Agriculture

‘സുഗന്ധവ്യഞ്ജനങ്ങളുടെ റാണി’ ഇനി നമ്മുടെ വീട്ടിൽ

ഏലക്കായ കൃഷി ചെയ്യാന്‍ നല്ല തണുപ്പുള്ള സ്ഥലമാണ് നല്ലത്. അതുപോലെ തണലും അത്യാവശ്യമാണ്. കേരളത്തിലെ മലയോരപ്രദേശങ്ങളിലും ഹൈറേഞ്ച് പോലുള്ള സ്ഥലങ്ങളിലും മാത്രമല്ല ഏലച്ചെടി വളരുന്നത്. ശ്രമിച്ചാല്‍ നമ്മുടെ വീട്ടുവളപ്പിലും വളരും. ചൂട് കുറഞ്ഞ സ്ഥലം വേണം. നമ്മുടെ വീട്ടുവളപ്പില്‍ തണല്‍ ലഭിക്കുന്ന സ്ഥലം തിരഞ്ഞെടുത്താല്‍ മതി.

സാധാരണ ഏതൊരു വിളയും കൃഷി ചെയ്യുന്നതുപോലെ മണ്ണ് കിളച്ചൊരുക്കണം. ഒരു ചതുരശ്രമീറ്റര്‍ സ്ഥലത്ത് അഞ്ച് കിലോഗ്രാം ജൈവവളം ചേര്‍ത്ത് നന്നായി ഇളക്കണം. അതിനുശേഷം തടമെടുക്കണം.

തൈകള്‍ നടുമ്പോള്‍ ഒരു മീറ്റര്‍ അകലത്തില്‍ നടാന്‍ ശ്രദ്ധിക്കണം. സൂര്യപ്രകാശം ധാരാളം ലഭിക്കുന്ന സ്ഥലത്ത് ഏലം കൃഷി ചെയ്യാന്‍ ശ്രമിക്കരുത്. പരാജയമായിരിക്കും ഫലം. ചെടികള്‍ക്ക് നനവ് ആവശ്യമാണ്. വെള്ളം കെട്ടിനില്‍ക്കരുത്. വേനല്‍ക്കാലത്ത് നന്നായി നനയ്ക്കണം.

ചെടിയുടെ ചുവട്ടില്‍ വെള്ളം നനച്ചാല്‍ മാതം പോര. ഇലകളുടെ മുകളിലും അല്‍പം വെള്ളം തളിക്കണം. നട്ടുകഴിഞ്ഞാല്‍ ആറുമാസം കൂടുമ്പോള്‍ ജൈവവളം ചേര്‍ക്കണം.

കായകള്‍ ലഭിക്കണമെങ്കില്‍ മൂന്ന് വര്‍ഷങ്ങള്‍ കാത്തിരിക്കണം. കായകള്‍ക്ക് മൂപ്പെത്തുമ്പോള്‍ വെയിലത്തുണക്കി സൂക്ഷിക്കാം.