സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതിയുടെ മറവില്‍ തിരുവനന്തപുരത്തും കോഴിക്കോടും വരുന്ന മെട്രോ റെയില്‍ പദ്ധതിയെ അട്ടിമറിക്കാന്‍ പുതിയ നീക്കം നടക്കുന്നതായി ആരോപണം. രണ്ടു നഗരങ്ങളിലെയും മെട്രോ പദ്ധതിക്കു പകരം ഒരിക്കലും നടക്കാത്ത ലൈറ്റ് ട്രാം പദ്ധതിയുമാണ് കെ.എം.ആര്‍.എല്‍ വരുന്നത്. ഈ രണ്ടു നഗരങ്ങളിലെയും മെട്രോ നടത്തിപ്പിന്റെ ചുമതല നല്‍കിയിരിക്കുന്നത് കൊച്ചിന്‍ മെട്രോ റെയില്‍ ലിമിറ്റഡ് എന്ന കെ.എം.ആര്‍.എല്ലാണ് ലൈറ്റ് ട്രാം പദ്ധതിയുടെ സാധ്യതാ പഠനം നടത്താനുള്ള നീക്കവുമായി മുന്നോട്ട് പോകുന്നത്.
കേരളത്തിലെ നിലവിലുള്ള റോഡ് സാഹചര്യങ്ങളില്‍ ഒരിക്കലും ഓടാത്ത ട്രാം പോലുള്ള ഗതാഗത സംവിധാനം ശാശ്വതമല്ലെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഇതിനു പകരം കെഎസ്ആര്‍ടിസിക്ക് ഇ-ബസുകള്‍ വാങ്ങി നല്‍കിയാല്‍ മതിയെന്നും പുതിയ പദ്ധതികളുടെ പേരില്‍ മെട്രൊ പദ്ധതി വൈകിപ്പിക്കാനുള്ള നീക്കമാണിതെന്നും സോഷ്യല്‍ മീഡിയയില്‍ അഭിപ്രായങ്ങള്‍ ഉയരുന്നു.
നിലവിലെ സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് മെട്രൊ പദ്ധതിയുമായി മുന്നോട്ട് പോയാല്‍ വന്‍ ബാധ്യതയാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ബദല്‍ മാര്‍ഗമെന്ന നിലയില്‍ കെ.എം.ആര്‍.എല്‍ ലൈറ്റ് ട്രാം പദ്ധതിയെക്കുറിച്ച് ആലോചിക്കുന്നത്. ചെലവ് കുറവാണെന്നത് സത്യമാണെങ്കിലും കേരളത്തിലെ റോഡ് സാഹചര്യത്തില്‍ മനസിലാക്കാതെയാണ് ലൈറ്റ് ട്രാം പോലുള്ള ഒരിക്കലും നടക്കാത്ത പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത്. നമ്മുടെ രാജ്യത്തൊരിടത്തും ഇത്തരം ട്രാം പദ്ധതി നടപ്പാക്കന്‍ ബുദ്ധമുട്ടാണെന്ന് സോഷ്യല്‍ മീഡിയയില്‍ വിദഗ്ദര്‍ വിലയിരുത്തുന്നു.
എന്നാല്‍ തിരുവനന്തപുരത്തെയും കോഴിക്കോടെയും മെട്രോ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് തന്നെയാണ് പോകുന്നത്. സര്‍ക്കാര്‍ അറിയാതെ കെ.എം.ആര്‍.എല്‍ സ്വന്തമായി തീരുമാനമെടുത്തതാണ് ലൈറ്റ് ട്രാം പദ്ധതി, അതു കൃത്യമായ പഠനങ്ങളില്ലാതെ. തെരഞ്ഞെടുപ്പ് കഴിഞ്ഞ് അടുത്ത കേന്ദ്രമന്ത്രിസഭ ആദ്യം പരിഗണിക്കുന്ന കാര്യങ്ങളില്‍ സംസ്ഥാനത്തെ മെട്രോ പദ്ധതിയും ഉണ്ടാകുമെന്നാണ് സൂചന. വിശദമായ പ്രൊജക്റ്റ് റിപ്പോര്‍ട്ട് അംഗീകാരത്തിനായി നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്തെ രണ്ടു നഗരങ്ങളിലെ മെട്രോ റൂട്ടുകളില്‍ അര്‍ബന്‍ മാസ് ട്രാന്‍സിറ്റ് കമ്പനി ലിമിറ്റഡ് (യുഎംടിസി) ട്രാമിന്റെ സാധ്യതാ പഠനം നടത്തുമെന്ന് കെ.എം.ആര്‍.എല്‍. എംഡി ലോക്‌നാഥ് ബെഹ്‌റ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ലൈറ്റ്ട്രാം മെട്രോ പോലെയുള്ള ഒരു വലിയ ഗതാഗത സംവിധാനമാണെന്നും ചെലവു കുറവാണെന്നത് പ്രത്യേകതയെന്നും പറയന്നു. നിലവിലെ പ്ലാന്‍ അനുസരിച്ച്, തിരുവനന്തപുരം മെട്രോ 45 കിലോമീറ്ററാണ്. ഒരു കിലോമീറ്ററിന് 250 കോടി രൂപയാണ് മെട്രോ റെയില്‍ നിര്‍മാണത്തിന് ചെലവ്. ലൈറ്റ് ട്രാമിന് ഇത് നാലിലൊന്ന് ചെലവില്‍ നിര്‍മ്മിക്കാമെന്നും കെ.എം.ആര്‍.എം.എല്‍ എംഡി പറഞ്ഞു.
ഓസ്ട്രേലിയയിലെ ബ്രിസ്ബേന്‍ പോലുള്ള നഗരങ്ങള്‍ ലൈറ്റ് ട്രാം മെട്രോകള്‍ തെരഞ്ഞെടുത്തു കഴിഞ്ഞു. സ്വിസ് ആസ്ഥാനമായ ഒരു കമ്പനി കൊച്ചിയില്‍ ഇതു സംബന്ധിച്ച് കുറച്ചു സ്ഥലങ്ങളില്‍ പരിശോധനകള്‍ നടത്തി പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ ചുവടു പിടിച്ചാണ് തിരുവനന്തപുരത്തും കോഴിക്കോടുമുള്ള മെട്രോ റൂട്ടുകളില്‍ ലൈറ്റ് ട്രാം ഓടിക്കാനുള്ള സാധ്യതാ പഠനമെന്ന നാടകം നടത്താന്‍ പോകുന്നത്.
എന്നാല്‍, മെട്രോമാന്‍ ഇ. ശ്രീധരന്‍ തന്നെ പദ്ധതി കേരളത്തില്‍ അനുയോജ്യമല്ലെന്ന് വിലയിരുത്തിക്കഴിഞ്ഞു. കേരളത്തില്‍ ഇത്തരം പദ്ധതികള്‍ അപ്രായോഗികമാണ്. ഇവിടെ ഇടുങ്ങിയ റോഡുകളും അവധാനതയില്ലാത്ത ട്രാഫിക് പരിഷ്‌ക്കാരങ്ങളും നിറഞ്ഞ ഈ നാട്ടില്‍ ഇത്തരം ലൈറ്റ് ട്രാമുകള്‍ അനുയോജ്യമല്ല. സാധാരണ മെട്രോ റെയിലിനേക്കാള്‍ വിലകുറഞ്ഞത് അതിന്റെ സിവില്‍ വര്‍ക്കുകള്‍ക്കു മാത്രമാണ്. കെ.എം.ആര്‍.എല്‍ കരുതുന്നതിനെക്കാള്‍ തുക കൂടതലായിരിക്കും ലൈറ്റ് ട്രാം സര്‍വീസുകള്‍ നിര്‍മ്മിക്കാന്‍ വേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം തിരവുനന്തപുരത്തെ മെട്രോയുടെ വിശദമായ പദ്ധതിരേഖ ജൂണില്‍ സമര്‍പ്പിക്കും. സര്‍ക്കാര്‍ അംഗീകരിച്ച ശേഷം കേന്ദ്ര നഗര മന്ത്രാലയത്തിന്റേ അനുമതി കിട്ടുന്നതോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനാണ് തിരുവനന്തപുരം മെട്രോയുടെ നടത്തിപ്പ് ചുമതല. ഇവരുടെ നിര്‍ദ്ദേശ പ്രകാരം ഡല്‍ഹി മെട്രോറെയില്‍ കോര്‍പ്പറേ ഷന്‍ ഡി.പി.ആര്‍ തയ്യാറാക്കിയത്.
ലൈറ്റ് ട്രാം ഇന്‍ ബ്രിസ്‌ബൈന്‍
ഓസ്ട്രേലിയയിലെ ക്വീന്‍സ്ലാന്‍ഡിലെ ബ്രിസ്ബേനില്‍ സര്‍വീസ് നടത്തുന്ന ഹൈ-ഫ്രീക്വന്‍സി ബസ് റാപ്പിഡ് ട്രാന്‍സിറ്റ് സംവിധാനമാണ് ബ്രിസ്ബേന്‍ മെട്രോ ട്രാം. റോഡ് ലെവലിനും എലവേറ്റഡ്, ഭൂഗര്‍ഭ മെട്രോ റെയില്‍ സംവിധാനങ്ങള്‍ക്കും സമാന്തരമായി ലൈറ്റ്ട്രാമുകള്‍ പ്രവര്‍ത്തിപ്പിക്കാം. 25 മീറ്റര്‍ നീളമുള്ള മൂന്ന് കോച്ചുകളുള്ള ലൈറ്റ് ട്രാമില്‍ 240 പേര്‍ക്ക് യാത്ര ചെയ്യാം. ഇലക്ട്രിക് ഹൈബ്രിഡ് ട്രാമുകള്‍ ആറ് മിനിറ്റിനുള്ളില്‍ പൂര്‍ണ്ണമായി ചാര്‍ജ് ചെയ്ത് 45 കിലോമീറ്റര്‍ സഞ്ചരിക്കും. 150 യാത്രക്കാരെ അല്ലെങ്കില്‍ 170 യാത്രക്കാരെ കയറ്റാന്‍ കഴിയുന്ന 60 ഇലക്ട്രിക് , ബൈ-ആര്‍ട്ടിക്കുലേറ്റഡ് ബസുകളാണ് സര്‍വീസ് നടത്തുന്നത്.
കൊത്തക്കത്തയിലെ ട്രാം
നിലവില്‍ കൊല്‍ക്കത്തയില്‍ മാത്രമാണ് ട്രാം സര്‍വീസ് നിലവിലുള്ളത്. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും പഴയ ട്രാം ശൃംഖലയാണ്. 1902ല്‍ ആരംഭിച്ച ഇത് ഇന്ത്യയിലെ ഏറ്റവും പഴയ ഇലക്ട്രിക് ട്രാംവേയാണ്. നിലവില്‍ ഇന്ത്യയിലെ ഏക ഓപ്പറേറ്റിംഗ് ട്രാം ശൃംഖലയുമാണിത്. 1960കളില്‍ ഈ ശൃംഖലയ്ക്ക് തുടക്കത്തില്‍ 37 ലൈനുകള്‍ വരെ ഉണ്ടായിരുന്നു. എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍, മോശം അറ്റകുറ്റപ്പണികള്‍, കുറഞ്ഞ യാത്രക്കാരുടെ എണ്ണം, റോഡ് മേല്‍പ്പാലങ്ങളുടെ കൂട്ടിച്ചേര്‍ക്കല്‍, കൊല്‍ക്കത്ത മെട്രോയുടെ വിപുലീകരണം എന്നിവ കാരണം നിലവില്‍ രണ്ട് ലൈനുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്