മദ്യനയം എന്നുകേള്‍ക്കുമ്പോള്‍ മദ്യപന്‍മാര്‍ക്കുള്ള സുരക്ഷയും, ആരോഗ്യ ഇന്‍ഷുറന്‍സും, പെന്‍ഷന്‍ പദ്ധതിയുമൊക്കെയാണെന്ന് ആരെങ്കിലും വെറുതേയെങ്കിലും ആഗ്രഹിച്ചു പോകും. പക്ഷെ, സാമാന്യ ജനങ്ങള്‍ക്കെല്ലാം അറിയാം, അത് മദ്യപന്‍മാരെ വില്‍ക്കുന്ന പദ്ധതിയാണെന്ന്. മദ്യപാനികള്‍ ഇല്ലെങ്കില്‍ മദ്യ നയംകൊണ്ടെന്തു പ്രയോജനം. കുടിക്കാന്‍ ആളുണ്ടെങ്കിലേ മദ്യം ഉത്പാദനം കൊണ്ട് കാര്യമുള്ളൂ. അതിപ്പോ സര്‍ക്കാര്‍ നിര്‍മ്മിത മദ്യമായാലും, വിദേശ നിര്‍മ്മിത മദ്യമായാലും, തെങ്ങിലും പനയിലും നിന്നു ചെത്തിയിറക്കുന്ന കള്ളയാലും കണക്കാണ്.
എന്നാല്‍, കുടിക്കുന്നവരെ കുടിയന്‍മാരായും, പ്രശ്‌നക്കാരായും കാണുന്ന സമൂഹം അറിയണം. കുടിക്കുന്നതു കൊണ്ട് കുടിയന്‍മാര്‍ക്ക് അപ്പോള്‍ കിട്ടുന്ന കിക്ക് മാത്രമാണുള്ളത്. എന്നാല്‍, സര്‍ക്കാരിനും സ്വകാര്യ മദ്യ മുതലാളിമാര്‍ക്കും കോടികളുടൈ വിറ്റുവരവാണ് ഉണ്ടാകുന്നത്. ഇതില്‍ സര്‍ക്കാരിന്റെ മദ്യവില്‍പ്പന കൊണ്ടുള്ള നികുതി വരുമാനം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുന്നുണ്ടെന്നത് കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. മദ്യം വാങ്ങിയാല്‍ കാശ്. മദ്യപിച്ച് വാഹനമോടിച്ചാല്‍ പെറ്റി വഴി കാശ്. മ്ദ്യത്തിനൊപ്പം ടച്ചിംഗ്‌സ് വാങ്ങിയാല്‍ അതുവഴിയും കാശ്. അങ്ങനെ മദ്യപാനികളെ കൊണ്ട് സര്‍ക്കാരിനുണ്ടാകുന്ന ഗുണങ്ങള്‍ നിരവധിയാണ്.
പക്ഷെ, സര്‍ക്കാരിനെ കൊണ്ട് മദ്യപാനികള്‍ക്ക് ഒരു ഗുണവുമില്ല. എല്ലാ മദ്യത്തിനും കഴുത്തറുക്കുന്ന വില. റമ്മും, വോട്കയും, വൈറ്റ് റമ്മും ഒന്നും സാധാരണക്കാരനായ കുടിയന്‍മാര്‍ക്ക് തൊടാനാകുന്നില്ല. പിന്നെ കിട്ടുന്ന ചാത്തന്‍ സാധനങ്ങളാണ് കുറഞ്ഞ വിലയ്ക്ക് വാങ്ങി കുടിച്ച് മദോന്‍മത്തരാകുന്നത്. ഇങ്ങനെ മത്തു പിടിച്ച് പുറത്തിറങ്ങുന്ന ചുരുക്കം ചിലരാണ് സാമൂഹ്യ വിരുദ്ധ പരിപാടികളില്‍ ഏര്‍പ്പെട്ട് പോലീസിന്റെ പിടിയിലാകുന്നതും. ഭൂരിഭാഗം മദ്യപന്‍മാരും സര്‍ക്കാരിന് വരുമാനം എത്തിക്കുന്നതില്‍ കൃത്യനിഷ്ഠ പുലര്‍ത്തുന്നവരാണ്. ജോലി ചെയ്തു കിട്ടുന്ന കൂലിയില്‍ ഒരുപങ്ക് സര്‍ക്കാരിന് നികുതിയായി നല്‍കിയില്ലെങ്കില്‍ അവര്‍ക്ക് കുടിച്ചതിന്റെ കിക്ക് കിട്ടില്ല.
അങ്ങനെയുള്ള സര്‍ക്കാര്‍ സഹായ കുടിയന്‍മാര്‍ക്കു വേണ്ടിയാണ് മദ്യനയം തന്നെ സര്‍ക്കാര്‍ ഉണ്ടാക്കുന്നത്. ഇത് മുന്നില്‍ കണ്ടുകൊണ്ട്് ടൂറിസം രംഗത്തെ കൂടുതല്‍ ആകര്‍ഷകമാക്കാന്‍ മദ്യനയത്തിന്റെ കരട്ചട്ടങ്ങള്‍ തയ്യാറാവുകയാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്നശേഷം ഈ വിഷയം വിശദമായി ചര്‍ച്ച ചെയ്യും. റസ്റ്റോറന്റുകള്‍ വഴി ബിയര്‍, ബാറുകളില്‍ ചെത്തിയ കള്ള് എന്നിവ അതിഥികള്‍ക്ക് വില്‍ക്കാനുള്ള നിര്‍ദേശമാണ് ഏറ്റവും പ്രധാനപ്പെട്ടത്. ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള ടൂറിസം സീസണ്‍ കണക്കാക്കിയായിരിക്കും ലൈസന്‍സ് വിതരണം ചെയ്യുക. ഇതിനായി ഹോട്ടല്‍, റെസ്റ്റോറന്റ് ഉടമകള്‍ ഒരു ലക്ഷം രൂപവരെ ഫീസ് ഇനത്തില്‍ നല്‍കേണ്ടി വരികയും ചെയ്യും.
മദ്യപന്‍മാര്‍ക്ക് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തുന്ന കാര്യമായതിനാലും, പണം ഒഴുകുന്ന സംവിധാനമായതിനാലും നയപരമായി തീരുമാനിക്കേണ്ി വരും. അതിന് ഇതു മുന്നണിയുടെ അനുമതി കൂടി വേണം. ടൂറിസം വകുപ്പ് നല്‍കുന്ന ടൂ സ്റ്റാര്‍ ക്ലാസിഫിക്കേഷനു മുകളിലുള്ള റസ്റ്ററന്റുകളില്‍ ബിയറും വൈനും വിളമ്പാനാകും. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ ത്രീ സ്റ്റാര്‍ ക്ലാസിഫിക്കേഷനുള്ള ബാറുകളിലും വിനോദസഞ്ചാര മേഖലയിലെ റിസോര്‍ട്ടുകളിലുമാകും കള്ള് ചെത്തി വില്‍ക്കാനുള്ള ലൈസന്‍സ്. സ്വന്തം വളപ്പിലെ കള്ള് ചെത്തി അതിഥികള്‍ക്കു നല്‍കാം. ത്രീ സ്റ്റാറിനു മുകളിലുള്ള ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് അനുവദിക്കുന്ന നയം തന്നെയാണ് ഇക്കാര്യത്തിലും.
കഴിഞ്ഞ മദ്യനയത്തിലായിരുന്നു രണ്ട് പ്രഖ്യാപനങ്ങളും നടത്തിയിരുന്നത്. കേരളത്തില്‍ എല്ലാ മാസവും ഒന്നാം തീയതി ഡ്രൈ ഡേ ആയി ആചരിക്കുന്നത് ഒഴിവാക്കാനും സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ഒന്നാം തീയതിയില്‍ മദ്യശാലകള്‍ അടച്ചിടുന്നത് പിന്‍വലിച്ചാല്‍ അതിലൂടെ 12 ദിവസം അധികമായി പ്രവൃത്തി ദിവസങ്ങള്‍ ലഭ്യമാകും. വരുമാനത്തിലും വലിയ വര്‍ദ്ധനവുണ്ടാകും. ബിവറേജ് വില്‍പ്പനശാലകള്‍ ലേലംചെയ്യുക, മൈക്രോവൈനറികള്‍ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും പരിഗണനയിലുണ്ട്. സര്‍ക്കാരിന്റെ വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള നിര്‍ദേശങ്ങളെന്ന നിലയിലാണ് ഇവ പരിഗണിക്കുന്നത്.
ഒന്നാം തീയതികളിലെ ഡ്രൈ ഡേ ഒഴിവാക്കുന്നത് സംബന്ധിച്ച് മാര്‍ച്ച് മാസത്തില്‍ ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായി ചേര്‍ന്ന വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തില്‍ ചര്‍ച്ച നടന്നിരുന്നു. വര്‍ഷത്തില്‍ 12 പ്രവൃത്തി ദിവസങ്ങള്‍ നഷ്ടമാകുന്നതിലൂടെ വരുമാനത്തില്‍ നഷ്ടമുണ്ടാകുന്നുവെന്നത് മാത്രമല്ല ഇത്തരമൊരു ആലോചനയിലേക്ക് കടക്കാന്‍ പ്രേരണയായത്. ടൂറിസം മേഖലയിലും വലിയ തിരിച്ചടിയുണ്ടാകുന്നുവെന്നതാണ് ഡ്രൈ ഡേ ഒഴിവാക്കാന്‍ ആലോചിക്കുന്നതിന് പിന്നില്‍. കൂടാതെ, ഇത് ദേശീയ-അന്തര്‍ദേശീയ കോണ്‍ഫറന്‍സുകളില്‍നിന്ന് സംസ്ഥാനത്തെ ഒഴിവാക്കാനും കാരണമാകും. ടൂറിസം വകുപ്പ് ബന്ധപ്പെട്ടവരുമായി ആലോചിച്ച് ഈ നിര്‍ദേശത്തെക്കുറിച്ച് കുറിപ്പ് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. ഇതിന് ടൂറിസം സെക്രട്ടറിയെ ചുമതലപ്പെടുത്തി.
നികുതിവരുമാനം കൂട്ടാന്‍ നിശ്ചിതയെണ്ണം ചില്ലറ മദ്യവില്‍പ്പനശാലകളുടെ നടത്തിപ്പ് ലേലംചെയ്യാനുള്ള സാദ്ധ്യതയും പരിശോധിക്കുന്നുണ്ട്. മൈക്രോ വൈനറികള്‍ പ്രോത്സാഹിപ്പിക്കാനും യോഗം തീരുമാനിച്ചു. മസാലചേര്‍ത്ത വൈനുകള്‍ ഉള്‍പ്പെടെയുള്ളവ തയ്യാറാക്കാനുള്ള സാദ്ധ്യതകളും പരിശോധിക്കും. നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കൃഷിവകുപ്പ് സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തി. വരുമാനവര്‍ദ്ധനയ്ക്കുള്ള ശുപാര്‍ശകളില്‍ വീഞ്ഞു നിര്‍മാണം പ്രോത്സാഹിപ്പിക്കാന്‍ പിന്തുണ നല്‍കണമെന്നാണ് നിര്‍ദേശം. ഹോര്‍ട്ടി വൈനിന്റെയും മറ്റു വൈനുകളുടെയും ഉത്പാദനം പ്രോത്സാഹിപ്പിക്കും. കയറ്റുമതിക്കായി മദ്യം ലേബല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ദേശീയ, അന്തര്‍ദേശീയ നിയന്ത്രണങ്ങളെ അടിസ്ഥാനമാക്കി പുനപരിശോധിക്കാനും നിര്‍ദേശമുണ്ട്.
അങ്ങനെ അടുക്കളയില്‍ കറിവെയ്ക്കാനുപയോഗിക്കുന്ന കൂട്ടുകള്‍വെട്ടു പോലും മദ്യമുണ്ടാക്കാനുള്ള നീക്കം ഭാവിയില്‍ ഉണ്ടിയിക്കൂടേ എന്നില്ല. കാരണം, സര്‍ക്കാരിന്റെ നികുതി വരുമാനത്തില്‍ നമ്പര്‍ വണ്‍ മദ്യവും ലോട്ടറിയുമാണ്. അതുകൊണ്ടു തന്നെ കൂടുതല്‍ സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന പുതിയ ലോട്ടറികള്‍ സര്‍ക്കാര്‍ ഇറക്കുന്നുണ്ട്. വീര്യം കൂടിയതും, വീര്യം കുറഞ്ഞതുമായ മദ്യങ്ങള്‍ ഉത്പാദിപ്പിക്കാനും തീരുമാനിക്കുന്നത് ജനങ്ങളെ നന്നാക്കാനല്ലെന്നു മനസ്സിലാക്കുക. ചൂതാട്ടത്തിന്റെ പുതിയ പതിപ്പാണ് ലോട്ടറി. മയക്കു മരുന്നിന്റെ മറ്റൊരു പതിപ്പാണ് മദ്യം. ഇതു രണ്ടും വര്‍ജ്ജിക്കുകയാണ് വേണ്ടത്. പക്ഷെ, സര്‍ക്കാര്‍ ഇതിനെ പ്രോത്സാഹിപ്പിക്കുന്നു.