കേരളത്തിന്റെ ആരോഗ്യ മേഖലയെ പേടിപ്പിക്കും വിധം അവയവക്കച്ചവടം നടക്കുന്നുണ്ടെന്ന വാര്‍ത്ത സത്യമായപ്പോള്‍ ഇരുട്ടിലായിരിക്കുന്ന കുറേ മനുഷ്യരുണ്ട്. ജീവിതം പകുതി വഴിയില്‍ നിന്നു പോകുമെന്ന് ആശങ്കപ്പെട്ടിരിക്കുന്ന, സര്‍ക്കാരിന്റെ മൃതസഞ്ജീവനിയില്‍ രജിസ്റ്റര്‍ ചെയ്തു കാത്തിരിക്കുന്ന ആയിരങ്ങളാണ് ഹൃദയം പൊടിഞ്ഞ് കണ്ണീര്‍ വാര്‍ക്കുന്നത്. ഒരു അവയവം മാറ്റിവെച്ചാല്‍ നിറമുള്ള ജീവിതത്തിലേക്ക് മടങ്ങി വരാന്‍ കഴിയുമെന്ന വിശ്വാസമാണ് വേദനയും തിന്ന് അവരെ ദുരിത ജീവിതം മുന്നോട്ടു കൊണ്ടു പോകാന്‍ പ്രേരിപ്പിക്കുന്നത്. ആരോ ഒരാള്‍, തന്റെ ജീവന്‍ വെടിഞ്ഞ്, ഒരു അവയവം ദാനം നല്‍കി സ്വര്‍ഗാരോഹണം നടത്തുമെന്ന പ്രതീക്ഷ.
അപ്പോഴും അവയവം ദാനം ചെയ്യുന്നയാള്‍ക്ക് പൂര്‍ണ്ണ സമ്മതത്തോടെയാകണം അത് ചെയ്യുന്നതെന്നും ആഗ്രഹിക്കുന്നുണ്ട്. അങ്ങനെ എത്രയെത്ര മനോഹരവും, സ്‌നേഹാര്‍ദ്രവുമായ കഥകള്‍ കേട്ടാണ് മലയാളികള്‍ ജീവിക്കുന്നത്. തിരുവനന്തപുരത്തു നിന്നും കൊച്ചിയിലേക്ക് ഹൃദയങ്ങള്‍ എത്ര പറന്നിരിക്കുന്നു. ആംമ്പുലന്‍സുകളില്‍, ആശുപത്രികളില്‍, ജീവനെ ജീവനോട് തുന്നിച്ചേര്‍ക്കുന്ന സങ്കീര്‍ണ്ണമായ ശസ്ത്രക്രീയകള്‍. പ്രാര്‍ത്ഥനകള്‍ക്കും കാത്തിരിപ്പുകള്‍ക്കും ഇടയിലെ മണിക്കൂറുകള്‍. ഇങ്ങനെ പറഞ്ഞും കേട്ടും സന്തോഷിച്ച വര്‍ത്തമാനങ്ങള്‍ക്കിടയിലാണ് മലയാളികളുടെ അവയവക്കച്ചവടത്തിന്റെ ദുഷിച്ച കണ്ണുകളെ കുറിച്ച് കേള്‍ക്കുന്നത്.
ശരീരത്തിനോട് ചേര്‍ന്ന്, ചോരയും നീരിനുമൊപ്പം ജീവിക്കുന്ന അവയവങ്ങളെ എങ്ങനെയാണ് ഇവര്‍ വില്‍ക്കുന്നത്. മുറിച്ചെടുക്കുന്നതെങ്ങനെയാണ്. ജീവനോടെയോ, അതോ മരണപ്പെട്ടിട്ടോ. അതോ കൊല്ലുകയാണോ. അവയവങ്ങള്‍ എടുക്കാന്‍ വേണ്ടിത്തന്നെ കൊല്ലുന്നുണ്ടോ. വിലപറഞ്ഞ് ഇറച്ചിയാക്കാന്‍ വാങ്ങുന്ന മാടുകളെ കണ്ടിട്ടുണ്ട്. പക്ഷെ, വിലപറഞ്ഞ് അവയവങ്ങള്‍ മുറിച്ചെടുക്കുന്ന കച്ചവടക്കാരെ കണ്ടിട്ടില്ല. ഇതാ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നടക്കുന്നുണ്ട് ആ കച്ചവടം. മയക്കു മരുന്ന് കച്ചവടക്കാരനും, വ്യഭിചാരത്തിന്റെ ബ്രോക്കറുമെല്ലാം ഇവിടുണ്ടെങ്കിലും, മനുഷ്യനെ മുറിച്ച് വില്‍ക്കുന്ന കച്ചവടം ഞെട്ടിക്കുകയാണ്.
പിടിക്കപ്പെട്ട കച്ചവടക്കാര്‍
കഴിഞ്ഞ ഞായറാഴ്ചയാണ് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ വെച്ച് സലലാബിത്ത് നാസര്‍ പിടിയിലാകുന്നത്. അവയവക്കച്ചവടത്തിന്റെ കേരളത്തിലെ ഏജന്റാണ് സാബിത്ത് നാസര്‍. അവയവം ദാനം ചെയ്യുന്നതിനായി 20 പേരെ ഇന്ത്യയില്‍ നിന്ന് ഇറാനിലേക്ക് കൊണ്ടുപോയതായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡില്‍ കഴിയുന്ന സബിത്ത് നാസര്‍ പൊലീസിനോട് വെളിപ്പെടുത്തിയിരിക്കുകയാണ്. അന്‍പതു ലക്ഷം മുതല്‍ കോടികള്‍ വരെയാണ് അവയവക്കച്ചവടത്തില്‍ വില ഉറപ്പിക്കുന്നത്. എന്നാല്‍, അവയവം ദാനം ചെയ്യുന്നവര്‍ക്ക് അഞ്ച് മുതല്‍ പത്ത് ലക്ഷം രൂപ വരെ മാത്രമാണ് ലഭിക്കുന്നത്.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന നിരവധി പേരെ വിദേശത്ത് അവയവങ്ങള്‍ ദാനം ചെയ്യുന്നതിനായി റാക്കറ്റ് വലയിലാക്കിയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. പാലക്കാട്, ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളിലെ യുവാക്കളെയാണ് ഇറാനിലേക്ക് കടത്തിയത്. അവയവദാനത്തിനായി ഇറാനിലേക്ക് കൊണ്ടുപോയ ഏതാനും പേര്‍ അവിടെ വെച്ച് മരിച്ചതായും വിവരമുണ്ട്. സബിത്തിനെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു.
വൃക്ക മാറ്റിവയ്ക്കലിനായി ഇന്ത്യയില്‍ നിന്ന് ആളുകളെ റിക്രൂട്ട് ചെയ്യുന്ന റാക്കറ്റിന്റെ ഭാഗമാണ് താനെന്ന് സബിത്ത് പൊലീസിനോട് പറഞ്ഞതായാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. റിക്രൂട്ട് ചെയ്ത യുവാക്കളെ ഇറാനിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം അനുയോജ്യരായ സ്വീകര്‍ത്താക്കള്‍ക്ക് വൃക്കകള്‍ ദാനം ചെയ്യും. തുടര്‍ന്ന് ഇവര്‍ മൂന്ന് ദിവസം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയും. ചികിത്സ കഴിഞ്ഞ് ദാതാക്കള്‍ക്ക് ഒരു ഫ്ളാറ്റില്‍ 20 ദിവസത്തെ താമസം നല്‍കും തുടര്‍ന്ന് ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കുകയും ചെയ്യും.
വൃക്ക ദാനം ചെയ്യുന്നവര്‍ക്ക് 6 ലക്ഷം രൂപ വരെയാണ് നല്‍കുന്നത്. പാലക്കാട് തിരുനെല്ലായി സ്വദേശിയായ ഷമീര്‍ എന്ന യുവാവ് ആറുമാസം മുമ്പ് ഈ രീതിയില്‍ വൃക്ക ദാനം ചെയ്തിരുന്നതായി സബിത്തിന്റെ മൊഴിയിലുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന ഷമീര്‍ കടം വീട്ടാന്‍ വൃക്ക ദാനം ചെയ്തതാകാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സബിത്തിനെ സഹായിച്ച വലപ്പാട് സ്വദേശിയായ മറ്റൊരു യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഇയാള്‍ കൊച്ചിയില്‍ സബിത്തിന്റെ റൂംമേറ്റായിരുന്നു. കേസിലെ അന്താരാഷ്ട്ര ബന്ധങ്ങള്‍ കണക്കിലെടുത്ത് സബിത്തിന്റെ കേരളത്തിലെ സാമ്പത്തിക ഇടപാടുകളും ബന്ധങ്ങളും വിശദമായി അന്വേഷിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഐപിസി സെക്ഷന്‍ 370 (മനുഷ്യക്കടത്ത്), മനുഷ്യ അവയവങ്ങള്‍ മാറ്റിവെക്കല്‍ നിയമത്തിലെ സെക്ഷന്‍ 19 (മനുഷ്യ അവയവങ്ങളുമാമായി ബന്ധപ്പെട്ട വാണിജ്യ ഇടപാടുകള്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് സബിത്തിനെതിരെ കേസെടുത്തിരിക്കുന്നത്. എന്‍ഐഎ ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികളും കേസ് അന്വേഷിക്കുന്നുണ്ടെന്നും അവര്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയതായും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.സിവില്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമയെടുത്ത സബിത്ത് കൊച്ചിയില്‍ വിവിധ ജോലികള്‍ ചെയ്തിരുന്നു. 2019 ല്‍ ഇറാനില്‍ എത്തിയ ഇയാള്‍ അവയമാറ്റ ശസ്ത്രക്രിയ നടത്തിയ രോഗികളെ സഹായിക്കാന്‍ ടെഹ്‌റാനിലെ ആശുപത്രിയില്‍ ജോലി ചെയ്തിരുന്നു.
അയവയക്കച്ചവട കണ്ണികള്‍ വലുതാകുന്നു
അന്തരാഷ്ട്ര അവയവക്കച്ചവട സംഘത്തിലെ പ്രധാനി ഹൈദരാബാദിലെ ഡോക്ടറാണെന്നാണ് പിടിയിലായ സാബിത്ത് നാസറിന്റെ പുതിയ വെളിപ്പെടുത്തല്‍. ഇന്ത്യയില്‍ താനല്ലാതെ നിരവധി ഏജന്റുമാര്‍ അവയവ കച്ചവട സംഘത്തിനായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും സാബിത്ത് അന്വേഷണ സംഘത്തോട് വ്യക്തമാക്കിയിട്ടുണ്ട്. താനടക്കമുള്ള ഇന്ത്യയിലെ ഏജന്റുമാരെ നിയന്ത്രിക്കുന്നത് ഹൈദരാബാദിലെ ഡോക്ടറാണെന്നും സാബിത്ത് മൊഴി നല്‍കി. എന്നാല്‍, താന്‍ ഇതുവരെയും ഡോക്ടറെ നേരില്‍ കണ്ടിട്ടില്ലെന്നും പറയുന്നു. സാബിത്തിന്റെ മൊഴി പൂര്‍ണമായും വിശ്വാസത്തിലെടുക്കാന്‍ അന്വേഷണ സംഘം തയ്യാറായിട്ടില്ലെങ്കിലും ഹൈദരാബാദിലെ ഡോക്ടര്‍ എന്നത് വിശ്വസിച്ചേ മതിയാകൂ.
സാബിത്തിന് നാല് ബാങ്ക് അക്കൗണ്ടുകളുണ്ട്. പ്രതിയില്‍ നിന്ന് നാല് പാസ്‌പോര്‍ട്ടുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വ്യത്യസ്ത വിലാസങ്ങളിലായാണ് തൃശൂരില്‍ നാല് ബാങ്ക് അക്കൗണ്ട് എടുത്തിരുന്നത്. സുഹൃത്തുക്കള്‍ വഴിയാണ് അവയവക്കച്ചവടത്തിന്റെ പണം സബിത്തിലേക്ക് എത്തിയിരുന്നത്. ഇവരെ ഇപ്പോള്‍ നിരീക്ഷിച്ച് വരികയാണ്. ഇവരെയും കസ്റ്റഡിയിലെടുത്തേക്കും. കേസ് എന്‍ഐഎ ഏറ്റെടുക്കാനാണ് സാധ്യത. അവയവം നഷ്ടമായവരെ കണ്ടെത്താനും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അവയവക്കടത്ത് സംഘത്തിലെ ചില തര്‍ക്കങ്ങളാണ് സംഭവം പൊലീസ് അറിയാന്‍ ഇടവരുത്തിയത് എന്നാണ് സൂചന.
കേരളത്തില്‍ നിന്നും അന്യസംസ്ഥാന തൊഴിലാളികളെയും ഇത്തരത്തില്‍ കടത്തിക്കൊണ്ടു പോയിട്ടുണ്ട്. ചിലര്‍ ഇറാനില്‍വച്ച് മരിച്ചതായും മറ്റു ചിലര്‍ ഇനിയും തിരികെ എത്തിയിട്ടില്ല എന്നും പറയപ്പെടുന്നു. വൃക്കദാനമാണ് കൂടുതലും നടത്തിയിരുന്നത്. വൃക്ക, കരള്‍ തുടങ്ങിയവയാണ് പ്രധാനമായും കച്ചവടം നടത്തിയത്. വന്‍തുക വാഗ്ദാനം നല്‍കിയാണ് ഇരകളെ ഇറാനില്‍ എത്തിച്ചിരുന്നത്.
അവയവക്കച്ചവടം ലാഭക്കച്ചവടം
2019ല്‍ സ്വന്തം വൃക്ക വിറ്റതോടെയാണ് അവയവക്കച്ചവടത്തിന്റെ സാധ്യത സാബിത്ത് തിരിച്ചറിഞ്ഞത്. സാമ്പത്തികമായി തകര്‍ന്നതോടെ അവയവം വിറ്റ് പണം കണ്ടെത്താന്‍ 2019 സാബിത്ത് ശ്രീല ങ്കയിലേക്ക് പറന്നു. ഹൈദരാബാദ് സംഘമാണ് ശ്രീലങ്കയില്‍ എത്തിച്ചത്. ഇവിടെ പരിചയപ്പെട്ട മധു റാക്കറ്റിലേക്ക് അടുപ്പിച്ചു. ഇടനില നിന്നാല്‍ വന്‍തുക കിട്ടുമെന്ന് തിരിച്ചറിഞ്ഞു. ഇതോടെ സാബിത്ത് പൂര്‍ണ്ണമായും അവയവക്കച്ചവടത്തിലേക്ക് തിരിഞ്ഞു. മലയാളികള്‍ അടക്കം 20 പേരെ അവയവ മാറ്റത്തിനായി ഇറാനില്‍ എത്തിച്ചെന്നാണ് സാബിത്ത് പറഞ്ഞിരിക്കുന്നത്. കൂടുതലും സ്ത്രീകളാണ്. ഇരകളുടെ വ്യാജ പാസ്‌പോര്‍ട്ടും ആധാറും ഉണ്ടാക്കിയായിരുന്നു ഇടപാട് നടത്തിയിരുന്നത്. രോഗിയുമായി 60 ലക്ഷത്തിനു മുകളില്‍ പാക്കേജ് ഉണ്ടാക്കുന്ന മാഫിയ ദാതാവിന് നല്‍കുന്നത് വെറും ആറ് ലക്ഷം രൂപയും ടിക്കറ്റ് ചെലവും, താമസവുമാണ്.
മുറിച്ചു വില്‍ക്കുന്ന ശരീര ഭാഗങ്ങള്‍
ജീവിക്കാന്‍ നിവൃത്തിയില്ലാതെ വരുന്നവരും, പെണ്‍ മക്കളെ മാന്യമായി കെട്ടിച്ചു വിടാനും, കടംകേറി മുടിയുന്ന കുടുംബത്തെ രക്ഷിക്കാനുമൊക്കെയാണ് ഇത്തരം കച്ചവടങ്ങള്‍ നടക്കുന്നത്. മറ്റുള്ളവരെ ശല്യം ചെയ്യാതെ സ്വന്തം ശരീരത്തിലെ അവയവം വില്‍ക്കാന്‍ തയ്യാറാകുന്നത്, സാമ്പത്തിക പ്രശ്‌നമാണ്. ഇത് മുതലെടുക്കുന്നവര്‍ തുച്ഛമായ കാശിന് അവയവക്കച്ചവടം ഉറപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് കാലങ്ങള്‍ക്കു മുമ്പേ നടക്കുന്നുണ്ട്. വി.എസ്.അച്യുതാനന്ദന്‍ ഇതു സംബന്ധിച്ച വിഷയം ഉന്നയിച്ചിട്ടുണ്ട്. അത് വലിയ വിവാദവുമായിച്ചുണ്ട്. കേരളത്തിലെ ആസുപത്രികള്‍ കേന്ദ്രീകരിച്ചും ഇത്തരം അവയവക്കച്ചവടം നടക്കുന്നുണ്ടെന്ന വാര്‍ത്തകളും ഇടയ്ക്കുണ്ടാകുന്നുണ്ട്. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ സംവിധാനം ശക്തിപ്പെടുത്തിയതും, അവയവം ദാനം ചെയ്യുന്നവരും, അവയവം വേണ്ടുന്നവരും രജിസ്റ്റര്‍ ചെയ്യുന്ന നടപടികള്‍ തുടങ്ങിയതും. എറണാകുളം കേന്ദ്രീകരിച്ചുള്ള അവയവക്കച്ചവടവും, സ്വകാര്യ ആശുപത്രികളുടെ ഇടപെടലുകളും വാര്‍ത്തകളായിട്ടുണ്ട്.
അവയവങ്ങളില്ലാത്ത കേരളം
പിടിക്കപ്പെടുന്നതിനേക്കാള്‍ എത്രയോ അധികമാകും പിടിക്കപ്പെടാതെ ഇപ്പോഴും കച്ചവടം നിര്‍ബാധം നടത്തുന്ന മാഫിയകള്‍. ഡോക്ടര്‍മാരില്‍ തുടങ്ങി അന്യ് സംസ്ഥാന തൊഴിലാളികളില്‍ വരെ എത്തി നില്‍ക്കുന്ന കണ്ണികളെ കുറിച്ച് പരസ്പം ആര്‍ക്കും അറിവില്ല. വേഗത്തില്‍ പണം സമ്പാദിക്കാനും ഈ മാര്‍ഗം സ്വീകരിക്കുന്നുണ്ട്. ഇങ്ങനെ മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് പോലെ അവയവക്കച്ചവടവും തകൃതിയായി നടക്കുന്ന കേരളത്തിലെ ജനങ്ങളെ വിശദമായ ബോഡി ചെക്കപ്പ് നടത്തിയാല്‍ മനസ്സിലാകും, ആര്‍ക്കൊക്കെ വൃക്കയും കരളും ഇല്ലെന്ന്. അവയവങ്ങള്‍ ഇല്ലാത്ത കേരളമായിരിക്കും നമുക്കു കാണാന്‍ കഴിയുന്നതെന്നു പറഞ്ഞാല്‍ അത് അതിശയോക്തിയാകില്ല.