“വിളക്ക് കൊളുത്തിയന്നുറക്കമൊഴിച്ചവർ വിളിക്കുമീ സ്വാതന്ത്ര്യമെന്തൊരു പരിഹാസം” സ്വാതന്ത്ര്യത്തിന്റെ വ്യത്യസ്ത അർത്ഥങ്ങൾ മലയാളികൾക്ക് അക്ഷരങ്ങളിലൂടെ പറഞ്ഞു നൽകിയ മലയാളത്തിന്‍റെ കാവ്യധന്യത വൈലോപ്പിള്ളി ശ്രീധരമേനോന് ഇന്ന് 113-ാം ജന്മവാർഷികം. ജീവിതയാഥാർഥ്യങ്ങളെ പച്ചയായി ചിത്രീകരിക്കുന്ന കവിതകൾ എഴുതി ശ്രദ്ധേയനായ മലയാള സാഹിത്യകാരനായിരുന്നു വൈലോപ്പിള്ളി ശ്രീധരമേനോൻ. എറണാകുളം ജില്ലയിൽ തൃപ്പൂണിത്തറയിൽ കൊച്ചുകുട്ടൻ കർത്തയുടെയും നാണിക്കുട്ടിയമ്മയുടേയും പുത്രനായി 1911 മെയ് 11ന് ജനിച്ചു. സസ്യശാസ്ത്രത്തിൽ ബിരുദമെടുത്തതിനുശേഷം 1931-ൽ അദ്ധ്യാപനവൃത്തിയിൽ പ്രവേശിച്ചു. ഭാനുമതിയമ്മയെ വിവാഹം ചെയ്തു.
രണ്ട് ആൺമക്കൾ, ശ്രീകുമാർ, വിജയകുമാർ. 1966-ൽ ഹൈസ്കൂൾ പ്രധാനാദ്ധ്യാപകനായാണ് വിരമിച്ചത്. മലയാളിയുടെ ഏറ്റവും സൂക്ഷ്മമായ രഹസ്യങ്ങളിൽ രൂപകങ്ങളുടെ വിരലുകൾകൊണ്ട് സ്പർശിച്ച കവിയാണ് വൈലോപ്പിള്ളി. എല്ലാ മരുഭൂമികളെയും നാമകരണം ചെയ്തു മുന്നേറുന്ന അജ്ഞാതനായ പ്രവാചകനെപ്പോലെ മലയാളിയുടെ വയലുകൾക്കും തൊടികൾക്കും സഹ്യപർവ്വതത്തിനും കയ്പവല്ലരിയ്ക്കും മണത്തിനും മഴകൾക്കുമെല്ലാം കവിതയിലൂടെ അനശ്വരതയുടെ നാമം നൽകിയ വൈലോപ്പിള്ളി, കേരളത്തിന്റെ പുൽനാമ്പിനെ നെഞ്ചിലമർത്തിക്കൊണ്ട് എല്ലാ സമുദ്രങ്ങൾക്കും മുകളിൽ വളർന്നു നിൽക്കുന്നു.
മാമ്പൂവിന്റെ മണവും കൊണ്ടെത്തുന്ന വൃശ്ചികക്കാറ്റ് മലയാളിയുടെ ഓർമ്മകളിലേക്ക് സങ്കടത്തിന്റെ ഒരശ്രുധാരയും കൊണ്ടുവരുന്നുണ്ട്. വൈലോപ്പിള്ളിയുടെ മാമ്പഴത്തിലൂടെ മലയാളി അനുഭവിച്ചറിഞ്ഞ ആ പുത്രദുഃഖം, ഒരു പക്ഷേ, ഭൂമിയുടെ അനശ്വരമായ മാതൃത്വത്തിലേക്ക് തിരിച്ചുപോയ പുത്രന്മാരുടെയും ജനപദങ്ങളുടെയും ഖേദമുണർത്തുന്നു. ഈ മഹാകവി രക്തസ്രാവത്തെ തുടർന്ന് 1985 ഡിസംബർ 22-ന് അന്തരിച്ചു.
“അങ്കണത്തൈമാവിൽ നിന്നാദ്യത്തെ പഴം വീഴ്കെ
അമ്മതൻ നേത്രത്തിൽ നിന്നുതിർന്നു ചുടു കണ്ണീർ… ” വൈലോപ്പിള്ളിയുടെ മാമ്പഴത്തിലൂടെ മലയാളി അനുഭവിച്ചറിഞ്ഞ ആ പുത്രദുഃഖം,ഒരു പക്ഷേ, ഭൂമിയുടെ അനശ്വരമായ മാതൃത്വത്തിലേക്ക് തിരിച്ചുപോയ പുത്രന്മാരുടെയും ജനപദങ്ങളുടെയും ഖേദമുണര്‍ത്തുന്നു. അനാവശ്യമായി ഒരൊറ്റ വാക്കു പോലും ഉപയോഗിക്കാതിരിക്കുക എന്നതാണ് വൈലോപ്പിള്ളിയുടെ രീതി 1985 ഡിസംബര്‍ 22-ന് അന്തരിച്ചു. അടിയന്തരാവസ്ഥക്കെതിരെ പ്രതികരിച്ച അപൂർവ്വം മലയാളികളിൽ ഒരാളായിരുന്നു “എല്ലാമിപ്പോൾ ഭദ്രമായി, ബ്രിട്ടീഷുകാർ വാണകാലം പോലെ” എന്നാണ് കവി പരിഹസിച്ചത്.
സഹ്യന്റെ മകൻ എന്ന കവിതയിൽ മനുഷ്യൻ പ്രകൃതിയോടു ചെയ്യുന്ന ദ്രോഹങ്ങൾക്കു കവിക്കുള്ള രോഷം കാണാം. അമ്പലത്തിൽ എഴുന്നള്ളിപ്പിനിടെ മദം പൊട്ടിയ ആന കാട്ടിയ പരാക്രമങ്ങളെല്ലാം പണ്ട് അവനെ ഇണക്കുന്നതിനു മുൻപ് അവൻ കാട്ടിൽ ചെയ്തിരുന്ന വിക്രിയകളായിരുന്നു. ഒടുവിൽ പട്ടാളക്കാരന്റെ വെടിയേറ്റു നിലവിളിയോടെ വീണു.
കേരള ഗ്രാമജീവിതം വൈലോപ്പിള്ളിയുടെ ഇഷ്ടവിഷയങ്ങളിൽ ഒന്നായിരുന്നു, കൊയ്ത്തും, മെതിയും, നാട്ടുമ്പുറവും കവിയെ ഏറെ പ്രചോദിപ്പിച്ചു. പ്രകൃതിയുടെ കേവലസൗന്ദര്യത്തെ വർണ്ണിക്കുന്ന മറ്റുള്ള കവികളിൽ നിന്ന് വ്യത്യസ്തമായി പ്രകൃതിയും മനുഷ്യനും ചേരുമ്പോഴുണ്ടാകുന്ന സമഗ്ര സൗന്ദര്യമായിരുന്നു അദ്ദേഹത്തിന് പ്രിയങ്കരം.
“ഏതു ധൂസരസങ്കൽപ്പത്തിൽ വളർന്നാലും,
ഏതു യന്ത്രവത്കൃത ലോകത്തിൽ പുലർന്നാലും,
മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിൻ വെളിച്ചവും
മണവും മമതയും ഇത്തിരി കൊന്നപ്പൂവും…..