അവൾ കേരളത്തിന്റെ പുത്രി: ഓച്ചിറക്ക് സ്വന്തമായി ധന്യയായ ശ്രീ

2019 ല്‍ സിവില്‍ സര്‍വീസ് സ്വന്തമാക്കിയ ശ്രീധന്യ വിവാഹിതയായി. ചെലവു കുറഞ്ഞതാകണം വിവാഹമെന്നു ശ്രീധന്യ സുരേഷ് നേരത്തേ തീരുമാനിച്ചിരുന്നു. കഴിഞ്ഞ ഡിസംബറില്‍ റജിസ്‌ട്രേഷന്‍ ഐജിയായതോടെ റജിസ്റ്റര്‍ വിവാഹമെന്ന തീരുമാനത്തിലുമെത്തി. ഹൈക്കോടതി അസിസ്റ്റന്റായ ഗായക് ആര്‍ ചന്ദ് ആണ് വരന്‍. ശ്രീധന്യയുടെ തിരുവനന്തപുരം കുമാരപുരത്തെ വീട്ടില്‍ ഇന്നലെയായിരുന്നു വിവാഹം. ശ്രീധന്യയുടെ മാതാപിതാക്കളായ വയനാട് പൊഴുതന അമ്പലക്കൊല്ല് വീട്ടില്‍ കെ.കെ.സുരേഷും കെ.സി.കമലയും ഗായകിന്റെ മാതാപിതാക്കളായ ഓച്ചിറ വലിയമഠത്തില്‍ ഗാനം വീട്ടില്‍ കെ.രാമചന്ദ്രനും ടി.രാധാമണിയും ഉള്‍പ്പെടെ വളരെ അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങാണ് നടന്നത്. ജില്ലാ റജിസ്ട്രാര്‍ ജനറല്‍ പി.പി.നൈനാന്‍ വിവാഹ കര്‍മം നിര്‍വഹിച്ചു.

വിവാഹാശംസകള്‍ക്കൊപ്പം 2 ദിവസത്തെ അവധിയും അനുവദിച്ചു റജിസ്‌ട്രേഷന്‍ വകുപ്പു മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി വിവാഹത്തില്‍ പങ്കെടുത്തു.
എന്നാല്‍ റജിസ്ട്രേഷൻ ഐജിയുടെ റജിസ്റ്റർ വിവാഹത്തിലൂടെ നൽകിയ വലിയ സന്ദേശമാണ് ഇപ്പോൾ ചർച്ചയാക്കുന്നത്. ഇതോടെ മലയാളക്കര ഒന്നാകെ വീണ്ടും കയ്യടിക്കുകയാണ് ശ്രീധന്യയുടെ മാതൃക കണ്ട്. സ്വന്തം വീട്ടിൽ വച്ചും ഇപ്പോൾ വിവാഹം നടത്താനാകും എന്ന കാര്യം പൊതുസമൂഹത്തെ കൂടുതലായി അറിയിക്കുക എന്ന ലക്ഷ്യമാണ് ശ്രീധന്യ ഇതിലൂടെ മുന്നോട്ടുവച്ചത്.
സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വീട്ടിൽ വച്ചും വിവാഹം നടത്താവുന്നതാണ്. ഈ വിവരം അറിയുന്നവർ കുറവാണ്. ഇതുൾപ്പെടെ രജിസ്ട്രേഷൻ വകുപ്പിന്‍റെ സേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയായിരുന്നു ലക്ഷ്യമെന്ന് ശ്രീധന്യ പറഞ്ഞു. സാധാരണ നല്‍കുന്ന തുകയേക്കാൾ 1000 രൂപ അധികം നൽകിയാൽ രജിസ്ട്രേഷൻ വകുപ്പ് ഉദ്യോഗസ്ഥർ വീട്ടിൽ എത്തി വിവാഹം നടത്തുമെന്നാണു വ്യവസ്ഥയെന്നും ശ്രീധന്യ പറഞ്ഞു.