Features

‘കാലം സാക്ഷി, ചരിത്രം സാക്ഷി’ : ആ ഓര്‍മ്മകള്‍ നിലച്ചിട്ട് മൂന്നു വര്‍ഷം

ഗൗരിയമ്മയുടെ ഓര്‍മ്മ ദിനം

‘കേരളത്തിലെ പോലീസുകാരുടെ ലാത്തിക്ക് ബീജം ഉത്പ്പാദിപ്പിക്കാനുള്ള കഴിവുണ്ടായിരുന്നെങ്കില്‍, ഞാന്‍
ലാത്തി കുഞ്ഞുങ്ങളെ പ്രസവിച്ചേനെ’. ഇത്രയും ശക്തമായ വാക്കുകള്‍ മറ്റൊരു സ്ത്രീയില്‍ നിന്നും കേരളം കേട്ടിട്ടുണ്ടാകില്ല. തൊഴിലാളി സമരങ്ങളുടെ തീച്ചൂളകളില്‍ വെന്തു വെണ്ണീറാകാതെ, സ്ഫുടം ചെയതുവന്ന ഒരു പെണ്‍തരിയുണ്ടായിരുന്നു. അവരുടെ പേരാണ് ഗൗരിയമ്മ. മക്കളില്ലാത്ത, ആ അമ്മയ്്ക്ക് കേരളത്തിലെ എല്ലാ മനുഷ്യരും മക്കളാണ്. ഇന്ന് ആ അമ്മയുടെ മൂന്നാം ചരമവാര്‍ഷികമാണ്. ഓര്‍ക്കാതെ പോകാനാവില്ല, രക്തതാരകത്തിന്റെ ശോഭയില്‍ തിളങ്ങിയ ഭൂതകാലങ്ങളെ. രക്തസാക്ഷികള്‍ തെളിച്ച വര്‍ഗ സമര വീഥിയിലൂടെ, സധൈര്യം നടന്ന പെണ്‍കരുത്തായിരുന്നു ഗൗരിയമ്മ.

ഓര്‍ക്കുക മാത്രമല്ല, അവരുടെ നിശ്ചയ ധാര്‍ഢ്യത്തെയും അസാമാന്യ നേതൃപാടവത്തെയും മാതൃകയാക്കണം. ആരേയും കൂസാത്ത വ്യക്തിത്വത്തിനുടമ എന്നും വിവക്ഷിക്കുന്നവരുണ്ട്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് ഗൗരിയമ്മ പുറത്താക്കപ്പെട്ട സമയത്ത്, പ്രസിദ്ധ മലയാളകവി ബാലചന്ദ്രന്‍ ചുള്ളിക്കാട് എഴുതിയ ‘ഗൗരി’ എന്ന കവിത ഈ വീക്ഷണം പ്രതിഫലിപ്പിക്കുന്നു.

‘കരയാത്ത ഗൗരി, തളരാത്ത ഗൗരി,
കലികൊണ്ടുനിന്നാല്‍, അവള്‍ ഭദ്രകാളി.
ഇതുകേട്ടുകൊണ്ടേ, ചെറുബാല്യമെല്ലാം,
പതിവായി ഞങ്ങള്‍ ഭയമാറ്റി വന്നു.’

എടുക്കുന്ന തീരുമാനങ്ങളില്‍ അണുകിട മാറാത്ത വ്യക്തി. പാര്‍ട്ടിക്കു തെറ്റു പറ്റിയാല്‍ തിരുത്താന്‍ പറയുന്ന ചങ്കൂറ്റം. വയലാറിലെ അമ്പും വില്ലും, വയനാട്ടിലെ വാരിക്കുന്തവും തേഞ്ഞു മുനപോയാലും വിപ്ലവ വീര്യത്തിന് കുറവുണ്ടാകാന്‍ പാടില്ലെന്ന് ശഠിച്ചിരുന്ന ഗൗരിയമ്മയെന്ന രാഷ്ട്രീയക്കാരിയെ ഓര്‍ക്കാത്തവരില്ല. വാര്‍ദ്ധക്യസഹജമായ നിരവധി അസുഖങ്ങള്‍ മൂലം ബുദ്ധിമുട്ടിയിരുന്ന ഗൗരിയമ്മ, 2021 മേയ് മാസം 11നു തിരുവനന്തപുരത്തെ പി.ആര്‍.എസ്. ആശുപത്രിയില്‍ വെച്ച് അന്തരിച്ചു. മൃതദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ വലിയചുടുകാട് ശ്മശാനത്തില്‍ സംസ്‌കരിച്ചു.

ചേര്‍ത്തല താലൂക്കിലെ പട്ടണക്കാട് പ്രദേശത്തുള്ള അന്ധകാരനഴി എന്ന ഗ്രാമത്തില്‍ കളത്തിപ്പറമ്പില്‍ കെ. എ. രാമന്‍, പാര്‍വ്വതിയമ്മ എന്നിവരുടെ മകളായി 1919 ജൂലൈ 14നാണ് ഗൗരിയമ്മ ജനിച്ചത്. തുറവൂര്‍, ചേര്‍ത്തല എന്നിവിടങ്ങളിലെ സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം അവര്‍ എറണാകുളം മഹാരാജാസ് കോളേജില്‍ നിന്നും ബി.എ. ബിരുദവും തുടര്‍ന്ന് എറണാകുളം ലോ കോളേജില്‍ നിന്ന് നിയമബിരുദവും കരസ്ഥമാക്കി. മഹാരാജാസില്‍ ഇന്റര്‍മീഡിയേറ്റിനു ചേര്‍ന്നപ്പോള്‍ കവി ചങ്ങമ്പുഴ കൃഷ്ണപിള്ള പഠിച്ചിരുന്നത് ഗൗരിയമ്മയോടു കൂടെ ആയിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവപ്രവര്‍ത്തകനായിരുന്ന ജ്യേഷ്ഠസഹോദരന്‍ സുകുമാരന്റെ പ്രേരണയാല്‍ ഗൗരിയമ്മയും വിദ്യാര്‍ത്ഥിരാഷ്ട്രീയത്തിലേക്കിറങ്ങി.

1953ലും 1954ലും നടന്ന തിരുവിതാംകൂര്‍, തിരു-കൊച്ചി നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഗണ്യമായ ഭൂരിപക്ഷത്തോടെ അവര്‍ വിജയിച്ചു. 1957ലെ പ്രഥമ കേരളനിയമസഭയില്‍ അംഗമായി തെരഞ്ഞെടുക്കപ്പെട്ട് ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍, ലോകത്താദ്യമായി ബാലറ്റ് വോട്ട് ജനാധിപത്യ വ്യവസ്ഥയിലൂടെ നിലവില്‍ വന്ന മന്ത്രിസഭയിലും അംഗമായി. പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവ് ടി.വി.തോമസും ഗൗരിയമ്മയും വിവാഹിതരായി. എന്നാല്‍ 1964ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രണ്ടായി പിളര്‍ന്നപ്പോള്‍ തോമസ് സി.പി.ഐയിലും ഗൗരിയമ്മ സി.പി.എമ്മിലും ചേര്‍ന്നു.

സ്വാതന്ത്ര്യാനന്തരകാലത്തെ കേരളത്തിന്റെ സാമ്പത്തികവും സാമൂഹ്യവുമായ ചരിത്രഗതിയില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്താന്‍ കഴിഞ്ഞ പ്രമുഖ രാഷ്ട്രീയനേതാക്കളില്‍ ഒരാളാണ് കെ.ആര്‍. ഗൗരിയമ്മ എന്ന് നിസ്സംശയം പറയാം. അക്കാലത്ത് ഉന്നതമായി കരുതപ്പെട്ടിരുന്ന നിയമവിദ്യാഭ്യാസം തന്നെ തെരഞ്ഞെടുക്കാന്‍ തയ്യാറായ കേരളവനിതകളുടെ ആദ്യതലമുറയില്‍പ്പെട്ട കെ.ആര്‍. ഗൗരിയമ്മ ആധുനികകേരളം കണ്ടിട്ടുള്ള ഏറ്റവും പ്രൗഢയായ വനിതാ ഭരണാധികാരിയുമായിരുന്നു. അഞ്ചാം നിയമസഭയിലൊഴികെ ഒന്നു മുതല്‍ പതിനൊന്നുവരെ എല്ലാ നിയമസഭകളിലും ഗൗരിയമ്മ അംഗമായിരുന്നിട്ടുണ്ട്.

1957,1967,1980,1987,2001 2004 എന്നീ വര്‍ഷങ്ങളില്‍ രൂപം കൊണ്ട മന്ത്രിസഭകളിലും അവര്‍ അംഗമായി. കേരളത്തില്‍ വിവിധകാലങ്ങളില്‍ അധികാരത്തില്‍ വന്ന കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള മന്ത്രിസഭകളിലും എ.കെ. ആന്റണിയും ഉമ്മന്‍ ചാണ്ടിയും നയിച്ച ഐക്യ ജനാധിപത്യ മുന്നണി മന്ത്രിസഭകളിലും അവര്‍ പ്രധാനപ്പെട്ട വകുപ്പുകള്‍ കൈകാര്യം ചെയ്തു. റവന്യൂ വകുപ്പിനു പുറമേ, വിജിലന്‍സ്, വ്യവസായം, ഭക്ഷ്യം, കൃഷി, എക്‌സൈസ്, സാമൂഹ്യക്ഷേമം, ദേവസ്വം, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകള്‍ക്കും നേതൃത്വം കൊടുത്തു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി(മാര്‍ക്‌സിസ്റ്റ്) അംഗം ആയിരുന്ന ഇവര്‍, പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ടതിനെ തുടര്‍ന്ന് ജനാധിപത്യ സംരക്ഷണ സമിതി (ജെ.എസ്.എസ്) രൂപീകരിച്ചു.

കേരളത്തില്‍ 1960-70-കളില്‍ നടപ്പിലാക്കിയ ഭൂപരിഷ്‌കരണ നിയമത്തിന്റെ പ്രമുഖശില്പിയാണ് ഗൗരിയമ്മ. പതിനൊന്നാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ നേതാവും ഗൗരിയമ്മയായിരുന്നു. ഏറ്റവുമധികം തവണ തിരഞ്ഞെടുക്കപ്പെട്ടയാള്‍ എന്ന റിക്കോര്‍ഡ് ഗൗരിയമ്മയുടെ പേരിലാണ്. ഏറ്റവും പ്രായം കൂടിയ നിയമസഭാംഗം (85 വയസ്), ഏറ്റവും കൂടുതല്‍ കാലം നിയമസഭാംഗം, ഏറ്റവും പ്രായം കൂടിയ മന്ത്രി തുടങ്ങിയ വേറെയും പല റിക്കോര്‍ഡുകള്‍ ഗൗരിയമ്മയ്ക്കുണ്ട്. കെ.ആര്‍. ഗൗരിയമ്മയുടെ ആത്മകഥ 2010ല്‍ കെ.ആര്‍. ഗൗരിയമ്മ എന്ന പേരില്‍ പുറത്തിറങ്ങിയിരുന്നു.