കേരളത്തിലെ പട്ടികജാതി പട്ടിക വര്‍ഗ വിഭാഗത്തെ ചൂഷണം ചെയ്യുന്നത്, തമ്പ്രാനോ, ജന്‍മിയോ ഒന്നുമല്ല. കുത്തക മുതലാളി കമ്പനികള്‍ക്ക് അവരെ മൊത്തത്തില്‍ വിറ്റ് പണം കീശയിലിടുന്നത് അവര്‍ തിരഞ്ഞെടുക്കുന്ന, അവരുടെ വകുപ്പ് നോക്കുന്ന മന്ത്രി തന്നെയാണ്. പറഞ്ഞു വരുന്നത്, കേരള സര്‍ക്കാരിന്റെ എസ്.സി. എസ്.ടി. വകുപ്പിന് കീഴിലുള്ളവരുടെ ജീവിത മാര്‍ഗം കൂടുതല്‍ ഗുണമാക്കാനുള്ള ഒരു പ്രോജക്ടിന്റെ അന്ത്യകൂദാശ നടന്നതിനെ കുറിച്ചാണ്. ആമസോണ്‍ എന്ന ഓണ്‍ലൈന്‍ മാര്‍ക്കറ്റ് ഭീമന്റെ ചന്തയില്‍ പാവം എസ്.സി, എസ്.ടി വിഭാഗത്തിലുള്ളവരുടെ പ്രോഡക്ടുകള്‍ വില്‍പ്പന നടത്തി, അതിന്റെ വരുമാനം അവര്‍ക്കു തന്നെ നല്‍കാനാണ് പദ്ധതി വിഭാവനം ചെയതത്.
ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്തായിരുന്നു ഈ പ്രോജക്ട് നടപ്പാക്കിയത്. അന്ന്, വകുപ്പു മന്ത്രി എ.കെ. ബാലന്‍ ആയിരുന്നു. പട്ടിക ജാതിക്കാരുടെ കുടില്‍ വ്യവസായ ഉത്പ്പന്നങ്ങളും, പട്ടിക വര്‍ഗക്കാരുടെ വന വിഭാവങ്ങളും ആമസോണ്‍ വഴി വില്‍പ്പന നടത്താന്‍ 15 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കിയത്. സ്വാസിക എന്ന പേരിലാണ് ഈ പദ്ധതി നടപ്പാക്കിയത്. ആദ്യഘട്ടത്തില്‍ 5 കോടി രൂപയാണ് ഇതിന് അനുവദിച്ചത്. എന്നാല്‍, രണ്ടരക്കോടി പദ്ധഥിക്കായി മുടക്കിയെന്ന് പട്ടികജാതി പട്ടിക വര്‍ഗ വകുപ്പ് പറയുന്നുണ്ട്. പക്ഷെ, ആമസോണും, മന്ത്രിയും കേരളത്തിലെ അടിസ്ഥാന വര്‍ഗവും നാലുവഴിക്കാണിപ്പോഴും. ഇതിനായി നിര്‍മ്മിച്ച വെബ്‌സൈറ്റും വര്‍ക്കിംഗല്ല.
ആമസോണ്‍ വഴി ഇപ്പോഴും വില്‍പ്പനയും വാങ്ങലുമൊക്കെ നടക്കുന്നുണ്ട്. പട്ടികജാതിക്കാരുടെയോ വനവിഭവങ്ങളോ അല്ലെന്നു മാത്രം. പക്ഷെ, അതിന്റെപേരില്‍ അടിച്ചു മാറ്റിയ കോടികള്‍ എങ്ങോട്ടു പോയെന്നാണ് അറിയേണ്ടത്. അന്നത്തെ മന്ത്രി എ.കെ. ബാലന് അല്‍പ്പമെങ്കിലും ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍, അടിസ്ഥാന വര്‍ഗത്തിന്റെ ഉന്നമനത്തിനു വേണഅടി നടപ്പാക്കിയെന്ന് അവകാശപ്പെടുന്ന പദ്ധതിയെ കുറിച്ച് ധവളപത്രം ഇറക്കണം. അല്ലെങ്കില്‍ ഇപ്പോഴത്തെ മന്ത്രി കെ. രാധാകൃഷ്ണന്‍ ഈ പ്രോജക്ടിനെ കുറിച്ച് വിശദീകരിക്കണം. പദ്ധതിയുടെ ഗുണഫലം അനുഭവിക്കാന്‍ അടിസ്ഥാന വര്‍ഗത്തിലെ ജനതയ്ക്കു കഴിഞ്ഞോ എന്നാണ് അറിയേണ്ടത്.
കോടികളാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈ വിഭാഗത്തിന്റെ ഉന്നമനത്തിനായി ഇക്കാലമത്രയും ചെലവാക്കിയത്. എന്നാല്‍, ഉന്നമനം എന്നത് എഴുതി കാണിക്കാനല്ലാതെ, ഈ വിഭാഗത്തിന് ലഭിച്ചിട്ടില്ല. എവിടെയാണ് ഇവര്‍ക്കു വേണ്ടി നടപ്പാക്കുന്ന പദ്ധതികള്‍ അട്ടിമറിക്കപ്പെടുന്നത്. ഉദ്യോഗസ്ഥ തലത്തിലാണോ. അതോ മന്ത്രി തലത്തിലോ. അതോ പദ്ധതി തയ്യാറാക്കി ഫണ്ട് അനുവദിച്ചു കഴിഞ്ഞ്, പദ്ധതി ഉപേക്ഷിക്കുകയാണോ. എന്തായാലും ഈ പദ്ധതിയുടെ പേരില്‍ മന്ത്രി നടത്തിയത് വില്‍പ്പനയാണ്. ആണസോണിനെ കാണിച്ച് അടിസ്ഥാന വര്‍ഗത്തിന്റെ പേരില്‍ കോടികള്‍ വെട്ടിച്ചു എന്നല്ലാതെ മറ്റൊന്നും നടന്നിട്ടില്ല.
ഇപ്പോള്‍ ഈ പദ്ധതി നിലവില്‍ ഇല്ല. ഉണ്ടായിരുന്നുവെങ്കില്‍ വനംവകുപ്പ് സ്വന്തമായി വനവിഭവങ്ങളുടെ ഔട്ടലെറ്റ് പ്രവര്‍ത്തിപ്പിക്കില്ലായിരുന്നു. വനംവകുപ്പിനാണ് എസ്.ടി. വിഭാഗത്തിലുള്ളവര്‍ വനവിഭവങ്ങള്‍ വില്‍ക്കുന്നത്. തുച്ഛമായ കാശിനാണ് ആദിവാസികളില്‍ നിന്നും വനംവകുപ്പ് ഉത്പ്പന്നങ്ങള്‍ വാങ്ങുന്നത്. എന്നിട്ട്, വലിയ വിലയ്ക്ക് പൊതു മാര്‍ക്കറ്റില്‍ വില്‍ക്കും. ഇങ്ങനെ ആദിവാസി മേഖലയിലുള്ളവരെ ചൂഷമം ചെയ്യുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍ പഴയ കാലത്തെ തമ്പ്രാന്‍മാരുടെയും ജന്മിമാരുടെ റോളില്‍ പ്രവര്‍ത്തിക്കുകയാണ്.
എന്തെല്ലാം പദ്ധതികളാണ് ഈ വകുപ്പിന്റെ പേരില്‍ സര്‍ക്കാര്‍ നടപ്പാക്കുന്നത്. എന്നാല്‍, ഒന്നിന്റെ ഗുണഫലവും ഈ മേഖലയിലുള്ളവര്‍ക്ക് ലഭിക്കില്ലെന്നതാണ് ഇന്നത്തെ കാലത്തെ പ്രധാന പ്രശ്‌നം. പട്ടിക ജാതി പട്ടിക വര്‍ഗ വികസന കോര്‍പ്പറേഷന്റെ കീഴില്‍ തന്നെ നിരവധി പദ്ധതികളുണ്ട്. കോര്‍പ്പറേഷന്റെ ആരംഭം മുതല്‍ 2015സെപ്തംബര്‍ മാസം അവസാനം വരെ വിവിധ പദ്ധതികളിന്‍ കീഴില്‍ 168098 ഗുണഭോക്താക്കള്‍ക്കായി 427.30 കോടി രൂപ വിതരണം ചെയ്തിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍. പിന്നീടുള്ള ഒമ്പതു വര്‍ഷത്തെ കണക്കുകള്‍ കൂടി കേട്ടാല്‍ നമ്മള്‍ ഞെട്ടും.
ഇത്രയും പണം ചെലവഴിച്ചിട്ടും രക്ഷപ്പെടാത്ത മനുഷ്യരുണ്ടോ ലോകത്ത്. കോര്‍പ്പറേഷന് വിവിധ വായ്പാ പദ്ധതികള്‍ നടപ്പിലാക്കുന്നതിനുള്ള സാമ്പത്തിക സഹായം ലഭിക്കുന്നത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍,ദേശീയ പട്ടികജാതി ധനകാര്യ വികസന കോര്‍പ്പറേഷന്‍ (എന്‍.എസ്.എഫ്.ഡി.സി) , ദേശീയ പട്ടികവര്‍ഗ്ഗ ധനകാര്യവികസന കോര്‍പ്പറേഷന്‍ (എന്‍.എസ്.ടി.എഫ്.ഡി.സി) എന്നിവിടങ്ങളില്‍ നിന്നാണ്. കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന വിവിധ വായ്പാ പദ്ധതികളെ താഴെപ്പറയുന്ന വിധത്തില്‍ തരം തിരിക്കാം
1. കോര്‍പ്പറേഷന്‍ മാത്രമായി വായ്പ നല്‍കുന്ന പദ്ധതികള്‍
2. ദേശീയ ധനകാര്യ സ്ഥാപനങ്ങളുടെ വായ്പയും കോര്‍പ്പറേഷന്റെ സ്വന്തം വായ്പാ വിഹിതവും ചേര്‍ന്നുള്ള പുനര്‍ വായ്പാ പദ്ധതികള്‍
ഇതുകൂടാതെ തൊഴില്‍ മേഖലയുടെ ആവശ്യങ്ങള്‍ക്കനുസൃതമായുള്ള വിവിധ തൊഴിലധിഷ്ഠിത പരിശീലന പദ്ധതികളും കോര്‍പ്പറേഷന്‍ സംഘടിപ്പിക്കുന്നുണ്ട്. കോര്‍പ്പറേഷന്‍ മാത്രമായി വായ്പാ സഹായം നല്‍കുന്ന പദ്ധതികള്‍.
A. സ്വയം തൊഴില്‍ പദ്ധതികള്‍
1. ബെനിഫിഷ്യറി ഓറിയന്റഡ് പദ്ധതി
സംസ്ഥാനത്തെ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട യുവതീ യുവാക്കള്‍ക്ക് ചെറിയ ഇടത്തരം സ്വയം തൊഴില്‍ യൂണിറ്റുകള്‍ ആരംഭിക്കുന്നതിനു വേണ്ടി വായ്പ നല്‍കുന്ന പദ്ധതിയാണിത്. ഈ പദ്ധതിയിന്‍ കീഴില്‍ 1,50,000/ രൂപവരെ അനുവദിക്കുന്നതാണ്. അതില്‍ പരമാവധി 10,000/ രൂപവരെ അര്‍ഹരായവര്‍ക്ക് ലഭ്യതയ്ക്കനുസരിച്ച് സബ്‌സിഡി നല്‍കുന്നതാണ്. പലിശ നിരക്ക് 6%വും തിരിച്ചടവ് കാലാവധി 5വര്‍ഷവുമാണ്. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാന പരിധി 3.5ലക്ഷം രൂപയാണ്.
2. പ്രൊഫഷണല്‍ സര്‍വ്വീസ് പദ്ധതി
നിശ്ചിത പ്രൊഫഷണല്‍ സാങ്കേതിക യോഗ്യതയും വൈദഗ്ദ്ധ്യവുമുള്ള (വെല്‍ഡര്‍,ഇലക്ട്രീഷ്യന്‍,ലബോറട്ടറി ടെക്‌നീഷ്യന്‍,ഡോക്ടര്‍,എഞ്ചീനിയ ര്‍,ചാര്‍ട്ടേഡ്അക്കൗണ്ടന്റ്,ഫാര്‍മസിസ്റ്റ്തുടങ്ങിയവ)
പട്ടികജാതിയില്‍പ്പെട്ട യുവതീ യുവാക്കള്‍ക്ക് സ്വന്തമായി പ്രാക്ടീസ് ചെയ്യുന്നതിനും സ്വയം തൊഴില്‍ ചെയ്യുന്നതിനുമായി കോര്‍പ്പറേഷന്‍ പരമാവധി 1.50ലക്ഷം രൂപവരെ വായ്പ നല്‍കുന്നതാണ്. അതില്‍ 10,000/ രൂപവരെ അര്‍ഹരായവര്‍ക്ക് സബ്‌സിഡി നല്കുന്നതാണ്. വായ്പയുടെ പലിശ നിരക്ക് 7%വും തിരിച്ചടവ് കാലാവധി 5വര്‍ഷവുമാണ്. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാന പരിധി 3.5 ലക്ഷം രൂപയാണ്.
3. വിദേശ തൊഴില്‍ വായ്പാ പദ്ധതി
നിയമാനുസരണം പാസ്‌പോര്‍ട്ട്, വര്‍ക്ക് എഗ്രിമെന്റ്, വിസ എന്നിവ നേടിയവരും വിദേശത്ത് തൊഴില്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നവരുമായ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വിദേശ തൊഴില്‍സംബന്ധമായി ധനസഹായം നല്‍കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള പദ്ധതിയാണിത്. പരമാവധി 50,000/ രൂപവരെയാണ് വായ്പ നല്‍കുന്നത്. വായ്പയുടെ പലിശനിരക്ക് 6%വും തിരിച്ചടവ് കാലയളവ് 3വര്‍ഷവുമാണ്. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാന പരിധി 3.5ലക്ഷം രൂപയാണ്.
4. പട്ടികജാതി വിഭാഗക്കാര്‍ക്കുള്ള ഓട്ടോറിക്ഷ വായ്പാ പദ്ധതി
ഓട്ടോ ഡ്രൈവിംഗ് ലൈസന്‍സും ബാഡ്ജുമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട തൊഴില്‍ രഹിതരായ യുവതീ യുവാക്കള്‍ക്ക് സ്വയം തൊഴില്‍ ഉപാധി എന്ന നിലയില്‍ ഓട്ടോറിക്ഷാ വായ്പാ നല്‍കുന്ന പദ്ധതിയാണിത്. പരമാവധി പദ്ധതി തുക 1,90,000/ രൂപയാണ്. വായ്പയുടെ പലിശ നിരക്ക് 6%വും തിരിച്ചടവ് കാലാവധി 5വര്‍ഷവുമാണ്. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാന പരിധി 3.5ലക്ഷം രൂപയാണ്
5. വനിതാ ശാക്തീകരണ പദ്ധതി
പട്ടികജാതിയില്‍പ്പെട്ട വനിതാ സംരംഭകര്‍ മാത്രം ഉള്‍പ്പെട്ട സ്വയം സഹായ സംഘങ്ങള്‍ക്ക് വരുമാനദായക പദ്ധതികള്‍ ഏറ്റെടുത്തു നടത്തുന്നതിനായാണ്വനിതാ ശാക്തീകരണ പദ്ധതിയില്‍ വായ്പ നല്‍കുന്നത്. കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ പട്ടികജാതി വികസനവകുപ്പുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. ഒരു സംഘത്തില്‍ 10മുതല്‍ 15അംഗങ്ങള്‍ വരെ ഉണ്ടാകാവുന്നതാണ്. കോര്‍പ്പറേഷന്റെ വായ്പാ നിബന്ധനകള്‍ക്ക് വിധേയമായി ഒരു സംഘത്തിന് പരമാവധി 6,00,000/ രൂപ വരെ പദ്ധതി തുകയായി അനുവദിക്കുന്നതാണ്. ഇതില്‍ 2,40,000/ രൂപ വരെ സബ്‌സിഡിയും 60,000/ രൂപ ഗുണഭോക്തൃ വിഹിതവും ശേഷിക്കുന്ന 3ലക്ഷം രൂപ വായ്പയും ആയിരിക്കും. രൂപീകരിച്ചശേഷം കുറഞ്ഞത് 6മാസമെങ്കിലും വിജയകരമായി പ്രവര്‍ത്തിച്ച് ഗ്രേഡിംഗ് കഴിഞ്ഞുള്ള സ്വയം സഹായ സംഘങ്ങളെ മാത്രമേ വായ്പക്കായി പരിഗണിക്കുകയുള്ളു. വായ്പയുടെ തിരിച്ചടവ് കാലാവധി 3വര്‍ഷവും പലിശ നിരക്ക് 6%ആണ്. പദ്ധതി തുക3ലക്ഷം രൂപ അധികരിക്കുന്ന പക്ഷം കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ ജാമ്യം നല്‍കേണ്ടതാണ്
6.മള്‍ട്ടി പര്‍പ്പസ് യൂണിറ്റ് ലോണ്‍
പട്ടികജാതിയില്‍പ്പെട്ട മികച്ച സംരംഭകര്‍ക്ക് ചെറുകിട അഥവാ ഇടത്തരം വ്യവസായ വാണിജ്യ സംരംഭങ്ങള്‍ ഏറ്റെടുത്ത് നടത്തുവാന്‍ വായ്പാ സഹായം നല്‍കുന്നതിനായി ആവിഷ്‌കരിച്ചിരിക്കുന്ന പുതിയ പദ്ധതിയാണ് മള്‍ട്ടി പര്‍പ്പസ് യൂണിറ്റ് ലോണ്‍ നിര്‍ദ്ദിഷ്ട മേഖലയില്‍ തൊഴില്‍ പരിചയവും സാങ്കേതിക പരിജ്ഞാനവുമുള്ള ഊര്‍ജ്ജസ്വലരായ സംരംഭകരെ വിജയസാധ്യതയുള്ള സംരംഭങ്ങളില്‍ മുതല്‍ മുടക്കാന്‍ പ്രാപ്തരാക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. പദ്ധതിയിന്‍കീഴില്‍ നല്‍കുന്ന പരമാവധി വായ്പ 10.00ലക്ഷം രൂപയാണ്. ഇതില്‍ 4 % ഗുണഭോക്ത്യ വിഹിതമാണ്. പദ്ധതിയില്‍ സബ്‌സിഡി ഒന്നും ലഭിക്കുന്നതല്ല. വായ്പയുടെ പലിശ നിരക്ക് 5.00ലക്ഷം രൂപ വരെ 6%വും, അതിന് മുകളില്‍ 10,00ലക്ഷം രൂപ വരെ 8%വുമാണ്. വായ്പ 5വര്‍ഷം കൊണ്ട് തിരിച്ചടക്കേണ്ടതാണ്.
B. മറ്റു സാമൂഹ്യ ക്ഷേമ പദ്ധതികള്‍
1. വിദ്യാഭ്യാസ വായ്പാ പദ്ധതി
പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട യുവതീ യുവാക്കള്‍ക്ക് കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും എഞ്ചിനീയറിംഗ്, മെഡിസിന്‍,അഗ്രിക്കള്‍ച്ചര്‍,ഫാര്‍മസി, മാനേജ്‌മെന്റ്, നഴ്‌സിംഗ് തുടങ്ങിയ പ്രൊഫഷണല്‍ കോഴ്‌സുകളില്‍ ചേര്‍ന്ന് ഉന്നത വിദ്യാഭ്യാസം നേടുന്നതിനായി കോര്‍പ്പറേഷന്‍ വായ്പ നല്‍കുന്നുണ്ട്. വായ്പ, പഠിയ്ക്കുന്ന കോഴ്‌സിന്റെ സ്വഭാവത്തിനും അംഗീകാരത്തിനും അനുസൃതമായി മാത്രമെ ലഭിക്കുകയുള്ളൂ. സംസ്ഥാനത്തിനകത്തെ പ്രൊഫഷണല്‍ ബിരുദ /ബിരുദാനന്തര പഠനത്തിന് വായ്പാ തുക പരമാവധി 1,00,000/- രൂപയും മറ്റ് സംസ്ഥാനങ്ങളിലെ പഠനത്തിന് 2.50 ലക്ഷം രൂപയുമാണ്. വായ്പയുടെ പലിശ നിരക്ക് 6% വും തിരിച്ചടവ് കാലാവധി പഠനം കഴിഞ്ഞുള്ള 5 വര്‍ഷവുമാണ്. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാന പരിധി 3.5 ലക്ഷം രൂപയാണ്.
2. വിദേശ വിദ്യാഭ്യാസ വായ്പാ പദ്ധതി
ഈ പദ്ധതിയിന്‍ കീഴില്‍ വിദേശത്തുള്ള ഏതെങ്കിലും അംഗീകൃത സര്‍വ്വകലാശാലകളിലോ സ്ഥാപനങ്ങളിലോ വച്ചുള്ള പ്രൊഫഷണല്‍ ഡിപ്ലോമ, ബിരുദം, ബിരുദാന്തര ബിരുദം, ഗവേഷണം എന്നീ തലങ്ങളിലെ പഠനത്തിന് ഒരാള്‍ക്ക് പരമാവധി 10 ലക്ഷം രൂപ വരെ നിബന്ധനകള്‍ക്ക് വിധേയമായി വായ്പ നല്‍കുന്നതാണ്. വായ്പയുടെ പലിശ നിരക്ക് 5 ലക്ഷം രൂപവരെ 6% വും അതിനു മുകളില്‍ 10 ലക്ഷം രൂപവരെ 8.5% വുമാണ്. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാന പരിധി 5 ലക്ഷം രൂപയാണ്.
3. വിവാഹ വായ്പാ പദ്ധതി
പട്ടികജാതി പട്ടികവര്‍ഗ്ഗവിഭാഗത്തില്‍പ്പെട്ടതും സാമ്പത്തികപരാധീനത ഉളളതുമായ കുടുംബങ്ങളിലെ രക്ഷിതാക്കള്‍ക്ക് അവരുടെ പെണ്‍മക്കളുടെ വിവാഹം നടത്തുന്നതിനായി 2,00,000 രൂപ വരെ വായ്പ കൊടുക്കുന്ന പദ്ധതിയാണിത്. വായ്പയുടെ പലിശ നിരക്ക് 6% വും തിരിച്ചടവ് കാലാവധി 5 വര്‍ഷവുമാണ്. അപേക്ഷകരുടെ കുടുംബവാര്‍ഷിക വരുമാനപരിധി 2,00,000/ രൂപയാണ്.
4. പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള കമ്പ്യൂട്ടര്‍ വായ്പാ പദ്ധതി
പട്ടികജാതിയില്‍പ്പെട്ടവരും എസ്. എസ്. എല്‍. സി, പ്ലസ് ടു, എഞ്ചിനീയറിംഗ് ഡിപ്ലോമ, ബിരുദം എന്നീ തലങ്ങളില്‍ സര്‍ക്കാര്‍ അഥവാ സര്‍ക്കാര്‍ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവരുമായ വിദ്യാര്‍ത്ഥികളെ ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. പദ്ധതി പ്രകാരം പട്ടികജാതിയില്‍പ്പെട്ട വിദ്യാര്‍ത്ഥിനിവിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറും അനുബന്ധ സാമഗ്രികളും വാങ്ങുന്നതിനായി ഒരാള്‍ക്ക് പരമാവധി 40,000 രൂപ വരെ വായ്പ അനുവദിക്കുന്നു. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാന പരിധി 3.5 ലക്ഷം രൂപയാണ്.
5. പട്ടികജാതി/പട്ടികവര്‍ഗ്ഗവിഭാഗത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള വ്യക്തിഗത വായ്പാ പദ്ധതി
പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ചെറിയ അഥവാ ഇടത്തരം വരുമാനക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നിത്യജീവിതത്തിലെ വിവിധ ഗാര്‍ഹിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഉദ്ദേശിച്ചിട്ടുള്ള ഈ പദ്ധതിയിന്‍ കീഴില്‍ വിവാഹം, രോഗചികിത്സ, ഗൃഹപ്രവേശം തുടങ്ങിയ അടിയന്തിര ഘട്ടങ്ങളിലെ വായ്പാ ആവശ്യങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്നതാണ്. പരമാവധി വായ്പാ തുക 1 ലക്ഷം രൂപയാണ്. അപേക്ഷകന്റെ കുടുംബവാര്‍ഷിക വരുമാനം 4 ലക്ഷം രൂപ കവിയാന്‍ പാടില്ല. വായ്പയുടെ പലിശ നിരക്ക് 8 ശതമാനവും തിരിച്ചടവ് കാലാവധി 5 വര്‍ഷവുമാണ്. ഫണ്ടിന്റെ ലഭ്യതയനുസരിച്ചേ വായ്പ നല്‍കുകയുള്ളു
6. പട്ടികജാതിപട്ടികവര്‍ഗവിഭാഗ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള ഇരുചക്ര വാഹന വായ്പാ പദ്ധതി
പട്ടികജാതിയില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ഇരുചക്രവാഹനം വാങ്ങുന്നതിനായി ഈ പദ്ധതിയിന്‍ കീഴില്‍ പരമാവധി 50,000/ രൂപ വരെ വായ്പ നല്‍കുന്നു. അപേക്ഷകന്റെ കുടുംബവാര്‍ഷിക വരുമാനം 4,00,000/ രൂപ കവിയാന്‍ പാടില്ല. വായ്പയുടെ പലിശനിരക്ക് 8 ശതമാനവും തിരിച്ചടവ് കാലാവധി 5 വര്‍ഷവുമാണ്. ഫണ്ടിന്റെ ലഭ്യതയനുസരിച്ച് വായ്പ നല്‍കുകയുള്ളു.
A. സ്വയംതൊഴില്‍ പദ്ധതികള്‍
എന്‍. എസ്. എഫ്. ഡി. സി പദ്ധതികള്‍
ദേശീയ പട്ടികജാതി ധനകാര്യ വികസന കോര്‍പ്പറേഷന്റെ ( എന്‍. എസ്. എഫ്. ഡി. സി) പുനര്‍ വായ്പാ സഹായത്തോടു കൂടി പട്ടികജാതിക്കാര്‍ക്കു മാത്രമായി നടപ്പിലാക്കുന്ന പദ്ധതികളാണിവ.
1. കര്‍ഷക തൊഴിലാളികള്‍ക്കുള്ള കൃഷിഭൂമി വായ്പാ പദ്ധതി
ഭൂരഹിതരായ കര്‍ഷക തൊഴിലാളി കുടുംബങ്ങള്‍ക്ക് കുറഞ്ഞത് 50 സെന്റ് എങ്കിലും കൃഷിക്ക് അനുയോജ്യമായ ഭൂമി വാങ്ങുന്നതിനും കാര്‍ഷിക വൃത്തിയില്‍ ഏര്‍പ്പെട്ട് ഭൂമിയി ല്‍ നിന്നും ഉള്ള വരുമാനം വഴി ഉപജീവനം നടത്തുന്നതിനുമുള്ള പദ്ധതിയാണിത്. പദ്ധതി തുകയായ 3,00,000/ രൂപയില്‍ പരമാവധി 2.5 ലക്ഷം രൂപ വരെ വായ്പയും 50,000 രൂപ വരെ സബ്‌സിഡിയും ആകുന്നു. വായ്പയുടെ പലിശ നിരക്ക് 6% വും തിരിച്ചടവ് കാലാവധി 8 വര്‍ഷവുമാണ്.
2. മൈക്രോ ക്രെഡിറ്റ് ഫൈനാന്‍സ് പദ്ധതി
പട്ടികജാതിയില്‍പ്പെട്ടവരും സാമ്പത്തികമായി ഏറ്റവും പിന്നോക്കാവസ്ഥയിലുള്ളവരുമായ ലഘു സംരംഭകര്‍ക്ക് ഏറ്റവും ചുരുങ്ങിയ മുതല്‍ മുടക്ക് ആവശ്യമുള്ള മേഖലകളില്‍ സ്വന്തമായോ കൂട്ടായോ സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള പദ്ധതിയാണിത്. പരമ്പരാഗതതൊഴില്‍ മേഖലകള്‍ക്ക് പ്രാമുഖ്യം നല്‍കുന്നതാണ്. പരമാവധി 50,000 രൂപ വരെയാണ് ഈ പദ്ധതിയിന്‍ കീഴില്‍ വായ്പ നല്‍കുന്നത്. അതില്‍ 10,000/ രൂപ വരെ അര്‍ഹരായവര്‍ക്ക് സബ്‌സിഡി നല്കുന്നതാണ്. വായ്പയുടെ പലിശ നിരക്ക് 5% വും തിരിച്ചടവ് കാലാവധി 3 വര്‍ഷവുമാണ്.
3. മിനി വെഞ്ച്വര്‍ പദ്ധതികള്‍
ഗുണഭോക്താക്കളുടെ അഭിരുചിക്കും തൊഴില്‍പരമായ വൈദഗ്ദ്ധ്യത്തിനുമനുസരിച്ച് വായ്പ നല്‍കുന്ന പദ്ധതികളാണിവ. ഇതിന്‍ പ്രകാരം വ്യക്തിഗത യൂണിറ്റുകള്‍ക്ക് അവര്‍ക്ക് ആവശ്യമായ മേഖലകളില്‍ പദ്ധതിയുടെ വിജയ സാധ്യത അനുസരിച്ച് ധനസഹായം നല്‍കുന്നതായിരിക്കും. പരമാവധി പദ്ധതി തുക 3 ലക്ഷം രൂപയാണ്. അതില്‍ 10,000/ രൂപ വരെ അര്‍ഹരായവര്‍ക്ക് സബ്‌സിഡി നല്കുന്നതാണ്. വായ്പയുടെ പലിശ നിരക്ക് 6% വും തിരിച്ചടവ് കാലാവധി 5 വര്‍ഷവുമാണ്.
4. മഹിളാ സമൃദ്ധി യോജന
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമാക്കിക്കൊണ്ട് ആവിഷ്‌കരിച്ചിട്ടുള്ള ഈ പദ്ധതിയിന്‍ കീഴില്‍ പരമാവധി 50,000/ രൂപ വായ്പ നല്‍കുന്നതാണ്. സ്ത്രീ സംരംഭകര്‍ക്ക് അവര്‍ക്ക് അനുയോജ്യമായതും എന്നാല്‍ കുറഞ്ഞ മുതല്‍ മുടക്ക് മാത്രം വേണ്ടിവരുന്നതുമായ ഏതെങ്കിലും തൊഴിലില്‍ ഏര്‍പ്പെട്ട് ഉപജീവന മാര്‍ഗ്ഗം കണ്ടെത്തുന്നതിനും അതുവഴി അവരുടെ സാമൂഹിക- സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുവാനും ഉദ്ദേശിച്ചുകൊണ്ടുള്ള ഈ പദ്ധതിയുടെ പലിശ നിരക്ക് 4% വും തിരിച്ചടവ് കാലാവധി 3 വര്‍ഷവുമാണ്. അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് പരമാവധി 10,000 രൂപവരെ സബ്‌സിഡി നല്‍കുന്നതാണ്.
5. മഹിളാ കിസാന്‍ യോജന
പട്ടികജാതിയില്‍പ്പെട്ടവരും സംരംഭകത്വ ഗുണവുമുള്ളവരും സ്വന്തമായി ചെറിയ തോതില്‍ എങ്കിലും കൃഷിയ്ക്കനുയോജ്യമായ ഭൂമി ഉള്ളതുമായ വനിതകളെ ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. ഇത്തരം ഗുണഭോക്താക്കള്‍ക്ക് കൃഷിയിലും അനുബന്ധ മേഖലകളിലും ചെറിയ മുതല്‍ മുടക്ക് ആവശ്യമുള്ള വരുമാനദായകമായ സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ പരമാവധി 50,000/ രൂപ വരെ വായ്പ നല്‍കുവാന്‍ പദ്ധതി ലക്ഷ്യമിടുന്നു. അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് പരമാവധി 10,000/ രൂപ വരെ സബ്‌സിഡി നല്കുന്നതാണ്. വായ്പയുടെ പലിശ നിരക്ക് 5% വും തിരിച്ചടവ് കാലാവധി 5 വര്‍ഷവുമാണ്.
6. ശില്‍പി സമൃദ്ധി യോജന പദ്ധതി
പട്ടികജാതിയില്‍പ്പെട്ട കരകൗശല വിദഗ്ദ്ധര്‍,ശില്‍പ്പികള്‍ എന്നിവര്‍ക്ക് അവര്‍ പ്രാവീണ്യം നേടിയ അഥവാ വ്യക്തിമുദ്ര പതിപ്പിച്ച മേഖലയില്‍ അനുയോജ്യമായ സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി പരമാവധി 50,000 രൂപ വരെ വായ്പ നല്‍കുന്ന പദ്ധതിയാണിത്. വായ്പയുടെ പലിശ നിരക്ക് 5% വും തിരിച്ചടവ് കാലാവധി 5 വര്‍ഷവുമാണ്.
7. ലഘു വ്യവസായ യോജന
പട്ടികജാതിയില്‍പെട്ട സംരഭകത്വ ഗുണമുള്ളവര്‍ക്ക് ലഘുവ്യവസായങ്ങള്‍ ആരംഭിക്കുന്നതിനായി പരമാവധി 1 ലക്ഷം രൂപവരെ വായ്പ നല്‍കുന്ന പദ്ധതിയാണിത്. വായ്പയുടെ പലിശനിരക്ക് 6 ശതമാനവും തിരിച്ചടവ് കാലാവധി 5 വര്‍ഷവുമാണ്.
8. വാഹന വായ്പ പദ്ധതി (ഓട്ടോ ടാക്‌സി)
പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരും ഡ്രൈവിംഗ് ലൈസന്‍സും ബാഡ്ജും ഉള്ളവരുമായ തൊഴില്‍ രഹിതരായ യുവതീ യുവാക്കള്‍ക്ക് സ്വയം തൊഴില്‍ ഉപാധി എന്ന നിലയില്‍ ഓട്ടോ ടാക്‌സി വാങ്ങാന്‍ വായ്പ നല്‍കുന്നതാണ്. പരമാവധി വായ്പാ തുക 2.50 ലക്ഷം രൂപയാണ്. വായ്പയുടെ പലിശ നിരക്ക് 6% വും തിരിച്ചടവ് കാലാവധി 5 വര്‍ഷവുമാണ്.
9. എന്‍.എസ്.എഫ്.ഡി.സി.യുടെ വിദ്യാഭ്യാസ വായ്പ പദ്ധതി
പട്ടികജാതിയിലെ വളരെ പാവപ്പെട്ട വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ക്ക് റഗുലര്‍,പ്രൊഫഷണല്‍/ സാങ്കേതിക വിദ്യാഭ്യാസ കോഴ്‌സുകളില്‍ ചേര്‍ന്ന് പഠനം നടത്തുന്നതിന് പരമാവധി 10 ലക്ഷം രൂപവരെ വായ്പ നല്‍കുന്ന പദ്ധതിയാണിത്. വായ്പയുടെ പലിശനിരക്ക് വിദ്യാര്‍ത്ഥികള്‍ക്ക് 4 ശതമാനവും വിദ്യാര്‍ത്ഥിനികള്‍ക്ക് 3.5 ശതമാനവുമാണ്. തിരിച്ചടവ് കാലാവധി പഠനം കഴിഞ്ഞുള്ള 5 വര്‍ഷവുമാണ്.
ഈ പദ്ധതികള്‍ക്കെല്ലാം തന്നെ അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാന പരിധി ഗ്രാമപ്രദേശങ്ങളില്‍ 98,000/- രൂപയും നഗരപ്രദേശങ്ങളില്‍ 1,20,000/- രൂപയുമാണ്.
എന്‍. എസ്. ടി. എഫ്. ഡി. സി പദ്ധതികള്‍
ദേശീയ പട്ടികവര്‍ഗ്ഗ ധനകാര്യ വികസന കോര്‍പ്പറേഷന്റെ പുനര്‍ വായ്പാ സഹായത്തോടു കൂടി പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ക്ക് മാത്രമായി നടപ്പിലാക്കുന്ന പദ്ധതികളാണിവ.
1. ഓട്ടോറിക്ഷാ വായ്പാ പദ്ധതി
പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരും ഓട്ടോ ഡ്രൈവിംഗ് ലൈസന്‍സും ബാഡ്ജുമുള്ളവരുമായ തൊഴില്‍ രഹിതരായ യുവതീ യുവാക്കള്‍ക്ക് സ്വയം തൊഴില്‍ ഉപാധി എന്ന നിലയില്‍ ഓട്ടോറിക്ഷ വായ്പ നല്‍കുന്നതാണ്. പരമാവധി പദ്ധതി തുക 1,95,000 രൂപയാണ്. വായ്പയുടെ പലിശ നിരക്ക് 6% വും തിരിച്ചടവ് കാലാവധി 5 വ ര്‍ഷവുമാണ്.
2. സ്‌മോള്‍ എന്റര്‍പ്രൈസസ് പദ്ധതികള്‍
ഗുണഭോക്താക്കളുടെ അഭിരുചിക്കും തൊഴില്‍ പരമായ വൈദഗ്ദ്ധ്യത്തിനുമനുസരിച്ച് വായ്പ നല്‍കുന്ന പദ്ധതികളാണിവ. ഇതിന്‍ പ്രകാരം പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട വ്യക്തിഗത യൂണിറ്റുകള്‍ക്ക് അവര്‍ക്ക് ആവശ്യമായ മേഖലകളില്‍ പദ്ധതിയുടെ വിജയ സാധ്യത അനുസരിച്ച് ധനസഹായം നല്‍കുന്നതായിരിക്കും. പരമാവധി 50,000 രൂപ വരെ പദ്ധതി തുകയുള്ള വായ്പാ പദ്ധതിയാണ് ഇപ്പോള്‍ നടപ്പിലാക്കി വരുന്നത്. വായ്പയുടെ പലിശ നിരക്ക് 6% വും തിരിച്ചടവ് കാലാവധി 5 വര്‍ഷവുമാണ്.
3. ആദിവാസി മഹിളാ സശക്തികരണ്‍ യോജന
പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട സ്ത്രീകളുടെ സാമ്പത്തിക സാമൂഹിക ഉന്നമനം ലക്ഷ്യമാക്കി ദേശീയ പട്ടികവര്‍ഗ്ഗ ധനകാര്യ വികസന കോര്‍പ്പറേഷന്റെ സഹായത്തോടു കൂടി വളരെ കുറഞ്ഞ പലിശ നിരക്കില്‍ അവര്‍ക്ക് വായ്പ ലഭ്യമാക്കുന്ന പദ്ധതിയാണിത്. ഈ പദ്ധതി പ്രകാരം വ്യക്തിഗത യൂണിറ്റൊന്നിന് പരമാവധി 50,000 രൂപ വരെ ധനസഹായം അനുവദിക്കുന്നതാണ്. വായ്പയുടെ പലിശ നിരക്ക് 4% വും തിരിച്ചടവ് കാലാവധി 5 വര്‍ഷവുമാണ്.
4. പട്ടികവര്‍ഗ്ഗ സംരംഭകര്‍ക്കുള്ള വായ്പാ പദ്ധതി
പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട സംരംഭകരെ അവര്‍ക്കനുയോജ്യമായ മേഖലകളില്‍ മുതല്‍മുടക്ക് നടത്തി സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി പ്രാപ്തരാക്കുവാന്‍ ഉദ്ദേശിച്ചുള്ള പദ്ധതിയാണ് പട്ടികവര്‍ഗ്ഗ സംരംഭകര്‍ക്കുള്ള വായ്പാ പദ്ധതി. പദ്ധതിയിന്‍ കീഴില്‍ വിജയ സാധ്യത പരിശോധിച്ചതിനുശേഷം പരമാവധി 1,50,000/ രൂപ വരെ വായ്പ നല്‍കുന്നതാണ്. വായ്പയുടെ പലിശ നിരക്ക് 6% വും തിരിച്ചടവ് കാലാവധി 5 വര്‍ഷവും ആണ്.
5. ആദിവാസി ശിക്ഷാ റിന്‍ യോജന
ദേശീയ പട്ടികവര്‍ഗ്ഗ ധനകാര്യ വികസ കോര്‍പ്പറേഷന്റെ വിദ്യാഭ്യാസ വായ്പാ പദ്ധതിയാണ് ആദിവാസി ശിക്ഷാ റിന്‍ യോജന. കേരളത്തിലേയും മറ്റു സംസ്ഥാനങ്ങളിലേയും സര്‍ക്കാര്‍ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പി.എച്ച്.ഡി. ഉള്‍പ്പെടെയുള്ള പ്രൊഫഷണല്‍/സാങ്കേതിക കോഴ്‌സുകളില്‍ പഠനം നടത്തുന്നതിനായി പട്ടിക വര്‍ഗ്ഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിനീ വിദ്യാര്‍ത്ഥികള്‍ക്കാണ് വായ്പ നല്‍കുന്നത്. പരമാവധി വായ്പാ തുക 5 ലക്ഷം രൂപയും പലിശ നിരക്ക് പ്രതിവര്‍ഷം 6% തിരിച്ചടവ് കാലയളവ് പഠനശേഷമുള്ള 5 വര്‍ഷവുമാണ്. മുകളില്‍ പറഞ്ഞ പദ്ധതികളില്‍ എല്ലാം തന്നെ അപേക്ഷകര്‍ക്ക് ബാധകമായ കുടുംബ വാര്‍ഷിക വരുമാന പരിധി ഗ്രാമപ്രദേശങ്ങളില്‍ 81,000/- രൂപയും നഗരപ്രദേശങ്ങളില്‍ 1,04,000/- രൂപയുമാണ്.
6. തൊഴിലധിഷ്ഠിത പരിശീലന പദ്ധതികള്‍
ദേശീയ പട്ടികജാതി പട്ടികവര്‍ഗ്ഗ ധനകാര്യ വികസന കോര്‍പ്പറേഷനുകളുടെ ധനസഹായത്തോടുകൂടിയും കോര്‍പ്പറേഷന്‍ സ്വന്തമായും പട്ടികജാതിയില്‍പ്പെട്ട ഗുണഭോക്താക്കളുടെ മാനുഷിക വിഭവശേഷി വളര്‍ത്തിയെടുക്കുവാന്‍ പര്യാപ്തമായ വിധത്തിലുള്ള വിവിധയിനം തൊഴിലധിഷ്ഠിത പരിശീലനപരിപാടിക ള്‍ നടപ്പാക്കുന്നുണ്ട്. സംരംഭകത്വ വികസനം, ഇന്‍ഫര്‍മേഷ ന്‍ ടെക്‌നോളജി, റെഡിമെയ്ഡ് വസ്ത്ര നിര്‍മ്മാണം , കൃഷി എന്നീ മേഖലകളില്‍ ഊന്നിയ പരിശീലന പദ്ധതികളാണ് പ്രധാനമായും നടപ്പാക്കുന്നത്.
കോര്‍പ്പറേഷന്‍ നല്‍കുന്ന വ്യക്തിഗത വായ്പകളി ല്‍ എല്ലാതന്നെ ഗുണഭോക്താക്ക ള്‍ വായ്പാതുകയ്ക്ക് അനുസൃതമായി ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ ഹാജരാക്കേണ്ടതാണ്. മാത്രമല്ല, നിശ്ചിത പ്രായപരിധിയിലുള്ള അപേക്ഷകരെ മാത്രമേ വിവിധ പദ്ധതികളിന്‍കീഴി ല്‍ പരിഗണിക്കുകയുമുള്ളൂ. സാധാരണ ഗതിയില്‍ ഒരു കുടുംബത്തില്‍നിന്ന് ഒരാള്‍ക്ക് മാത്രമാണ് വായ്പ നല്‍കുന്നത്.
7. വനിതാ ശാക്തീകരണ പദ്ധതി
പട്ടികജാതിയില്‍പ്പെട്ട വനിതാ സംരംഭകര്‍ മാത്രം ഉള്‍പ്പെട്ട സ്വയം സഹായ സംഘങ്ങള്‍ക്ക് വരുമാനദായക പദ്ധതികള്‍ ഏറ്റെടുത്തു നടത്തുന്നതിനായാണ്വനിതാ ശാക്തീകരണ പദ്ധതിയില്‍ വായ്പ നല്‍കുന്നത്. ഒരു സംഘത്തില്‍ 10മുതല്‍ 15അംഗങ്ങള്‍ വരെ ഉണ്ടാകാവുന്നതാണ്. കോര്‍പ്പറേഷന്റെ വായ്പാ നിബന്ധനകള്‍ക്ക് വിധേയമായി ഒരു സംഘത്തിന് പരമാവധി 6ലക്ഷം രൂപ വരെ പദ്ധതി തുകയായി അനുവദിക്കുന്നതാണ്. ഇതില്‍ 2,40,000 രൂപ വരെ സബ്‌സിഡിയും 60,000 രൂപ ഗുണഭോക്തൃ വിഹിതവും ശേഷിക്കുന്ന 3ലക്ഷം രൂപ വായ്പയും ആയിരിക്കും.. വായ്പയുടെ തിരിച്ചടവ് കാലാവധി 3വര്‍ഷവും പലിശ നിരക്ക് 6ശതമാനവും ആണ്.
കടല്‍പോലെയുള്ള പദ്ധതികളെല്ലാം നടപ്പാക്കിയിരുന്നെങ്കില്‍ കേറളത്തിലെ അടിസ്ഥാന വര്‍ഗത്തിന്റെ ഗതി സ്വര്‍ഗ സമാനമായേനേ. പക്ഷെ, പദ്ധതികളെല്ലാമുണ്ട്. ഒന്നും നടപ്പാകില്ലെന്നു മാത്രമല്ല, പദ്ധതികളുടെ പേരിലുള്ള വെട്ടിപ്പും തട്ടിപ്പും തുടരുകയും ചെയ്യും.