Agriculture

തേക്കും മഹാഗണിയും ഇനി പഴങ്കഥ! മലയോരങ്ങൾ അടക്കി വാണ് മലവേപ്പ്

കാട്ടുവേപ്പ്, കാട്ടുകടുക്ക എന്നിവയെല്ലാം ഇതേ മലവേപ്പ് തന്നെയാണ്

തേക്കിന് മഹാഗണിക്കും വൻ മൂല്യമാണ്. മലയോര മേഖലയിൽ പണം കായ്ക്കുന്ന മരം എന്ന് അക്ഷരാർത്ഥത്തിൽ ഇവയെ പറയാം. എന്നാൽ ഈ ലിസ്റ്റിലേക്ക് കടന്നുകൂടിയിരിക്കുകയാണ് മലവേപ്പ്. വേപ്പ് നിങ്ങൾക്ക് എല്ലാവർക്കും സുപരിചിതമാണ്. നിങ്ങളുടെയൊക്കെ അടുക്കളത്തോട്ടത്തിൽ ഒഴിച്ചുകൂടാനാവാത്ത അവിഭാജ്യ ഘടകമാണ് വേപ്പ്.

 

എന്നാൽ കുറഞ്ഞ കാലയളവിൽ കർഷകനെ മികച്ച വരുമാനം നൽകുന്ന ഒന്നാണ് മലവേപ്പ് കൃഷി. പെട്ടെന്ന് വളരുകയും മുറിച്ചു വിൽക്കാനുള്ള പാകത്തിലേക്ക് എത്തുകയും ചെയ്യുന്നു എന്നതാണ് ഇതിൻറെ ഏറ്റവും വലിയ പ്രത്യേകത. മലവേപ്പ് എന്ന് മാത്രമല്ല ഇത് അറിയപ്പെടുന്നത്. കാട്ടുവേപ്പ്, കാട്ടുകടുക്ക എന്നിവയെല്ലാം ഇതേ മലവേപ്പ് തന്നെയാണ്. മിലിയ ഡുബിയ എന്നതാണ് ഇതിന്റെ ശാസ്ത്രനാമം. വളരെ കുറച്ച് സമയം കൊണ്ട് വളരുകയും മികച്ച വരുമാനം നൽകുകയും ചെയ്താൽ ഇത് കർഷകർക്ക് പ്രിയപ്പെട്ടതാവാതെ തരമില്ലല്ലോ.

 

തേക്ക് മഹാഗണി പോലുള്ള മരങ്ങൾ വളർന്നു പാകം എത്താൻ എടുക്കുന്ന സമയം വർഷങ്ങളാണ്. അവിടെയാണ് നമ്മുടെ മലവേപ്പ് താരം ആകുന്നത്. ഇവ നാലോ അഞ്ചോ വർഷത്തിൽ തന്നെ മുറിച്ചെടുക്കാം.

 

കേരളത്തിനു പുറത്തും പ്രിയമേറുന്നു

 

മലവേപ്പ് ഏതുതരം മണ്ണിലും വളരുന്നു. ചിതൽ പോലുള്ള ഉപദ്രവങ്ങൾ ഇതിനെ ബാധിക്കില്ല. ഇവ ഏറ്റവും കൂടുതലായി കാണപ്പെടുന്നത് പശ്ചിമഘട്ടത്തിലും മറ്റു ചെറിയ വനപ്രദേശങ്ങളിലും ആണ്. പേര് പോലെ തന്നെ വേപ്പ് കുടുംബത്തിൽ പെട്ടതാണെന്ന് പറയേണ്ടതില്ലല്ലോ. കാസർഗോഡ് കണ്ണൂർ ജില്ലകളിൽ ധാരാളമായി കർഷകർ മലവേപ്പ് കൃഷി ചെയ്യുന്നുണ്ട്. കേരളത്തിന് പുറത്ത് പല സംസ്ഥാനങ്ങളിലും ഈ കൃഷി വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ആന്ധ്രപ്രദേശ്, ഗുജറാത്ത്, കർണാടക, മഹാരാഷ്ട്ര, തമിഴ്നാട് എന്നിവയാണ് അവയിൽ ചിലത്. തോട്ടമായി നടുമ്പോൾ റബർ നടുന്നതു പോലെ തന്നെ പ്ലാറ്റ് ഫോം ഒരുക്കി നടുന്നതാണ് നല്ലതെന്ന് കൃഷിക്കാർ പറയുന്നു. വളപ്രയോഗം കൂടിയുണ്ടെങ്കിൽ വളർച്ച വളരെ പെട്ടന്ന് ആകും. ഏഴു വർഷം കൊണ്ട് 40 അടിയിലേറെ ഉയരവും നാല് അടിയിലധികം വണ്ണവും വയ്ക്കുമെന്ന് അനുഭവസ്ഥരായ കർഷകർ പറയുന്നു.


വിത്തുപാകി തൈകൾ മുളപ്പിക്കാം

 

നട്ടുകഴിഞ്ഞ് ആറാം വർഷം വിളവെടുപ്പ് ആരംഭിച്ചു കഴിഞ്ഞാൽ 10 വർഷം കൊണ്ട് പോക്കറ്റിൽ ഇരിക്കുന്ന വരുമാനത്തിന് കയ്യും കണക്കുമില്ല. രണ്ടു വർഷത്തിൽ 20 അടി വരെ ഉയരം വയ്ക്കുന്ന ഈ മലവേപ്പ് ആറടി അകലത്തിൽ നടുകയാണ് വേണ്ടത്. അങ്ങനെ നടുകയാണെങ്കിൽ ശിഖരങ്ങൾ ഇല്ലാതെ തടിയായി ലഭിക്കും.

മാർച്ച് ഏപ്രിൽ വിത്തുകൾ പാകിയാണ് തൈകൾ മുളപ്പിക്കുന്നത്. നന്നായി നനച്ചു കൊടുക്കുക.  പാകമാകുമ്പോൾ പറിച്ചു നടാം. മഴയില്ലാത്ത സമയങ്ങളിൽ 15 ദിവസത്തെ ഇടവേളകളിലാണ് വൃക്ഷത്തൈകൾ നനക്കേണ്ടത്.   ഇടവിളയായി കിഴങ്ങു വർഗങ്ങൾ നട്ടാൽ കൂടുതൽ ഫലപ്രദമായി കൃഷിയിടത്തെ മാറ്റാനും സാധിക്കും. ഏറ്റവും വേഗം വളരുന്ന മരമായ ഈയിനം പ്ലൈവുഡിനാണ് പ്രധാനമായും ഉപയോഗിക്കുന്നത്. തീപ്പെട്ടി കമ്പനികളും സോഫ്റ്റ് വുഡ് ഇൻഡസ്ട്രീസ്, ബയോ ഫ്യൂവൽ എന്നിവയ്ക്കും ഉപയോഗിക്കുന്നു.

വനം വകുപ്പിനും മലവേപ്പ് മതി 

 

വനം വകുപ്പ് പോലും മലവേപ്പ് കൃഷി ആരംഭിച്ചു കഴിഞ്ഞു. തേക്ക് തൈകൾ നടാനായി ഉണ്ടാക്കിയ പദ്ധതി ഉപേക്ഷിച്ചാണ് ഇതിലേക്ക് മാറിയത് എന്നതാണ് ശ്രദ്ധേയം.  സംസ്ഥാനത്തെ 3 പ്രധാന റേഞ്ചുകളിൽ  തേക്ക് തൈകൾ നടാനായി എടുത്ത 3 ലക്ഷത്തോളം കുഴികളിലാണ് മലവേപ്പ് തൈകൾ നട്ടത്. റാന്നി, കോന്നി, പുനലൂർ എന്നിവിടങ്ങളിലെ പ്ലാന്റേഷനുകളി‍ലാണ് മലവേപ്പ് നട്ടത്. 8 വർഷം കൊണ്ട് മുറിക്കാവുന്ന പരുവത്തിൽ വണ്ണം വയ്ക്കുന്നതാണ് മലവേപ്പ്.