ഉരുളക്കിഴങ്ങിന് അടുക്കളയിൽ ചെറിയ സ്ഥാനം ഒന്നും അല്ല. എന്തിനും ഏതിനും ഉരുളകിഴങ്ങ് വേണം. ഭക്ഷണത്തിനാണെങ്കിലും മുഖത്ത് പുരട്ടാനുമൊക്കെയായി എല്ലാവരും ഉരുളകിഴങ്ങ് ഉപയോഗിക്കാറുണ്ട്.
ശരീരത്തിന് ആവശ്യമായ വിറ്റാമിൻ സി, വിറ്റാമിൻ ബി6, ഫൈബർ, പൊട്ടാസ്യം, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയ പോഷക ഘടകങ്ങൾ ഉരുളക്കിഴങ്ങിൽ അടങ്ങിയിട്ടുണ്ട്. പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിനും തടയുന്നതിനും ഉരുളക്കിഴങ്ങ് ഗുണം ചെയ്യും. എങ്കിൽ ഉരുളകിഴങ്ങ് നമ്മുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കി നോക്കിയാലോ?
ഉരുളകിഴങ്ങ് കൃഷി ചെയ്യുന്ന വിധം
കടയിൽ നിന്ന് വാങ്ങിയ ഉരുളക്കിഴങ്ങുകളിൽ മുള വന്ന കിഴങ്ങുകൾ നാലായി മുറിക്കണം. കുറഞ്ഞത് ഒരു മുളയെങ്കിലും ഇതിൽ ഉണ്ടെന്ന് ഉറപ്പ് വരുത്തണം. ശേഷം കിളച്ചു വൃത്തിയാക്കിയ മണ്ണിൽ മുറിച്ച് വെച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് നടണം. ഒക്ടോബർ, നവംബർ മാസങ്ങളിലാണ് ഉരുളക്കിഴങ്ങ് നടാൻ പറ്റിയ മാസം. പൂഴിമണ്ണിലോ ചരൽ കൂടുതലുള്ള മണ്ണിലോ അധികം വളപ്രയോഗം ഒന്നും ഇല്ലാതെ തന്നെ ഉരുളക്കിഴങ്ങു നന്നായി വളരും.
കിളച്ച് വൃത്തിയാക്കി വാരം കോരിയിട്ട മണ്ണിൽ വേണം കഷ്ണങ്ങളാക്കിയ ഉരുളക്കിഴങ്ങ് നടാൻ. ഗ്രോ ബാഗിലായാലും നേരിട്ട് മണ്ണിലായാലും ഒരേ രീതിയിൽ തന്നെയാണ് നടുന്നതും. അടിവളമായി ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക് എന്നിവ കലർത്തി വേണം
ഉരുളക്കിഴങ്ങിന് മണ്ണൊരുക്കാൻ. കിഴങ്ങു കഷ്ണങ്ങൾ ഓരോന്നും, മുള മുകളിലേക്ക് വരുന്ന രീതിയിൽ നടണം. ഒരു ഗ്രോബാഗിൽ ഒരു കഷ്ണം വച്ചാൽ മതിയാകും.
വേരുകൾ അധികം ആഴത്തിലേക്ക് വളരാത്തതിനാൽ കൂടെക്കൂടെ വെള്ളം തളിക്കണം. വേപ്പിൻ പിണ്ണാക്ക് ചേർക്കുന്നത് കീടങ്ങളെ അകറ്റാൻ സഹായകമാകും. ഉരുളക്കിഴങ്ങിന് നല്ല രീതിയിൽ വെള്ളം അത്യാവശ്യമാണ്. നന്നായി വളർന്നു കഴിയുമ്പോൾ രണ്ടിഞ്ച് കനത്തിൽ മേൽമണ്ണ് കയറ്റികൊടുക്കണം. 80 മുതൽ 120 ദിവസങ്ങൾ കഴിയുമ്പോൾ ഉരളക്കിഴങ്ങ് വിളവെടുക്കാം.