കഥാ നായകന്റെ മരണ ശേഷമാണ് കഥകളുടെ കെട്ടഴിയുന്നത്. വിവാദങ്ങള്‍ വിട്ടൊഴിയാത്ത ജീവിതത്തില്‍ നിന്നും വിടപറഞ്ഞിട്ടും, വിവാദങ്ങള്‍ പിന്തുടരുകയാണ് കെ.പി. യോഹന്നാന്‍ എന്ന ബിലീവേഴ്‌സ് ചര്‍ച്ചിന്റെ സ്ഥാപകനെ. ചെറുവള്ളി എസ്റ്റേറ്റുമായി കെട്ടു പിണഞ്ഞു കിടക്കുന്ന കഥയാണ് പുറത്തു വന്നിരിക്കുന്നത്. ആ കഥ ഇങ്ങനെയാണ്: എരുമേലി ചെറുവള്ളി എസ്റ്റേറ്റിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ഒരു പുരാതന ക്ഷേത്രമാണ് പഞ്ചതീര്‍ത്ഥ പരാശക്തി ദേവസ്ഥാനം. എസ്റ്റേറ്റിനുള്ളിലെ ആറ്റു പുറമ്പോക്കില്‍ ആറ്റു തീരത്തുള്ള ചേലമരത്തില്‍ ശക്തിയായ വെള്ള ചാട്ടത്തിനെ നോക്കിയിരിക്കുന്ന വനദുര്‍ഗ്ഗയുള്ള പ്രസിദ്ധമായ അഞ്ചുകുഴി ക്ഷേത്രം.
താന്ത്രിക രീതിയില്‍ നിയന്ത്രിക്കപ്പെടാത്ത വന്യ ശക്തിയോടുള്ള വനദുര്‍ഗ്ഗ. ശ്രീപണ്ടാര വക ആയിരുന്ന എസ്റ്റേറ്റ്. അതായത് പദ്മനാഭസ്വാമിയുടെ മണ്ണ്. ഒരുകാലത്തു ഇതിന്റെ ഉടമയായിരുന്ന വഞ്ചിപ്പുഴ മഠം ഇന്നില്ല. അത് കഴിഞ്ഞു ഉടമസ്ഥാവകാശം ഉണ്ടായിരുന്ന തിരുവിതാംകൂര്‍ രാജവംശവും ഇന്നില്ല. അത് കഴിഞ്ഞു തട്ടിപ്പിലൂടെ ഉടമസ്ഥാവകാശം പിടിച്ചെടുത്ത മലയാളം പ്ലാന്റേഷന്‍ ലിമിറ്റഡ് ഉള്‍പ്പെടെയുള്ള ബ്രിട്ടീഷ് കമ്പനികള്‍ എല്ലാം തന്നെ ഈ എസ്റ്റേറ്റ് കൈവശം ഇരിക്കുമ്പോള്‍ തന്നെ ഇല്ലാതായി. അതിന് ശേഷം വന്ന ഹാരിസന്‍ മലയാളം ലിമിറ്റഡ് ഇന്നും ഈ എസ്റ്റേറ്റുമായി ബന്ധപ്പെട്ട കുരുക്കുകളില്‍ നിന്നും ഊരിയിട്ടില്ല.
ചെറുവള്ളി എസ്റ്റേറ്റ് തിരികെ പിടിക്കാന്‍ കൊടുത്ത കേസില്‍ ഹാരിസണ്‍ കമ്പനി ചെറുവള്ളി എസ്റ്റേറ്റിന്റെ അടിയാധരമായി ഹാജരാക്കിയ ഇംഗ്ലീഷില്‍ ഉള്ള നോട്ടറൈസ്ഡ് ആധാരം വ്യാജമാണെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. അതില്‍ എടുത്ത കേസില്‍ ഹാരിസണ്‍ കമ്പനിക്കാര്‍ ഇന്നും കോടതിയിലാണ്. വിജിലന്‍സ് റിപ്പോര്‍ട്ടിലെ തമാശ എന്താണെന്ന് വെച്ചാല്‍ വ്യാജ ആധാരം തയ്യാറാക്കിയത് അന്ന് വക്കീലും പിന്നെ ഹൈക്കോടതി ജഡ്ജിയുമായിരുന്ന ജസ്റ്റിസ് ആന്റണി ഡോമിനിക് ആണെന്നതാണ്. ഒറിജിനല്‍ ഇല്ലാത്ത ആധാരം നോട്ടറൈസ് ചെയ്തത് ജസ്റ്റിസ് പയസ് കുര്യാക്കോസ്. ഇതിലെ കൂടുതല്‍ തമാശ എന്താണെന്ന് വെച്ചാല്‍ ആധാരം നോട്ടറൈസ് ചെയ്ത ഡേറ്റ് കഴിഞ്ഞു ഒരു വര്‍ഷം കഴിഞ്ഞാണ് പയസ് കുര്യാക്കോസ് നോട്ടറി ആവുന്നത് എന്നുള്ളതാണ്.
പക്ഷേ ഇരുവരും രക്ഷപ്പെട്ടു. അല്ലെങ്കില്‍ രക്ഷപ്പെടുത്തി. എന്തായാലും അങ്ങനെ വന്യമായ ശക്തിയോടെ എസ്റ്റേറ്റിനുള്ളില്‍ വിരാജിക്കുന്ന അഞ്ചുകുഴി അമ്മയോടാണ് യോഹന്നാന്‍ കളിക്കാന്‍ തീരുമാനിച്ചത്. വശ്യമനോഹരമായ വെള്ളച്ചാട്ടത്തോടെ നിലകൊള്ളുന്ന ക്ഷേത്രം. അവിടെക്ക് ഒഴുകിയെത്തുന്ന ആയിരക്കണക്കിന് ഹിന്ദു വിശ്വാസികള്‍. ഇത് സായിപ്പിന്റെ കാശ് കൊണ്ടുവന്ന് ഹിന്ദുക്കളെ മതം മാറ്റുന്നത് ഒരു ബിസിനസ് ആക്കിയിരുന്ന യോഹന്നാന് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു. അങ്ങനെയാണ് യോഹന്നാന്‍ കളി തുടങ്ങുന്നത്. ക്ഷേത്രം നശിപ്പിക്കുക, ആ സ്ഥലം പിടിച്ചെടുത്തു ഒരു ടൂറിസ്റ്റ് കേന്ദ്രം ആക്കുക. നിസ്സാര ലക്ഷ്യമാണെന്ന് കരുതി കളിക്കാന്‍ ഇറങ്ങിയ യോഹന്നാന് പക്ഷേ കൈ പൊള്ളി.
ക്ഷേത്രത്തിലേക്കുള്ള വഴി തടയാന്‍ മുന്‍സിഫ് കോടതി മുതല്‍ ഹൈക്കോടതി വരെയുള്ള യോഹന്നാന്റെ ശ്രമം പൊളിച്ച് കയ്യില്‍ കൊടുത്തു. കൂടാതെ യോഹന്നാന് എസ്റ്റേറ്റ് വില്‍ക്കാന്‍ ബ്രിട്ടീഷ് കമ്പനികള്‍ക്കോ ഹാരിസണ്‍ മലയാളം കമ്പനിക്കൊ അവകാശം ഇല്ലെന്നും അത് സര്‍ക്കാര്‍ തിരികെ പിടിക്കണം എന്നാവശ്യപ്പെട്ട് ഞാന്‍ കൊടുത്ത കേസ് ഇന്ന് പാലാ സബ് കോടതിയില്‍ സര്‍ക്കാര്‍ എസ്റ്റേറ്റ് തിരികെ പിടിക്കാനായി കൊടുത്ത കേസില്‍ എത്തി നില്‍ക്കുന്നു. ഇതില്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഈ കേസില്‍ വിചിത്രമായ ഒരു വിധി പ്രഖ്യാപിച്ച ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ സുപ്രീം കോടതിയില്‍ എത്താന്‍ സാധ്യത ഉണ്ടായിരുന്നിട്ടും പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഒതുങ്ങി.
എസ്റ്റേറ്റ് വാങ്ങിയ അന്ന് മുതല്‍ തുടങ്ങിയ ഓട്ടം യോഹന്നാന് മരണം വരെ അവസാനിപ്പിക്കാന്‍ പറ്റിയില്ല. അവസാന കാലത്ത് സ്വന്തം നാട്ടില്‍ പോലും കേറാന്‍ വിലക്കും. അഞ്ചുകുഴി അമ്മയോട് കളിക്കാന്‍ ഇറങ്ങിയ യോഹന്നാന്‍ അങ്ങനെ ഓടി ഓടി വിദേശത്തു കിടന്ന് തീര്‍ന്നു. ശബരിമല പതിനെട്ടു പടികളില്‍ ഒന്നാം തിരുപ്പടിയുടെ അധിപനായ തലപ്പാറ മലദൈവങ്ങളെയും അവരുടെ അമ്മയായ അഞ്ചുകുഴി അമ്മയെയും വെല്ലുവിളിച്ചാണ് യോഹന്നാനും മുഖ്യമന്ത്രി പിണറായി വിജയനും കൂടി വിമാനത്താവളം പണിയാന്‍ ഇറങ്ങിയത്. അതില്‍ ഒരുത്തന്‍ പോയി. ഇനി നമുക്ക് നോക്കാം. യോഹന്നാന്‍ അല്ല പിണറായി അല്ല കോരന്‍ വന്നാല്‍ പോലും തലപ്പാറ മലദൈവങ്ങളോടും അഞ്ചുകുഴി അമ്മയോടും അയ്യപ്പ സ്വാമിയോടും ഒരു കളിയും നടക്കില്ല. കൈ പൊള്ളും അതുറപ്പാ.
ഇങ്ങനെ പറഞ്ഞവസാനിപ്പിക്കുന്ന ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് കൃഷ്ണരാജ് എന്ന അഡ്വക്കേറ്റ് കഥപറഞ്ഞ് തീര്‍ത്തിരിക്കുന്നത്. ചെറുവളളി എസ്റ്റേറ്റിലെ വാദപ്രതിവാദങ്ങള്‍ നടത്തിയിരുന്നതും ഈ അഡ്വക്കേറ്റാണെന്ന് ഈ എഫ്.ബി. പോസ്റ്റിലൂടെ മനസ്സിലാക്കാനാകും. ഈ പോസ്റ്റ് നിരവധി വാട്‌സാപ്പ് ഗ്രൂപ്പുകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതിലെ സത്യവും മിഥ്യയും തീരുമാനിക്കേണ്ടത് ജനങ്ങളാണ്. കാരണം, വിശ്വാസികളും അവിശ്വാസികളുമുള്ളത് ജനങ്ങളില്‍ തന്നെയാണ്. എന്തായാലും ഒരു സത്യം മുമ്പില്‍ നില്‍ക്കുന്നുണ്ട്.
കെ.പി. യോഹന്നാല്‍ കാര്‍ ഇടിച്ചു മരിച്ചു എന്നത്. പക്ഷെ, അത് ദൈവകോപമാണെന്ന് പറഞ്ഞു വെയ്ക്കുന്ന കൃഷ്ണരാജിന്റെ നിഗമനം വിശ്വാസികളെ പുളകം കൊള്ളിക്കുമെങ്കിലും അവിശ്വാസികളെ തെല്ലാം ഭയപ്പെടുത്തില്ല. ഈ രണ്ട് അഭിപ്രായങ്ങള്‍ പങ്കുവെയ്ക്കുമ്പോള്‍ത്തന്നെ കൃഷ്ണരാജ് മുഖ്യമന്ത്രിയെ വ്യക്തിപരമായി ആക്ഷേപിക്കുന്നതിനെ അംഗീകരിക്കാനാവില്ല. ജനാധിപത്യ വ്യവസ്ഥ നിലനില്‍ക്കുന്ന ഇവിടെ മുഖ്യമന്ത്രിയെ വിമര്‍ശിക്കുമ്പോള്‍ മാന്യമായ ഭാഷ ഉപയോഗിക്കാം എന്നു തന്നെ പറയേണ്ടി വരും. അതിനര്‍ത്ഥം മുഖ്യമന്ത്രി വമര്‍ശനത്തിന് അതീതനല്ല എന്നല്ല.