കയ്പ്പ് കാരണം കഴിക്കാൻ ഇഷ്ടപ്പെടാത്തവർ ആണ് കൂടുതലും എന്നാൽ പാവലിന്റെ ഔഷധഗുണങ്ങൾ അറിയാവുന്നവർ പലതരത്തിലാണ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത്. തോരൻ ആക്കിയും ജ്യൂസ് ആക്കിയും കഴിക്കാൻ പ്രിയമുള്ളവർ ഏറെയാണ്. വീട്ടിൽ തന്നെ നമ്മുക്ക് പാവൽ കൃഷി ചെയ്യാം.
കൃഷി ചെയ്യുന്ന വിധം
ഒരു സെന്റ് സ്ഥലത്ത് പാവല്‍കൃഷി ചെയ്യുന്നതിന് 20-25 ഗ്രാം വിത്ത് വേണ്ടി വരും. 2-2 മീറ്റര്‍ അകലം വരത്തക്ക വിധം 50 സെമി വ്യാസവും 50 സെമീ താഴ്ച്ചയുമുള്ള കുഴികള്‍ എടുക്കണം. അടിവളമായി ഉണക്കിപ്പൊടിച്ച ചാണകമോ എല്ലുപൊടിയോ കമ്പോസ്റ്റോ മേല്‍മണ്ണുമായി യോജിപ്പിച്ച് കുഴിയുടെ മുക്കാല്‍ ഭാഗം നിറയ്ക്കണം.
കോഴികളുടെ ശല്യമുള്ള സ്ഥലങ്ങളില്‍ തേക്കിലയിലോ വട്ടയിലയിലോ കുംബിള് കുത്തി മണ്ണ് നിറച്ചു നട്ടുമുളപ്പിച്ചതിന് ശേഷം ഇലയോടുകൂടി നടാനുദ്ദെശിക്കുന്ന സ്ഥലത്ത് നടാം. പ്ലാസ്റ്റിക്ക് കവറുകള്‍ക്ക് പകരം ഇല ഉപയോഗിക്കുന്നതിലൂടെ വേരുകള്‍ക്ക് ഉണ്ടാക്കുന്ന ക്ഷതം കുറയ്ക്കാന്‍ സാധിക്കും.
മഴക്കാലമാണെങ്കില്‍ കുഴികള്‍ക്ക് പകരം മണ്ണ് കൂനകള്‍ ഉണ്ടാക്കി അവയില്‍ വിത്തുകള്‍ നടാം. ഓരോ കുഴിയിലും 4-5 വിത്തുകള്‍ വീതം ഒന്നര സെമീ താഴ്ച്ചയില്‍ നടാം നടുന്നതിന് മുമ്പ് വിത്തുകള്‍ 10-12 മണിക്കൂര്‍ നേരം വെള്ളത്തില്‍ കുതിര്‍ത്ത ശേഷം ഈര്‍പ്പമുള്ള തുണിയിലോ പഞ്ഞിയിലോ പൊതിഞ്ഞു വെക്കണം. മുളച്ചുകഴിഞ്ഞ് നടുന്നതാണ് നല്ലത്. ഓരോ കുഴിയിലും 1, 2 ചെടികള്‍ മാത്രം നിര്‍ത്തിയിട്ട് മറ്റുള്ളവ പിഴുതുമാറ്റണം.
വള്ളി വീശി തുടങ്ങുമ്പോള്‍ മുതല്‍ ആഴ്ചയില്‍ ഒരിക്കല്‍ വേപ്പെണ്ണ ആവണക്കെണ്ണ വെളുത്തുള്ളി മിശ്രിതം സ്പ്രേ ചെയ്തു കൊടുക്കുന്നത് നീരൂറ്റി കുടിക്കുന്ന പ്രധാനപെട്ട കീടങ്ങളായ പച്ചത്തുള്ളന്‍ മൊസൈക് രോഗം പരത്തുന്ന വെള്ളീച്ചകള്‍ എന്നിവയില്‍ നിന്നും ചെടികളെ സംരക്ഷിക്കാം. വള്ളികള്‍ക്ക് പടരാനായി പന്തല്‍ ഇട്ടു നല്‍കണം. കാലിവളവും ആട് കോഴി താറാവ് എന്നിവയുടെ കാഷ്ഠവും ഉണക്കിപ്പൊടിച്ച് ഇട്ടുകൊടുക്കുന്നത് നല്ലതാണ്.
പൂ പിടിക്കാന്‍ തുടങ്ങുമ്പോള്‍ തന്നെ പേപ്പര്‍ കൊണ്ട് കവര്‍ ചെയ്യുനതു കയ്കളെ ആക്രമിക്കുന്ന കായീച്ചകളില്‍ നിന്ന് കായ്കളെ സംരക്ഷിക്കാന്‍ സഹായിക്കും.ആഴ്ചയിലൊരിക്കല്‍ ജൈവ സ്ലറി ഒഴിച്ചുകൊടുക്കുനത് ധാരാളം കായ്കലുണ്ടാവാന്‍ സഹായിക്കും. ജൈവ വളത്തിനു പുറമെ ഓരോ കുഴിയിലും 30 ഗ്രാം യൂറിയ, 50 ഗ്രാം സൂപ്പര്‍ ഫോസ്ഫേറ്റ്, 16 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ്, എന്നിവ അടിവളമായും 10 ഗ്രാം വീതം യൂറിയ 15 ദിവസം ഇടവിട്ട് രണ്ടു തവണ മേല്‍വളമായും ഇട്ടുകൊടുക്കണം.