ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയായി കണക്കാക്കുന്ന ഇന്ത്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടം വോട്ടെടുപ്പില്‍ ദശലക്ഷക്കണക്കിന് പൗരന്മാര്‍ അവരുടെ സമ്മതിദാനം നാളെ നിര്‍വ്വഹിക്കും. മന്ത്രിമാരും മറ്റു പ്രമുഖരും ജനവിധി തേടുന്ന മൂന്നാം ഘട്ടത്തില്‍, 12 സംസ്ഥാനങ്ങളിലെ 94 മണ്ഡലങ്ങളിലാണ് വോട്ടിങ് നടക്കുന്നത്. ഏഴു ഘട്ടങ്ങളിലായിട്ടാണ് നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫല പ്രഖ്യാപനം ജൂണ്‍ 4 നാണ്. 1,351 സ്ഥാനാര്‍ത്ഥികളാണ് നാളെ ജനവിധി തേടുന്നത്.
ഉത്തര്‍പ്രദേശിലെ 80 സീറ്റുകളിലെ പത്തെണ്ണവും, മധ്യപ്രദേശിലെ 29 സീറ്റുകളിലെ ഒന്‍പതും, വടക്കുകിഴക്കന്‍ സംസ്ഥാനമായ അസമിലെ 14 സീറ്റുകളിലെ നാലെണ്ണവും, ഗോവന്‍ സംസ്ഥാനത്തിലെ രണ്ടു സീറ്റകളും, ചത്തിസ്ഢിലെ 11 സീറ്റുകളിലെ ഏഴെണ്ണം, ബീഹാറിലെ 40 സീറ്റിലെ അഞ്ചെണ്ണം, മഹാരാഷ്ട്രയിലെ 48 സീറ്റുകളിലെ 11 എണ്ണവും, പശ്ചിമബംഗള്‍ സംസ്ഥാനത്തിലെ 42 സീറ്റുകളിലെ നാലെണ്ണവും, ദാദ്ര ആന്‍ഡ് നഗര്‍ ഹവേലി, ദാമന്‍ ആന്‍ഡ് ദിയു എന്നീ രണ്ടും കേന്ദ്രഭരണ പ്രദേശത്തിലെ സീറ്റുകളിലുമാണ് മത്സരം വോട്ടെടുപ്പ് നാളെ നടക്കുന്നത്.
ആഭ്യന്തരമന്ത്രി അമിത്ഷാ ഗുജറാത്തിലെ ഗാന്ധിനഗറില്‍ നിന്നുമാണ് ജനവിധി തേടുന്നത്, ഏവിയേഷന്‍ വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഉള്‍പ്പടെ പ്രമുഖര്‍ മൂന്നാം ഘട്ടത്തില്‍ മത്സരിക്കുന്നു. ജ്യോതിരാദിത്യ സിന്ധ്യ മധ്യപ്രദേശിലെ ഗുണ നഗരത്തില്‍ നിന്നുമാണ് ജനവിധി തേടുന്നത്.
ഗുജറാത്തിലെ സൂറത്ത് സീറ്റില്‍ നിന്നും ജയിച്ച മുകേഷ് ദലാലാണ് ഈ വോട്ടെടുപ്പിനു മുന്‍പേ എതിരില്ലാതെ തെരഞ്ഞെടുത്ത ആദ്യ മത്സരാര്‍ത്ഥി. സൂററ്റ് മണ്ഡലത്തില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെത് വരണാധികാരി തള്ളിയിരുന്നു. ഇതേത്തുടര്‍ന്ന് സൂററ്റില്‍ നിന്നും മത്സരിക്കാന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച ബാക്കിയുള്ളവര്‍ പത്രിക പിന്‍വലിച്ചതോടെ ബിജെപി സ്ഥാനാര്‍ത്ഥിയായ മുകേഷ് ദലാല്‍ വിജയിക്കുകയായിരുന്നു. സുററ്റ് മണ്ഡലം ഒഴികെ ഗുജറാത്തിലെ 25 ലോകസ്ഭാ മണ്ഡലങ്ങളില്‍ ഒറ്റഘട്ടമായാണ് പോളിങ് നടക്കുന്നത്.
കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഇന്ത്യന്‍ നാഷണല്‍ ഡെവലപ്മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ് (ഇന്ത്യ) മുന്നണിയിലാണ് ഏറ്റവും കൂടുതല്‍ പാര്‍ട്ടികള്‍ മത്സരിക്കുന്നത്. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയെയാണ് മറ്റൊരു പ്രധാന മത്സര മുന്നണി. ഇത്തവണ 36 സംസ്ഥാനങ്ങളിലെ 543 പാര്‍ലമെന്റ് മണ്ഡലങ്ങളിലായി ഏകദേശം 969 ദശലക്ഷം രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാര്‍ വോട്ട് ചെയ്യുമെന്നാണ് ഇലക്ഷന്‍ കമ്മീഷന്റെ കണക്ക്.
മൂന്നാം ഘട്ടത്തിലെ പ്രധാന മണ്ഡലങ്ങള്‍
59 കാരനായ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ മത്സരിക്കുന്ന ഗുജറാത്തിലെ ഗാന്ധിനഗര്‍ തന്നെയാണ് ഈ ഘട്ടത്തിലെ ഒരു സ്റ്റാര്‍ മണ്ഡലമെന്നു പറയാം. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി, എല്‍.കെ. അദ്വാനിയും പ്രതിനിധീകരിച്ച മണ്ഡലം 1989 മുതല്‍ ബിജെപിയുടെ ഉറച്ച കോട്ടയാണ്. ഗ്വാളിയോര്‍ രാജകുടുംബത്തിന്റെ ഖ്യാതിയുമായി മധ്യപ്രദേശിലെ ഗുണയില്‍ മത്സരിക്കുന്ന ജ്യോതിരാദിത്യ സിന്ധ്യ ഇത്തവണ ബിജിപി ടിക്കറ്റിലാണ് ജനവിധി തേടുന്നത്. പരാമ്പരാഗതമായി കോണ്‍ഗ്രസ് അനുകൂലികളായിരുന്ന ജ്യോതിരാദിത്യ സിന്ധ്യയുടെ കുടുബം. പിതാവ് മാധവറാവു സിന്ധ്യയും, മുത്തശ്ശി വിജയ രാജെ സിന്ധ്യയും ഗുണ, ഗ്വാളിയോര്‍ സീറ്റുകളെ പ്രതിനിധീകരിച്ചു വിജയിച്ചിരുന്നതിനാല്‍ ഈ മണ്ഡലങ്ങള്‍ രാജകുടുംബങ്ങള്‍ക്കായി മാറ്റിവെച്ചതെന്ന് പരക്കേ വിലയിരുത്തപ്പെടുന്നു. 2002 മുതല്‍ 2019 വരെ കോണ്‍ഗ്രസ് പാര്‍ട്ടി അംഗമായി പാര്‍ലമെന്റില്‍ ഗുണയെ പ്രതിനിധീകരിച്ചു. 2019 ലെ പരാജയപ്പെട്ട ജ്യോതി 2020 ല്‍ ബിജെപിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങി.
രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ വിദിഷയില്‍ നിന്ന് മത്സരിക്കുന്നു. 2023-ന്റെ അവസാനത്തില്‍ നടന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ അദ്ദേഹം ബിജെപിയെ വിജയത്തിലേക്ക് നയിച്ചു. വാജ്പേയി (1991), മുന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് (2009, 2014) എന്നിവരും 1984 മുതല്‍ ബിജെപിയുടെ കോട്ടയായ വിദിഷയെ പ്രതിനിധീകരിച്ചിട്ടുണ്ട്.
കര്‍ണാടകയിലെ 14 മണ്ഡലങ്ങളും തൂത്തുവാരുമെന്ന ആത്മവിശ്വസത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഇന്ത്യാ മുന്നണി. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ജെ.ഡി.എസ് അംഗവും, ലൈംഗികാതിക്രമക്കേസില്‍ പൊലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഹസനില്‍ നിന്നും ജനവിധി തേടുന്ന പ്രജ്വല്‍ രേവണ്ണയുടെ കേസ് സുവര്‍ണ്ണാവസരമായി മാറ്റാനാണ് ഇന്ത്യാ സഖ്യത്തിന്റെ നീക്കം. കര്‍ണാടകയിലെ രണ്ടാം ഘട്ടവും അവസാനവട്ട വോട്ടെടുപ്പുമാണ് നാളെ നടക്കുന്നത്. ജനങ്ങള്‍ക്ക് ഗൗഡ കുടുബത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായി കോണ്‍ഗ്രസ് വിലയിരുത്തല്‍.
ഷിമോഗ, ധാര്‍വാഡ്, ഹാവേരി എന്നിവ രാജ്യത്തിന്റെ ഐടി വ്യവസായത്തിന്റെ ആസ്ഥാനമായ കര്‍ണാടകയിലെ മണ്ഡലങ്ങളാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ബിജെപിയുടെ ശക്തികേന്ദ്രമാണ്. കല്‍ക്കരി മന്ത്രി പ്രഹ്ലാദ് ജോഷി ധാര്‍വാഡില്‍ നിന്ന് നാലാം തവണയും ജനവിധി തേടുന്നു, മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഹാവേരിയില്‍ മത്സരരംഗത്തുണ്ട്. മുന്‍ മുഖ്യമന്ത്രി സിദ്ധലിംഗപ്പ യെദിയൂരപ്പയും അദ്ദേഹത്തിന്റെ മകന്‍ യെദ്യൂരപ്പ രാഘവേന്ദ്രയും പ്രതിനിധീകരിക്കുന്ന യെദ്യൂരപ്പ രാഷ്ട്രീയ കുടുംബത്തിന്റെ കോട്ടയാണ് ഷിമോഗ. കന്നഡ സിനിമാ സൂപ്പര്‍ സ്റ്റാര്‍ ശിവ രാജ്കുമാറിന്റെ ഭാര്യ ഗീത ശിവരാജ്കുമാറിന്റെ കോണ്‍ഗ്രസ് പ്രവേശനം ഷിമോഗയിലെ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് ഗുണമാകുമെന്ന് കോണ്‍ഗ്രസ് നേതൃത്വം വിശ്വസിക്കുന്നു.
മൂന്നാം ഘട്ടത്തില്‍ വോട്ട് ചെയ്യുന്ന സംസ്ഥാനങ്ങളില്‍ അസം, ഛത്തീസ്ഗഡ്, ഗോവ, ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ ബിജെപിയാണ് ഭരിക്കുന്നത്. മഹാരാഷ്ട്രയിലും ബിഹാറിലും ബിജെപി സഖ്യത്തിലാണ് ഭരിക്കുന്നത്. കര്‍ണാടക ഭരിക്കുന്നത് കോണ്‍ഗ്രസാണ്. തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയാണ് പശ്ചിമ ബംഗാള്‍ ഭരിക്കുന്നത്. ദാദ്ര നഗര്‍ ഹവേലി, ദാമന്‍ ദിയു എന്നിവിടങ്ങളില്‍ ലഫ്റ്റന്റ് ഗവര്‍ണറാണ് ഭരിക്കുന്നത്. ഇന്ത്യന്‍ രാഷ്ട്രപതിയാണ് ഇവരെ നിയമിക്കുന്നത്.
അസമിലെ ഭൂരിഭാഗം സീറ്റുകളിലേക്കും കര്‍ണാടകയിലെ പകുതി സീറ്റുകളിലേക്കും രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് പൂര്‍ത്തിയാകും. ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി അശോക് ഭലവിയുടെ മരണത്തെത്തുടര്‍ന്ന് മധ്യപ്രദേശിലെ ബേതുല്‍ മണ്ഡലത്തിലെ വോട്ടെടുപ്പ് രണ്ടാം ഘട്ടത്തില്‍ നിന്ന് മൂന്നിലേക്ക് മാറ്റിയിരുന്നു. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയും എന്‍ഡിയയുമാണ് 93 സീറ്റില്‍ 80 നേടിയത്. കോണ്‍ഗ്രസും ഇന്ത്യാ മുന്നണിയില്‍ ഉള്ള പാര്‍ട്ടികള്‍ക്ക് ലഭിച്ചത് 11 സീറ്റായിരുന്നു.