വഴുതനങ്ങ എന്നറിയപ്പെടുന്ന വഴുതന ദൈനംദിന ഭക്ഷണത്തിന്റെ ഭാഗമാകാന്‍ കഴിയുന്ന പച്ചക്കറികളില്‍ ഒന്നാണ്. ഫോസ്ഫറസ്, കാല്‍സ്യം, ഇരുമ്പ് തുടങ്ങിയ വിറ്റാമിനുകളുടെയും ധാതുക്കളുടെയും മിതമായ സ്രോതസ്സാണ് വഴുതന, കൂടാതെ പോഷക മൂല്യം വൈവിധ്യത്തില്‍ നിന്ന് വ്യത്യസ്തമാണ്.
കൃഷി ചെയ്യുന്ന വിധം
ഏപ്രിൽ- മേയ്, സെപ്റ്റംബർ- ഒക്‌റ്റോബർ മാസങ്ങളാണ് വഴുതന നടാൻ നല്ലത്. വിത്ത് പാകിയാണ് വഴുതന തൈകൾ മുളപ്പിക്കുക. മൂപ്പെത്തിയ കായകൾ പറിച്ചെടുത്ത് അതിലെ വിത്ത് ശേഖരിച്ചു ഉണക്കി സൂക്ഷിക്കുക. വിതയ്‌ക്കുന്ന വിത്തുകൾ എല്ലാം മുളക്കില്ല. വളർന്നു വരുന്നവയിൽ തന്നെ ആരോഗ്യമുള്ളവ മാത്രം എടുക്കുക.
ഗ്രോ ബാഗ്/ചെടി ചട്ടി അല്ലെങ്കിൽ തറയിൽ വിരിച്ച മണലിലോ വിത്ത് വിതക്കാം. രാവിലെയും വൈകിട്ടും മിതമായി നനക്കാം. വിത്തുകൾ നടുന്നതിന് മുൻപ് കുറച്ചു നേരം സ്യുഡോമോണസ് ലായനിയിൽ(ഇരുപതു ശതമാനം വീര്യം) മുക്കി വെക്കുന്നത് നല്ലതാണ് (ഒരു തുണിയിൽ വിത്തുകൾ കെട്ടി മുക്കി വെക്കാം).വിത്തുകൾ പാകുമ്പോൾ അധികം ആഴത്തിൽ പോകാതെ ശ്രദ്ധിക്കുക.
നനയ്‌ക്കുമ്പോഴും ശ്രദ്ധിക്കണം, വെള്ളം നേരിട്ട് ഒഴിക്കാതെ തളിച്ചു കൊടുക്കണം. വിത്ത് മുളച്ച് നാലോ അഞ്ചോ ഇലകൾ അല്ലെങ്കിൽ വഴുതന തൈകൾ പത്ത് സെന്റീമീറ്റർ ഉയരം വന്നാൽ മാറ്റി നടാം. ആരോഗ്യമുള്ളവ മാത്രം എടുക്കുക, വേര് പോകാതെ വളരെ സൂക്ഷിച്ചു ഇളക്കിയെടുക്കാം. വൈകുന്നേരമാണ് നടാൻ നല്ല സമയം. നിലം തയ്യാറാക്കുമ്പോൾ ബാക്ടീരിയ മൂലുമുള്ള വാട്ടരോഗം ഒഴിവാക്കാൻ കുമ്മായം വിതറുന്നത് നല്ലതാണ്. ടെറസ്സ് കൃഷി എങ്കിൽ ഗ്രോ ബാഗ്/ പ്ലാസ്റ്റിക് ചാക്ക് ഇവ ഉപയോഗിക്കാം.
മണ്ണും കമ്പോസ്റ്റും ചാണകപ്പൊടിയും കലർത്തിയ നടീൽ മിശ്രിതമാണ് നല്ലത്. അടിവളമായി വേപ്പിൻ പിണ്ണാക്ക്, എല്ല് പൊടി ഇവ കൊടുക്കാം. ചെടി വളരുന്നതനുസരിച്ച് 15 ദിവസം കൂടുമ്പോൾ ജൈവവളം ഇട്ടു കൊടുക്കാം. സ്യുഡോമോണസ് (ഇരുപതു ശതമാനം വീര്യം) ലായനി രണ്ടാഴ്‌ച്ച കൂടുമ്പോൾ ഒഴിച്ച് കൊടുക്കുന്നത് നല്ലതാണ്.