ആറാമതും മുഖ്യനാകാന്‍ നവീന്‍; വിജയക്കൊടി പാറിക്കുമോ പ്രതിപക്ഷം ? Odisha Election 2024

കലിംഗ നാട്ടിലെ അങ്കം... 2024 India elections

രാജ്യത്തിന്റെ കിഴക്കു പ്രദേശത്തു സ്ഥിതി ചെയ്യുന്ന ഒഢീഷയില്‍ തീപ്പാറുന്ന നിയമസഭ-ലോകസഭാ തെരഞ്ഞെടുപ്പ് അങ്കമാണ് അരങ്ങേറുന്നത്. തുടര്‍ച്ചയായ ആറാം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന ഉറച്ച വിശ്വാസത്തില്‍ ജനവിധി തേടുന്ന ബിജു പട്‌നായിക്ക് അതിനായി തന്റെ വികസന- ജനക്ഷേമ പ്രര്‍ത്തനങ്ങളെ കൂട്ടു പിടിക്കുന്നു. പ്രധാന പ്രതിപക്ഷവും സംസ്ഥാനത്തെ രണ്ടാമത്തെ വലിയ പാര്‍ട്ടിയുമായ ബി.ജെ.പി ബിജു പട്‌നായിക്കിന്റെ ബി.ജെ.ഡിയുമായി സഖ്യകക്ഷി കൂട്ടിന് ശ്രമങ്ങള്‍ നടത്തിയെങ്കിലും ഒടുവില്‍ ഒറ്റയ്ക്കു മത്സരിക്കാന്‍ തീരുമാനമെടുക്കുകയായിരുന്നു.

2000 വരെ ഒഢീഷയില്‍ ഉറച്ച സ്വാധീനമുള്ള പാര്‍ട്ടിയായിരുന്ന കോണ്‍ഗ്രസ്, അവര്‍ക്ക് നഷ്ടമായി സീറ്റുകള്‍ തിരിച്ചുപിടിയ്ക്കാമെന്ന വിശ്വാസമില്ലെങ്കിലും തങ്ങളുടെ സ്ഥാനം മെച്ചപ്പെടുത്താന്‍ പുതിയ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കുകയാണ്. നിലവില്‍ ഏക സീറ്റ് നിലനിര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളുമായി സി.പി.എമ്മും മുന്നോട്ടു പോകുന്നതുള്‍പ്പടെ മികച്ച പോരാട്ടവീര്യം നിറഞ്ഞ വാശീയേറിയ നിയമസഭാ തെരഞ്ഞെടുപ്പ് കാഴ്ചകളാണ് കലിംഗനാട്ടില്‍ കാണുന്നത്. ഇതോടൊപ്പം ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളും സംസ്ഥാനത്ത് അതിന്റെ വീറും വാശിയോയടെയും നടക്കുകയാണ്. മേയ് 13, മേയ് 20, മേയ് 25, ജൂണ്‍ ഒന്ന് എന്നിങ്ങനെയാമണ് ഒഢീഷയിലെ തെരഞ്ഞെടുപ്പ് തീയതികള്‍.

മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക്

പതിനാലു വര്‍ഷം തുടര്‍ച്ചായി ഒഡീഷ ഭരിച്ച നവീന്‍ പട്‌നായിക്കിന് കാര്യമായ വെല്ലുവിളികള്‍ ഉയര്‍ത്താന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കായിട്ടില്ല. സംസ്ഥാനത്ത് ഭൂരിപക്ഷം വരുന്ന കര്‍ഷകര്‍ക്ക് കുടിവെള്ളത്തിനും കൃഷിയ്ക്കുമായി ഒഡീഷയില്‍ നടപ്പാക്കുന്ന ജലസേചന പദ്ധതികള്‍ക്ക് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. മഴ ലഭിക്കതെ തരിശു ഭൂമിയായി മാറിയ ബാര്‍ഗ ജില്ലയുള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ ജലസേചന പദ്ധതികള്‍ക്കായി 11,200 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ തുടക്കമിട്ടത് തീര്‍ച്ചയായും വോട്ടാക്കി മാറ്റാമെന്ന് നവീന്‍ പട്‌നായിക്ക് വിശ്വസിക്കുന്നു. മുഖ്യമന്ത്രിയുടെ വിശ്വസ്തനും 5ടി പദ്ധതികളുടെ ചെയര്‍മാനുമായ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ വി. കെ. പാണ്ഡ്യന്‍ എന്ന വി. കാര്‍ത്തികേയന്‍ പാണ്ഡ്യനാണ് വികസന പദ്ധതികളുടെ അമരക്കാരനായി നവീന്‍ നിയമിച്ചത്. വി.കെ. പാണ്ഡ്യന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ സംസാരവിഷയമാക്കി മാറ്റാന്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും സാധിച്ചു. പാണ്ഡ്യനെ പാര്‍ട്ടിയുടെ മുന്‍നിരയിലേക്കു കൊണ്ട് വന്ന് ബി.ജെ.ഡി 2036 വരെ നടത്താന്‍ പോകുന്ന വികസന പ്രവര്‍ത്തനങ്ങളുടെ ചുമതലയും ഏല്‍പ്പിച്ചു കഴിഞ്ഞു. പാണ്ഡ്യന്റെ ഭാര്യയും ഐഎഎസ് ഓഫീസറുമായിരുന്ന സുജാത കാര്‍ത്തികേയന്‍ സര്‍ക്കാര്‍ അനുകൂല പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന് ആരോപിച്ച് ബിജെപി നല്‍കിയ പരാതിയില്‍ ഇലക്ഷന്‍ കമ്മീഷന്‍ അവരെ സ്ഥലം മാറ്റിയിരുന്നു.

വി.കെ. പാണ്ഡ്യനൊപ്പം മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക്

 

ബി.ജെ.ഡിയിലെ രണ്ടാമന്‍ എന്ന പദവി ലഭിച്ച പാണ്ഡ്യനെ നാട്ടുകാരനല്ലെന്ന കാരണം കാണിച്ച് പുറത്തു നിന്നും വന്ന് അധികാരം പിടിയ്ക്കാന്‍ ശ്രമിക്കുന്ന വരുത്താനെന്നു പ്രഖ്യാപിച്ച് ബിജെപി ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രചാരണം നടത്തുന്നുണ്ട്. മകനല്ലെങ്കിലും മരുമകനാണെന്നും ഒഢീഷയ്ക്കുവേണ്ടിയാണ് എന്റെ ജീവിത പ്രവര്‍ത്തനങ്ങളെന്നും പ്രസ്താവിച്ച് ബി.ജെ.ഡിയും പാണ്ഡ്യനും അതുപോലെ മുഖ്യമന്ത്രിയും പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുന്നുണ്ട്.

2019 നിയമസഭ തെരഞ്ഞെടുപ്പ് ഫലം

നഷ്ടപ്പെട്ട പ്രതാപം തിരച്ചുപിടിയ്ക്കാന്‍ കോണ്‍ഗ്രസ് വലിയ രീതിയില്‍ ശ്രമങ്ങള്‍ നടത്തുമ്പോള്‍ കഴിഞ്ഞ പ്രാവശ്യം പിടിച്ച ഒന്‍പത് സീറ്റ് എന്ന മാര്‍ജിന്‍ ഇരട്ടിയാക്കാനുള്ള പ്രവര്‍ത്തനമാണ് നടത്തുന്നത്. ഇന്ത്യ മുന്നണിയുടെ ഭാഗമായി ഇടതുപാര്‍ട്ടികളും കോണ്‍ഗ്രസിന് ഒപ്പമാണ്. കഴിഞ്ഞതവണ രണ്ടാമത്തെ വലിയ കക്ഷിയായ ബി.ജെ.പി 23 സീറ്റ് പിടിച്ചതില്‍ നിന്നും മാറി ഒഡീഷയില്‍ വിജയക്കൊടി പാറിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. എന്നാല്‍ ജനകീയ പരിവേഷമുള്ള നവീന്‍ പട്‌നായിക്കിനെയും ബി.ജെ. ഡിയെയും തോല്‍പ്പിച്ച് ഭരണം പിടിക്കുകയെന്നത് വിദൂര സ്വപ്‌നം മാത്രമാണ്. ബഹുജന്‍ സമാജ്വാദി പാര്‍ട്ടിയും (ബി.എസ്.പി) ആം ആദ്മി പാര്‍ട്ടി (എ.എ.പിയും) നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്.

അതിനിടെ ഒഢീഷയില്‍ മത്സരിക്കാന്‍ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച തീരുമാനിച്ചിരുന്നു. അതിന്‍ പ്രകാരം ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ സഹോദരി അഞ്ജനി സോറന്‍ മയൂര്‍ഭഞ്ച് ലോക്സഭാ സീറ്റിലും, സരസ്‌കന മണ്ഡലത്തില്‍ നിന്ന് നിയമസഭാ തെരഞ്ഞെടുപ്പിലും മത്സരിക്കും. ബി.ജെ.പിയുടെ നബ ചരണ്‍ മാജിയെയും മുഖ്യമന്ത്രി നവീന്‍ പട്നായിക് മന്ത്രിസഭയിലെ നിലവിലെ മന്ത്രിയായ ബി.ജെ.ഡി സ്ഥാനാര്‍ത്ഥി സുദം മാര്‍ണ്ടിയെയും അഞ്ജനി നേരിടുന്നത്. 2019 ലെ പൊതുതെരഞ്ഞെടുപ്പില്‍ അഞ്ജനി ഈ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച് 1,35,552 ലക്ഷം വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്തെത്തിയതിന്റെ ആത്മവിശ്വാസമാണ് അവര്‍ക്കൊപ്പമുള്ളത്.

ആകെ 147 നിയമസഭാ മണ്ഡലങ്ങളാണ് ഒഡീഷയിലുള്ളത്. ഇതില്‍ 57 സീറ്റുകള്‍ എസ്.സി, എസ്.ടി വിഭാങ്ങള്‍ക്കായി മാറ്റിവെച്ചിട്ടുണ്ട്. 33 എസ്.ടിക്കും 24 എസ്. സിക്കും ആണ്. ഒഡീഷയില്‍ ജനസംഖ്യയില്‍ 54% മറ്റു പിന്നാക്ക വിഭാഗങ്ങളാണ്. 2021 ല്‍ രൂപീകരിച്ച പിന്നാക്ക വിഭാഗ കമ്മിഷന്‍ സര്‍വേ നടത്തി സംസ്ഥാനത്തു 209 സമുദായങ്ങളെ പിന്നാക്ക വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. പിന്നീട് 22 വിഭാഗങ്ങളെക്കൂടി ഈ പട്ടികയില്‍ ഉള്‍പ്പെടുത്തി. ജാതി സമവാക്യങ്ങള്‍ ശക്തമായി തെരഞ്ഞെടുപ്പുകളില്‍ പ്രതിഫലിക്കുന്ന ഒഡീഷയില്‍ കടുത്ത പോരാട്ടമാണ് നടക്കുന്നത്. മൂന്ന് കോടി 35 ലക്ഷം വോട്ടര്‍മാരാണ് ഒഡിഷയിലെ വോട്ടര്‍ പട്ടികയിലുള്ളത്.