വിജയനഗര സാമ്രാജ്യം എന്ന് കേട്ടിട്ടുണ്ടോ.? ഒറ്റ ദിവസം കൊണ്ട് അത്രയും മനോഹരമായ സാമ്രാജ്യം തകർന്ന് തരിപ്പണം ആയ കഥ. കർണാടക രാജ്യം എന്ന് കൂടി ഇത് അറിയപ്പെടുന്നുണ്ട് . പതിനാറാം നൂറ്റാണ്ടിൽ ഇന്ത്യയിലെ ഏറ്റവും ശക്തമായ സാമ്രാജ്യമായിരുന്നു ഇത്. 1336 ഏപ്രിൽ 18 ന് കർണാടക രാജ്യം എന്ന് വിശേഷണമുള്ള വിജയനഗര സാമ്രാജ്യം ഉയർന്നു വന്നത്. ഡെക്കാനിലെ ഡൽഹി സുൽത്താനേറ്റിന്റെ അധിനിവേശങ്ങളെ ചെറുക്കാനുള്ള ദക്ഷിണേന്ത്യൻ പ്രാദേശിക രാജാക്കന്മാരുടെ ശ്രമങ്ങളുടെ ഒരു പരിസമാപ്തി എന്ന നിലയിലാണ് ശക്തമായ ഈ സാമ്രാജ്യം തന്നെ വന്നത് എന്നും പറയാം . സംഗമ വംശം, സാലുവ വംശം , തുളുവ വംശം അരവിഡു വംശം എന്നിങ്ങനെ നാല് രാജവംശങ്ങളാണ് വിജയനഗരത്തിൽ ഭരണം നടത്തിയത്. 1565 ജനുവരി 26 ന് നടന്ന തളിക്കോട്ട യുദ്ധമാണ് വിജയനഗര സാമ്രാജ്യത്തിന്റെ സമ്പൂർണ പതനത്തിന് വഴിയൊരുക്കിയത്. 1520 മെയ് 12 ന് നടന്ന റായ്ച്ചൂർ യുദ്ധം ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കി. ബിജാപൂർ സുൽത്താനേറ്റിന് എതിരെയുള്ള വിജയനഗരത്തിന്റെ സൈനിക വിജയം ആദിൽ ഷായുടെ ശക്തിയും പ്രതാപവും ദുർബലമാക്കി. ഇത് മറ്റു സുൽത്താനേറ്റുകൾക്ക് ആശങ്കയും ഉണ്ടാക്കി. വിജയനഗരത്തിന്റെ സൈനിക ശക്തി ഒറ്റക്ക് എതിർക്കാൻ സാധിക്കാത്തതാണെന്ന് അവർക്ക് അറിയാമായിരുന്നു. എന്നാൽ സുൽത്താനേറ്റുകൾക്കിടയിലെ ഭിന്നതയും പരസ്പര ശത്രുതയും ഈ കാര്യത്തിൽ അവരെ ഒന്നിപ്പിച്ചില്ല. 1529 ഒക്ടോബർ 17 ന് കൃഷ്ണ ദേവരായയുടെ കാല ശേഷം വിജയനഗരത്തിലെ സമാധാനവും സമൃദ്ധിയും അവസാനിക്കുകയായിരുന്നു.
പിന്നീട് വന്ന അച്യുത രായ , വെങ്കട രായ (1542), സദാശിവ രായ എന്നീ രാജാക്കന്മാരുടെ ഭരണത്തിൽ അധികാര വടംവലികൾ ആരംഭിച്ചു. ഈ കാലത്ത് തന്നെ വിജയനഗരത്തിന്റെ വരും കാല വിധിയെഴുതിരുന്നു. അച്യുത രായയുടെ കാല ശേഷം പ്രായപൂർത്തിയാകാത്ത മകൻ വെങ്കട രായ പിൻഗാമിയായി. അദ്ദേഹത്തിൻ്റെ മാതൃസഹോദരൻ സലകരാജു ചിന്ന തിരുമല പ്രായപൂർത്തിയാകാത്ത വെങ്കട രായയ്ക്ക് വേണ്ടി സാമ്രാജ്യത്വ റീജൻ്റ് ആയി ഭരണം നടത്തി. ശേഷം വെങ്കട രായ ഉൾപ്പെടെ സിംഹാസനത്തിലേക്കുള്ള എല്ലാ അവകാശികളെയും സലകരാജു വധിക്കുകയും പൂർണ്ണമായ സാമ്രാജ്യത്വ അധികാരങ്ങൾ ഏറ്റെടുക്കുകയും ചെയ്തു. ഗുട്ടി കോട്ടയിൽ ഒളിച്ചിരുന്ന രംഗ രായയുടെ മകൻ സദാശിവ രായ മാത്രമാണ് രക്ഷപ്പെട്ടത്.പിന്നീട് 1543-ൽ കൃഷ്ണദേവരായയുടെ മരുമകനായ ആലിയ രാമ രായയും അദ്ദേഹത്തിൻ്റെ അനുയായികളും വിജയനഗരത്തിലേക്ക് മാർച്ച് ചെയ്തു, സലകരാജുവിനെ കൊന്ന് സദാശിവ രായയെ സിംഹാസനത്തിൽ ഇരുത്തി. സദാശിവ രായ 1542–1570 വരെ രാജാവായി. എന്നാൽ സിംഹസനത്തിനായുള്ള പ്രായക്കുറവ് കാരണം രാമ രായ റീജന്റ് ആയി ഭരണം നടത്തി. കൃഷ്ണദേവരായരുടെ ഭരണത്തിനുശേഷം ക്ഷയിച്ച വിജയനഗര സാമ്രാജ്യത്തിന്റെ ശക്തി പുനഃസ്ഥാപിച്ച രാമ രായ പലപ്പോഴും സഖ്യമുണ്ടാക്കി ഡെക്കാൻ സുൽത്താനേറ്റുകളെ പരസ്പരം തമ്മിൽ അടിപ്പിച്ചു. ഡെക്കാൻ സുൽത്താൻമാരുടെ ഭരണം അട്ടിമറിക്കാനുള്ള ശ്രമങ്ങൾ നിരന്തരം വിജയനഗരത്തിൽ നിന്നുണ്ടായി. രാജാവായ സദാശിവ രായയുടെ കൈകളിൽ വളരെ കുറച്ച് അധികാരം മാത്രം അനുവദിച്ചു. യഥാർത്ഥ അധികാരം ആലിയ രാമ രായയുടെ കൈകളിലായിരുന്നു. ഒടുവിൽ സദാശിവ രായയ്ക്ക് സിംഹസനത്തിനായുള്ള പ്രായം കൈ വന്നപ്പോൾ അദ്ദേഹത്തെ രാമ രായ വീട്ടു തടങ്കലിലാക്കി. ഇത് അരവിഡു രാജവംശത്തിന്റെ സ്ഥാപനത്തിലേക്ക് നയിച്ചു. രാമ രായ രാജ്യത്തിൽ തന്നോട് വിശ്വസ്തരായ ഉദ്യോഗസ്ഥരെ നിയമിച്ചു. അദ്ദേഹം മുൻപ് സുൽത്താൻ ആദിൽ ഷായുടെ സേവനത്തിൽ ഉണ്ടായിരുന്ന ഗിലാനി സഹോദരന്മാരെ തന്റെ സൈന്യത്തിൽ കമാൻഡർമാരായി നിയമിച്ചു. അദ്ദേഹത്തിന്റെ ഭരണകാലത്ത്, ഡെക്കാൻ സുൽത്താനേറ്റുകൾ നിരന്തരം ആഭ്യന്തര കലഹങ്ങളിൽ ഏർപ്പെടുകയും രാമ രായനോട് മധ്യസ്ഥനായി പ്രവർത്തിക്കാൻ ഒന്നിലധികം തവണ അഭ്യർത്ഥിക്കുകയും ചെയ്തു, രാമരായർ ഡെക്കാൻ സുൽത്താന്മാരുടെ അനൈക്യത്തെ ഉപയോഗപ്പെടുത്തി കൃഷ്ണ നദിയുടെ വടക്കോട്ട് വിജയനഗരത്തിന്റെ ആധിപത്യം വർദ്ധിപ്പിക്കാനും ശ്രമിച്ചു. പലപ്പോഴും വിഭജിച്ചു നിന്നിരുന്ന ഡെക്കാൻ സുൽത്താന്മാരുമായി തന്ത്രപരമായ സഖ്യങ്ങൾ അദ്ദേഹം ഉണ്ടാക്കിയിരുന്നു. രാമ രായ സുൽത്താന്മാരുടെ കാര്യങ്ങളിൽ വളരെയധികം ഇടപെട്ടു. അതിലൂടെ വിജയനഗര സാമ്രാജ്യത്തിന്റെ യശസ്സും പ്രാധാന്യവും വർധിപ്പിക്കാൻ രാമ രായൻ തന്നാൽ കഴിയുന്നതെല്ലാം ചെയ്തു.
പരസ്പര വിദ്വേഷം മൂലം ഡെക്കാൻ സുൽത്താനേറ്റുകളുടെ ദൗർബല്യം രാമരായ മനസ്സിലാക്കിയിരുന്നു. ഇതോടെ രാമ രായ ഒരു സുൽത്താനെ മറ്റൊരു സുൽത്താനേറ്റിനെതിരെ തിരിച്ചു വിട്ടു കൊണ്ടിരുന്നു. ഒരു സുൽത്താനേറ്റിനു ഒപ്പം നിന്ന് മറ്റൊരു സുൽത്താനേറ്റിനു നാശങ്ങൾ വരുത്തി കൊണ്ടിരുന്നു. എന്നാൽ ഓരോ പ്രാവിശ്യവും സഖ്യവും മാറി കൊണ്ടിരുന്നു. അതോടെ യഥാർത്ഥ ശത്രു ആക്രമണാത്മകസ്വഭാവവും അതി ശക്തനുമായ രാമ രായയാണെന്ന് ഡെക്കാൻ സുൽത്താനേറ്റുകൾക്ക് മനസിലായി. വിജയനഗരം സൈനിക സഖ്യം നിരന്തരം മാറ്റുന്നത് ഒടുവിൽ ഒരു പരസ്പര സഖ്യം രൂപീകരിക്കാൻ സുൽത്താനുകളെയും പ്രേരിപ്പിച്ചു. അങ്ങനെ ആദിൽ ഷായും, നിസാം ഷായും, ഖുതുബ് ഷായും അവരുടെ പൊതു ശത്രുവായ രാമരായനെതിരെ ഒരു മഹാസഖ്യം രൂപീകരിച്ചു. സുൽത്താനേറ്റ് കുടുംബങ്ങൾ തമ്മിലുള്ള മിശ്രവിവാഹം അവർ തമ്മിലുള്ള ആന്തരിക ഭിന്നതകൾ പരിഹരിക്കാൻ സഹായിച്ചു.
വടക്കൻ ഡെക്കാനിലെ സുൽത്താനെറ്റുകളുടെ ഏകീകരണത്തിന്റെ ഫലമായാണ് തളിക്കോട്ട യുദ്ധം ഉണ്ടായത്. 1563-ൽ അവർ രാമ രായനെതിരെ യുദ്ധം പ്രഖ്യാപിച്ചു. 1564 ഡിസംബർ 29 ഓടെ ആദ്യത്തെ യുദ്ധങ്ങൾ പൊട്ടിപ്പുറപ്പെട്ടു. വിജയനഗരത്തിന് സൈനികപരമായും ഡെക്കാൻ സുൽത്താനേറ്റുകൾക്ക് ആയുധപരമായും മുൻതൂക്കം ഉണ്ടായിരുന്നു. സുഹൃത്തുക്കളായിരുന്ന കുത്തബ് ഷായും നിസാം ഷായും ആദ്യം ഒറ്റയ്ക്ക് ഒറ്റയ്ക്ക് പോകാൻ തീരുമാനിക്കുകയും അവർ രണ്ടിടത്ത് വച്ച് വിജയനഗര സൈന്യവുമായി ഏറ്റുമുട്ടുകയും പരാജയപ്പെടുകയും ചെയ്തു, ഈ ഏറ്റുമുട്ടലിലെ പരാജയത്തിൽ സുൽത്താന്മാർ മുൻ വാദങ്ങൾ മറന്ന് വിജയനഗരത്തിനെതിരായ പ്രത്യാക്രമണത്തിൽ തങ്ങൾക്കൊപ്പം നിൽക്കാൻ ആദിൽ ഷായോട് ആവശ്യപ്പെട്ടു.സുൽത്താന്മാർ രഹസ്യമായി യോഗം ചേർന്ന് വിജയിക്കാനുള്ള തന്ത്രങ്ങൾ തീരുമാനിച്ചു. നിസാം ഷായും ഖുതുബ് ഷായും സുൽത്താനേറ്റ് പാർശ്വങ്ങളിലേക്ക് വലിയൊരു പ്രത്യാക്രമണം നടത്താൻ പദ്ധതിയിട്ടിരുന്ന രായയുമായി സമാധാന ചർച്ച നടത്താൻ എന്ന പേരിൽ വിജയനഗരത്തിൻ്റെ പ്രത്യാക്രമണത്തെ വൈകിപ്പിച്ചു. അതേ സമയം ആദിൽ ഷാ താൻ ഈ യുദ്ധത്തിൻ നിഷ്പക്ഷത പാലിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിജയനഗരത്തിന്റെ സേനാനായകന് തെറ്റായ സന്ദേശം അയച്ചു. ഇതിൻ്റെ ഫലമായി, സുൽത്താന്മാർക്ക് സൈന്യത്തെ പുനഃസംഘടിപ്പിക്കുന്നതിന് ചെറുതും എന്നാൽ നിർണായകവുമായ ഒരു സമയ ജാലകം നൽകിക്കൊണ്ട് രാമരായ തന്റെ ആക്രമണം വൈകിപ്പിച്ചു. എന്നാൽ അധികം വൈകാതെ സുൽത്താന്മാരുടെ ഈ തയ്യാറെടുപ്പുകളെക്കുറിച്ചുള്ള വാർത്ത രാമരായ അറിഞ്ഞപ്പോൾ അദ്ദേഹം യുദ്ധത്തിനായി തയ്യാറെടുക്കുകയും സ്വന്തം സൈന്യത്തിന്റെ ശക്തിയിൽ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. സുൽത്താനേറ്റ് സൈന്യം കൃഷ്ണ നദി കടന്ന് വിജയനഗർ ലക്ഷ്യമാക്കി വരുന്നു. എന്ന വാർത്ത അറിഞ്ഞപ്പോൾ, രാമരായ തന്റെ സഹോദരൻ തിരുമല രായന്റെ കീഴിൽ ഇരുപതിനായിരം കുതിരപ്പടയാളികളെയും ഒരു ലക്ഷം കാലാൾപ്പടയെയും സുൽത്താനേറ്റ് കൃഷ്ണ നദി കടക്കുന്നത് തടയാൻ അയച്ചു.
1564 ഡിസംബർ 28 ന് കൃഷ്ണ നദിക്കരയുടെ ഇരുവശവും രണ്ട് സൈന്യവും കണ്ടുമുട്ടി. വിജയനഗര സൈന്യത്തിന് അധികം അകലെയല്ലാതെ നിലനിൽക്കുന്ന റായ്ച്ചൂർ, മുദ്ഗൽ കോട്ടകളിലെ വിജയനഗരത്തിന്റെ വർദ്ധിച്ച സൈനിക ശേഷി കാരണം അവിടെ വച്ച് കൃഷ്ണനദി മുറിച്ചുകടക്കാൻ സുൽത്താനേറ്റുകൾ ശ്രമിച്ചില്ല. പകരം കൃഷ്ണ നദിയുടെ അരികിലൂടെ സുൽത്താനേറ്റ് സൈന്യം കിഴക്ക് ഭാഗത്തേക്ക് നീങ്ങി. രാമ രായ കൃഷ്ണ നദിയ്ക്ക് അടുത്തുള്ള കോട്ടകളിൽ ഒരു ചെറിയ സൈന്യത്തെ വച്ച് അവരെ പിൻതുടർന്നു. 2 ദിവസം രണ്ട് സൈന്യവും കിഴക്ക് ഭാഗത്തേക്ക് നീങ്ങിക്കൊണ്ടിരുന്നു.1565 ജനുവരി 2 ന് നിസാം ഷായുടെ സൈന്യം രാമ രായയെ കബളിപ്പിച്ച് വിജയനഗര സൈന്യത്തെ കടന്നു കൃഷ്ണ നദി മുറിച്ചു കടന്നു. കൃഷ്ണ കോട്ടയ്ക്ക് കാവൽ നിൽക്കുന്ന വിജയനഗരത്തിൻ്റെ സൈന്യത്തെ ആക്രമിച്ച് ആദ്യ മുന്നേറ്റം നടത്തി. എന്നാൽ വിജയനഗര സൈന്യം പൂർണ്ണ ശക്തിയോടെ തിരിച്ചടിച്ചു,എന്നാൽ സുൽത്താന്റെ സൈന്യം അവരെ പരാചയപ്പെടുത്തി തുടർന്ന് നഗരം വിടാൻ അവർ തീരുമാനിച്ചു .എന്നാൽ രാമരായ അവരെ നദി മുറിച്ചു കടക്കുന്നതിന് മുൻപ് തന്നെ കീഴ്പ്പെടുത്താൻ തീരുമാനിച്ചു .അദ്ദേഹത്തിൻ്റെ പ്രായം എഴുപതുകളിൽ ആയിരുന്നിട്ടും അദ്ദേഹം തൻ്റെ സൈന്യത്തെ വ്യക്തിപരമായി നയിക്കാൻ തീരുമാനിക്കുകയും സൈന്യത്തിന്റെ മധ്യഭാഗത്ത് നിൽക്കുകയും ചെയ്തു. നിസാം ഷായുടെ സൈന്യമാണ് അദ്ദേഹത്തെ നേരിട്ടത്. തന്റെ സൈനികരെ പ്രചോദിപ്പിക്കാൻ രാമരായൻ ശ്രമിച്ചു. എന്നാൽ യാതൊരു യുദ്ധ പദ്ധതിയുമില്ലാത്ത വിജയനഗര സൈന്യം പതുക്കെ പിൻവാങ്ങാൻ തുടങ്ങി. ഈ ചെറിയ ആക്രമണത്തിന് ശേഷം രണ്ട് സൈന്യവും തെക്ക് ഭാഗത്തേക്ക് നീങ്ങി.
1565 ജനുവരി 26 ന് തളിക്കോട്ടയിൽ വച്ച് അവർ നേർക്കുനേർ വന്നു. തൻ്റെ സൈന്യത്തെ പ്രചോദിപ്പിക്കുന്നതിനായി രാമ രായ അവർക്ക് സമ്പത്തും ആഭരണങ്ങളും ഏറ്റവും കൂടുതൽ ശത്രുക്കളെ കൊല്ലുന്നവർക്ക് ഉയർന്ന സ്ഥാനങ്ങളും പ്രഖ്യാപനം നടത്തി. ഈ തന്ത്രം പ്രവർത്തിക്കുകയും വിജയനഗര സൈന്യം ധീരമായി മുന്നോട്ട് വരികയും ചെയ്തു. സുൽത്താനേറ്റ് സൈന്യം രേഖീയ രൂപീകരണത്തിൽ നിന്നു. വലിയ സൈന്യമായതിനാൽ വിജയനഗര സൈന്യവും അതേ രൂപത്തിൽ നിന്നു. ഏറ്റവും പുറകിൽ പീരങ്കികൾ സ്ഥാപിച്ചു. ആ ദിവസത്തെ വിജയം സ്വന്തമാക്കാൻ രാമ രായയുടെ സൈന്യത്തിന് സാധിക്കും വിധത്തിലായിരുന്നു ആദ്യ സാഹചര്യങ്ങൾ.
യുദ്ധം ഭീകരമായ പീരങ്കി അക്രമണങ്ങളാൽ ആരംഭിച്ചു ആദ്യ രണ്ട് മണിക്കൂറിനുള്ളിൽ വിജയനഗര വലതുപക്ഷത്തിന്റെ കനത്ത തോക്കുകൾ ബാരിദ് ഷായുടെ സൈന്യത്തെ നിരന്തരം വെടിയുതിർത്തു. വലത് വശത്തെ വിജയനഗര കാലാൾപ്പട വിജയനഗര സൈന്യം സുൽത്താനേറ്റ് സേനയുടെ ഇടത് വശം നശിപ്പിക്കുകയും അവരെ പിൻവാങ്ങാൻ നിർബന്ധിക്കുകയും ചെയ്തു. വിജയനഗര സൈന്യം ബാരിദ് ഷായുടെ സൈന്യത്തെ അതി വേഗം ഉന്മൂലനം ചെയ്തു. വെങ്കടാദ്രിയുടെ കീഴിൽ കനത്ത തോക്കുകൾ ബിദാർ സേനയെ താറുമാറാക്കി, കുത്തബ് ഷാ പിൻവാങ്ങാൻ നിർബന്ധിതനായി. വിജയനഗര സൈന്യത്തിന്റെ ഇടത് ഭാഗവും അക്രമണം അഴിച്ചു വിട്ടു.ഒരു വിജയനഗര വിജയം ആസന്നമാണെന്നു തോന്നിപ്പിക്കും വിധം ആക്രമണം ശക്തമായിരുന്നു. ഡെക്കാൻ സേന വിജയനഗര സൈന്യത്തിന് നേരെ നടത്തിയ പീരങ്കി അക്രമണത്തിൽ ആകസ്മികമായി രാമരായ ആനപ്പുറത്ത് നിന്ന് താഴെ വീണു. നിസാം ഷാഹി സൈന്യത്തിലെ റൂമി ഖാൻ അദ്ദേഹത്തെ പിടികൂടി നിസാമിന്റെയും ഖുതുബിന്റെയും മുന്നിൽ സമർപ്പിച്ചു. നിസാം ഷാ രാമരായനെ ശിരച്ഛേദം ചെയ്യുകയും അദ്ദേഹത്തിന്റെ തല കുന്തത്തിന്റെ അഗ്രത്തിൽ ഘടിപ്പിക്കുകയും യുദ്ധഭൂമിയിലാകെ പരേഡ് ചെയ്യുകയും ചെയ്തു. രാമ രായന്റെ ശിരസ്സ് യുദ്ധം ചെയ്തുകൊണ്ടിരിക്കുന്ന വിജയനഗരത്തിന്റെ സൈന്യത്തിന് മുന്നിൽ പ്രദർശിപ്പിച്ചപ്പോൾ. തങ്ങളുടെ രാജാവ് മരിച്ചതായി കണ്ട്, ആ ആശയക്കുഴപ്പത്തിൽ, വിജയനഗര സൈന്യം യുദ്ധക്കളത്തിൽ നിന്ന് തിരിഞ്ഞോടി. ഈ സംഭവം വിജയനഗര സൈന്യത്തിന്റെ മനോവീര്യം തകർത്തു.
ലക്ഷക്കണക്കിന് സൈനികർ ഉൾപ്പെട്ട സൈന്യമാണെങ്കിലും വിജയനഗര സേനയെ നയിക്കാൻ അപ്പോൾ ആരുമുണ്ടായിരുന്നില്ല. അവർ യുദ്ധത്തിൽ നിന്ന് പിൻ വാങ്ങാൻ ആരംഭിച്ചു. വിജയനഗര സാമ്രാജ്യത്തിലെ ഒരു ലക്ഷത്തോളം വിജയനഗര സൈനികർ യുദ്ധത്തിലും പിന്തുടരലിലും കൊല്ലപ്പെട്ടു. വിജയനഗര സൈന്യം പരാജയപ്പെട്ടു. സുൽത്താനേറ്റ് സൈന്യം വിജയനഗര സൈന്യത്തെ പിന്തുടരുകയും അവരെ വഴിയിൽ വെച്ചു വധിക്കുകയും ചെയ്തു. ഒരു ലക്ഷത്തിലധികം സൈനികർക്ക് ജീവൻ നഷ്ടമായി. വിജയത്തിൽ നിന്ന് പരാജയത്തിലേക്കുള്ള വഴിത്തിരിവ് കണ്ട തിരുമല ദേവരായ യുദ്ധക്കളം ഉപേക്ഷിച്ച് വിജയനഗരത്തിലേക്ക് പലായനം ചെയ്യുകയും പിന്നീട് തെക്കോട്ട് പെനുകൊണ്ടയിലേക്ക് ഓടുകയും ചെയ്തു.
ഈ യുദ്ധപരാജയം കാരണം സാമ്രാജ്യത്തെ സംരക്ഷിക്കാനുള്ള സൈനിക ശക്തി വിജയനഗരത്തിന് നഷ്ടമായി. യുദ്ധത്തിൽ ഡെക്കാൻ സുൽത്താനേറ്റുകൾ വിജയിച്ചു. തലസ്ഥാന നഗരിയായ ഹംപിയിലെ ജനങ്ങൾക്ക് രാമ രായൻ കൊല്ലപ്പെട്ടുവെന്നും യുദ്ധത്തിൽ സൈന്യം പരാജയപ്പെട്ടുവെന്നും വാർത്ത ലഭിച്ചു. പക്ഷേ, അവർ ഈ വാർത്ത വിശ്വസിച്ചില്ല, കാരണം വിജയനഗരം യുദ്ധത്തിൽ പരാജയപ്പെട്ടതിന്റെ വാർത്തകൾ അവർ ഒരിക്കലും കാണുകയോ കേൾക്കുകയോ ചെയ്തിട്ടില്ല. സൈന്യം പരാജയപ്പെട്ടതോടെ സുൽത്താനേറ്റ് സൈന്യം തിരുമലയിലും വെങ്കടാദ്രിയിലും പ്രവേശിച്ചു. സുൽത്താൻമാർ വന്ന് അവരെയും കൊല്ലുന്നതിനുമുമ്പ് തങ്ങളാൽ കഴിയുന്നതെല്ലാം എടുത്തു. കുടുംബാംഗങ്ങൾക്കൊപ്പം അവർ ഓടി രക്ഷപ്പെട്ടു. രാജാവ് കൊല്ലപ്പെടുകയും സൈന്യം പരാജയപ്പെടുകയും ചെയ്തതോടെ വിജയനഗരത്തിൽ പിന്നീടുണ്ടായത് ഹംപിയുടെ നാശമായിരുന്നു. സുൽത്താനേറ്റ് സൈന്യം വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനം ലക്ഷ്യമാക്കി നീങ്ങി. അവിടെ അവരെ തടയാൻ ആരുമുണ്ടായിരുന്നില്ല. അവർ ഹംപി നഗരം കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്തു. പുരുഷന്മാരും സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടു. ഹംപിയിൽ ഇരുപത് കിലോമീറ്റർ ചുറ്റളവിൽ കടകളും, ക്ഷേത്രങ്ങളും, വീടുകളും കത്തിക്കുകയും, നശിപ്പിക്കുകയും ചെയ്തു. വിജയനഗരം ആക്രമണകാരികൾ കൊള്ളയടിച്ചു. ഈ മാരകമായ ആഘാതത്തിൽ നിന്ന് വിജയനഗരം ഒരിക്കലും കരകയറിയില്ല. ഹംപിയിലെ കൊത്തുപണികളെല്ലാം സുൽത്താനേറ്റ് സൈന്യം തകർത്തു. അതിമനോഹരമായ ശിലാ ശിൽപങ്ങൾ തകർത്തു. അതിമനോഹരമായ ഹംപി എന്ന നഗരം ഒരു ദിവസം കൊണ്ട് വലിയ കൊള്ളയടിക്ക് സാക്ഷിയായി. ഈ സമയത്ത് രാജ്യത്ത് അരാജകത്വം പടർന്നു. പ്രാദേശിക തലവന്മാർ വിജയനഗരത്തിൽ നിന്ന് പിരിയാൻ കാരണമായി. വിജയനഗര സാമ്രാജ്യത്തിന്റെ തകർച്ചയുടെ ഫലമായി തെക്കൻ പ്രദേശങ്ങളിലെ രാഷ്ട്രീയ സംവിധാനം ശിഥിലമായി. 1572-1586 അദ്ദേഹം വിജയനഗര സാമ്രാജ്യത്തിന്റെ പുനഃസ്ഥാപനത്തിന് ശ്രമിച്ചു. എന്നാൽ ഡെക്കാൻ സുൽത്താനേറ്റുകളിൽ നിന്നുള്ള ആവർത്തിച്ചുള്ള ആക്രമണങ്ങളാൽ പ്രദേശങ്ങൾ നഷ്ടപ്പെട്ടതിനാൽ ഇത് പരാജയപ്പെട്ടു. വിരിഞ്ചിപുരത്ത് നടന്ന യുദ്ധത്തിൽ വിജയനഗരം അവസാന പോരാട്ടം നടത്തി. അതിൽ അവർക്ക് കനത്ത നഷ്ടം സംഭവിച്ചപ്പോൾ, സുൽത്താനേറ്റിനും കനത്ത നഷ്ടം സംഭവിച്ചു, യുദ്ധത്തിന്റെ ഫലം ഒരു സ്തംഭനാവസ്ഥയായിരുന്നു, പക്ഷേ അത് ദക്ഷിണേന്ത്യയിലെ ഏറ്റവും മഹത്തായ വിജയനഗര സാമ്രാജ്യത്തിന് അന്ത്യം കുറിച്ചു. 1678/1681-ൽ മൂന്ന് നൂറ്റാണ്ടിലേറെ നീണ്ട ഇന്ത്യയിലെ വിജയനഗര ഭരണത്തിന് അന്ത്യം കുറിച്ചു.