദ, വിജ്ഞാന, വാര്‍ത്താ, സ്‌പോര്‍ട്‌സ് മേഖലയില്‍ വമ്പനായി മുകേഷ് അംബാനിയുടെ കമ്പനി വളര്‍ന്നു കഴിഞ്ഞു. ചുരുക്കത്തില്‍ പറഞ്ഞു വന്നാല്‍ രാജ്യത്തെ മുന്‍ നിര ചാനലുകളുടെ ഉടമസ്ഥന്‍ മുകേഷ് അംബാനിയായി മാറിക്കഴിഞ്ഞു.
എന്‍ഡിടിവി സ്വന്തമാക്കിയ ഗൗതം അദാനിയും അവരുടെ ബിസിനസിന്റെ പ്രോത്സാഹനത്തിനായി മാധ്യമ മേഖലയിലേക്ക് നിക്ഷേപം നടത്തി കഴിഞ്ഞു. ന്യൂയോര്‍ക് ടൈംസ്, വാള്‍ട്രീറ്റ് ജേര്‍ണല്‍, വാഷിങ്ങ് ടണ്‍ പോസ്റ്റ് എന്നിവയുള്‍പ്പെടെ ലോകത്തെ പ്രമുഖ മാധ്യമങ്ങളെല്ലാം ശതകോടീശ്വരന്മാരുടെ കൈയ്യിലാണ്.
മാധ്യമമേഖലയിലെ ശതകോടീശ്വര സാന്നിധ്യം നമ്മള്‍ പറഞ്ഞുവരുന്ന നിക്ഷപക്ഷ പത്ര പ്രവര്‍ത്തനത്തിന് വിലങ്ങു തടിയായി മാറുന്നു കാഴ്ചയാണ് സംജ്ജാതമായിരിക്കുന്നു. കടല്‍ പോലെ ഇരച്ചുകയറുന്ന ഇത്തരം നിക്ഷേപങ്ങളില്‍ പതച്ചുപോകുന്ന ചെറു വള്ളങ്ങളായി ഇവര്‍ക്കു താഴെ നില്‍ക്കുന്ന മാധ്യമങ്ങള്‍ മാറുന്നു. ഒന്നും രണ്ടും ചാനലോ പത്രമോ വെച്ച് ഈ നാട്ടില്‍ മാധ്യപ്രവര്‍ത്തനം നടത്താന്‍ സാധിക്കില്ലെന്നതിന്റെ മുന്നറിയിപ്പാണ് വന്‍ തോതിലുള്ള നിക്ഷേപ കൂട്ടായ്മകള്‍ രൂപപ്പെടുന്നതിന്റെ ചുരുക്കം. ഇക്കാരണത്താല്‍ സ്വതന്ത്ര്യ മാധ്യമപ്രവര്‍ത്തനം വലിയൊരു ചോദ്യ ചിഹ്നമായി മാറും.
പത്രങ്ങളുടെ കാര്യത്തില്‍ മാധ്യമ രാജാവായ റുപ്പര്‍ട്ട് മര്‍ഡോക്ക് പറഞ്ഞത് 2020 ഓടെ പത്രങ്ങളുടെ ചരമഗീതം എഴുതുന്ന സമയമാകുമെന്നാണ്. ആ സൂചനകള്‍ തന്നെയാണ് നിലവിലെ സാഹചര്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. ചെറുകിട പത്ര സ്ഥാപനങ്ങള്‍ പൂട്ടിപോകുകയും, അവര്‍ ഡിജിറ്റല്‍ ഫോര്‍മാറ്റുകളിലേക്കു ശ്രദ്ധ തിരിക്കുകയും ചെയ്യുന്ന കാലമാണ് ഇന്ന്. ഒരു വശം ചേര്‍ന്ന് നില്‍ക്കാതെ ഇവിടെ മാധ്യമപ്രവര്‍ത്തനം നടത്താന്‍ സാധിക്കില്ലെ സ്ഥിതി വന്നതിനാല്‍ സ്വതന്ത്ര്യ മാധ്യമപ്രവര്‍ത്തനം ഇനി സ്മരണകളില്‍ മാത്രം ഒതുക്കാം.