ദ്രാവിഡ മണ്ണില്‍ ബിജെപി തന്ത്രം ഫലിക്കുമോ? 126 സീറ്റ് എന്ന മോദിയുടെ സ്വപ്‌നം വോട്ടാകുമോ?

കര്‍ണാടകയില്‍ താമരയെ പിഴുതെറിയുമെന്ന് കോണ്‍ഗ്രസ്

തെക്കേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പിടിമുറുക്കാന്‍ സകല അടവുകളും പയറ്റിയ ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഇനിയും കാത്തിരിക്കണ്ടി വരും ദ്രാവിഡ ജനതയുടെ മനസിലേക്ക് കയറിപ്പറ്റാന്‍. ഹിന്ദുത്വ- ജാതി രാഷ്ട്രീയ തത്വങ്ങളില്‍ അധിഷ്ഠതമായും അതിനു പുറമെ കോര്‍പ്പറേറ്റുവത്ക്കരണത്തിന് കൂട്ടു നില്‍ക്കുന്ന ഭരണമികവിന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ മാര്‍ക്കിടില്ലെന്ന് വ്യക്തമാക്കുന്ന ജനവിധിയായിരിക്കും 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ്. ബിജെപിക്കും അവര്‍ നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണിക്കും കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലുങ്കാന സംസ്ഥാനങ്ങളില്‍ യാതൊരു ചലനവും സൃഷ്ടിക്കാന്‍ സാധിക്കില്ലെന്ന് നിലവിലെ രാഷ്ട്രീയ സാഹചര്യം വ്യക്തമാക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ

കര്‍ണ്ണാടകയില്‍ മാത്രമാണ് പറയുന്നതരത്തില്‍ ഒരു ചലനം സൃഷ്ടിക്കാന്‍ ബിജെപിക്കും എന്‍ഡിഎയ്ക്കും സാധിക്കുക. ജനതാദള്‍ സെക്യുലറുമായി (ജെ.ഡി.എസ്) മായി കര്‍ണാടകത്തില്‍ ഉണ്ടാക്കിയ സഖ്യകക്ഷി കൂട്ട്‌ക്കെട്ട് ചെറിയ തോതിലുള്ള അനക്കങ്ങള്‍ സൃഷ്ടിക്കും. ഹസനിലെ എംപിയായ ജെഡിഎസിനുവേണ്ടി വീണ്ടും അവിടെ നിന്നും ജനവിധി തേടിയ പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരായി ഉയര്‍ന്നു വന്ന ആരോപണങ്ങള്‍ ബിജെപിയെ ചുഴറ്റി അടിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

പത്തനംത്തിട്ടയിൽ പ്രചാരണത്തിന് എത്തിയപ്പോൾ

ഒന്നാം ഘട്ടമായ ഏപ്രില്‍ 19 ന് തെരഞ്ഞെടുപ്പ് കഴിഞ്ഞ തമിഴ്‌നാടും, രണ്ടാം ഘട്ടത്തില്‍ ഏപ്രില്‍ 26 ന് നടന്ന കേരളത്തിലും ബിജെപി അക്കൗണ്ട് തുറക്കാന്‍ കിണഞ്ഞ ശ്രമങ്ങള്‍ നടത്തിയെങ്കിലും ഇത്തവണയും ഫലങ്ങള്‍ തിരിച്ചടിക്കും. കേരളത്തില്‍ അഞ്ച് സീറ്റുകള്‍ നേടുമെന്ന് ഇന്നലെ തിരുവനന്തപുരത്ത് ചേര്‍ന്ന ബിജെപി നേതൃയോഗത്തില്‍ നേതാക്കള്‍ അഭിപ്രായപ്പെട്ടു. കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവഡേക്കറും ഇത് വ്യക്തമാക്കിയങ്കിലും തിരുവനന്തപുരവും, തൃശൂരിലെയും സ്ഥാനാര്‍ത്ഥികള്‍ ജയിക്കുമെന്ന് എടുത്തു പറഞ്ഞപ്പോള്‍ ബാക്കി മൂന്ന് മണ്ഡലങ്ങളെക്കുറിച്ച് മിണ്ടിയില്ല. ആറ്റിങ്ങലും, പത്തനംത്തിട്ടയും, വയനാടുമല്ലാതെ മറ്റു മണ്ഡലങ്ങളെക്കുറിച്ച്, പ്രത്യേകിച്ച് സഖ്യകക്ഷിയായ ബിഡിജെഎസിന്റെ കാര്യത്തില്‍ മിണ്ടാട്ടം പോലുമില്ല. വോട്ട് ശതമാനം 20 ആയി ഉയര്‍ത്തുമെന്ന് പറയുന്നെങ്കിലും 2019 ലെ 15.6 ശതമാനത്തില്‍ നിന്നും ഉയര്‍ന്ന് രണ്ടു ശതമാനം വരെ വര്‍ധനയാണ് ഉണ്ടാകാന്‍ സാധ്യതയെള്ളുവെന്ന് വിലയിരുത്തപ്പെടുന്നു.

തമിഴ്നാട്ടിൽ പ്രചാരണത്തിൽ

തമിഴ്‌നാട്ടില്‍ ബിജെപി ഇപ്പോള്‍ മൂന്നാം സ്ഥാനത്താണെന്ന് സ്വയം വിലയിരുത്തിയ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലെയ്ക്കു പോലും അറിയില്ല ഇത്തവണ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്കു എത്ര സീറ്റ് ലഭിക്കുമെന്നത്. 39 മണ്ഡലങ്ങളില്‍ 23 യിടത്ത് ബിജെപി മത്സരിക്കുമ്പോള്‍ ബാക്കി 16 എണ്ണത്തില്‍ എന്‍ഡിഎ സഖ്യകക്ഷികളാണ് മാറ്റുരയ്ക്കുന്നത്. ഇവിടെയെല്ലാം 2019 ലെ സ്ഥിതി തന്നെയാണ് ബിജെപിക്കെന്ന് ഡിഎംകെ ഉള്‍പ്പടെ പറയുമ്പോള്‍ 2014 ല്‍ വിജയിച്ച മണ്ഡലങ്ങളില്‍ അവര്‍ വിജയപ്രതീക്ഷവെയ്ക്കുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുന്‍പ് ബിജെപി അധ്യക്ഷന്‍ തമിഴ്‌നാട്ടില്‍ നടത്തിയ യാത്രയുടെ ഗുണങ്ങള്‍ വോട്ടായി പ്രതിഫലിക്കുമെന്ന് നേതൃത്വം വിലയിരുത്തപ്പെടുന്നു.

ആന്ധ്രയിൽ തെരഞ്ഞെടുപ്പ് പരിപാടികൾക്ക് തുടക്കമിട്ട് സമ്മേളനത്തിൽ മേദി

ആന്ധ്രാപ്രദേശിലും, തെലുങ്കാനയിലും സീറ്റുകള്‍ നേടുമെന്ന ഉറച്ച വിശ്വാസത്തില്‍ തന്നെയാണ് ബിജെപി കേന്ദ്ര നേതൃത്വം. ആന്ധ്രയില്‍ ടിഡിപിക്കും, ജനസേന പാര്‍ട്ടിക്കൊപ്പം മത്സരിക്കുന്ന ബിജെപി കുറഞ്ഞത് 10 സീറ്റുകള്‍ നേടുമെന്ന് പ്രതീക്ഷവെച്ച് പുലര്‍ത്തുന്നു. ആന്ധ്രയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭയും നടക്കുന്നതുകാരണം വോട്ടുകള്‍ ഭിന്നിക്കപ്പെടാനും, പ്രദേശിക വികസന പദ്ധതിള്‍ ചര്‍ച്ച ചെയ്യപ്പെട്ടാല്‍ അത് ജഗന്‍ മോഹന്‍ റെഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസിന് ഗുണമാകുമെന്ന് അഭിപ്രായങ്ങളുണ്ട്.

തെലുങ്കാനയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ

തെലുങ്കാനയില്‍ 17 ലോക്‌സഭാ മണ്ഡലങ്ങളില്‍ മുഖ്യമന്ത്രി രേവന്ത് റെഡിക്കും കോണ്‍ഗ്രസിനുമാണ് മുന്‍തൂക്കം. ബിജെപിയും, ബി.ആര്‍.എസും എല്ലാ മണ്ഡലങ്ങളിലും മത്സരിക്കുന്നുണ്ട്. ടെലിവിഷന്‍ ചാനലുകള്‍ നടത്തിയ സര്‍വേയില്‍ ഇന്ത്യാ സഖ്യത്തിനു തന്നെയാണ് മുന്‍തൂക്കം. ബിആര്‍എസ് രണ്ടാം സ്ഥാനത്ത് എത്തുമെന്ന് ബഹിഭൂരിപക്ഷം മാധ്യമങ്ങളും പറഞ്ഞപ്പോള്‍ മൂന്നോളം ചാനലുകള്‍ ബിആര്‍എസിന് മുന്‍തൂക്കം നല്‍കിയിട്ടുണ്ട്. ബിജെപി മൂന്നാം സ്ഥാനത്തു തള്ളിപോകുമെന്ന് എല്ലാ സര്‍വ്വേകളും വ്യക്തമാക്കിയിട്ടുണ്ട്.

കർണാടകയിൽ നിന്നും.

കര്‍ണ്ണാടകയില്‍ അടിതെറ്റുമോ?

ദക്ഷിണേന്ത്യയില്‍ ബിജെപി ഭരിച്ച സംസ്ഥാനാണ് കര്‍ണാടക. 28 ലോക്‌സഭാ മണ്ഡലങ്ങളുള്ള കര്‍ണാടകയിയില്‍ 20 സീറ്റിലധികം ജയിക്കുമെന്ന ശുഭ പ്രതീക്ഷ ബിജെപിക്കും എന്‍ഡിഎ സഖ്യത്തിനുമുണ്ട്. എന്നാല്‍ കാര്യങ്ങള്‍ കുഴഞ്ഞു മറിഞ്ഞ അവസ്ഥയാണ് ഇപ്പോള്‍. രണ്ടു ഘട്ടമായി തെരഞ്ഞെടുപ്പ് പൂര്‍ത്തിയായപ്പോള്‍ ആദ്യമുണ്ടയിരുന്ന ഓളങ്ങളോ അവകാശ വാദങ്ങളോ ബിജെപിക്ക് ഇല്ല. അതിനുകാരണം സഖ്യകക്ഷിയായ ജെഡിഎസാണ്. ഏപ്രില്‍ 26 ന് ആദ്യഘട്ടത്തില്‍ നടന്ന 14 മണ്ഡലങ്ങളിലെ പോളിങില്‍ ജെഡിഎസിന് നല്ലരീതിയില്‍ സ്വാധീനമുള്ള ഉത്തരകന്നടയില്‍ മികച്ച വോട്ട് ലഭിക്കുമെന്നാണ് എന്‍ഡിഎ സഖ്യം വിലയിരുത്തുന്നത്.

പ്രധാനമന്ത്രി ഗൗഡ കുടുബത്തോടൊപ്പം

എന്നാല്‍ ഏപ്രില്‍ 29 നാണ് പ്രജ്വല്‍ രേവണ്ണയ്ക്കും പിതാവ് എച്ച്.ഡി. രേവണ്ണയ്ക്കുമെതിരായുള്ള ലൈംഗികാതിക്രമ കേസ് വന്നത്. അതോടെ, മേയ് ഏഴിന് നടന്ന മൂന്നാം ഘട്ടം തെരഞ്ഞെടുപ്പ് നെഞ്ചടിപ്പോടെയാണ് എന്‍ഡിഎ നേതൃത്വം നേരിട്ടത്. 14 മണ്ഡലങ്ങളില്‍ മുഴവന്‍ നഷ്ടപ്പെട്ടാലും അത്ഭുതപ്പെടേണ്ട ആവശ്യമില്ലെന്ന് ബിജെപി കരുതുന്നു. രാജ്യത്താകമാനം കോളികക്കം സൃഷ്ടിച്ച ഏറ്റുവും വലിയ ലൈംഗികാതിക്രമക്കേസില്‍ മാനം നഷ്ടപ്പെട്ട അവസ്ഥയിലാണ് ബിജെപിയും എന്‍ഡിഎ മുന്നണിയും.

പ്രധാനമന്ത്രിക്ക് തെക്കേന്ത്യ പിടിയ്ക്കണം

ദക്ഷിണേന്ത്യയില്‍ കണ്ണുവെച്ച് തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ബിജെപി വിലയിരുത്താന്‍ തുടങ്ങിയിട്ട് രണ്ടു പതിറ്റാണ്ടെങ്കിലും കഴിഞ്ഞു കാണും. 2014 ല്‍ പ്രധാനമന്ത്രിയായി അധികാരമേറ്റശേഷം നരേന്ദ്ര മോദി ഈ 2024 വരെയുള്ള പത്തുവര്‍ഷക്കാലയളവില്‍ 146 തവണ സന്ദര്‍ശനം നടത്തി. കര്‍ണാടക (45), തമിഴ്നാട് (39), കേരളം (25), തെലങ്കാന (22), ആന്ധ്രാ (15) എന്നിങ്ങനെ യാത്രകള്‍ നടത്തിയതായിട്ടുള്ള രേഖകള്‍ പിഎംഒയുടെ വെബ്സൈറ്റില്‍ ലഭ്യമാണ്. ഈ കാലയളവില്‍ മോദി നടത്തിയ ആഭ്യന്തര യാത്രകളില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പങ്ക് അദ്ദേഹത്തിന്റെ ആദ്യ ടേമില്‍ 14% ആയിരുന്നത് രണ്ടാമത്തേതില്‍ 18% ആയി ഉയര്‍ന്നു.

തമിഴ്നാട്ടിൽ നിന്നും.

ലോക്സഭയിലെ 543 സീറ്റുകളില്‍ 129 എണ്ണവും അഞ്ച് സംസ്ഥാനങ്ങളില്‍ ഉള്ളതിനാല്‍, കര്‍ണാടകയിലൊഴികെ പാര്‍ട്ടിയുടെ ശ്രമങ്ങള്‍ ഇതുവരെ വലിയ വിജയം കണ്ടില്ലെങ്കിലും ഈ മേഖലയില്‍ ചുവടുറപ്പിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. 2019 ലോക്സഭയില്‍, ആന്ധ്ര, കേരളം, തമിഴ്നാട് എന്നിവിടങ്ങളില്‍ ബിജെപി ഒരു സീറ്റ് പോലും നേടിയില്ല, ഈ മൂന്ന് സംസ്ഥാനങ്ങളിലെ പാര്‍ട്ടിയുടെ വോട്ട് വിഹിതം യഥാക്രമം 0.97 ശതമാനം, 12 ശതമാനം, 3.6 ശതമാനം എന്നിങ്ങനെയാണ്. കര്‍ണാടകയില്‍ 51 ശതമാനം വോട്ട് വിഹിതത്തോടെ 25 സീറ്റുകളും തെലങ്കാനയില്‍ 19.65 ശതമാനം വോട്ട് ഷെയറുമായി നാല് സീറ്റുകളും നേടി.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കുള്ള മോദിയുടെ 146 സന്ദര്‍ശനങ്ങളില്‍ 64 ഔദ്യോഗിക യാത്രകളും 56 അനൗദ്യോഗിക യാത്രകളും (തെരഞ്ഞെടുപ്പ് റാലികളും പാര്‍ട്ടി പരിപാടികളും) ഉള്‍പ്പെടുന്നുവെന്നും രേഖകള്‍ വ്യക്തമാക്കുന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കുള്ള തന്റെ 146 സന്ദര്‍ശനങ്ങളില്‍ പ്രധാനമന്ത്രി 356 പരിപാടികളില്‍ പങ്കെടുത്തു, അതില്‍ പരമാവധി 144 പൊതുയോഗങ്ങള്‍ പോലെയുള്ള അനൗദ്യോഗിക പരിപാടികളും 83 എണ്ണം പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പോലുള്ള വികസനവുമായി ബന്ധപ്പെട്ടവയാണ്. ഇതെല്ലാം സൂചിപ്പിക്കുന്നത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചുവടു ഉറപ്പിക്കാനുള്ള ബിജെപി തന്ത്രങ്ങളുടെ ഭാഗമാണിതെന്ന് വ്യക്തമാണ്.

ഇത്തവണ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റ കക്ഷിയായി ബിജെപി മാറുമെന്ന് നരേന്ദ്രമോദി പറഞ്ഞിരുന്നു. ദക്ഷിണേന്ത്യയേക്കുറിച്ചുള്ള പല ധാരണകളും ഇക്കുറി തെറ്റുമെന്നും, ദക്ഷിണേന്ത്യയില്‍ ഇടം നല്‍കാന്‍ ആളുകള്‍ മനസ് കാണിക്കുന്നതായാണ് മനസിലാവുന്നതെന്ന പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. പ്രാദേശിക പാര്‍ട്ടികളും കോണ്‍ഗ്രസും മാത്രമാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ ഭരിച്ചിട്ടുള്ളത്. അഴിമതിയും സ്വജന പക്ഷപാതവും വോട്ട് ബാങ്ക് രാഷ്ട്രീയവും മാത്രമാണ് ജനത്തിന് ഇതുവരെ അനുഭവിക്കാന്‍ സാധിച്ചിട്ടുള്ളത്. ഇതുകൊണ്ട് തന്നെ പ്രാദേശിക പാര്‍ട്ടികളേയും കോണ്‍ഗ്രസിനേയും ജനം മടുത്തു കഴിഞ്ഞിരിക്കുന്നു. ബിജെപിയെ പ്രതീക്ഷയുടെ വെളിച്ചം നല്‍കുന്ന ബദലായാണ് ജനം നോക്കി കാണുന്നതെന്നു പറഞ്ഞ നരേന്ദ്രമോദി ദ്രാവിഡ മണ്ണിലെ വോട്ടുകള്‍ നിര്‍ണായകമാണെന്ന് പറയാതെ പറയുന്നു.