നേപ്പാളിലെ കാഠ്മണ്ഡുവില്‍ നിന്ന് പത്ത് കിലോമീറ്റർ അകലെയുള്ള ശിവപുരി മലയുടെ താഴ്‌വാരത്തിൽ സ്ഥിതി ചെയ്യുന്ന ബുദ്ധനീലകണ്‌ഠക്ഷേത്രത്തിൽ ഒരു അത്ഭുതക്കാഴ്ച്ച കാണാൻ സാധിക്കും. വർഷങ്ങളായി ജലത്തിനു മുകളിൽ പൊങ്ങി കിടക്കുന്ന വിഗ്രഹം. കാഠ്മണ്ഡുവിന്റെ പ്രാന്തപ്രദേശത്ത് നോൺസ്ക്രിപ്റ്റ് റോഡിന് അരികിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്ര സമുച്ചയത്തിലേക്ക് പ്രവേശിക്കാൻ എത്തുമ്പോൾ ഒരു സാധാരണ ക്ഷേത്രം പോലെ തോന്നും നേപ്പാളിലെ വാസ്തുവിദ്യാ രൂപകൽപ്പന ഘടകങ്ങളുള്ള പഴയ ചില പൈതൃക കെട്ടിടങ്ങളും അവിടവിടെയായി കാണാം. 1400 വർഷത്തെ പഴക്കമുള്ള ഈ ക്ഷേത്രം ബുദ്ധന്റെ പേരിൽ അറിയപ്പെടുന്നുവെങ്കിലും ഈ ക്ഷേത്രത്തിന് ഗൗതമബുദ്ധനുമായി യാതൊരു ബന്ധവുമില്ല.
ഉറങ്ങുന്ന വിഷ്ണു ക്ഷേത്രം എന്നറിയപ്പെടുന്ന ഇവിടെയുള്ള വിഷ്ണുഭഗവാൻ ബുദ്ധമതത്തിന്‍റെ സംരക്ഷകനാണെന്ന് ചിലര്‍ വിഷ്ണുവിനെ കണക്കാക്കുന്നു എന്നാല്‍, ഹിന്ദു ഐതിഹ്യമനുസരിച്ച് ‘നീലകണ്ഠന്‍’ എന്നാല്‍ ശിവനാണ്. ഈ വിഷ്ണുപ്രതിമയുടെ മറുപുറത്ത് ശിവരൂപമുണ്ടെന്ന് വിശ്വസിക്കുന്നവരും ധാരാളമുണ്ട്. അങ്ങനെ രണ്ടു ദൈവങ്ങളും കൂടി ചേരുന്നതു കൊണ്ടാണ് ഈ പ്രതിഷ്ഠയ്ക്ക് ബുദ്ധനീലകണ്ഠന്‍ എന്ന് പേര് ലഭിച്ചതെന്ന് അവര്‍ കരുതുന്നു . ക്ഷേത്ര സമുച്ചയത്തിന്റെ മധ്യഭാഗത്ത് ചതുരാകൃതിയിലുള്ള ഒരു കുളമുണ്ട്. ഇതിലാണ് വെള്ളിക്കിരീടവും പൂക്കളും കൊണ്ട് അലങ്കരിച്ച, മുഖവും ശിരസ്സുമായി സാക്ഷാൽ മഹാവിഷ്ണു ഭഗവാന്റെ ജലശയനം.ഭക്തർക്ക് പടികളിലൂടെ നടന്ന് വിഷ്ണു വിഗ്രഹത്തിനടുത്തെത്തി നമസ്ക്കരിക്കാം .വിഗ്രഹത്തിന് മുകളില്‍ തുണി കൊണ്ടുള്ള പന്തലുണ്ട്. അരികില്‍ ദേവിയുടെയും മറ്റും ചെറിയ പ്രതിഷ്ഠകളും കാണാം.
വിഷ്ണു ഭഗവാൻ ജലശയനം നടത്തുന്ന ഈ കുളത്തിനു 13 മീറ്ററിലേറെ വിസ്തൃതിയുണ്ട് . ഇതിലേക്ക് പൂക്കളും ഇലകളും മന്ത്രജപത്തോടെ എറിഞ്ഞാണ് ക്ഷേത്രത്തിലെ പൂജ. പുരോഹിതൻ ഭക്തരിൽ നിന്ന് പൂജാവ്സതുക്കൾ വാങ്ങി വിഗ്രഹത്തിനു സമീപം വയ്ക്കാറുമുണ്ട്. ശിവഭഗവാന്‍ ത്രിശൂലം ഭൂമിയിലാഴ്തിയപ്പോള്‍ ഉണ്ടായ ഗോസായി കുണ്ഡില്‍ നിന്നുള്ള വെള്ളമാണ് ഈ തടാകത്തില്‍ ഉള്ളതെന്നാണ് വിശ്വാസം. വിഗ്രഹത്തിന് മുകളില്‍ തുണി കൊണ്ടുള്ള പന്തലുണ്ട്. അരികില്‍ ദേവിയുടെയും മറ്റും ചെറിയ പ്രതിഷ്ഠകളും കാണാം. ഈ മഹാവിഷ്ണുവിന്റെ ശിൽപ്പം എങ്ങനെയാണ് കണ്ടെത്തിയത് എന്നതിനെക്കുറിച്ച് ഒരു കഥയുണ്ട്.ഏഴാം നൂറ്റാണ്ടില്‍, കാഠ്മണ്ഡുവിലെ ഗുപ്ത രാജവംശത്തിലെ അവസാനത്തെ പ്രസക്തനായ രാജാവായി കണക്കാക്കപ്പെടുന്ന വിഷ്ണുഗുപ്തയുടെ ഭരണകാലത്താണ് ഈ പ്രതിമ നിർമ്മിച്ചത് . പിന്നീട് കാലക്രമേണ മണ്ണിനടിയിലായിപ്പോയ ഈ ശില്പത്തില്‍ നിലം ഉഴുതുമറിക്കുമ്പോള്‍ ഒരു കര്‍ഷകന്‍റെ കലപ്പ തട്ടിയെന്നും അപ്പോള്‍ അതില്‍ നിന്ന് രക്തം ഒഴുകിയെന്നും അങ്ങനെ ഈ വിഗ്രഹം വീണ്ടെടുത്തു എന്നുമാണ് കഥ. മല്ല രാജവംശകാലത്താണത്രേ ഈ വിഗ്രഹം വീണ്ടെടുത്തത്.
ഗാഡ നിദ്രയിലുള്ള ഭഗവാനെ ഉണർത്താൻ എല്ലാവര്‍ഷവും ഒക്റ്റോബര്‍, നവംബര്‍ മാസങ്ങളിൽ ഹരിബോധിനി ഏകാദശിയാണ് ഏറ്റവും വലിയ ആഘോഷമായി ഇവിടെ നടത്തുന്നത്. നിർമിച്ചത് രാജാവായിരുന്നെങ്കിലും , ക്ഷേത്രം സന്ദർശിച്ചാൽ രാജാവിന് അകാല മൃത്യുവുണ്ടാകും എന്ന് നേപ്പാൾ ഭരിച്ച പ്രതാപ് മല്ല രാജാവ് സ്വപ്നം കണ്ടതിൽ പിന്നെ ഈ വിഗ്രഹം കണ്ടു തൊഴാനായി പതിനേഴാം നൂറ്റാണ്ടുമുതല്‍ ഒരു രാജാവിന് പോലും ധൈര്യം ഉണ്ടായിട്ടില്ല എന്നതാണ് സത്യം. എന്തുകൊണ്ട് വിഗ്രഹം വെള്ളത്തിനുമുകളില്‍ പൊങ്ങിക്കിടക്കുന്നുവെന്നതിനു ഇന്നും ഉത്തരം കിട്ടിയിട്ടില്ല . ലാവാ ശിലയോട് സദൃശമായതും സാന്ദ്രത കുറവുള്ളതുമായ സിലിക്ക അധിഷ്ഠിത കല്ലായതു കൊണ്ടാണ് ഇത് വെള്ളത്തിന് മുകളില്‍ പൊങ്ങിക്കിടക്കുന്നത് എന്ന് ഒരു വാദമുണ്ട്.1957 ൽ ശാസ്ത്രീയ പരിശോധനയ്ക്ക് ശ്രമം നടന്നുവെങ്കിലും വിശ്വാസികള്‍ പ്രശ്നമുണ്ടാക്കിയതിനെത്തുടര്‍ന്ന് പഠനം മുന്നോട്ടു പോയില്ല.