കാസറഗോഡ് പല തരത്തിലും വൈവിദ്ധ്യം കൊണ്ട് നിറഞ്ഞതാണ്, ഭക്ഷണം, വസ്ത്രം, ഭാഷ, ഭാഷയാണ് പ്രധാന സപ്തഭാഷ സംഗമ ഭൂമി എന്നാണ് അറിയപ്പെടുന്നത്.
കാസറഗോഡ് നഗരത്തിൽ നിന്ന് കർണ്ണാടകയിലെ മംഗലാപുരം പോകുന്ന വഴിയിൽ ഏതാണ്ട് മദ്ധ്യത്തിലായി വരുന്ന കേരളത്തിലെ ഒരു പട്ടണമാണ് ഉപ്പള. നാഷണൽ ഹൈവേയോട് ചേർന്ന് നിൽക്കുന്ന ഒരു ചെറിയ ടൗണാണ് ഉപ്പള. ഹൈവേയുടെ രണ്ട് കിലോമീറ്റർ നീളത്തിൽ കൊച്ചു കെട്ടിടങ്ങളും വ്യാപാരശാലകളും ബസ്‌സ്റ്റാറ്റ്ന്റും മത്സ്യമാർക്കൊറ്റുമൊക്കെയുള്ള സാധാരണ ടൗൺ. തീരദേശത്തോട് ചേർന്ന് നിൽക്കുന്ന ഉപ്പളയുടെ പടിഞ്ഞാർ ഭാഗത്ത് വെറും ഒരു കിലോമീറ്റർ ദൂരത്ത് കിടക്കുന്നു അറബിക്കടൽ. കാസറഗോഡ് ജില്ലയെ മൊത്തത്തിൽ ആലങ്കാരികമായി ‘സപ്ത ഭാഷാ സംഗമഭൂമി’ എന്ന് പറയാറുണ്ടെങ്കിലും കാസറഗോഡ് ജില്ലയിൽ ആ വിശേഷണം ഏറ്റവും യോജിക്കുന്ന പ്രദേശം ഉപ്പള മാത്രമാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.
മാതൃഭാഷയായ മലയാളത്തിന്റെ കൂടെ തമിഴ് സംസാരിക്കുന്ന പ്രദേശങ്ങൾ തിരുവനന്തപുരത്തും പാലക്കാടും കിഴക്കൻ ഹൈറേഞ്ചുകളിലും നിങ്ങൾ കണ്ടിരിക്കാം. ഏഴ് ഭാഷകൾക്കും ഒരു പോലെ പ്രാധാന്യം നൽകുന്ന ഉപ്പളയല്ലാതെ മറ്റൊരു പ്രദേശം കേരളത്തിലെന്നല്ല, ഇന്ത്യയിൽ തന്നെ വേറെയുണ്ടാവില്ല. മലയാളത്തിന്ന് പുറമെ കന്നട, തുളു, കൊങ്കണി, ഹിന്ദി, ബ്യാരി, ഉർദു. എന്നീ ഏഴ് ഭാഷകൾ സംസാരിക്കുന്ന ജന വിഭാഗത്തെ നിങ്ങൾക്ക് ഉപ്പളയിൽ കാണാം. ഈ ഏഴ് വ്യതസ്ത ഭാഷകൾ കൂടാതെ ശിവജിയുടെ കാലഘട്ടത്തിൽ കുടിയേറിയ മറാഠി സംസാരിക്കുന്ന മറാത്തകളെയും ഈ അടുത്ത കാലത്തായി കുടിയേറി താമസിച്ച് പോരുന്ന തമിഴ് വംശജരെയും ഇവിടെ കാണാം. പിന്നെ, ഓൾ കേരള ബംഗാളി അസോസിയേഷന്റെ വലിയൊരു ബ്രാഞ്ച് ഉപ്പളയിലും വേരൂന്നിയിട്ടുണ്ട്.
ആദ്യ കാലങ്ങളിൽ കൃഷിയും മത്സ്യബന്ധനവുമായിരുന്നു ഇവിടത്തുകാരുടെ ഉപജീവന മാർഗ്ഗം. മുള്ളന്‍ ഇനത്തില്‍ പെട്ട മത്സ്യങ്ങൾ ധാരാളമായി ലഭിക്കുന്ന സ്ഥലം എന്നര്‍ത്ഥം വരുന്ന കൂര്‍ച്ചിപ്പിള്ള എന്ന പേര് ലോപിച്ചാണ് ഈ പ്രദേശത്തിന്ന് ഉപ്പള എന്ന നാമം ലഭിച്ചത് എന്നാണ് ചരിത്രം. തുളുനാടിന്റെ ഭാഗമായിരുന്ന ഉപ്പളയിലെ ആദ്യകാല ഭാഷ തുളു ആയിരുന്നെന്ന് പറയാം. വിജയനഗരസാമ്രാജ്യ പതനത്തിന്ന് ശേഷം വിദേശാധിപത്യവും കുടിയേറ്റങ്ങളും വർദ്ധിച്ചപ്പോൾ തുളുനാട് ബഹുഭാഷാ സംഗമഭൂമിയായി മാറി.
ആദ്യമായി ഉപ്പളയിൽ എത്തിയ നിങ്ങൾ ടൗണിലെ ഹോട്ടലിലോ, കടകളിലോ എത്തിപ്പെട്ടാൽ, ‘ക്യാ ചായി ഹേ ഭായി?’ എന്ന ചോദ്യം കേട്ട് പകച്ച് പോയിലെങ്കിലേ അത്ഭുതമുള്ളൂ. പൊതുവേ ദ്രാവിഡ ഭാഷ സംസാരിക്കുന്ന മലയാളികൾക്ക് ഹിന്ദി ഭാഷ വഴങ്ങാറില്ലയെന്നാണ് പറയപ്പെടാറെങ്കിലും കാസറഗോഡ് ജില്ലക്കാർ പൊതുവിലും ഉപ്പള പ്രദേശത്തുകാർ മൊത്തത്തിലും ഹിന്ദി/ഉറുദു സംസാരിക്കുന്നവരാണ് എന്നറിയുമ്പോൾ ഒട്ടും അതിശയോക്തി തോന്നേണ്ടതില്ല. ഉപ്പളയുടെ ചരിത്രത്തിന്ന് ഉത്തരേന്ത്യൻ ചരിത്രവുമായി ബന്ധമുണ്ട് എന്നത് തന്നെയാണ് ഇവിടത്തെ ഭൂരിഭാഗം പ്രദേശവാസികളും ഹിന്ദി സംസാരിക്കുന്നതിന്റെ കാരണം.
1780 കളിലെ ടിപ്പുവിന്റെ പടയോട്ട കാലത്ത് തന്നെ മൈസൂരിലെയും ഹൈദരബാദിലെയും ഉർദു മാതൃഭാഷയാക്കിയ ഒരു ജനവിഭാഗം ഇവിടെ എത്തുകയും ടിപ്പുവിന്റെ അനുമതിയോടെ ഉപ്പളയിലും കാസറഗോഡിന്റെ മറ്റ് ഭാഗങ്ങളിലും താമസമുറപ്പിച്ചിരുന്നു. തെലുങ്കാനയിൽ മുസ്ലീം മത വിശ്വാസികളെ ‘തുർക്കൊള്ളി’ എന്നാണ് ഇന്നും പറയാറുള്ളത്. നൂറ്റാണ്ടുകൾക്ക് മുമ്പ് തുർക്കിയിൽ നിന്ന് വന്നവരുടെ പിന്തുടർച്ചക്കാർ എന്നർത്ഥത്തിലാണ് അങ്ങനെ വിളിക്കാർ. ഇത് പോലെ തന്നെ ഉപ്പളയിലുള്ള ഹനഫികളെ പ്രദേശവാസികൾ ‘തുർക്കർ’ എന്നും വിളിക്കാറുണ്ട്. ഇസ്ലാം കർമ്മ ശാസ്ത്രത്തിലെ നാൽ ഇമാമുമാരിലെ അബു ഹനിഫയുടെ വഴി (മദ്‌ഹബ്) പിന്തുടരുന്നവരായത് കൊണ്ടാണ് ഹനഫികൾ എന്ന് വിളിക്കപ്പെടുന്നത്. ഹനഫി പുരുഷന്മാർ പേരിന്റെ കൂടെ ‘സാഹിബ്’ എന്ന് ചേർക്കുന്നത് കൊണ്ട്, ഇവരെ ‘സാഹിബർ’ എന്നും പറയാറുണ്ട്.
ഹനഫി സമൂഹത്തിന്റെ ഭൂരിപക്ഷ സാന്നിദ്ധ്യം കൊണ്ട് തന്നെയാണ് ഉപ്പളയെ കേരളത്തിലെ മറ്റു പ്രദേശങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. ടൗണിലൂടെ നടന്ന് പോയാൽ തന്നെ ഒരു വടക്കേ ഇന്ത്യയിലെ കൊച്ചു പട്ടണത്തിലൂടെ നടന്ന് പോകുന്നത് പോലെയുള്ള പ്രതീതി. കടകളിലെ സൈൻബോർഡുകളിലും ഉർദു ഭാഷയുടെ സ്വാധീനം കാണാനാവും. ഉത്തരേന്ത്യയിൻ കവലകളിലെ പോലെ നീളൻ കുർത്തകൾ ധരിച്ച് പോകുന്ന പുരുഷന്മാരും മുഖമടക്കം മറച്ച് ‘നിഖാബ്’ ധരിച്ച് പോകുന്ന സ്ത്രീകളും ഉപ്പളയുടെ മാത്രം പ്രത്യേകതയാണ്. മത കാര്യങ്ങളിൽ കൂടുതൽ കണിശത കാത്തുസൂക്ഷിക്കുന്ന ഹനഫികളുടെ സാന്നിദ്ധ്യം കാസറഗോട്ടെ സാമൂഹ്യജീവിതത്തിൽ പല പരിവർത്തനങ്ങൾക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്.