ഏഴു നിറം അടുക്കി പെറുക്കി ആകാശത്തിൽ വർണ്ണം വിതറുന്ന മഴ വില്ലിനെ ആർക്കാണ് ഇഷ്ടം അല്ലാത്തത് .ആകാശത്ത് തെളിഞ്ഞു കണ്ടാൽ മതി കുട്ടിയെന്നോ പ്രായം ആയവരെന്നോ ഇല്ലാതെ വായും പൊളിച്ച നോക്കി നിൽക്കും .മഴവിൽ എത്ര കണ്ടാലും എന്നും ഒരു കൗതുകം ഉണർത്തുന്നതാണ് .മഴവില്ലിന്റെ ഭംഗിയത്രയും ചാലിച്ചുവെച്ച ഒരു മരമുണ്ട് ഭൂമിയിൽ. ഹവായ്, ഫിലിപ്പീൻസ്, ഇന്തോനേഷ്യ, പാപ്വന്യൂഗിനി തുടങ്ങിയ രാജ്യങ്ങളിലായി കാണപ്പെടുന്ന യൂക്കാലിപ്റ്റ്‌സ് ഡെഗ്ലപ്റ്റ്, മിൻറാനാവോ ഗം, മഴവില്‍പശ തുടങ്ങിയ പേരുകളിലറിയപ്പെടുന്ന റെയിൻബോ യൂക്കാലിപ്റ്റസ് മരമാണ് ഈ കൗതുകം നമുക്ക് കാണിച്ചു തരുന്നത്. കടലാസ് നിർമിക്കാനാവശ്യമായ പൾപ്പിനുവേണ്ടിയാണ് ഈ മരം പ്രധാനമായും ഉപയോഗിക്കുന്നത്.അലങ്കാരത്തിനു വേണ്ടിയും ഇത് നട്ടുവളര്‍ത്താറുണ്ട്.. ഇന്തോനേഷ്യയിൽ ആണ് ജന്മദേശം. ഇവ പൾപ്പ് നിർമാണത്തിന് ഉപയോഗിക്കുന്നുണ്ടെങ്കിലും കാണാനുള്ള ഭംഗി കാരണം അലങ്കാരിക ഉപയോഗം ആണ് കൂടുതൽ. ഇൻഡ്യയിലെ ഏക മരം നിലനിൽക്കുന്നത് നമ്മുടെ കോതമംഗലം കോടനാട് വനത്തിലാണെന്നതും സന്തോഷമുള്ള കാര്യം. രണ്ടായിരത്തോളം വർഷം പഴക്കമുള്ള അയ്യപ്പ ക്ഷേത്രത്തിനടുത്താണ് ഈ മരം ഉള്ളത് . ഏഷ്യയിൽ തന്നെ ഒന്നോ രണ്ടോ മരങ്ങളെ ഉള്ളു അതിനാൽ ഇവന് നല്ല സംരക്ഷണം ആണ് നൽകുന്നത് .മകരമാസത്തിലെ ആണ് ഇതിന്റെ നിറം നല്ല രീതിയിൽ കാണുന്നത് . ബ്രേസിലിൽ നിന്നുമാണ് ഇവനെ ഇവിടെ കൊണ്ട് വന്ന് നട്ടത് . മുപ്പത് വർഷത്തോളം പഴക്കം ഉണ്ട് ഇതിന് .ഡിസംബർ അവസാനം ജനുവരി ആദ്യം മഞ്ഞു മാസത്തിൽ ആണ് ഇവന് കൂടുതൽ സുന്ദരൻ ആകുന്നത്.
1918-26 കാലഘട്ടത്തില്‍ ഫിലീപ്പിന്‍സിലാണ് ഈ മരം ആദ്യമായി ഉപയോഗിച്ചു തുടങ്ങിയത്. ഹവായ് ദ്വീപിലെ അമിതമായ മണ്ണൊലിപ്പ് തടയുന്നതിനായി 1930കളിൽ ഈ മരങ്ങൾ അവിടെ വച്ചു പിടിപ്പിച്ചു. ഇവയുടെ തടിയിലുണ്ടാകുന്ന വിവിധ വർണങ്ങൾ അവയെ നിറപ്പകിട്ടുള്ളതായി നിലനിർത്തുന്നു. ഓരോ വർഷവും വിവിധ സമയങ്ങളിൽ മഴവിൽ മരങ്ങൾ അവയുടെ തൊലി പൊഴിച്ചുകൊണ്ടിരിക്കും. അങ്ങനെ വീണ്ടും തെളിഞ്ഞുവരുന്ന പുറം തൊലിയിൽ ആദ്യം ഇളംപച്ച നിറമായിരിക്കും ഉണ്ടാവുക. പിന്നീട് ഇവ നീല, പർപ്പിൾ, ഓറഞ്ച്, മെറൂൺ തുടങ്ങിയ നിറങ്ങളിൽ ആണ് ഇവനെ നമ്മുക്ക് കാണാൻ കഴിയുന്നത് . വെളുപ്പ് നിറത്തിലുള്ള പൂക്കൾ വൃക്ഷത്തെ കൂടുതൽ സുന്ദരിയാക്കുന്നു.വർഷത്തിൽ ആറടി വരെ ഉയരവും 95 ഇഞ്ച് വരെ വ്യാസവും വെക്കാൻ സാധിക്കുന്ന മഴവിൽമരങ്ങളുടെ ഇലകളിൽനിന്നുമുണ്ടാകുന്ന എണ്ണക്ക് ഔഷധഗുണമുണ്ടെന്ന് പറയപ്പെടുന്നു. മറ്റ് യൂക്കാലിപ്റ്റസ് മരങ്ങളുടെ ഇലകളിൽനിന്നു ലഭിക്കുന്ന എണ്ണയേക്കാൾ വളരെ കുറച്ച് മാത്രം എണ്ണ ലഭിക്കുന്നതിനാൽ എണ്ണയുടെ വാണിജ്യ ഉൽപാദനത്തിനായി മഴവിൽ മരങ്ങളെ ഉപയോഗിക്കാറില്ല. തുറസ്സായ പ്രദേശങ്ങൾ, പാർക്കുകൾ തുടങ്ങിയ ഇടങ്ങളിൽ വളരുന്ന ഇവ മഞ്ഞില്ലാത്ത കാലാവസ്ഥ ഏറെ ഇഷ്ടപ്പെടുന്നു.