കുടുംബത്തിന്റെ പേരും, കൈയ്യിലെ ധനവും, സിനിമയിലെ പ്രശസ്തിയും മാത്രം മതി ഇന്ത്യയില്‍ ഏത് ലോക്‌സഭാ മണ്ഡലത്തിലും ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകാന്‍. പ്രശസ്തി ഏതു വിധേനയുമാകാം. വിവാദങ്ങള്‍ ഉണ്ടാക്കിയോ, സിനിമാ രാഷ്ട്രീയത്തിന്റെ പേരിലോ പ്രശസ്തരാകാം. എന്തായാലും ബോളിവുഡ് താരം കങ്കണ റണാവത് ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ സ്ഥാനാര്‍ത്ഥിയാണ്. ഏഴാം ഘട്ട തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ഇവിടെ സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു കഴിഞ്ഞു. അപ്പോഴാണ് കങ്കണ റണാവത്തിന്റെ ആസ്തി വിവരങ്ങള്‍ പുറത്തു വരുന്നത്.
കേട്ടവര്‍ കേട്ടവര്‍ ഞെട്ടിപ്പോയി. മുപ്പത്തിയേഴു വയസ്സുകാരിയുടെ ആസ്തി ഇത്രയുമുണ്ടോ?. കങ്കണ റമാവത്തിന്റെ മൊത്തം ആസ്തി 91 കോടി രൂപയാണ്. 6.7 കിലോ സ്വര്‍ണ്ണാഭരണങ്ങളുണ്ട്. 3 ആഡംബര കാറുമുണ്ട്. 17 കോടി രൂപയുടെ കടബാധ്യതയുമുണ്ടെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. ഇതൊന്നും പോരാതോ എട്ട് കേസുകള്‍ തനിക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കങ്കണ പറയുന്നു. സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോള്‍ തന്നെ രാഷ്ട്രീയ രംഗത്തേക്ക് ചുവടുവയ്ക്കുന്ന നിരവധി താരങ്ങളുണ്ട്. അക്കൂട്ടത്തില്‍ പ്രധാനിയാണ് ബോളിവുഡ് നടി കങ്കണ റണാവത്തും.
ഹിമാചല്‍ പ്രദേശിലെ മാണ്ഡി മണ്ഡലത്തില്‍ നിന്ന് ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കുക എന്ന കര്‍ത്തവ്യമാണ് കങ്കണയ്ക്ക്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് താരം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. അമ്മ ആശ റണാവത്ത്, സഹോദരി രംഗോലി ചണ്ഡേല്‍, പാര്‍ട്ടി നേതാക്കളായ ജയ് റാം താക്കൂര്‍, രാജീവ് ബിന്ദല്‍ എന്നിവര്‍ക്കൊപ്പമാണ് കങ്കണ പത്രിക സമര്‍പ്പിക്കാനെത്തിയത്. 91.5 കോടി രൂപയിലധികം ആസ്തിയാണ് തനിക്കുള്ളതെന്നാണ് കങ്കണ സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. 5 കോടി രൂപ വിലമതിക്കുന്ന 6.7 കിലോഗ്രാം സ്വര്‍ണാഭരണങ്ങളും 50 ലക്ഷം രൂപ വിലമതിക്കുന്ന 60 കിലോ വെള്ളിയും 3 കോടി രൂപ വിലമതിക്കുന്ന വജ്രാഭരണങ്ങളും തനിക്കുണ്ടെന്നും നാമനിര്‍ദേശ പത്രികയില്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
കൂടാതെ 98 ലക്ഷം രൂപയുടെ ബിഎംഡബ്ല്യു, 58 ലക്ഷം രൂപ വില വരുന്ന മെഴ്‌സിഡസ് ബെന്‍സ്, 3.91 കോടി രൂപ വില വരുന്ന മെഴ്‌സിഡസ് മേബാക്ക് എന്നിങ്ങനെ മൂന്ന് ആഡംബര കാറുകളും ഒരു വെസ്പ സ്‌കൂട്ടറും താരത്തിനുണ്ട്. 2 ലക്ഷം രൂപ കൈവശവും 1.35 കോടി രൂപ അക്കൗണ്ടില്‍ നിക്ഷേപവും ഉണ്ട്. തനിക്ക് 7 വാണിജ്യ കെട്ടിടങ്ങളും 2 പാര്‍പ്പിട സമുച്ചയങ്ങള്‍ ഉണ്ടെന്നും അവര്‍ വെളിപ്പെടുത്തി. താരത്തിന്റെ പേരില്‍ 50 എല്‍ഐസി പോളിസികളുമുണ്ട്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ നാല് കോടി രൂപയും മുന്‍ വര്‍ഷം 12.3 കോടി രൂപയും വരുമാനമായി നേടി. 12-ാം ക്ലാസ് വിദ്യാഭ്യാസ് യോഗ്യതയാണ് സത്യവാങ്മൂലത്തില്‍ കൊടുത്തിരിക്കുന്നത്.
മാണ്ഡിയില്‍ നിന്ന് മത്സരിക്കാന്‍ അവസരം ലഭിച്ചത് അഭിമാനകരമാണ്. ബോളിവുഡില്‍ വിജയിച്ച എനിക്ക് രാഷ്ട്രീയത്തിലും വിജയിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയുണ്ടെന്ന് പത്രിക സമര്‍പ്പിച്ച ശേഷം അവര്‍ മാധ്യമങ്ങളോട് പറയുമ്പോള്‍ അതിരു കടന്ന ആത്മവിശ്വാസമുണ്ടായിരുന്നു. തിരഞ്ഞെടുപ്പിലെ വിജയം തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവായിരിക്കുമെന്നും കങ്കണ പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലൂടെ കങ്കണ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പങ്കുവച്ചിരുന്നു. എമര്‍ജന്‍സിയാണ് കങ്കണയുടേതായി ഇനി പുറത്തുവരാനുള്ള ചിത്രം.
ഒടുവില്‍ കങ്കണയുടേതായി പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം ബോക്‌സോഫീസില്‍ വന്‍ പരാജയമായിരുന്നു. തേജസ്, ധാക്കഡ്, തലൈവി തുടങ്ങിയ ചിത്രങ്ങളാണ് താരത്തിന്റേതായി ഒടുവിലെത്തിയത്. പ്രശസ്തിയും വിവാദങ്ങളും ഒരുപോലെ കൊണ്ടു നടക്കുന്ന നടിയണ് കങ്കണ റണാവത്. അവര്‍ പറഞ്ഞ വിവാദ പ്രസ്താവനയാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത് 2014 ലെന്ന് പറഞ്ഞത്. ഒരു പൊതുറാലിയില്‍ സംസാരിക്കവെയാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രം ആയിക്കാണുക എന്നതാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്നും കങ്കണ റണാവത്ത് പറഞ്ഞിട്ടുണ്ട്.
നമ്മുടെ മുന്‍ഗാമികള്‍ മുഗളന്മാരുടെ കീഴിലും ബ്രിട്ടീഷുകാര്‍ക്ക് കീഴിലും നൂറ്റാണ്ടുകളായി അടിമത്തം അനുഭവിച്ചു. 1947ല്‍ ഇന്ത്യ ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് മോചിപ്പിക്കപ്പെട്ടു. എന്നാല്‍ അതിനുശേഷം പതിറ്റാണ്ടുകളോളം കോണ്‍ഗ്രസിന്റെ ദുര്‍ഭരണത്തിന് കീഴിലായിരുന്നു രാജ്യം. ശരിയായ അര്‍ത്ഥത്തില്‍ ഇന്ത്യ സ്വാതന്ത്ര്യം നേടിയത് 2014ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്റെ ഭരണം ഏറ്റെടുത്തപ്പോഴാണ്. കങ്കണ പറഞ്ഞു. അത് ചിന്തിക്കാനുള്ള സ്വാതന്ത്ര്യം മാത്രമല്ല, സനാതനത്വവും നല്‍കി.
ഭയമില്ലാതെ സ്വന്തം മതം ആചരിക്കാനും ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കാനുള്ള കാഴ്ചപ്പാട് മുന്നോട്ട് കൊണ്ടുപോകാനുമുള്ള സ്വാതന്ത്ര്യം നല്‍കി എന്നും കങ്കണ കൂട്ടിച്ചേര്‍ത്തു. സ്വാതന്ത്ര്യം ലഭിച്ച സമയത്ത് എന്തുകൊണ്ടാണ് ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കാത്തതെന്നും കങ്കണ ചോദിച്ചു. 1947 ലെ വിഭജന സമയത്ത്, ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് പാകിസ്ഥാന്റെ പിറവിക്ക് കാരണമായി. എന്നാല്‍ എന്തുകൊണ്ട് ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിച്ചില്ല?. ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനം തുടരുമെന്നും കങ്കണ റണാവത്ത് പറഞ്ഞു.
കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായിരുന്ന മാണ്ഡിയില്‍ സിനിമാ താരം എന്ന പരിവേഷം ഉപയോഗിച്ച് വിജയം നേടാനാണ് ബിജെപി ശ്രമം. അന്തരിച്ച മുന്‍ മുഖ്യമന്ത്രി വീര്‍ഭദ്ര സിങ്ങിന്റെ മകനും സംസ്ഥാന മന്ത്രിയുമായ വിക്രമാദിത്യ സിങിനെയാണ് കോണ്‍ഗ്രസ് കങ്കണയ്ക്കെതിരെ മത്സരിപ്പിക്കുന്നത്. 1987 മാര്‍ച്ച് 23ന് ഹിമാചല്‍ പ്രദേശിലെ ചെറിയ പട്ടണമായ ഭാംബ്ലയില്‍ ജനിച്ചു. പതിനാറാം വയസ്സില്‍ ഡല്‍ഹിയിലേക്ക് താമസം മാറുകയും മോഡലിംഗില്‍ ചുരുങ്ങിയ കാലം രംഗത്തിറങ്ങുകയും ചെയ്തു. അഭിനയത്തിലേക്ക് ശ്രദ്ധ തിരിക്കാന്‍ തീരുമാനിച്ച അവര്‍ തിയേറ്ററില്‍ ചേര്‍ന്നു.
അവിടെ നാടക സംവിധായകന്‍ അരവിന്ദ് ഗൗറിന്റെ കീഴില്‍ പരിശീലനം നേടി. തിയേറ്റര്‍ പ്രേക്ഷകരില്‍ നിന്നുള്ള നല്ല പ്രതികരണത്തെ തുടര്‍ന്ന്, ബോളിവുഡില്‍ ഒരു കരിയര്‍ തുടരുന്നതിനായി അവര്‍ മുംബൈയിലേക്ക് താമസം മാറ്റുകയും നാല് മാസത്തെ അഭിനയ കോഴ്സിന് ചേരുകയും ചെയ്തു. 2004ല്‍, അനുരാഗ് ബസു സംവിധാനം ചെയ്ത് മഹേഷ് ഭട്ട് നിര്‍മ്മിച്ച റൊമാന്റിക് ത്രില്ലര്‍ ഗ്യാങ്സ്റ്ററിലെ പ്രധാന വേഷത്തിനായി അവര്‍ ഓഡിഷന്‍ നടത്തി. 2006ല്‍ പുറത്തിറങ്ങിയ ചിത്രം നിരൂപക വിജയവും വാണിജ്യ വിജയം നേടി. 2006നും 2009നും ഇടയില്‍ നടിക്ക് ഫാഷന്‍ ഉള്‍പ്പെടെ നിരവധി സിനിമകള്‍ ഉണ്ടായിരുന്നു.
ലഹരിവസ്തുക്കളുടെ ദുരുപയോഗത്തെ നേരിടുന്ന ഒരു സൂപ്പര്‍ മോഡലായി അഭിനയിച്ചതിന് ആദ്യത്തെ ദേശീയ ചലച്ചിത്ര അവാര്‍ഡ് നേടി. 2011ല്‍, ആനന്ദ് എല്‍ റായിയുടെ തനു വെഡ്സ് മനു എന്ന സിനിമയില്‍, ആര്‍ മാധവനൊപ്പം അഭിനയിച്ചു. 2014ല്‍ പുറത്തിറങ്ങിയ ക്വീന്‍ എന്ന ചിത്രം നിരൂപകരില്‍ നിന്ന് ഏകകണ്ഠമായ പ്രശംസ നേടുകയും ബോക്സ് ഓഫീസ് ഹിറ്റായി മാറുകയും ചെയ്തു. ഫിലിംഫെയര്‍ അവാര്‍ഡും മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരവും അവര്‍ക്ക് ലഭിച്ചു. 2017ല്‍, വിശാല്‍ ഭരദ്വാജിന്റെ റംഗൂണ്‍, ഹന്‍സല്‍ മേത്തയുടെ സിമ്രാന്‍ എന്നിവയില്‍ അഭിനയിച്ചുയ ഇവ രണ്ടും വാണിജ്യ വിജയം നേടുന്നതില്‍ പരാജയപ്പെട്ടു.
അടുത്ത കാലത്ത്, 2019ലും 2020ലും പുറത്തിറങ്ങിയ മണികര്‍ണിക: ദി ക്വീന്‍ ഓഫ് ഝാന്‍സി, പംഗ എന്നീ ചിത്രങ്ങള്‍ക്ക് നടി റണാവത്ത് തന്റെ നാലാമത്തെ മികച്ച നടിക്കുള്ള അവാര്‍ഡ് നേടി. 2021ല്‍, തലൈവി എന്ന ജീവചരിത്രത്തില്‍ അവര്‍ പ്രത്യക്ഷപ്പെട്ടു. അതില്‍ അരവിന്ദ് സ്വാമിയും അഭിനയിച്ചു. ജെ. ജയലളിത, എം.ജി. രാമചന്ദ്രന്‍ എന്നിവരെയാണ് ഇരുവരും അവതരിപ്പിച്ചു. ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായി അഭിനയിക്കുന്ന അടിയന്തരാവസ്ഥ എന്ന ജീവചരിത്ര സിനിമയില്‍ അവര്‍ അഭിനയിച്ചിട്ടുണ്ട്.
പലപ്പോഴും തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളും മതപരമായ ബന്ധങ്ങളും പ്രവര്‍ത്തനങ്ങളും പ്രകടിപ്പിക്കുകയും ലിബറലുകളെ വിമര്‍ശിക്കുകയും ചെയ്യുന്നു. 2020ല്‍, ബോളിവുഡിനെ അപകീര്‍ത്തിപ്പെടുത്തുന്നതിനും അതില്‍ പ്രവര്‍ത്തിക്കുന്ന ആളുകളെ സ്വജനപക്ഷപാതം, മയക്കുമരുന്നിന് അടിമപ്പെടുക, വര്‍ഗീയ പക്ഷപാതം, വിവിധ സമുദായങ്ങളിലെ കലാകാരന്മാര്‍ക്കിടയില്‍ ഭിന്നത സൃഷ്ടിക്കാന്‍ ശ്രമിക്കുക, മതങ്ങളെ അവഹേളിക്കുക തുടങ്ങിയ അവകാശവാദങ്ങളോടെ മോശമായി ചിത്രീകരിച്ചതിന് ഒരു ബോളിവുഡ് കാസ്റ്റിംഗ് ഡയറക്ടര്‍ റണൗട്ടിനെതിരെ ഹരജി നല്‍കി.
സോഷ്യല്‍ മീഡിയയിലൂടെയും പൊതു പ്രസ്താവനകളിലൂടെയും. ജുഡീഷ്യറിക്കെതിരെ ഒരു ‘ദുരുദ്ദേശപരമായ’ ട്വീറ്റ് പോസ്റ്റ് ചെയ്തതിന് ഒരു അഭിഭാഷകന്‍ മറ്റൊരു എഫ്‌ഐആര്‍ ഫയല്‍ ചെയ്തു. പിന്നീട്, തങ്ങള്‍ക്കെതിരെ ഫയല്‍ ചെയ്ത എഫ്‌ഐആറുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് റണാവത്തും സഹോദരി രംഗോലി ചന്ദേലും ബോംബെ ഹൈക്കോടതിയെ സമീപിച്ചു. 2021 മെയില്‍, എക്സില്‍ ആവര്‍ത്തിച്ചുള്ള നിയമ ലംഘനത്തിന് റണാവത്തിന്റെ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു. 2020ല്‍, രാജ്യത്തെ നാലാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മശ്രീ നല്‍കി അവരെ ആദരിച്ചു. ഫോര്‍ബ്‌സ് ഇന്ത്യയുടെ സെലിബ്രിറ്റി 100 പട്ടികയില്‍ ആറ് തവണ ഇടം നേടിയിട്ടുണ്ട്.