മൂന്നു ഫേസ് ബുക്ക് പോസ്റ്റുകളാണ് ഈ വാര്‍ത്തയ്ക്ക് ആധാരം. വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ റോക്കറ്റ് വേഗത്തില്‍ ഇത് പ്രചരിക്കുന്നുമുണ്ട്. ഫേസ് ബുക്ക് പോസ്റ്റുകള്‍ ആരുടേതാണെന്നറിയില്ല. പക്ഷെ, ഏതു രീതിയിലാണ് ഈ വിഷയം കൈകാര്യം ചെയ്തിരിക്കുന്നതെന്ന് വ്യക്തമാണ്. വര്‍ഗീയതയുടെ വികൃത മുഖം ഓരോ വരികളിലും തെളിഞ്ഞു നില്‍ക്കുന്നുണ്ട്. ശരിക്കും മമ്മൂട്ടി എന്ന മഹാനടന്‍ ഇസ്ലാം വര്‍ഗീയ വാദിയാണോ ?. മട്ടാഞ്ചേരിയെയും അവിടുത്തെ സിനിമാക്കാരെയും വെച്ച് മത തീവ്രവാദത്തിന്റെ കാണാച്ചരടുകള്‍ കൂട്ടിക്കെട്ടുകയാണോ ?. മതവും സിനിമയും തീവ്രവാദത്തിന്റെ വിളനിലമാക്കിയിട്ടുണ്ടോ?.
മുഹമ്മദ് കുട്ടി എന്നത് മമ്മൂട്ടിയാകുമ്പോള്‍ തീവ്രവാദത്തെ ഒളിപ്പിച്ചു കടത്തുകയാണോ ?. ഇങ്ങനെ നിരവധി നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. ഈ ചോദ്യങ്ങള്‍ക്കെല്ലാം മറുപടിയായി ഒരു ഉത്തരം മാത്രമേയുള്ളൂ. അത്, ഹിന്ദു വര്‍ഗീയതയുടെ ആഭിചാരക്കളങ്ങളില്‍ ഉറഞ്ഞു തുള്ളുന്നവരുടെ ഭ്രമകല്‍പ്പനകളാണ്. ഈ കളത്തില്‍ മനുഷ്യത്വത്തിന്റെ കണിക പോലുമുണ്ടാകില്ല. ഈ കളത്തില്‍ നിന്നു വീക്ഷിക്കുന്നവര്‍ക്ക് ചുറ്റിനും കാണുന്നവരെ മത തീവ്രവാദികളായി മാത്രമേ കാണാനാകൂ. സ്വന്തം മതത്തിനെ അന്ധമായി വിശ്വസിക്കുകയും അതിലൂടെ പിടിപെടുന്ന മാനസിക വിഭ്രാന്തിയില്‍ കരകയറാന്‍ കഴിയാത്ത വിധം അടിമപ്പെട്ടു പോവുകയും ചെയ്യുന്നവരാണ് മരണത്തിനും ജീവിതത്തിനുമിടയിലെ ഇത്തരം കളങ്ങളില്‍പ്പെട്ടു പോകുന്നത്.
അത്തരക്കാര്‍, ആള്‍ ദൈവങ്ങളെ മുതല്‍ വിഗ്രഹ ദൈവങ്ങളെ വരെ വിശ്വസിക്കുമെന്നതില്‍ തര്‍ക്കമില്ല. വിഗ്രഹങ്ങള്‍ക്ക് മുമ്പില്‍ നരബലി നടത്തലും, ആള്‍ദൈവങ്ങളുടെ കാല്‍ കഴുകി കുടിക്കലുമെല്ലാം സൂപ്പര്‍ കമ്പ്യൂട്ടര്‍ യുഗത്തിലും നടക്കുന്നുണ്ടെങ്കില്‍ മതങ്ങള്‍ മനുഷ്യന്റെ മനസ്സിലുണ്ടാക്കിയിരിക്കുന്ന കറുപ്പ് എത്രത്തോളം വലുതാണെന്ന് മനസ്സിലാക്കാനാകും. അത്തരക്കാരാണ്, കേരളത്തെയും മലയാളത്തെയും, അതിലുപരി ഇന്ത്യന്‍ സിനിമയിലെ മുടിചൂടാ മന്നനായി തീര്‍ന്ന മഹാനടന്‍ മമ്മൂട്ടിയെ കുറിച്ച് പിച്ചും പേയും പറയുന്നത്.
ഒരു മമ്മൂട്ടിക്ക് സിനിമാ നടനും മലയാളിയും സര്‍വ്വോപരി കേരളീയനും ആകാനേ കഴിയൂ. അയാള്‍ക്ക് ഒരു മത തീവ്രവാദി ആകാന്‍ കഴിയില്ലെന്നതാണ് വസ്തുത. നാട്ടിലെ സാമൂഹികവും രാഷ്ട്രീയവുമായ മാറ്റങ്ങള്‍ക്കൊപ്പം സഞ്ചരിക്കാന്‍ ശ്രമിക്കുന്നത് പൗരന്റെ കടമയാണ്. ഇഷ്മുള്ള വസ്ത്രം, ഇഷ്ടമുള്ള ഭക്ഷണം, ഇഷ്ടമുള്ളതെല്ലാം ചെയ്യാന്‍ ഭരണഘടന അനുശാസിക്കുന്ന വഴിയിലൂടെ സഞ്ചരിക്കുന്ന വ്യക്തി കൂടിയാണദ്ദേഹം. എന്നാല്‍, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മമ്മൂട്ടിയെ ടാര്‍ഗറ്റ് ചെയ്തുകൊണ്ട് സമൂഹ മാധ്യമങ്ങളിലൂടെ ദുഷ് പ്രചരണങ്ങള്‍ നടക്കുന്നുണ്ട്. മുസ്ലീം തീവ്രവാദത്തിന്റെ ആണിക്കല്ലാണ് മമ്മൂട്ടിയെന്നാണ് ഇത്തരക്കാര്‍ എഫ്.ബി. പോസ്റ്റിലൂടെ പറഞ്ഞു വെയ്ക്കുന്നത്.
പക്ഷെ, ഒന്നറിയുക. മമ്മൂട്ടിയെപ്പോലൊരാള്‍ ഇനി കേരളത്തിനുണ്ടാകില്ല. മമ്മൂട്ടിയെപ്പോലെ കേരളത്തെ അറിയിച്ചിരുന്നൊരാള്‍ വരാനുമില്ല. മമ്മൂട്ടിയെന്ന മഹാ നടനിലൂടെ ലോകം മലയാളത്തെ അറിഞ്ഞിട്ടുണ്ട്. ആ നടനെ അധിക്ഷേപിക്കുന്ന ന്യൂനപക്ഷ വര്‍ഗീയ രാഷ്ട്രീയത്തിന്റെ വക്താക്കള്‍, മറ്റൊരാളെയും മനുഷ്യനായി കാണുന്നില്ല. അവരുടെ രാഷ്ട്രീയ വിജയത്തിനു വേണ്ടിയുള്ള ആയുധമായിട്ടു മാത്രമാണ് മാറ്റുള്ളവരെ അവര്‍ ഉപയോഗിക്കുന്നതു പോലും. ഈ പറയുന്നവര്‍ നാളെ അന്തരിച്ച മുന്‍ പ്രസിഡന്റ് എപി.ജെ. അഹബ്ദുള്‍ കലാമിനെയും മത തീവ്രവാദിയാക്കും.
ബ്രഹ്‌മോസ് നിര്‍മ്മിച്ചത് പാക്കിസ്താനു വേണ്ടി ഇന്ത്യയെ തകര്‍ക്കാന്‍ വേണ്ടിയായിരുന്നുവെന്നും ഇവര്‍ വിളിച്ചു പറയും. മമ്മൂട്ടിക്കു മുമ്പ്, ഷാരുഖ് ഖാന്‍, ആമിര്‍ ഖാന്‍, കമല്‍ ഹസന്‍, വിജയ്, സംവിധാകന്‍ കമല്‍ എന്നിവരെയും വര്‍ഗീയ വാദികള്‍ നോട്ടമിട്ടിട്ടുണ്ട്. ഇതെല്ലാം കാണിക്കുന്നത്, വര്‍ഗീയ വാദികള്‍ക്ക് ഭയം ഒരു മാധ്യമമാണെന്നാണ്. ആള്‍ ദൈവങ്ങളും കച്ചവട ഭക്തിയും നിറഞ്ഞുപോയ ഒരു നാടിനെ നവോത്ഥാന നായകര്‍ രക്ഷിച്ചെടുത്തുവെന്നാണ് നമ്മള്‍ കരുതിയിരുന്നതെങ്കില്‍ തെറ്റി.
മനുസ്മൃതിയും, ഭൂതകാല ആചാരങ്ങളും, ചാതുര്‍വര്‍ണ്യ വ്യവസ്ഥയുമെല്ലാം തിരിച്ചു കൊണ്ടു വരാന്‍ ഒരു കൂട്ടം അഭ്യസ്ത വിദ്യരായ വിവരദോഷികള്‍ നിരന്തരം ശ്രമിക്കുന്നുണ്ടെന്നു വേണം മനസ്സിലാക്കാന്‍. ജാഗ്രതയോടെ ഇരുന്നില്ലെങ്കില്‍ തലപോകുമെന്നുറപ്പാണ്. മമ്മൂട്ടി അഭിനയിച്ച പുഴു എന്ന സിനിമയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ഹൈന്ദവ സവര്‍ണ്ണ വിഭാഗത്തെ അധിക്ഷേപിക്കുന്ന രീതിയില്‍ സിനിമ ചെയ്യണമെന്ന മമ്മൂട്ടിയുടെ പ്രത്യേക താല്‍പ്പര്യത്തിലാണ് ഈ സിനിമ ചെയ്തതെന്നാണ് വെളിപ്പെടുത്തല്‍.
സവര്‍ണ്ണ ഹൈന്ദവര്‍ക്കെതിരേ പറയാനാണെങ്കില്‍ പതിനായിരം സിനികള്‍ ചെയ്യാനുണ്ട്. ഒരു സിനിമ ഏതു രീതിയില്‍ ചെയ്താല്‍ വിജയിക്കുമെന്ന് പറയുന്നതില്‍ എന്താണ് തെറ്റ്. കാലത്തിന്റെ അനിവാര്യത കൂടിയാണ് സിനിമയുടെ കഥയും. അതുകൊണ്ടാകണം, മമ്മൂട്ടി ആ അഭിപ്രായ പ്രകടനം നടത്തിയത്. പക്ഷെ, അതിനെ വര്‍ഗീയമായി ചിത്രീകരിച്ചു കൊണ്ട്, മതമൗലീക വാദികളുടെ ആയുധമാക്കി മാറ്റാന്‍ എങ്ങനെ സാധിക്കുന്നു.
ഒരു നടന്‍ സിനിമയുടെ കഥയില്‍ അഭിപ്രായം പറയുന്നതില്‍ എന്ത് മതതീവ്രവാദമാണുള്ളത്. അതിനാണ് മമ്മൂട്ടിയുടെ മട്ടാഞ്ചേരി മുസ്ലീം വര്‍ഗീയതയെന്നും, മുഹമ്മദ് കുട്ടിയെന്നുമൊക്കെ വിളിട്ടു കൂവുന്നത്. ചര്‍ച്ചയാക്കപ്പെട്ട മൂന്നു ഫേസ്ബുക്ക് പോസ്റ്റുകള്‍ ഇവിടെ വായനക്കാര്‍ക്കായി പങ്കുവെയ്ക്കുന്നു. വായിക്കണം. എന്നിട്ട്, ശരിയും ശരികേടും തിരിച്ചറിയണം. സാംസ്‌ക്കാരിക കേരളം ആവശ്യപ്പെടുന്ന ഇന്നിന്റെയും നാളെയുടെയും മനസ്സിലാക്കലുകളാണ്.
പോസ്റ്റ് ഒന്ന്,
പുഴുവും അതിന് കൂട്ട് നിന്ന സുടാപ്പിക്കയും… ??
എല്ലാത്തിനും പിന്നില്‍ മമ്മൂട്ടിയോ? സവര്‍ണ്ണരെ അധിക്ഷേപിക്കുന്ന സിനിമ ചെയ്യാന്‍ മമ്മൂട്ടി ആവശ്യപ്പെട്ടതായി ‘പുഴു’ സംവിധായകയുടെ ഭര്‍ത്താവ്!
മമ്മൂട്ടി നായകനായി അഭിനയിച്ച പുഴു എന്ന സിനിമ റിലീസിന് മുന്‍പ് തന്നെ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ഒന്നായിരുന്നു. ഹൈന്ദവരിലെ സവര്‍ണ്ണ വിഭാഗത്തെ അധിക്ഷേപിക്കുന്ന രീതിയില്‍ ആയിരുന്നു ഈ ചിത്രം തയ്യാറാക്കിയിരുന്നത്. ഇപ്പോള്‍ ഈ ചിത്രം വീണ്ടും ചര്‍ച്ചയാവുകയാണ്. പുഴു സിനിമാ സംവിധായക റത്തീനയുടെ ഭര്‍ത്താവ് ഒരു ഓണ്‍ലൈന്‍ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നടത്തിയ വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ ഈ സിനിമയെ വീണ്ടും ചര്‍ച്ച ആക്കിയിരിക്കുന്നത്.
പുഴു എന്ന സിനിമ നടന്‍ മമ്മൂട്ടിയുടെ പ്രത്യേക താല്‍പര്യപ്രകാരം ഒരുക്കിയതാണെന്നാണ് സംവിധായക റത്തീനയുടെ ഭര്‍ത്താവ് മുഹമ്മദ് ഷര്‍ഷാദ് ആണ് വെളിപ്പെടുത്തിയത്. റത്തീനയുടെ ആദ്യ സംവിധാന സംരംഭമായി തയ്യാറാക്കാന്‍ ആഗ്രഹിച്ചിരുന്ന സിനിമയുടെ കഥ മറ്റൊന്നായിരുന്നു. എന്നാല്‍ നടന്‍ മമ്മൂട്ടിയുടെ നിര്‍ദ്ദേശം അനുസരിച്ച് ആയിരുന്നു സവര്‍ണ്ണരെ അധിക്ഷേപിക്കുന്ന ഒരു സിനിമ ഒരുക്കിയത്. കൊച്ചിയിലേക്ക് താമസം മാറണമെന്നും ആവശ്യപ്പെട്ടത് മമ്മൂട്ടിയാണ്. കടുത്ത ഇസ്ലാമിക വാദിയും ഉണ്ട എന്ന മമ്മൂട്ടി ചിത്രത്തിന്റെ തിരക്കഥാകൃത്തുമായ അര്‍ഷാദ് അടക്കമുള്ളവര്‍ ചേര്‍ന്ന് എഴുതിയ പുഴു എന്ന തിരക്കഥ റത്തീന സംവിധാനം ചെയ്യുകയും ആയിരുന്നു എന്നാണ് മുഹമ്മദ് ഷര്‍ഷാദ് വ്യക്തമാക്കുന്നത്.
നടി പാര്‍വതി തിരുവോത്ത് നായികയായ ഉയരെ എന്ന സിനിമയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആയിരുന്നു റത്തീന. ഇതിനുശേഷമാണ് പുഴു എന്ന സിനിമ റത്തീന സംവിധാനം ചെയ്യുന്നത്. ഉണ്ട എന്ന സിനിമയുടെ തിരക്കഥാകൃത്ത് ആയിരുന്ന അര്‍ഷാദിനൊപ്പം ഷറഫു,സുഹാസ് എന്നീ വ്യക്തികളും കൂടി ചേര്‍ന്നാണ് മമ്മൂട്ടിയുടെ പ്രത്യേക താല്‍പര്യപ്രകാരം പുഴു എന്ന സിനിമയുടെ തിരക്കഥ നിര്‍വഹിച്ചത്. ഈ സംഘത്തിനൊപ്പം റത്തീന ചേര്‍ന്നതോടെ തങ്ങളുടെ കുടുംബ ജീവിതവും തകര്‍ന്നു എന്നും മുഹമ്മദ് ഷര്‍ഷാദ് വെളിപ്പെടുത്തി.
മമ്മൂട്ടി ഇത് ആദ്യമായല്ല ഹിന്ദു-ക്രിസ്ത്യന്‍ വിരോധം സ്വന്തം സിനിമകളിലൂടെ ഒളിച്ചുകടത്തുന്നത്. കാതല്‍, ഭീഷ്മപര്‍വ്വം, ഉണ്ട, കസബ, ഗ്യാങ്സ്റ്റര്‍, ഭ്രമയുഗം,തുടങ്ങിയ അടുത്തകാലത്തിറങ്ങിയ മിക്കവാറും സിനിമകളില്‍ ഈ അന്യമതവിരോധം മുഴച്ചു നില്‍ക്കുന്നത് കാണാം. ഇത് ബോധപൂര്‍വം ചെയ്യുന്നതാണെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്ക് മനസ്സിലാകും. മമ്മൂട്ടിയുടെ ഒരു സിനിമക്ക് തീയേറ്ററില്‍ പണം കൊടുക്കുന്നത് നിര്‍ത്തിയിട്ട് വര്‍ഷം നാലായി, ഇനി ഓണ്‍ലൈനിലും ഓഫ്‌ലൈനിലും അങ്ങേരുടെ സിനിമ കാണില്ല എന്ന് മനസ്സില്‍ ഉറപ്പിക്കുന്നു.. ?? ചയ:മതം വളര്‍ത്താന്‍ വരുന്നവന്‍ അതിന് പറ്റിയ സ്ഥലങ്ങളിലേക്ക് പോകണം, സിനിമ അതിന് ഉപയോഗിക്കരുത് ഹിന്ദിയിലെ ഖാന്മാര്‍ ഇപ്പോള്‍ സ്വന്തം സിനിമ ഇറങ്ങുമ്പോള്‍ അമ്പലങ്ങളായ അമ്പലങ്ങളൊക്കെ കയറി തൊഴുതു കരഞ്ഞു പ്രാര്‍ത്ഥിക്കുന്നത് മമ്മൂട്ടി ഒന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും.
പോസ്റ്റ് രണ്ട്
മലയാള സിനിമയെ നിയന്ത്രിക്കുന്ന മതതീവ്രവാദ മാഫിയയുടെ പ്രവര്‍ത്തനങ്ങളും, നിയമ വിരുദ്ധമായ പണം ഇടപാടുകളും, ഇതിലൊക്കെ ഉള്‍പ്പെട്ട ആളുകളെയും കുറിച്ചുമൊക്കെ അതിന്റെ ഉള്ളില്‍ നിന്ന് തന്നെ ഒരാള്‍ വെളിപ്പെടുത്തിയിട്ടും ആരും അറിഞ്ഞ മട്ട് കാണിക്കുന്നില്ല…! ഹൈന്ദവ വിരുദ്ധത കാണിക്കാന്‍ ഒരു സ്ത്രീ സംവിധായികയെ മുന്‍ നിര്‍ത്തി ഉണ്ടാക്കിയ തട്ടിക്കൂട്ട് ചിത്രം യഥാര്‍ത്ഥത്തില്‍ മെഗാ സ്റ്റാറിന്റെ താല്‍പ്പര്യം കൂടി കൊണ്ട് ചെയ്തതാണത്രേ. മെഗാ സ്റ്റാറിനെ നായകനാക്കി സിനിമ ചെയ്യാന്‍ സ്വന്തം കഥയുമായി ചെന്ന സംവിധായകയോട് ആ കഥ പിന്നെ ചെയ്യാം, ഞാന്‍ മറ്റൊരു കഥ തരാം എന്ന് പറഞ്ഞ് കഥ എഴുതാന്‍ തീവ്ര ഇസ്ലാമിക ആശയം കൊണ്ട് നടക്കുന്നവനെ മെഗാ സ്റ്റാര്‍ ഏര്‍പ്പാട് ആക്കിയത്രേ…! എന്നിട്ട് അത് സ്വയം (ബിനാമി) നിര്‍മിക്കുകയും ചെയ്തു…!
താന്‍ ഒരു മുസ്ലിം ആയത് കൊണ്ട് കൊച്ചിയില്‍ താമസിക്കാന്‍ വീട് കിട്ടുന്നില്ല എന്ന് പറഞ്ഞ് ഇരവാദം ഇറക്കി സിനിമയുടെ പ്രൊമോഷന്‍ ചെയ്യാന്‍ നോക്കിയ മഹതി തന്നെ ആണ് സിനിമ ഡയറക്ടര്‍..! മെഗാ സ്റ്റാര്‍ മതഭ്രാന്തന്‍ ആണോ എന്നൊന്നും അറിയില്ല. പക്ഷേ തീവ്ര ഇസ്ലാമിക ആശയം കൊണ്ടു നടക്കുന്നവരെ കൊണ്ട് പുള്ളി സിനിമയുടെ കഥ എഴുതിക്കുകയും, അത്തരം സിനിമകള്‍ തന്റെ മേക്കപ്പ് മാന്റെ പേരില്‍ നിര്‍മിക്കുകയും ചെയ്യും..! മെഗാ സ്റ്റാറിന്റെ സിനിമ സംവിധാനം ചെയ്ത സംവിധായികയുടെ ഭര്‍ത്താവിന്റെ തന്നെ വെളിപ്പെടുത്തല്‍ ആയത് കൊണ്ട് ‘ഹിക്കക്ക്’ നേരെ വ്യാജ പ്രചരണം എന്നും പറയാനും പറ്റില്ലല്ലോ നാഥാ…! ഇനി മട്ടാഞ്ചേരി മാഫിയയുടെ യാഥാര്‍ഥ തലവന്‍ …… ആണോ? ഹേയ് അങ്ങനെ വരുമോ… ?? മത തീവ്രവാദവും, നികുതിവെട്ടിപ്പും, സമാന്തര സമ്പത് വ്യവസ്ഥയും, ലഹരിയും, ഗുണ്ടായിസവും നിയന്ത്രിക്കുന്ന മലയാള സിനിമ ലോകത്തെ കുറിച്ച് മെഗാ സ്റ്റാര്‍ ഒരു സിനിമ ചെയ്യുമായിരിക്കും അല്ലേ..??
പോസ്റ്റ് മൂന്ന്
നമ്മളൊക്കെ കൗമാരത്തില്‍ കമ്യൂണിസ്റ്റാകുന്നത് അവരുടെ മതങ്ങള്‍ക്കുപരി മനുഷ്യനെ കാണുന്നു എന്ന നുണ നറേറ്റീവ് വിശ്വസിച്ചും ‘മനുഷ്യനാകണം’ എന്ന കള്ളപ്രചരണത്തില്‍ വീണുമാണ്. അങ്ങനെ കമ്യൂണിസ്റ്റ് ആയ മനുഷ്യനാണ് ഇന്ന് മമ്മൂട്ടിയുടെ സിനിമാ പ്രൊപഗന്‍ഡ വെളിച്ചത്തു കൊണ്ടുവന്ന ഷര്‍ഷാദ്. മമ്മൂട്ടിയ്ക്ക് ഇതുവരെ അങ്ങനൊരു കമ്യൂണിസ്റ്റ് ആകാന്‍ കഴിഞ്ഞില്ല എന്നാണിപ്പോള്‍ മനസ്സിലാകുന്നത്. അതുകൊണ്ടുതന്നെ മമ്മൂട്ടി റിയല്‍ കമ്യൂണിസ്റ്റാണ്. മതമൗലികവാദികളായ മുഹാജിറുകളെ കൂട്ടി താഷ്‌കന്റില്‍ തുടങ്ങിയ അതേ തക്കിയാ കമ്യൂണിസം പേറുന്ന കമ്യൂണിസ്റ്റ്. ഒരു വിഗ്രഹം വീണുടഞ്ഞു.
ഈ നാട്ടില്‍ ഹിന്ദു വിശ്വാസം പുലര്‍ത്തി ഹിന്ദു ആചാരങ്ങള്‍ കൈക്കൊള്ളുന്ന ഉണ്ണി മുകുന്ദനെയും മോഹന്‍ലാലിനെയും ഒക്കെ സംഘി എന്നുവിളിക്കും. സംഘി എന്നാല്‍ ഹിന്ദുവര്‍ഗ്ഗീയവാദികള്‍ ആണെന്ന് പറയും. കൂട്ടം കൂടി അക്രമിക്കും. ഡീഗ്രേഡ് ചെയ്യും. എന്നാല്‍ കമ്യൂണിസ്റ്റ് ആണെന്നു പറയുകയും ഒപ്പം മുസ്ലിം മതചിഹ്നങ്ങള്‍ അതേപടി സ്വീകരിക്കുകയും ഹിന്ദുവിരുദ്ധ പ്രൊപഗന്‍ഡ സിനിമ ഒരു ഇസ്ലാമിസ്റ്റിനെക്കൊണ്ട് എഴുതി അത് നിര്‍മ്മിച്ച് അഭിനയിക്കുകയും ചെയ്ത മമ്മൂട്ടിയെ ആരും സുഡാപ്പി എന്ന് വിളിക്കില്ല. അദ്ദേഹം കൂട്ടം കൂടി ആക്രമിക്കപ്പെടില്ല.സിനിമയിറങ്ങുമ്പോള്‍ ഡീഗ്രേഡ് ചെയ്യപ്പെടില്ല.
അതാണ് ഇസ്ലാമോ ലെഫ്റ്റ് ഉണ്ടാക്കിയെടുത്ത പ്രിവിലെജ്. ഹിന്ദു ലെഫ്റ്റ് ആവട്ടെ വെറും ധിമ്മി ആയി മതേതരം വിളമ്പുന്ന തിരക്കിലാണ്. ഹിന്ദു റൈറ്റ് എന്ന് വിളിക്കുന്ന സംഘപരിവാറിന്റെ ഹിന്ദു സംഘടനകളാകട്ടെ ഇതൊന്നും അറിയാറില്ല. അതുകൊണ്ടുതന്നെ പുഴു എന്ന സിനിമ ദളിതനായ കെവിന്റെ ദുരഭിമാനക്കൊലയെ നമ്പൂതിരി സമുദായത്തിന്റെ മുകളില്‍ ചാര്‍ത്തി മമ്മൂട്ടി മനപ്പൂര്‍വ്വം ചെയ്ത പ്രൊപഗന്‍ഡ സിനിമ ആണെന്ന വസ്തുത വെളിയില്‍ വന്ന ഈ സമയത്തും സംഘടനാപരമായി മമ്മൂട്ടിയോട് വിശദീകരണം ചോദിക്കാന്‍ ഇവിടെ ഒരു ഹിന്ദുസംഘടന ഇല്ല. മോഹന്‍ലാല്‍ ആണ് ഈ പുഴു സിനിമയെടുത്ത് കെവിന്റെ യഥാര്‍ത്ഥ കഥയിലെ പോലെ മുസ്ലിം സമുദായത്തിന്റെ കൂടി മുകളില്‍ ഈ കുറ്റം ചാര്‍ത്തിയിരുന്നെങ്കില്‍ അന്ന് കേരളം പ്രതിഷേധം കൊണ്ടും ചാണകവിളികള്‍ കൊണ്ടും നിറഞ്ഞേനേ..
ഇന്ന് ഈ വെളിപ്പെടുത്തല്‍ മോഹന്‍ലാലിനെതിരേ മതഭ്രാന്ത് വെളിപ്പെടുന്ന പോലെ വന്നിരുന്നെങ്കില്‍ കേരളം കത്തിയേനേ.. അതുകൊണ്ടുതന്നെ മോഹന്‍ലാലും മമ്മൂട്ടിയും കേരളത്തിന്റെ മതഭ്രാന്ത് ഏത് വശത്ത് എന്ന് വെളിവാക്കുന്ന രണ്ട് സൂചകങ്ങളാണ്. പക്ഷേ, എനിക്കറിയാം ഞാന്‍ നാളെയും മമ്മൂട്ടി സിനിമകള്‍ കാണും എന്ന്.. അത്രയേറെ ഇഷ്ടമാണ്. വെറുക്കാനാവില്ല. അവസാനകാലത്ത് ഈ സുഡാപ്പിസം പേറുന്നത് അദ്ദേഹം ഒഴിവാക്കട്ടെ എന്നാണാഗ്രഹിക്കുന്നത്. പ്രേം നസീറിനെപ്പോലെ ഒരു നല്ലമനുഷ്യനായി വിടപറയാന്‍ അവസരമുള്ളപ്പോള്‍ എന്തിനാണദ്ദേഹം ഇങ്ങനെ സുഡാപ്പിയായി വെറുപ്പ് സമ്പാദിക്കുന്നത്.. ഷര്‍ഷദിന്റെ വെളിപ്പെടുത്തലുകള്‍ അദ്ദേഹത്തിനൊരു തിരുത്തല്‍ ആവട്ടെ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു.
ആരാണ് മമ്മൂട്ടി
ഇതാണാ പോസ്റ്റുകള്‍. വിലയിരുത്താം, വിമര്‍ശിക്കാം, ശരിപക്ഷത്ത് നില്‍ക്കാം. പക്ഷെ, ഒന്നറിഞ്ഞേ മതിയാകൂ. ആരാണ് മമ്മൂട്ടി എന്ന്. സിനിമയില്‍ അഭിനയിക്കുന്ന ഒരു നടന്‍ എന്നതിനുപരി മമ്മൂട്ടി എന്നനടന്‍ ഒരു മനുഷ്യനാണ്. മജ്ജയും മാംസവുമെല്ലാമുള്ള മനുഷ്യന്‍. സമൂഹത്തില്‍ അശരണരായവരെയും, പാവപ്പെട്ടവരെയും, രോഗികളെയും സഹായിക്കാന്‍ മനസുള്ളൊരു പച്ചയായ മനുഷ്യന്‍. ഒരു കൈ ചെയ്യുന്നത് മറു കൈ അറിയാന്‍ പാടില്ലെന്നാണ്. എങ്കിലും പറയാതെ വയ്യ. ‘പുഴു’ക്കള്‍ നുളയ്ക്കുന്നതു പോലെ വര്‍ഗീയതയില്‍ കിടന്ന് പുളയുന്ന വിരുതന്‍മാര്‍ക്ക് കയറി കൊട്ടാനുള്ള ചെണ്ടയല്ല മമ്മൂട്ടി. അത്തരം ജല്‍പ്പനങ്ങള്‍ ആലിന്‍ചോട്ടില്‍ കെട്ടിയിടുകയാണ് വേണ്ടത്. പറഞ്ഞാലും പറഞ്ഞാലും തീരാത്ത എത്രയോ കാരുണ്യ പ്രവര്‍ത്തനങ്ങളാണ് ആ മനുഷ്യനില്‍ നിന്നും കേരളം കണ്ടത്.
1951 സെപ്തംബര്‍ 7ന് കോട്ടയം ജില്ലയിലെ വൈക്കത്ത് ഒരു സാധാരണ മുസ്ലിം കുടുംബത്തിലാണ് അദ്ദേഹത്തിന്റെ ജനനം. എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് പ്രി ഡിഗ്രിയും, എറണാകുളം ലോ കോളേജില്‍ നിന്ന് എല്‍.എല്‍.ബിയും കരസ്ഥമാക്കി. ‘വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍’ എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിക്കുന്നത്, തുടര്‍ന്ന് അതേ വര്‍ഷം പുറത്തിറങ്ങിയ മേള, തൃഷ്ണ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. മമ്മൂട്ടിക്ക് ആദ്യമായ് താര പദവി നേടിക്കൊടുത്ത ചിത്രമാണ് ‘യവനിക’. ഇതില്‍ അദ്ദേഹം അവതരിപ്പിച്ച ശക്ത്തമായ പോലീസ് കഥാപാത്രം പില്‍ക്കാലത്ത് തരംഗമായ് മാറി.
ശേഷം, അഹിംസ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരങ്ങളും അദ്ധേഹത്തെ തേടി എത്തി. 80 കളില്‍ പുറത്തിറങ്ങിയ കൂടെവിടെ, ആ രാത്രി തുടങ്ങിയ ചിത്രങ്ങളും ജനശ്രദ്ധയാകര്‍ഷിച്ചു. മമ്മൂട്ടിക്ക് ആദ്യമായ് മികച്ച നടനുള്ള സംസ്ഥാന പുരസ്‌ക്കാരവും, ഫിലിം ഫെയര്‍ പുരസ്‌ക്കാരവും നേടിക്കൊടുത്തത് ‘അടിയൊഴുക്കുകള്‍’ എന്ന ചിത്രമാണ്. തുടര്‍ന്ന് യാത്ര എന്ന ചിത്രത്തിലെ അഭിനയത്തിന് സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരവും, മികച്ച നടനുള്ള ഫിലിം ഫെയര്‍ പുരസ്‌ക്കാരവും സ്വന്തമാക്കി.
മമ്മൂട്ടി നായകനായി 1990ല്‍ പുറത്തിറങ്ങി വളരെ അധികം പരാമര്‍ശിക്കപ്പെട്ട കുറ്റാന്വേഷണ ചിത്രമാണ് ഒരു ‘സിബിഐ ഡയറി കുറിപ്പ്’. പിന്നീട് ഇതേ പശ്ചാത്തലത്തില്‍ ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ എന്നിങ്ങനെ മൂന്നു ചിത്രങ്ങള്‍ കൂടി പുറത്തിറങ്ങി. എം.ടി വാസുദേവന്‍ നായരുടെ അക്ഷരങ്ങള്‍, സുകൃതം, കേരള വര്‍മ്മ പഴശ്ശിരാജ തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലെ പ്രമുഖ ചാനലായ മലയാളം കമ്മ്യൂണിക്കേന്‍സിന്റെ രൂപികരണം മുതല്‍ മമ്മൂട്ടി ചെയര്‍മാനാണ്. കൈരളി, പീപ്പിള്‍, വി എന്നീ ചാനലുകള്‍ മലയാളം കമ്മ്യൂണിക്കേഷന്‍സിന്റെ കീഴിലുള്ളതാണ്. മലയാളത്തിനു പുറമെ ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ് തുടങ്ങിയ അന്യ ഭാഷാ സിനിമകളിലും അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഭാര്യ സുല്‍ഫത്ത്, ചലച്ചിത്ര നടന്‍ ദുല്‍ക്കര്‍ സല്‍മാന്‍, സുറുമി എന്നിവര്‍ മക്കളാണ്.
അവാര്‍ഡുകള്‍
* ദേശീയ ചലച്ചിത്രപുരസ്‌കാരം
1990 (മതിലുകള്‍, ഒരു വടക്കന്‍ വീരഗാഥ)
1994 (വിധേയന്‍, പൊന്തന്‍ മാട)
1999 (അംബേദ്കര്‍ – ഇംഗ്ലീഷ്)
* കേരള സംസ്ഥാന ചലച്ചിത്രപുരസ്‌കാരം
1981 – അഹിംസ(സഹനടന്‍)
1984 – അടിയൊഴുക്കുകള്‍
1985 – യാത്ര, നിറക്കൂട്ട് (പ്രത്യേക പുരസ്‌കാരം)
1989 – ഒരു വടക്കന്‍ വീരഗാഥ, മതിലുകള്‍
1994 – വിധേയന്‍, പൊന്തന്‍ മാട
2004 – കാഴ്ച
2009 – പാലേരിമാണിക്യം
* ഫിലിംഫെയര്‍ അവാര്‍ഡുകള്‍
1984 – അടിയൊഴുക്കുകള്‍
1985 – യാത്ര
1986 – നിറക്കൂട്ട്
1990 – മതിലുകള്‍
1991 – അമരം
1997 – ഭൂതക്കണ്ണാടി
2001 – അരയന്നങ്ങളുടെ വീട്
2004 – കാഴ്ച
2006 – കറുത്ത പക്ഷികള്‍
- മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍
മമ്മൂട്ടിയെ അടുത്ത് നിന്നറിയുന്നവര്‍ക്ക് അദ്ദേഹം ആരാണെന്ന് മനസിലാവും. പ്രായം കൂടും തോറും ഗ്ലാമര്‍ കൂടുന്ന അസുഖം മമ്മൂട്ടിയ്ക്കുണ്ടെന്നല്ലാതെ മറ്റൊരു കുഴപ്പവും അദ്ദേഹത്തിനില്ല. ഇതിന്റെ രഹസ്യം, മനസിലെ നന്മ കൊണ്ടാണെന്ന് അദ്ദേഹത്തെ സ്നേഹിക്കുന്ന ഓരോരുത്തരും പറയും. ജീവകാരുണ്യ പ്രവര്‍ത്തികളിലൂടെ പല താരങ്ങളും മാതൃകയാവാറുണ്ട്. ഇക്കാര്യത്തില്‍ മൊഗാസ്റ്റാര്‍ മമ്മൂട്ടി വിചാരിക്കുന്നതിലും അപ്പുറത്താ യൂട്യൂബ് വീഡിയോകളും, ഗൂഗിളും പറയുന്നത്, അദ്ദേഹം ഇതുവരെ പറയാത്ത കാരുണ്യസ്പശത്തിന്റെ സ്‌നേഹം തുളുമ്പുന്ന കഥകളാണ്. സിനിമക്കപ്പുറം തന്റെ സ്വകാര്യ ജീവിതത്തില്‍ കയറി ഇടപെടാന്‍ ആര്‍ക്കും അനുവാദം കൊടുക്കാറില്ലത്ത മമ്മൂട്ടി ഒരുപാട് പേര്‍ക്ക് ആശ്രയമേകുന്ന താരങ്ങളില്‍ ഒരാളാണ്.
അദ്ദേഹം ചെയ്യുന്ന പ്രവര്‍ത്തികളൊന്നും ഇതുവരെ ആരും അറിഞ്ഞിരുന്നില്ലെങ്കിലും ഒരിക്കല്‍ ഒരു മതപുരോഹിതനാണ് ഇക്കാര്യം പുറംലോകത്തെ അറിയിക്കുന്നത്. മമ്മൂട്ടിയുടെ നേതൃത്വത്തില്‍ പത്തോളം ജീവകാരുണ്യ പദ്ധതികളാണ് കേരളത്തില്‍ നടന്ന് വരുന്നത്. ഓര്‍ത്തഡോക്സ് സഭയുടെ ബിഷപ് ഡോ. മാര്‍ സേവോറിയസ് ഇക്കാര്യം ഒരു പൊതുവേദിയില്‍ വെളിപ്പെടുത്തിയിരുന്നു. മമ്മൂട്ടിയെ അകമറിഞ്ഞ് സ്നേഹിക്കുന്ന ആരാധകര്‍ക്ക് പോലും അതൊരു പുതിയ അറിവായിരുന്നു.
വലത് കൈ കൊണ്ട് കൊടുക്കുന്നത് ഇടത് കൈ അറിയരുതെന്ന ദാനധര്‍മ്മത്തിന്റെ വാക്യമാണ് ഇക്കാര്യത്തില്‍ മമ്മൂട്ടി കൃത്യമായി പിന്തുടരുന്നത്. കഴിഞ്ഞ കാലങ്ങളിലെല്ലാം ആരുമറിയാതെ മമ്മൂട്ടി നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തിരിച്ചറിയുന്ന പുരോഹിതന്‍ അത് പറഞ്ഞില്ലെങ്കിലും ഇന്നും ഇതൊന്നും ആരും അറിയാതെ പരമരഹസ്യമായി പോകുമായിരുന്നു. മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ പറ്റി ഒരു പ്രമുഖ വ്യക്തി ഡോക്യൂമെന്ററി ഒരുക്കാന്‍ ശ്രമിച്ചിരുന്നു. ഇതിനായി മമ്മൂട്ടിയെ സമീപിച്ചപ്പോള്‍ ശാസിക്കുകയാണ് ചെയ്തത്.
ഇത് ആരെങ്കിലുമൊക്കെ ഒന്ന് അറിയണ്ടേ എന്ന ചോദ്യത്തിന് ‘ അതിന് ഞാനൊന്നും ചെയ്യുന്നില്ലല്ലോ. ഇങ്ങോട്ട് കിട്ടുന്നതിന്റെ ഒരു ഭാഗം അത് കിട്ടിയാല്‍ ജീവന്‍ നിലനില്‍ക്കുമെന്ന് ഉറപ്പുള്ള കുറച്ച് പേരിലേക്ക് മാറ്റി കൊടുക്കുന്നു. അത് എന്നിലേക്ക് വരാന്‍ ഒരു കാരണമുണ്ടാവും. അത് എത്തേണ്ടവരിലേക്ക് എത്തുന്നതിനും ഒരു കാരണമുണ്ടായിരിക്കും. 2013ല്‍ മുന്‍ മന്ത്രി ജോസ് തെറ്റയില്‍ പങ്കുവെച്ചൊരു ഫേസ്ബുക്ക് പോസ്റ്റുണ്ട്. നിരാലാംബയായ വീട്ടമ്മയുടെ ജീവന്‍ രക്ഷിക്കാന്‍ പത്തു ലക്ഷം രൂപ ചെലവ് വരുന്ന ശസ്ത്രക്രിയ കേരളത്തിലെ ഏറ്റവും മികച്ച ആശുപത്രികളിലൊന്നില്‍ ചെയ്ത് കൊടുത്തിട്ട് ഒറ്റ അക്ഷരം പുറത്ത് പറയാതിരുന്ന മമ്മൂട്ടിയെ കുറിച്ചാണ് ജോസ് തെറ്റയില്‍ കുറിച്ച വരികള്‍.
ചാരിറ്റി എന്ന പേരില്‍ 10രൂപ പത്തു പേര്‍ക്കായി വീതംവച്ച് കൊടുത്തിട്ട് പബ്ലിസിറ്റിക്ക് ഓടി നടക്കുന്ന ആളുകള്‍ നിറഞ്ഞ ഇവിടെ മമ്മൂട്ടി തന്റെ ജീവകാരുണ്യ മേഖലയില്‍ പുലര്‍ത്തുന്ന വിശുദ്ധിയാണ് എടുത്തു പറഞ്ഞിരുന്നത്. ഞാനറിഞ്ഞ മമ്മൂട്ടി എന്ന തലക്കെട്ടില്‍ ആലുവ രാജഗിരി ആശുപത്രി മമ്മൂട്ടിയുടെ ജീവകാരുണ്യ സംഘടനയായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍ നാഷണല്‍ ഫൗണ്ടേഷനുമായി സഹകരിച്ച് നടപ്പാക്കുന്ന ഹൃദയ വാല്‍വ് ശസ്ത്രക്രിയാ പദ്ധതിയായ ‘ഹൃദ്യം ‘പദ്ധതിയിലൂടെ ജീവിതം തിരിച്ചുപിടിച്ച തിരുവനന്തപുരം സ്വദേശിനി ബിന്ദുവിന്റെ അനുഭവകഥയാണ് ജോസ് തെറ്റയില്‍ പങ്കുവച്ചത്.
ഇങ്ങനെ എത്രയോ പേരിലേക്കാണ് മമ്മൂട്ടി എന്ന മഹാനടന്‍ തന്റെ സിനിമാ പരിവേഷങ്ങള്‍ അഴിച്ചുവെച്ച് സ്വന്തം കുടുംബക്കാരനായി, ജേഷ്ഠനായി, സുഹൃത്തായി, സഹായായി, കാരണവരായി, മകനായൊക്കെ കയറിച്ചെന്നിരിക്കുന്നത്. അറിഞ്ഞതിനേക്കാള്‍ ആഴത്തിലാണ് മമ്മൂട്ടി എന്ന മനുഷ്യന്‍ മലയാള മണ്ണില്‍ വേരോടി നില്‍ക്കുന്നത്. ജീവ കാരുണ്യ പ്രവൃത്തികളെ കുറിച്ച് അദ്ദേഹം മറ്റൊരു വേളയില്‍ പറഞ്ഞ വാക്കുകള്‍ ഇങ്ങനെയാണ്: ‘ഞാന്‍ ചെയ്യുന്ന ഈ പ്രവര്‍ത്തികള്‍ കൊട്ടിഘോഷികുമ്പോള്‍ എനിക്ക് വലിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടാറുണ്ട്.
ഞാനൊരു വലിയ പുള്ളിയാണ്, ഞാന്‍ അങ്ങനെയൊക്കെ ചെയ്തു, ഞാന്‍ ഇങ്ങനെ ചെയ്തു എന്നൊക്കെ പറയുന്നത് കേള്‍ക്കുമ്പോള്‍ തന്നെ എനിക്ക് വല്ലാത്ത ഒരു ജാള്യതയാണ് അനുഭവപ്പെടുന്നത്. പിന്നെ എന്നെ ഇവര്‍ നിരന്തരം ശ്രദ്ധിക്കുന്നത് കൊണ്ട് ഇതൊക്കെ പത്രമാസികകളില്‍ വരും. അതൊന്നും നമുക്ക് തടയാന്‍ നമ്മളെക്കൊണ്ട് പറ്റത്തില്ല. അതുകൊണ്ട് എന്തെങ്കിലും ഗുണം ഉണ്ടാകുന്നെങ്കില്‍ ആയിക്കോട്ടെ’. തനിക്കു കിട്ടുന്ന തുക കൂടാതെ തന്റെ ഉദ്്ഘാടനത്തിനു ലഭിക്കുന്ന തുകയെല്ലാം എന്റെ കെയര്‍ ആന്‍ഡ് ഷെയര്‍ എന്ന ചാരിറ്റി സംഘടനയുടെ അക്കൗണ്ടിലേക്കാണ് എത്തുന്നത്. അല്ലാതെയും താന്‍ നേരിട്ടും തുകകള്‍ കൊടുക്കാറുണ്ട്. മമ്മൂട്ടി, ഇതൊന്നും വിളിച്ചു പറയേണ്ട കാര്യമല്ലല്ലോ’.
- മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ്‌ഗോപിയും തമ്മില്‍
പതിറ്റാണ്ടുകളായി മലയാള സിനിമയെ ഭരിക്കുന്ന രണ്ടുപേരാണ് മമ്മൂട്ടിയും മോഹന്‍ലാലും. അവര്‍ക്കു ചുറ്റുമാണ് മലയാള സിനിമാ ലോകം കറങ്ങിക്കൊണ്ടിരിക്കുന്നത് എന്ന് പറഞ്ഞാലും അതിശയോക്തിയില്ല. മലയാളം ബോക്‌സോഫീസില്‍ ഒരു പോരാട്ടവീര്യം ഉണരുന്നത് ഇരുവരുടെയും സിനിമകള്‍ ഒരുമിച്ച് പ്രദര്‍ശനത്തിനെത്തുമ്പോഴാണ്. എന്നാല്‍ യഥാര്‍ത്ഥ വസ്തുത ഇരുവരും തമ്മില്‍ ഒരിക്കലും ഒരു മത്സരം ഉണ്ടായിട്ടില്ല എന്നാണ്. ആരാധകര്‍ തമ്മിലുള്ള പോരുകളൊന്നും ഇവരെ ബാധിക്കാറുമില്ല.
രണ്ടുപേരും അഭിനയത്തിന്റെ കാര്യത്തില്‍ രണ്ടു രീതികളാണ് പിന്തുടരുന്നത്. ഒരുമിച്ച് അഭിനയിക്കുമ്പോള്‍ പോലും മത്സരബുദ്ധിയോടെ മറ്റേ ആളേക്കാള്‍ കേമനാകാനല്ല, മറിച്ച് രണ്ടു പേരുടെയും കഥാപാത്രത്തെ പരമാവധി മികച്ചതാക്കാനാണ് ഇരുവരും ശ്രമിച്ചിട്ടുള്ളത്. ഒരു ‘ഗിവ് ആന്‍ഡ് ടേക്ക്’ പോളിസി. ഒരു കാലത്തും ഇവര്‍ രണ്ടു പേര്‍ക്കും അവസരങ്ങള്‍ക്ക് പഞ്ഞമുണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ തേടി വരുന്ന സിനിമകളില്‍ മികച്ചത് തെരഞ്ഞെടുത്ത് അഭിനയിക്കാനും കരിയര്‍ മുന്നോട്ടു കൊണ്ടുപോകാനുമാണ് ഇരുവരും ശ്രമിച്ചത്.
ഇരുവര്‍ക്കും ലഭിച്ചത് അവസരങ്ങളുടെ പെരുമഴയായിരുന്നു. ഒരു വര്‍ഷം 36 സിനിമകള്‍ വരെ ചെയ്ത സമയം ഇരുവര്‍ക്കുമുണ്ട്. ആ സിനിമകളില്‍ പലതും ബമ്പര്‍ ഹിറ്റുകളുമായിരുന്നു. ഈ തിരക്കിനിടയില്‍ മത്സരത്തെക്കുറിച്ച് ആലോചിക്കാന്‍ എവിടെ സമയം. ആരാധകര്‍ അങ്ങനെ പരസ്പരം ചളി വാരിയെറിഞ്ഞു നടക്കുന്നു എന്ന് മാത്രം. ഇവരും ഇവരുടെ സൗഹൃദവും എന്നും നില നില്‍ക്കും.
സുരേഷ് ഗോപി ഒരു ഇന്‍ര്‍വ്യൂവില്‍ പരഞ്ഞിട്ടുണ്ട്, മമ്മൂക്ക ഫോണ്‍ ചെയ്താല്‍ ഇപ്പോഴും എണീറ്റു നിന്നാണ് സംസാരിക്കുന്നതെന്ന്. അത്, സ്‌നേഹം കൊണ്ടുള്ള ബഹുമാനമാണ്. അദ്ദേഹം സിനിമാ മേഖലയില്‍ എല്ലാവര്‍ക്കും പ്രയങ്കരനും ജേഷ്ഠനുമാണ്. അദ്ദേഹം പറയുന്നതിനപ്പുറം പോകാന്‍ ആര്‍ക്കും മനസ്സു വരില്ല. കാരണം, അദ്ദേഹം അത്രയേറെ എല്ലാവരെയും സ്‌നേഹിക്കുന്നുണ്ട്. വളരെ ആഴത്തില്‍ പതിഞ്ഞ ബന്ധമാണ് മമ്മൂക്കയുമായിട്ട്. ഇങ്ങനെ സിനിമാ മേഖലയില്‍ വളര്‍ന്നു പന്തലിച്ച സ്‌നേഹ സൗഹൃദത്തിന്റെ കടലാണ് മമ്മൂട്ടി.