നമ്മുടെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായ കൃഷിയാണ് മരച്ചീനി. നല്ല രീതിയിൽ വിളവ് തരുന്ന ഇനങ്ങൾ നോക്കിയെടുത്ത് കൃഷി ചെയ്യുകയാണെങ്കിൽ കൂടുതൽ വരുമാനം ലഭിക്കും. നമ്മുടെ നാട്ടിലെ ഏറ്റവും കൂടുതൽ പ്രചാരത്തിൽ ഉള്ളത് എം -4 കപ്പ ഇനമാണ് .സിലോൺ കപ്പ എന്നും ഇതിനു വിളിപ്പേരുണ്ട്. ശ്രീകാര്യം കിഴങ്ങ് ഗവേഷണ കേന്ദ്രത്തിൽ നിന്ന് വികസിപ്പിച്ച ശ്രീ വിശാഖം, ശ്രീ സഹ്യ, ശ്രീ വിജയ,ശ്രീ ഹർഷ എന്നിങ്ങനെ ഇനങ്ങളും നല്ല രീതിയിൽ വിളവ് തരുന്നവയാണ്.
മരച്ചീനി കൃഷിയിലെ മികച്ച ഇനങ്ങൾ
എം 4 – ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്നത് ഈ ഇനത്തിൽപ്പെട്ട കപ്പയാണ്. ഏറ്റവും കൂടുതൽ അന്നജം അടങ്ങിയിരിക്കുന്ന വിളയിനമാണ്. ഏകദേശം 10 മാസമാണ് മൂപ്പ്.
എച്ച് 165 – എട്ടുമാസംകൊണ്ട് മൂപ്പ് എത്തുന്നു. 25 ശതമാനത്തിൽ അധികം അന്നജം അടങ്ങിയിട്ടുള്ള സങ്കരയിനം മരച്ചീനിയാണിത്.
എച്ച് -226 – 30% സ്റ്റാർച്ചിന്റെ അംശം അടങ്ങിയിട്ടുള്ള ഈ ഇനമാണ് തമിഴ്നാട്ടിൽ ഇന്ന് ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്നത്. പത്തുമാസം ആണ് ഇതിൻറെ മൂപ്പ്.
ശ്രീ വിശാഖം – മറ്റുള്ള കിഴങ്ങുകളിൽ നിന്നും വ്യത്യസ്തമായി ഇളം മഞ്ഞ നിറമുള്ള കിഴങ്ങുകൾ ആണ് ഏറ്റവും വലിയ പ്രത്യേകത. മരച്ചീനികൃഷിയിൽ പ്രധാനമായും കണ്ടുവരുന്ന മൊസൈക്ക് രോഗത്തെ പ്രതിരോധിക്കാൻ കഴിവുള്ള അതിവിശിഷ്ട ഇനം കൂടിയാണത്.
ശ്രീ ഹർഷ – കട്ട് കുറവുള്ള, വിള ദൈർഘ്യം കൂടുതലുള്ള ഇനമാണിത്. ചിപ്സ് ഉണ്ടാക്കാൻ ഏറ്റവും അനുയോജ്യമായ മരച്ചീനി ഇനം.
ശ്രീപ്രഭ – ഇലപ്പുള്ളി രോഗത്തെയും ചുവന്ന മണ്ഡരിബാധയെയും പ്രതിരോധിക്കുന്ന മികച്ച പാചക ഗുണമുള്ള ഇനം.
ശ്രീ സഹ്യ – പത്തുമാസം മൂപ്പുള്ളതും, രോഗപ്രതിരോധശേഷി കൂടുതലുള്ളതുമായ ഇനമാണ് ശ്രീ സഹ്യ.
ശ്രീപ്രകാശ് – 29 ശതമാനത്തിലധികം അന്നജം കൂടുതലുള്ള 7 മാസം വിള ദൈർഘ്യം ഉള്ള വയലേലകളിൽ നടാൻ അനുയോജ്യമായ ഇനം.
ശ്രീ പവിത്ര- പൊട്ടാഷിന്റെ അംശം കുറഞ്ഞ മണ്ണിലും നല്ല വിളവ് തരുന്ന ഇനമാണ് ഇത്. രോഗപ്രതിരോധശേഷി കൂടുതലാണ് ഇവയ്ക്ക്.
കല്പക – തെങ്ങിൻ തോപ്പുകളിൽ ഇടവിളയായി വളർത്താൻ സാധിക്കുന്ന ആറുമാസംകൊണ്ട് മൂപ്പെത്തുന്ന രോഗപ്രതിരോധ ശേഷി കൂടുതലുള്ള ഇനമാണിത്.
മരച്ചീനി കൃഷി ചെയ്യുവാൻ ഇനങ്ങൾ തിരഞ്ഞെടുക്കുമ്പോൾ പ്രധാനമായും പെട്ടെന്ന് മൂപ്പെത്തുന്ന പോഷക ഗുണങ്ങളേറെയുള്ള ഇനങ്ങൾ തെരഞ്ഞെടുക്കുക.