ആരും സത്യം വിളിച്ചു പറയില്ലെന്നുറപ്പായതു കൊണ്ടാണ് നവകേരളാ ബസിന്റെ കന്നിസര്‍വീസിന്റെ യഥാര്‍ത്ഥ്യം അന്വേഷിച്ച് കണ്ടെത്തി ജനങ്ങളോടു പറയുന്നത്. നവകേരളാ ബസിന്റെ രൂപമാറ്റം, പുതിയ സര്‍വീസ്, പുതിയ പേര് ഇവയെല്ലാം കെ.എസ്.ആര്‍.ടി.സിക്ക് ഗുണം ചെയ്യുമോ എന്ന ചോദ്യത്തിന് ഉറപ്പിച്ചു പറയാനാകുന്ന ഉത്തരം ‘ഇല്ല’ എന്നാണ്. അതിപ്പോള്‍ വകുപ്പു മന്ത്രിയുടെ ഉത്തരവും മുഖ്യമന്ത്രിയുടെ ഉത്തരവും ഇതു തന്നെയായിരിക്കും. അതു മാത്രമല്ല, ഈ ബസ് വരാനിരിക്കുന്ന നാളുകളില്‍ വലിയ ബാധ്യത വരുത്തി വെയ്ക്കുകയും നഷ്ടക്കച്ചവടവും ആകുന്നതോടെ പഴി മുഴുവന്‍ കെ.എസ്.ആര്‍.ടി.സിയുടെ തലയിലിരിക്കും.
അതിന്റെ പേരില്‍ ജീവനക്കാര്‍ക്ക് ഇപ്പോള്‍ രണ്ടുഗഡുവായി ലഭിക്കുന്ന ശമ്പളം മൂന്നോ നാലോ ഗഡുവായി മാറാനും സാധ്യതയുണ്ട്. അല്ലെങ്കിലും കെ.എസ്.ആര്‍.ടി.സി ജീവനക്കാരെല്ലാം സ്ത്രീ ലമ്പടന്‍മാരും, സാമൂഹ്യ വിരുദ്ധരും, ലഹരി മാഫിയകളുമാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് ആര്‍ക്കാണ് മനസ്സിലാകാത്തത്. കോഴിക്കോട് നിന്നും ബംഗളൂരുവരെ സര്‍വീസ് നടത്താനാണ് നവകേരളാ ബസ് നിരത്തിലിറക്കിയിരിക്കുന്നത്. ആകെ 26 സീറ്റുണ്ട് ഇതില്‍. ഒരു സീറ്റ് കണ്ടക്ടര്‍ക്കു പോയാല്‍, ബാക്കി 25 സീറ്റ്. ലഗേജുകള്‍ വെയ്ക്കാന്‍ അധികം സ്‌പെയിസ് ഇല്ലെന്നത് യാത്രക്കാരെ പിന്നോട്ടു വലിക്കുമെന്നുറപ്പാണ്.
ഒരു മാസത്തേക്കുള്ള ബുക്കിംഗ് നടന്നിട്ടുണ്ട്. നാളെ ഞായറാഴ്ച ആയതു കൊണ്ട് ബുക്കിംഗ് ഫുള്‍ ആണ്. എന്നാല്‍, തിങ്കള്‍ മുതലുള്ള ദിവസങ്ങളില്‍ ബുക്കിംഗ് കുറവാണെന്ന് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ തന്നെ പറയുന്നു. ഈ ബസ് ബംഗളൂരുവില്‍ നിന്നും കോഴിക്കോടേക്ക് വരുമ്പോള്‍, ബുക്ക് ചെയ്തിരിക്കുന്നത്, പകുതി സീറ്റുകള്‍ മാത്രമാണ്. ഇതിന്റെ കണക്കള്‍ വ്യക്തമായി പരിശോധിക്കേണ്ടതുണ്ട്. ബസ്, നാളെ രാവിലെ നാല് മണിക്ക് കോഴിക്കോട് നിന്നും യാത്ര തിരിച്ച് 11.30 ഓടെ ബംഗളൂരുവിലെത്തും. തിരികെ ഉച്ചയ്ക്ക് 2.30ന് പുറപ്പെട്ട് രാത്രി 10.05ന് കോഴിക്കോടെത്തുന്ന രീതിയിലാണ് സര്‍വീസ്.
ആഡംബര നികുതിയും സെസുമടക്കം 1171 രൂപയാണ് ടിക്കറ്റ് നിരക്ക്. ഫുട്‌ബോര്‍ഡ് ഉപയോഗിക്കാന്‍ കഴിയാത്ത ഭിന്നശേഷിക്കാര്‍, മുതിര്‍ന്ന പൗരന്മാര്‍ തുടങ്ങിയവര്‍ക്ക് ബസിനുള്ളില്‍ കയറാനാണ് ഹൈഡ്രോളിക് ലിഫ്റ്റ്. ടെലിവിഷന്‍, മ്യൂസിക് സിസ്റ്റം, മൊബൈല്‍ ചാര്‍ജര്‍ എന്നീ സൗകര്യവുമുണ്ട്. ബസിന്റെ നിറത്തിലോ ബോഡിയിലോ മാറ്റങ്ങളില്ല. മുഖ്യമന്ത്രിക്കായി സജ്ജീകരിച്ചിരുന്ന റിവോള്‍വിംഗ് ചെയര്‍ മാത്രമാണ് എടുത്തു മാറ്റിയിട്ടുള്ളത്. മറ്റ് സംവിധാനങ്ങളെല്ലാം കെ.എസ്.ആര്‍.ടി.സിയുടെ സ്‌കാനിയ ബസില്‍ ഉള്ളതു തന്നെയാണ്.
ഗരുഡ പ്രിമിയം നഷ്ടമാകുന്നതെങ്ങനെ
ആകെ സീറ്റിംഗ് കപ്പാസിറ്റിയില്‍ അങ്ങോട്ടും ഇങ്ങോട്ടും ലഭിക്കുന്ന യാത്രക്കാരുടെ എണ്ണം 50 ആണ്. ഒരാളുടെ യാത്രാ ഫെയര്‍ 1171 രൂപയാണ്. ഇങ്ങനെ ലഭിക്കുന്നത് ആകെ 58,550 രൂപയാണ്. എന്നാല്‍, നിലവില്‍ കോഴിക്കോട്-ബംഗളൂരുവിലേക്കു മാത്രമാണ് ഫുള്‍ റിസര്‍വേഷന്‍ ലഭിച്ചിരിക്കുന്നത്. ഇതിന് 29,275 രൂപയാണ് ലഭിക്കുക. അതേസമയം, ബംഗളൂരുവില്‍ നിന്നും കോഴിക്കോടേക്കുള്ള മടക്ക യാത്രയ്ക്ക് ഇതുവരെ ബുക്ക് ചെയ്ത്രിക്കുന്നത്, 14 യാത്രക്കാരാണ്. ഇവരില്‍ നിന്നും ലഭിക്കുന്നത് 16,394 രൂപയാണ്.
അപ്പോള്‍ നവകേരള ബസിന്റെ കന്നി യാത്രയില്‍ കെ.എസ്.ആര്‍.ടി.സിക്ക് ലഭിക്കുന്ന ടിക്കറ്റ് വരുമാനം 45,669 രൂപയാണ്. 12, 881 രൂപ ടിക്കറ്റ് വരുമാനത്തില്‍ നഷ്ടം ഉണ്ടാകുന്നുണ്ടെന്നു മനസ്സിലാക്കാം. ഇനിയുള്ള സമയം ബംഗളൂരു-കോഴിക്കോട് റിസര്‍വേഷന്‍ ഉണ്ടായാല്‍ അതില്‍ മാറ്റം വരും. ഇനിയും 11 സീറ്റുകള്‍ വേക്കന്റുണ്ടെന്നാണ് ബംഗളൂരുവില്‍ നിന്നു ലഭിക്കുന്ന വിവരം. ബംഗളൂരു-കോഴിക്കോട് സര്‍വീസിനും ഒരുമാസത്തേക്ക ബുക്കിംഗ് തുറന്നിരുന്നെങ്കിലും ശോകമാണെന്നാണ് ജീവനക്കാര്‍ പറയുന്നത്.
യാത്രക്കാരെ കിട്ടാത്തതെന്ത് ?
കേരളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ യാത്രക്കാരെ ലഭിക്കുന്ന റൂട്ടാണ് കേരള-ബംഗളൂര്‍ അന്തര്‍ സംസ്ഥാന സര്‍വീസ്. പ്രധാനമായും ജോലിക്കാരും, വിദ്യാര്‍ത്ഥികളുമാണ് ഈ സര്‍വീസിനെ ആശ്രയിക്കുന്നത്. എത്ര ബസ് ഓടിയാലും യാത്രാക്കാര്‍ നിറഞ്ഞു പോകുന്ന റൂട്ടാണിത്. ബസിന്റെ സീറ്റിംഗ് കപ്പാസിറ്റി, ബൂട്ട് സ്‌പെയ്‌സ്, സീറ്റിംഗ് കംഫര്‍ട്ട്, കൃത്യ സമയം ഇവയാണ് യാത്രക്കാര്‍ പ്രധാനമായും നോക്കുന്നത്. അതുകൊണ്ടു തന്നെ കേരള-ബംഗളൂരു റൂട്ടില്‍ നിരവധി സ്വകാര്യ ബസ് കമ്പനികള്‍ ബസ് ഓടിക്കുന്നുണ്ട്. അത്യാധുനിക സംവിധാനങ്ങള്‍ യാത്രക്കാര്‍ക്കായി പ്രൊവൈഡ് ചെയ്തു കൊണ്ടാണ് ഇവര്‍ വാഹനങ്ങള്‍ ഇറക്കിയിരിക്കുന്നത്. ഉറങ്ങാനുള്ള ബര്‍ത്തു വരെയുള്ള ടു ടയര്‍ സ്ലീപ്പര്‍ കോച്ചാണിത്. ഇതിനു ബദലായാണ് കെ.എസ്.ആര്‍.ടി.സി സ്‌കാനിയയും, സൂപ്പര്‍ ഡീലക്‌സുമെല്ലാം ഓടിച്ചത്.
നവകേരള ഗരുഡ ബസിന്റെ സമയമാണ് മറ്റൊരു വലിയ പ്രശ്‌നം. രാവിലെ നാലു മണിക്കാണ് കോഴിക്കോടു നിന്നും തിരിക്കുന്നത്. ബംഗളൂരുവില്‍ എത്തുന്നത് 11.30ക്കും. ഓഫീസ്-കോളേജ് സമയങ്ങള്‍ കഴിഞ്ഞാണ് ബസ് എത്തുക. ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കും. തിരിച്ച് കോഴിക്കോടേക്ക് വരുന്ന ബസ് പുറപ്പെടുന്നത്, ഉച്ചക്ക് 2.30ക്കാണ്. എത്തുന്നത് 10.05നും. ഉച്ചയ്ക്ക് ആരെങ്കിലും യാത്രയ്ക്ക് തയ്യാറാകുമോ. രാത്രി പത്തു മണിക്ക് കോഴിക്കോട് വന്നിറങ്ങുന്നവര്‍ക്ക് വീടുകളില്‍ പോകാന്‍ കണക്ടിംഗ് ബസ് കിട്ടുമോ. ഇടൊക്കെ വലിയ തിരിച്ചടി നേരിടുന്ന പ്രശ്‌നമാണ്. അതുകൊണ്ട് നവകേരള ഗരുഡ ബസ് അണ്‍ ടൈം സര്‍വ്വീസായി മാറുമെന്നുറപ്പാണ്.
അതേസമയം, രാത്രി യാത് തിരിച്ച് പുലര്‍ച്ചെ ബംഗളൂരുവില്‍ എത്തുന്ന രീതിയിലായിരുന്നുവെങ്കില്‍ യാത്രക്കാര്‍ക്ക് ഏറെ പ്രയോജനമായേനെ. തിരിച്ച് അവിടുന്ന് രാത്രി തിരിച്ച് പുലര്‍ച്ചെ കോഴിക്കോട് എത്തുന്ന രീതിയില്‍ എന്തുകൊണ്ടാണ് സര്‍വീസ് സെറ്റ് ചെയ്യാതിരുന്നതെന്നും സംശയമണ്ട്. കേരളത്തില്‍ നിന്നും ബംഗളൂരുവിലേക്ക് പോകുന്ന എല്ലാ സ്വകാര്യ സര്‍വീസുകളും യാത്രക്കാരുടെ സൗകര്യം മാനിച്ച് രാത്രിയാണ് ഓടുന്നത്.
നവകേരള ഗരുഡ ബസിന്റെ ചെലവ്
ടിക്കറ്റ് വരുമാനത്തിലും, തേയ്മാനത്തിലും, മെയിന്റനന്‍സിലും, ഡീസല്‍ ഇനത്തിലും നവകേരള ഗരുഡ ബസ് വന്‍ പരാജയമാണ്. സാധാരണ ബംഗളൂര്‍ സര്‍വീസ് നടത്തുന്ന ബസുകളില്‍ സീറ്റിംഗ് കപ്പാസിറ്റി 40 ആണ്. നവകേരള ഗരുഡ ബസില്‍ 26ഉം. സാധാരണ ബസിന് ബംഗളൂരു വരെ ട്രിപ്പിന് ആവശ്യമായി വരുന്ന് 170 ലിറ്റര്‍ ഡീസലാണ്. നവകേരള ഗരുഡ ബസിന് 200 ലിറ്ററെങ്കിലും വേണ്ടി വരും. കോഴിക്കോട്-ബംഗളൂരു റൂട്ട് 380 കിലോമീറ്ററുണ്ട്. ഡീസല്‍ ലിറ്ററിന് കുറഞ്ഞത് 98 രൂപയാണ് വില വരിക. അങ്ങനെയെങ്കില്‍ 200 ലിറ്റര്‍ ഡീസലിന് വില 19,600 രൂപയാകും.
പിന്നെ, വാഹനം ഓടുന്നതിന്റെ തേയ്മാനം മുതല്‍ മെയിന്റനന്‍സ് വരെയും, ഡ്രൈവര്‍ കണ്ടക്ടര്‍ ശമ്പളവും പരിഗണിക്കുമ്പോള്‍ സര്‍വീസ് വന്‍ നഷ്ടമാണെന്നാണ് വിലയിരുത്തുന്നത്. ബസിന്റെ ആദ്യ യാത്ര ആയതു കൊണ്ടാണ് ബസ് ഫുള്‍ ബുക്കിംഗ് ആയിരിക്കുന്നത്. വരും ദിവസങ്ങളില്‍ യാത്രക്കാര്‍ നവകേരള ഗരുഡ ബസിനെ ഉപേക്ഷിക്കുമെന്നാണ് ജീവനക്കാരുടെ വിലയിരുത്തല്‍.
എന്തിനാണ് ഇങ്ങനെയൊരു ബസ്
കഴിഞ്ഞ വര്‍ഷം നവംബറിലാണ് സര്‍ക്കാരിന്റെ നവകേരള യാത്ര ആരംഭിക്കുന്നത്. ഇതിനായി എല്ലാ മന്ത്രിമാരും അവരുടെ ഔദ്യോഗിക കാറില്‍ കേരളം ചുറ്റാന്‍ നിന്നാല്‍ ഉണ്ടാകാവുന്ന ഭാരിച്ച ചെലവ് കുറയ്ക്കാനായിരുന്നു നവകേരള ബസ് ഇറക്കിയത്. എല്ലാ മന്ത്രിമാരും മുഖ്യമന്ത്രിയും ഒരു ബസില്‍. സംഗതി വലി ചര്‍ച്ചയായി. നവകേരള ബസ് കാണാനും ആള്‍ക്കാര്‍ കൂടി. പക്ഷെ, ചെലവിന് ഒരു കുറവും വന്നില്ലെന്നു മാത്രമല്ല, കൂടുകയാണ് ചെയ്തത്. ബസിന്റെ ആഡംബരത്തെ കുറിച്ച് പൊടിപ്പും തൊങ്ങലും വെച്ച് മാധ്യമങ്ങള്‍ വാര്‍ത്തകള്‍ ചെയ്തു. ഒന്നരക്കോടി രൂപയോളം വിലയുള്ള ബസ് മ്യൂസിയം ആക്കണമെന്ന് അഭിപ്രായം ഉയര്‍ന്നു.
എന്നാല്‍, ആഭ്യന്തര വകുപ്പിന്റെ കീഴില്‍ തന്നെ നിലനിര്‍ത്താനും നീക്കമുണ്ടായി. ഒടുവില്‍ ഈ ബസ് നോക്കുന്നത് വലിയ ബാധ്യതയിലേക്ക് പോകുമെന്നു മനസ്സിലാക്കി, കെ.എസ്.ആര്‍.ടി.സിയുടെ തലയില്‍ തന്നെ കെട്ടിവെച്ചു. അങ്ങനെ നവകേരള ബസ് രൂപം മാറി ഗരുഡ പ്രിമിയം ആയി. കോഴിക്കോട്-ബംഗളൂരു സര്‍വ്വീസ് നടത്താന്‍ തീരുമാനിച്ചു. മന്ത്രിമാര്‍ ഒരുമിച്ചു സഞ്ചരിച്ച ബസ് എന്ന ഓര്‍മ്മ നിലനിര്‍ത്താന്‍ വേണ്ടി മാത്രമാണ് നഷടമാകുമെന്ന ബോധ്യമുണ്ടായിട്ടും സര്‍വീസ് നടത്താന്‍ തയ്യാറായിരിക്കുന്നത്.