വേനൽക്കാലം ഏറെ കന്നുകാലികളുടെ ആരോഗ്യത്തെയും ഉൽപാദനത്തേയും പ്രതികൂലമായി ബാധിച്ചു കഴിഞ്ഞു. കാലാവസ്ഥ റിപ്പോർട്ടുകൾ പ്രകാരം വേനൽ മാറി ഉയർന്ന തോതിലുള്ള മഴക്കാലമായിരിക്കുമെന്നാണ്. അതിനാൽ ഇനി കണ്ണുകളായികളുടെ ആരോഗ്യത്തയും അവയുടെ ഉൽപാദനവും വർധിപ്പിക്കുന്നതിനായി നമ്മുക്ക് കുറച്ച് മുന്നൊരുക്കങ്ങൾ ചെയ്‌തുവെക്കാം. എന്തൊക്കെ നമ്മുക്ക് ചെയ്യാം അതിനായി നമ്മൾ ചെയ്യേണ്ട എന്തൊക്കെ എന്ന് മനസിലാക്കാം
1. വേനലിനെ പ്രതിരോധിക്കാനായി മേൽക്കൂരയിൽ തെങ്ങോല, വള്ളിപ്പടർപ്പുകൾ, വൈക്കോൽ തുടങ്ങിയവ വിരിച്ചിട്ടുണ്ടെങ്കിൽ ആദ്യത്തെ മഴയ്ക്കു തന്നെ ഇവ എടുത്തു മാറ്റി മേൽക്കൂരയുടെ മുകൾഭാഗം വൃത്തിയാക്കി മഴവെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനമൊരുക്കണം.
2. ഇലക്ട്രിക് സ്വിച്ച്, വയറിങ് കേബിളുകൾ തുടങ്ങി വൈദ്യുതിയുമായി ബന്ധപ്പെട്ട ഘടകങ്ങളുടെ അറ്റകുറ്റപ്പണി നടത്തണം. കേടായ വൈദ്യുത ഉപകരണങ്ങളും മഴവെള്ളവുമായുള്ള സമ്പർക്കം മൂലം മനുഷ്യർക്കും മൃഗങ്ങൾക്കും വൈദ്യുതാഘാതം ഏൽക്കാതെ നോക്കണം.
3. പൊട്ടിപ്പൊളിഞ്ഞ തറയോ ചുമരുകളോ ഉണ്ടെങ്കിൽ സിമന്റ് ഉപയോഗിച്ച് പ്ലാസ്റ്റർ ചെയ്യണം
4. വെള്ളവും മൂത്രവും കെട്ടിനിൽക്കാൻ ഇടനൽകാതെ ഓടയിലും ടാങ്കുകളിലും തടസങ്ങളുണ്ടെങ്കിൽ നീക്കം ചെയ്ത് വൃത്തിയാക്കണം.
5. ചാണകക്കുഴിയിലുള്ള ചാണകം ഈ വേനലിൽ പൂർണമായി ഉണക്കി ചാക്കുകളിലാക്കി നല്ല വിലയ്ക്ക് വിൽക്കാവുന്നതാണ്. അതുവഴി ചാണകക്കുഴി മഴയ്ക്ക് മുൻപ് കാലിയാക്കാൻ കഴിയും കുഴിയുടെ മുകൾഭാഗത്തായി മഴവെള്ളം വീഴാതെ മേൽക്കൂര നിർമിക്കണം.
6. തൊഴുത്തിന്റെ വശങ്ങളിൽ അടിഞ്ഞു കൂടിയിരിക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്ത് കുമ്മായം കലക്കി അടിക്കാവുന്നതാണ്. അതുവഴി അണുബാധ തടയാൻ കഴിയും.
7. ആദ്യത്തെ മഴയ്ക്കു തന്നെ തീറ്റപ്പുൽ കൃഷി തുടങ്ങാം.
8. കഠിനമായ ചൂടിൽ നിൽക്കുന്ന പശുക്കളെ പുതുമഴ നനയാൻ അവസരം നൽകരുത്. ഇടവിട്ടുള്ള ചൂടും മഴയും പശുക്കളുടെ ആരോഗ്യസ്ഥിതി ക്ഷയിപ്പിക്കും.
9. തൊഴുത്തിന്റെ മുകളിലേക്ക് ചാഞ്ഞു നിൽക്കുന്ന മരങ്ങളുടെ ശിഖരങ്ങൾ മുറിച്ച് കാറ്റിലും മഴയിലും അപകടമുണ്ടാകില്ലെന്ന് ഉറപ്പുവരുത്തണം.
10. വെള്ളക്കെട്ടുണ്ടാകാനോ വെള്ളപ്പൊക്കമുണ്ടാകാനോ സാധ്യതയുള്ള സ്ഥലത്താണ് തൊഴുത്തെങ്കിൽ അടിയന്തിര ഘട്ടത്തിൽ കന്നുകാലികളെ മാറ്റിപ്പാർപ്പിക്കാനുള്ള ബദൽ സംവിധാനം മുൻകൂട്ടി കണ്ടുവയ്ക്കണം.
11. അകിടുവീക്കം, അടപ്പൻ, ശ്വാസകോശ രോഗങ്ങൾ തുടങ്ങിയ മിക്കവാറും എല്ലാ രോഗങ്ങളും മഴക്കാലത്താണ് പ്രത്യക്ഷപ്പെടുന്നത്. അതിനാൽ തൊഴുത്തും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിനൊപ്പം അസുഖ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ അടുത്ത മൃഗാശുപത്രിയിൽ വിവരം നൽകണം.
12. കാലിത്തീറ്റയും വൈക്കോലും സൂക്ഷിക്കുന്ന സ്ഥലം മഴക്കാലത്ത് നനയാതിരിക്കുന്നതിനും ഈർപ്പരഹിതമായിരിക്കുന്നതിലും പ്രത്യേകം ശ്രദ്ധിക്കണം.